" കടക്ക് പുറത്ത് " എന്ന് ആദ്യമായി കേട്ട ചാനൽ കിങ്കരന്മാർ നാടു നീളെ മണ്ടിനടന്നു. ശീതീകരിച്ച ചാനൽ മുറികൾ പിണറായി വിരുദ്ധതയുടെ കളിയരങ്ങായി. അതേ പത്രപ്രവർത്തകരും ചാനൽ വിശകലന വിശാരദന്മാരും അനുസരണാരാമന്മാരായി രണ്ടു മാസമായി ആ പിണറായി വിജയനെ സസൂക്ഷ്മം കേൾക്കുകയാണ് ! ചോദ്യങ്ങൾ ചോദിക്കാൻ തല പുകയ്ക്കുകയാണ്. അർഹമായതിന് കൃത്യമായ മറുപടി. അല്ലാത്തവ പിന്നീടൊരിക്കലും ചോദിച്ചു കൂടാ എന്ന പാഠവും. അവരെ സംബന്ധിച്ച് ഒരു ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്ന വലിയ മാധ്യമ ചോദ്യത്തിനു ലഭിക്കുന്ന പഴുതടച്ച ഉത്തരങ്ങളാണ് ഓരോ പത്രസമ്മേളനവും. ക്ലാസ് എടുക്കുന്നത് ദേശീയ മാധ്യമങ്ങൾ ഊഴം കാത്തുനിൽക്കുന്ന കേരള മുഖ്യമന്ത്രി സാക്ഷാൽ പിണറായി വിജയനും. മറുപടികളെല്ലാം സൗമ്യം, ശാന്തം, ദീപ്തം, വിജ്ഞാനപ്രദം! ഇരുപത് വർഷക്കാലം പിണറായി വേട്ട മുഖ്യ അജണ്ട ആക്കിയവർക്ക് കാലം കരുതിവെച്ച കാവ്യനീതി !
ഓരോ ക്‌ളാസ്സുകളും അവർക്ക് മാർകേസിന്റെ മാജിക്കൽ റിയലിസത്തിന്റെ വിസ്മയമാണ് സമ്മാനിച്ചത്. പിണറായിയെക്കുറിച്ച് മാധ്യമ വർഗം രൂപപ്പെടുത്തിയ ബോധത്തിന്റെ തിരുനെറ്റിമേൽ ആഞ്ഞുപതിച്ച ആഗ്നേയാസ്ത്രങ്ങളായിരുന്നു അവയോരോന്നും. ചിലരുടെ മസ്തിഷ്‌കം പിളർന്നു അത് പുറത്തേക്കു പാഞ്ഞു.
പിണറായിക്ക് എന്തുപറ്റി? ചിലർ കണ്ണു മിഴിക്കുന്നു. മറ്റുചിലർ ആന്തരികമായ ഏതോ വിഷാദത്തിന് അടിപ്പെടുന്നു. ഈ പിണറായിയെ ഉൾക്കൊള്ളാനാവാതെ പ്രതിപക്ഷത്ത ഇളവൻ മുതൽ മൂപ്പൻവരെ സംത്രാസപ്പെടുന്നു. അപകടം മണത്തറിഞ്ഞ ബുദ്ധി രാക്ഷസന്മാർ ആർത്തു വിളിച്ചു. ഇത് അന്താരാഷ്ട്ര പി ആർ ഒ വർക്ക് ആണ് !, ചിലർ ഇതിനെ 6 മണി തള്ളാക്കിക്കണ്ട് ആത്മ നിർവൃതി പൂണ്ടു. യുവ തുർക്കികൾ മുഖപുസ്തകത്തിൽ തള്ളോട് തള്ള്. അങ്ങനെ സ്വയം ഇളിഭ്യരാവാൻ അവർ സ്വന്തം മേച്ചിൽപ്പുറങ്ങൾ തേടി. മറ്റുചിലർ ഇത് വൺ മാൻ ഷോ ആണെന്ന് നിർവൃതി കൊണ്ടു. എന്തെങ്കിലും ചെയ്തില്ലെങ്കിൽ നാം പ്രളയത്തിൽ പിഴുതടിയുന്ന പാഴ്മരമാകുമെന്നു അവർ ശരിയായി തിരിച്ചറിഞ്ഞു. അതിനെത്തുടർന്നു വന്ന സംഭവ പരമ്പമ്പരകളാണ് മദ്യഷാപ്പ് മുതൽ സ്കൂൾ പരീക്ഷ വരെയുള്ള പൊറാട്ട് നാടകങ്ങൾ. അങ്ങനെ സകല ഞാഞ്ഞൂലുകളും തലപൊക്കി മാധ്യമങ്ങൾക്കു മുൻപിൽ വന്നു തല കാണിച്ച് ഇളിഭ്യരായി.
കേരള ചരിത്രത്തിലാദ്യമായി ഭരിക്കുന്ന കക്ഷിയെ വിമർശിക്കാൻ വഴിയില്ലാതെ, കാരണം കാണാതെ അവർ വലഞ്ഞു. കഥയറിയാതെ സംഭാഷണമറിയാതെ രംഗത്തു വരുന്ന കഥാപാത്രങ്ങളെപ്പോലെ അവരൊക്കെ അപഹാസ്യരായി. അതാണ് പിണറായി, അദ്വതീയനായി അവർക്കു മേൽ വടവൃക്ഷം പോലെ അവരെ ഭയപ്പെടുത്തും വിധം വളർന്നു പടർന്നു നിൽക്കുന്നിടം വരെയെത്തി. അവരൊക്കെ അതിനു ചുവട്ടിലെ പാഴ്ചെടികളായി. വളർച്ച മുരടിച്ച പാഴ്ചെടികൾ !
കോവിഡിന്റെ ദുരന്ത മുഖത്ത് സർവ്വചരാചരങ്ങളോടും കാരുണ്യവും സഹാനുഭൂതിയും പ്രസരിക്കുന്ന വാക്കുകൾ കേട്ടത് ദശ ലക്ഷക്കണക്കായ ആളുകൾ കുടുംബ സമേതം ! ചരിത്രത്തിലാദ്യമായി വിദേശത്തും സ്വദേശത്തുമുള്ള പത്രങ്ങളും ചാനലുകളും അനുകരണീയമായ പ്രതിരോധ പ്രവർത്തനം അത്ഭുതകരമായി വിജയിപ്പിച്ച ഭരണകർത്താവിനെപ്പറ്റി എഴുതി, ചാനലുകളിൽ ചർച്ച ചെയ്തു. കേരളത്തിലെ കുത്തിത്തിരുപ്പു മാധ്യമങ്ങളിൽ പ്രധാനികൾ മൗനം ഭജിച്ചു. അപ്പോഴും അവർ പറഞ്ഞു ഈ പരിപാടിക്ക് അഭൂത പൂർവ്വമായ കാഴ്ചക്കാരാണുള്ളത്. ഓൺലൈനിൽ കാണുന്നവരും ലക്ഷോപലക്ഷം. അതിൽ മലയാളികൾ മാത്രമല്ല എന്നത് വിസ്മയകരം !
മുതലാളിത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളായ ദ ഗാർഡിയൻ, വാഷിംഗ്ടൺ പോസ്റ്റ്, ബി ബി സി എന്നിവ ആ നീണ്ട നിരയിൽ ചിലതു മാത്രം. അവരെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു വെച്ചത് കേരളത്തിലെ ഭരണാധികാരിയുടെ പത്രസമ്മേളനങ്ങളാണ് കോവിഡിന്റെ ഗ്രാഫ് ഫ്ലാറ്റൻ ചെയ്യാൻ സഹായകമായത് എന്നാണ്. അതൊരു കമ്മ്യൂണിസ്റ്റ് സർക്കാർ ആണെന്നു പറയാനും അവർ തിടുക്കം കൂട്ടി. ഈയാംപാറ്റകളെപ്പോലെ മനുഷ്യർ ചത്തുവീഴുന്ന മണ്ണിൽ നിന്നാണ് അവർ ഇതൊക്കെ ഉറക്കെ ലോകത്തുള്ള ജനങ്ങളോട് വിളിച്ചുപറഞ്ഞത്. തുടർന്നു വന്നത് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും തുടർച്ചയായ അഭിമുഖങ്ങളും. നമ്മുടെ അഭിമാനങ്ങളുടെ വാക്കുകൾ അങ്ങനെ ലോകം ശ്രദ്ധയോടെ കേട്ടു. അതും ഒരു പുതുചരിതം.
ഇരുട്ടടി എന്ന പോലെ നല്ല കോൺഗ്രസ്സ് നേതാക്കൾ സഹായഹസ്തം നീട്ടി സർക്കാരിനെ അനുമോദിച്ചു. അതിൽ ഏറ്റവും വലിയ ഇടപെടൽ നടത്തിയത് ശശി തരൂർ ആയിരുന്നു എന്നത് സർക്കാർ പ്രവർത്തനത്തിന്റെ മാറ്റ് വർധിപ്പിച്ചു. രാഹുൽ വിമർശിച്ചില്ല, സോണിയ വിമർശിച്ചില്ല, ചിദംബരം അനുമോദിച്ചു ! മറ്റു സ്റ്റേറ്റുകളിലെ ആരോഗ്യ മന്ത്രിമാർ ടീച്ചറമ്മയെ വിളിച്ച് ഉപദേശ നിർദേശങ്ങൾ തേടി. അപ്പോൾ അവരുടെ പാർട്ടിയിലെ ജനങ്ങൾ മുഖ്യമന്ത്രിയുടെ വാക്കുകളിലെ സത്യസന്ധത തിരിച്ചറിഞ്ഞു.
പിണറായിയുടെ പക്വതയും പ്രായോഗികതയും കേരള സമൂഹം രാഷ്ട്രീയം മറന്ന് ഏറ്റെടുക്കുകയായിരുന്നു. " രാഷ്ട്രീയം പറയാൻ അറിയാത്തതു കൊണ്ടല്ല, ഇത് അതിനുള്ള വേദിയല്ല, അത് നമുക്ക് പിന്നീടാവാം " ഇത്തരം പക്വത കേരളം ആദ്യം കേൾക്കുകയാണ്. വെല്ലുവിളികളുടെ മുമ്പിൽ ചങ്കുറപ്പോടെ ഒരാൾ നിന്നാൽ അയാൾക്ക് പിന്നിൽ ജനങ്ങൾ അണി നിരക്കും. ഈ യാഥാർഥ്യമാണ് ഇവരെ അസ്വസ്ഥമാക്കുന്നത്.
തുടർ ഭരണം കേരള ചരിത്രത്തിൽ ദിശാമാറ്റമാണ് കാണിക്കുന്നത്. അതിന്റെ കേളികൊട്ടാണ് ഈ കേട്ടു കൊണ്ടിരിക്കുന്നത്. യു ഡി എഫ് അധികാര മോഹികളുടെ കർണ്ണങ്ങളിൽ ഇതൊക്ക സൃഷ്ടിക്കുന്ന അലോസരം വർണ്ണനാതീതമാണ്.
അവർ തഴുകി തലോടുന്നത് ചിരിക്കാത്ത, ധാർഷ്ട്യക്കാരനായ, മർക്കടമുഷ്ടിക്കാരനായ, കമ്മ്യൂണിസ്റ്റ് വ്യതിചലനക്കാരനായ, വ്യവസായികളോട് കൂട്ടു കൂടുന്ന എന്നിത്യാദി ദുഷ്പ്രചാരണൗഷധികൾ സേവിച്ച് അതുതന്നെ അണികൾക്ക് പകർന്നു കൊടുത്ത് പ്രതിലോമ ശക്തികളെ ആവേശ ഭരിതരാക്കി നിർത്തിയിരുന്ന രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരമാണ് പിണറായി സൃഷ്ടിച്ച ഈ നവരാഷ്ട്രീയം. ഭരണമാറ്റത്തിന്റെ ചക്കരക്കുടം സ്വപ്നം കണ്ടവർക്ക് ഉറങ്ങാൻ ഇപ്പോൾ ഗുളിക കഴിക്കേണ്ട സ്ഥിതി സൃഷ്ടിച്ചത്.
മറ്റൊരുകൂട്ടർ മാർക്സിസ്റ്റ് നന്നാക്കികളാണ്. പല പേരുകളിലും പേരില്ലാതെയും മുഖം മൂടികളായി ഇവർ കേരളത്തിലെ ചാനൽ ഇടങ്ങളിൽ ജീവിക്കുന്നവർ. കയ്യിൽ വിശുദ്ധ മാർക്സിസ്റ്റ് രീതികൾ ടെസ്റ്റ് ചെയ്യുന്ന ഉപകാരണങ്ങളുമുണ്ട്. കാരറ്റ് 916 അല്ലെന്നു കണ്ടാൽ ഈ വിശുദ്ധ പശുക്കൾ അപ്പോൾ ത്തന്നെ അമറാൻ തുടങ്ങും. രാഷ്ട്രീയ നിരീക്ഷകർ എന്നപേരിൽ അറിയപ്പെടുന്ന ഈ കുളം കലക്കികളിൽ പലരും എക്സ് കമ്മ്യൂണിസ്റ്റുകളാണ്. ചാനലുകൾ പിണറായിയെ എതിർത്തു പാർട്ടിയെ തകർക്കാൻ ഈ കോടാലിക്കൈകളെയാണ് ഉപയോഗിച്ചു പോരുന്നത്.
1970 മുതൽ മൂന്നുതവണ എം എൽ എ യും ഒരുതവണ മന്ത്രിയുമായിരുന്നു പിണറായി വിജയൻ. അന്ന് മന്ത്രിസ്ഥാനം വിട്ട് പാർട്ടി സെക്രട്ടറിയായി പോയപ്പോൾ മാതൃഭൂമി എഴുതിയത് നായനാർ മന്ത്രിസഭയ്ക്ക് ഏറ്റവും കഴിവുറ്റ ഒരു മന്ത്രിയെയാണ് നഷ്ടപ്പെട്ടത് എന്നായിരുന്നു. അതിനെത്തുടർന്ന് നീണ്ട 15 വർഷം പാർട്ടി സെക്രട്ടറി. അദ്ദേഹത്തിനാണ് എം എൽ എ പോലുമാകാതെ മന്ത്രി സ്ഥാനത്തിനു വേണ്ടി കെ പി സി സി സ്ഥാനം വലിച്ചെറിഞ്ഞു ഒടുവിൽ തോറ്റു തുന്നം പാടിയ മുരളീധരൻ ക്ലസ്സെടുക്കുന്നത്! അപ്പന്റെ ചന്തീലെ തഴമ്പാണ് മുരളിയെ രാഷ്ട്രീയത്തിൽ എത്തിച്ചത്. പിണറായിയുടെ തഴമ്പ് വിദ്യാർഥി പ്രസ്ഥാനം തൊട്ട് സംഘടനാ പ്രവർത്തനം നടത്തിയതിന്റെതാണ്. മൊത്തം കൂട്ടിയാൽ 60 വർഷത്തെ പ്രവർത്തനം. അദ്ദേഹത്തോടാണ് മഞ്ഞളിന്റെ മണം മാറാത്ത പത്രപ്രവർത്തകൻ പി ആർ വർക്കിന്റെ ചോദ്യം ചോദിക്കുന്നത്.
പിണറായിയെക്കുറിച്ചു ഇവർ നിർമ്മിച്ചെടുത്ത സകല വ്യാജ നിർമിതികളും കല്ലേൽ തല്ലിയ പൂങ്കുല പോലെ ചിതറി തെറിക്കുകയാണ്. ദുരന്ത മുഖത്ത് അതെത്ര ഭീതിതമായിരുന്നാലും ആ വാക്കുകൾ കേട്ടാൽ ആ ഭീതിയകലും. " ജീവൻ രക്ഷിക്കുകയാണ് നമുക്ക് ഇന്നാവശ്യം ബാക്കിയൊക്കെ നമുക്കുണ്ടാക്കാം സർക്കാർ ഒപ്പമുണ്ട് " ഇത്തരം വാക്കുകൾ ജനങ്ങൾ കേൾക്കുന്നത് കേരളത്തിൽ ആദ്യമാണ്.
മാധ്യമ പരിലാളന ഏറ്റു വളർന്നതല്ല പിണറായി. നിഷ്കരുണം അവരുടെ വേട്ടയാടലിനെ കരളുറപ്പോടെ നേരിട്ട് വളർന്നതാണ്. ബൂർഷ്വാ മാധ്യമങ്ങളുടെ മാനസ പുത്രനായി കൊച്ചു സ്‌ക്രീനിൽ ആവർത്തിച്ചു തെളിഞ്ഞു നിൽക്കാൻ ഒരിക്കൽപ്പോലും ഈ പാർട്ടിയെ അദ്ദേഹം ഒറ്റിക്കൊടുക്കുകയോ കളങ്കപ്പെടുത്തുകയോ ചെയതിട്ടില്ല. പൊരുതി ജയിക്കുക അദ്ദേഹത്തിന്റെ രക്തത്തിന്റെ ഗുണമാണ്. കമ്മ്യൂണിസത്തിന്റെ കരളുറപ്പ് എന്നുപറയും.
പിണറായി വിജയൻ ജനപിന്തുണ ഇല്ലാത്ത നേതാവാണ്, പാർട്ടിക്കാരുടെ മാത്രം നേതാവാണ് എന്ന് വരുത്തിത്തീർക്കാൻ ഇവർ പരിശ്രമിച്ചത് ഒന്നര പതിറ്റാണ്ടാണ്. നെഞ്ചു വിരിച്ച് ആ കെട്ട കാലത്തിന്റെ പരീക്ഷണങ്ങളെയാണ് അദ്ദേഹം അതിജീവിച്ചത്, പാർട്ടിക്കുള്ളിൽനിന്നും പുറത്തുനിന്നും. തോറ്റു കൊടുക്കാൻ അങ്ങനെ ഒരു വാക്ക് ജീവിതമാകുന്ന ആ നിഘണ്ടുവിൽ ഇല്ലായിരുന്നല്ലോ ! കേരളത്തിന്റെ ഏത് മൂക്കിലോ മൂലയിലോ നിന്ന് "ഇൻക്വിലാബ് സിന്ദാബാദ്, സി പി ഐ (എം ) സിന്ദാബാദ് "എന്ന് ഉറക്കെ വിളിച്ചാൽ ചുരുങ്ങിയത് അഞ്ചു കണ്ഠങ്ങളെങ്കിലും അതേറ്റുവിളിക്കുന്ന മറ്റൊരുപാർട്ടിയും കേരളത്തിലില്ല.
സാമൂഹ്യ മാധ്യമങ്ങൾ വ്യാപകമാകുന്നതിനു മുമ്പ് ചിരിക്കുന്ന പിണറായിയെ മനപ്പൂർവം സ്‌ക്രീനിൽനിന്നും മാറ്റി അവിടെ കയർക്കുന്ന പിണറായിയെ ഇട്ട് ഇവർ ആഘോഷിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വന്നപ്പോഴാണ് ഇത്ര ഭംഗിയുള്ള ചിരി പിണറായിക്കുണ്ടെന്ന് ജനം തിരിച്ചറിയുന്നത് !
അങ്ങനെ ജനം പൊതു മാധ്യമങ്ങളുടെ വഞ്ചന തിരിച്ചറിഞ്ഞു. ഇപ്പോൾ ജനം പറയുന്നു ഇത്ര കാര്യക്ഷമതയുള്ള മുഖ്യമന്ത്രി കേരളത്തിൽ ഇതാദ്യമാണെന്ന്.
ഭരണ നിർവഹണം എന്നാൽ വൈകാരികമായ ഇളകിയാട്ടങ്ങളോ ദുരന്ത മുഖത്തോടിയെത്തി കാട്ടിക്കൂട്ടുന്ന മാധ്യമോത്സവങ്ങളോ അല്ല എന്ന് കേരള ജനത തൊട്ടറിഞ്ഞ കാലം ! സെക്രട്ടേറിയേറ്റിൽ തന്റെ മുറിയിലിരുന്ന് സകല വകുപ്പുകളെയും പ്രവർത്തിപ്പിക്കുന്ന ആ ഭരണ മികവുണ്ടല്ലോ അത് പല ഭൂതകാല വിഗ്രഹങ്ങളും തോറ്റമ്പിയ ഒരു മേഖലയായിരുന്നു ! അതിലാണ് പിണറായി അത്ഭുതകരമായി വിജയിക്കുന്നതും കേരളത്തിന്റെ തലവിധി മാറ്റിമറിക്കുന്നതും അഥവാ തന്നെപ്പറ്റിത്തന്നെ നിർമ്മിച്ചെടുത്ത വ്യാജനിർമ്മിതിയെ തച്ചുടച്ച് യഥാർത്ഥ വിജയനാകുന്നതും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ