രണ്ടു മൂന്നു ദിവസമായി ആന്റണിയുടെ അഴിമുഖം അഭിമുഖത്തെ കുറിച്ച് ചർച്ച നടക്കുകയാണ്. ആന്റണിയുടെ ലക്ഷ്യം പൊതുജനാരോഗ്യ സംവിധാനത്തിന്റെ വളർച്ചക്കുള്ള ഒരു ചെറിയ ആനുകൂല്യം പോലും ഇടതുപക്ഷത്തിന് നൽകരുതെന്ന് ആന്റണിക്ക് നിർബന്ധമാണെന്ന് പകൽ പോലെ വ്യക്തമായിരുന്നു.
ഇതിനെ കുറിച്ച് മറ്റൊരു ചർച്ച വളർന്നു വരുകയാണ്. ഡോക്ടർ പൽപ്പുവിന് തിരുവിതാംകൂറിൽ ജോലി നിഷേധിച്ചത്, ആധുനിക വൈദ്യം ആർക്കെന്നുമുള്ള ചർച്ച, അടിസ്ഥാന ജീവിതഗുണ നിലവാരത്തിന്റെ അങ്കനങ്ങൾ എന്ത് കാണിക്കുന്നു എന്നത്, ഇങ്ങിനെ ആന്റണി പോലും കണ്ടിട്ടില്ലാത്ത വഴികളിലൂടെ ചർച്ച നീളുകയാണ്.
രണ്ടു കാര്യങ്ങളാണ് പ്രധാനം എന്ന് തോന്നുന്നു. ഏതൊരു സമൂഹമാറ്റത്തെയും ആരുടെ എങ്കിലും ഭരണ പരിഷ്കാരമായി കാണുക നമ്മുടെ ഒരു രീതിയാണ്. രാഷ്ട്രീയക്കാർക്ക് വലിയ ഇഷ്ടമുള്ള ഒരു കാര്യമാണ്. ഏതൊരു പദ്ധതി ആരംഭിച്ചാലും ഞങ്ങളാണ് തുടങ്ങിവെച്ചത് എന്ന് പറഞ്ഞു ചാടിവീഴുന്നത് ഈ മാനസികാവസ്ഥയുടെ സൂചനയാണ്. സൂക്ഷമായി പരിശോധിക്കുകയാണെങ്കിൽ അത്തരം അവകാശവാദങ്ങളിൽ വലിയ കഴമ്പില്ലെന്നു കാണാം. ഒരു പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് തന്നെ വേറൊരാളോ ഒരു പ്രസ്ഥാനമോ അത്തരം അവശ്യം ഉന്നയിച്ചു കാണും. ഇത്തരത്തിൽ ജനങ്ങളിൽ നിന്നു ഒരു ആവശ്യമായി വരാത്ത ഭരണ പരിഷ്കാരങ്ങൾ പരാജയപ്പെടും. അതു കൊണ്ടു മാറ്റത്തിന്റെ സൃഷ്ടാക്കൾ ജനങ്ങളാണ്. തിരുവിതാംകൂറിൽ ആധുനിക വൈദ്യത്തിനു വളർച്ചയുണ്ടായി എന്നത് വസ്തുതയാണ്. എന്നാൽ അതിന്റെ യഥാർത്ഥ അവകാശികൾ അവിടത്തെ നവോത്ഥാന മുന്നേറ്റവും ജനകീയ പ്രസ്ഥാനങ്ങളും അവ സൃഷ്‌ടിച്ച അവബോധവുമാണ്. അതിനോട് പ്രതികരിക്കാൻ രാജകുടുംബം നിർബന്ധിതരായി എന്നതാകും വസ്തുത.
രണ്ടു, ഇതു വ്യക്തമായിരിക്കെ ആന്റണിയുടെ പ്രതികരണം എന്തുകൊണ്ടുണ്ടായി? തിരുവിതാംകൂർ പോലുള്ള ചരിത്ര നിർമ്മാണത്തിന്റെ മറ്റൊരു വശം ഇവിടെ പ്രധാനമാണ്. ശങ്കുണ്ണി മേനോന്റെ ചരിത്രവും ഉള്ളൂറിന്റെ progressive travancore പോലുള്ള രാജഭക്തി സ്വഭാവമുള്ള രചനകളും മുതൽ തിരുവിതാംകൂർ രാജാക്കന്മാർ ആധുനികവൽക്കരണത്തിന്റെ വക്താക്കളായി കാണിച്ചു കൊണ്ടുള്ള നിരവധി ചരിത്രകൃതികൾ പ്രചരിച്ചിട്ടുണ്ട്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് കൂടുതൽ പുരോഗമനവാദികളായി മാറുകയും കമ്മ്യൂണിസ്റ് പ്രസ്ഥാനം വേരൂന്നുകയും ചെയ്ത സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധർ ഈ ഭക്തിപാരമ്പര്യം ശക്തമായി ഉപയോഗിച്ചിട്ടുണ്ട്. കൈനിക്കര പത്മനാഭപിള്ളയെ പോലുള്ളവരുടെ രചനകൾ ഉദാഹരണമാണ്. കമ്മ്യൂണിസ്റ്റുകാർ ദേശീയവിരുദ്ധരും രാജകുടുംബം ദേശീയതയുടെ വക്താക്കളുമായി മാറുന്ന അവസ്ഥയാണിത്. തിരുവിതാംകൂറിലെ എല്ലാ മുന്നേറ്റങ്ങളുടെയും ഉത്തരവാദികൾ രാജ കുടുംബവും അവരുടെ ദിവാന്മാരും ആണെന്ന് വരുത്താനുള്ള ശ്രമം കാണാം.(എ.ശ്രീധരമേനോന്റെ triumph and tragedy in Travancore) ഈ ശ്രമം ചില വിദേശികളുടെ രചനകളിൽ പോലും കാണാം (No Elephants for the Maharaja - louis overkerk). പുന്നപ്ര വയലാർ സംഘർഷ ഭൂമിക്കടുത്ത് തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധ ആശയ പ്രപഞ്ചത്തിൽ വളർന്നുവന്ന ആന്റണി ഇതു ഉൾക്കൊണ്ടില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. ഒരർത്ഥത്തിൽ ഇക്കാര്യത്തിൽ സ്വന്തം പാർട്ടിയും വലുതായൊന്നും ചെയ്തിട്ടില്ലെന്ന സമ്മതവുമാണത്. കാരണം തിരുവിതാംകൂറിലെ ആദ്യത്തെ പൂർണമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ കോൺഗ്രസ്സിന്റേതായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ