2020 മേയ് 26, ചൊവ്വാഴ്ച

നാട്ടിലേയ്ക്ക് തിരിക്കുന്ന പ്രവാസികൾ അവരവരുടെ ക്വാറന്റീൻ ചെലവ് വഹിക്കണം എന്നത് കേന്ദ്ര നിർദ്ദേശമാണ്.

അപർണാ കുറുപ്പ്

നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികൾ അവരവരുടെ ക്വാറന്റീൻ ചെലവ് വഹിക്കണം എന്നത്. അത് സത്യവാങ്മൂലമായി  അതാത് എംബസികൾക്ക് എഴുതി നൽകിയാലേ നാട്ടിലേക്കുള്ള ഫ്ലൈറ്റിൽ കയറാനാകൂ എന്നത് ഇക്കഴിഞ്ഞ 24ന് പുറത്തിറക്കിയ കേന്ദ്ര സർക്കാർ ഉത്തരവിൽ വ്യക്തവുമാണ്. 

കേന്ദ്രം നേരത്തെ തന്നെ ഈ നിലപാട് വ്യക്തമാക്കിയപ്പോൾ കേരളം അതിനോട് യോജിച്ചിരുന്നില്ല , ധനമന്ത്രി തോമസ് ഐസക് ഉറപ്പ് പറഞ്ഞു , എല്ലാ പ്രവാസികളുടേയും ക്വാറന്റീൻ ചെലവ് കേരള സർക്കാർ തന്നെ വഹിക്കും എന്ന്. എന്നാൽ,  ഒരു ഘട്ടമെത്തിയാൽ അത് നടപ്പാകാതെ വരും എന്നും ധനമന്ത്രി അതിനോടൊപ്പം പറയുകയും ചെയ്തു.  കേരളത്തിൽ സമൂഹ വ്യാപന സാധ്യത ദൂരെയല്ലെന്ന് മുഖ്യമന്ത്രി ഇന്ന് പറയുകയും ചെയ്തത് വ്യക്തമായി കേൾക്കണം, സ്ഥിതി മനസ്സിലാക്കണം.
നമ്മൾ ഇപ്പോൾ കടന്ന് പോകുന്നത് ഏത് ഘട്ടത്തിലൂടെയാണെന്ന്  കോവിഡ് കാലത്ത് ചീളു രാഷ്ട്രീയ ലാഭവുമായി നടക്കുന്നവർ തിരിച്ചറിയണം.

കേരളം സുസജ്ജമെന്ന് അവകാശപ്പെട്ട സമയത്ത് ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരോ പോലീസ് സേനയോ അതേ ശക്തിയിൽ , എണ്ണത്തിൽ ഉണ്ടോ ഇപ്പോഴും ? കോവിഡ് രണ്ടാം ഘട്ടത്തിലുണ്ടായിരുന്ന കണക്കുകളിലൂടെയാണോ ഈ നാട്  ഇപ്പോൾ കടന്നു പോകുന്നത് ? 
വരുന്നവരുടെ flow അഡ്ജസ്റ്റ് ചെയ്തു കൊണ്ടുള്ള കണ്ടെയ്ൻമെന്റ് സ്ട്രാറ്റജിയാണ് കേരളത്തിൽ ആരോഗ്യവകുപ്പ് നടപ്പാക്കി വരുന്നത്. ആ സംവിധാനവും ചിട്ടയും നിയന്ത്രണവും നശിപ്പിക്കുക, ആരോഗ്യ സംവിധാനം തകർക്കുക, കൂടുന്ന കണക്കനുസരിച്ച് പുതുക്കേണ്ടി വരുന്ന കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുക, ഭരണ സംവിധാനത്തെ പ്രതിസന്ധിയിലാക്കുക ഇതൊക്കെ ഇപ്പോൾ ഈ മഹാമാരിക്കാലത്ത് ചെയ്താൽ  ചിലർക്ക് കിട്ടുന്ന ലാഭം എന്താണ് ? 

കേരളത്തേക്കാൾ സമ്പത്ത് ഘടനയും സൗകര്യങ്ങളുമുള്ള യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ എന്തുകൊണ്ട് ഇത്രയധികം കോവിഡ് ബാധിതരുണ്ടായി, മരണമുണ്ടായി ? നിയന്ത്രണങ്ങൾ ആദ്യഘട്ടത്തിൽ പാലിക്കാതെ കൈവിട്ടു പോയതു കൊണ്ട് മാത്രം. 
കോവിഡ് മരണനിരക്കുകൾ എന്ന് തൊട്ടാണ് അവിടത്തെ മാധ്യമങ്ങൾ പോലും പുറത്ത് വിട്ടു തുടങ്ങിയത് തന്നെ?  ആ മാതൃക കേരളത്തിലും  തുടരണമെന്നാണോ പറയുന്നത് ? കൃത്യമായ വിവരങ്ങൾ പറയുമ്പോൾ  അതി വൈകാരികത വച്ച് ഇതിനെല്ലാം  ഉത്തരം കണ്ടെത്തണോ ? 

പാവങ്ങളായ പ്രവാസികളുണ്ട്, കേന്ദ്ര നിർദ്ദേശം എന്തായാലും അവരുടെ ചെലവ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകില്ല എന്ന് കരുതുന്നില്ല. അതുണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ, അതുണ്ടാകുകയും വേണം. പക്ഷെ ആ ആനുകൂല്യം അർഹിക്കുന്നവർക്കേ നൽകാവൂ . അല്ലാത്തവർ സ്വന്തമായി ചെലവ് വഹിക്കുക തന്നെയാണ് ഈ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് വേണ്ടത്, ഒരു തർക്കവുമില്ല.  ഒപ്പം, ടിക്കറ്റെടുത്ത് നൽകാനും ബസ് ഏർപ്പെടുത്താനും നിന്ന രാഷ്ട്രീയപാർട്ടികൾക്ക്  ഈ ക്വാറന്റീൻ ചെലവും  ഞങ്ങൾ ഏറ്റെടുക്കാമെന്ന് പറയാൻ കഴിഞ്ഞാൽ അതും സംസ്ഥാനത്തിന് കൂടുതൽ സഹായകരമാകാതിരിക്കില്ല , ശരിയല്ലേ ? 

നിയന്ത്രണം പാലിക്കുന്നതിനെക്കുറിച്ച് എന്തെഴുതിയാലും അതിനർത്ഥം പുറത്ത് നിന്ന് ആളുകൾ വരേണ്ട എന്നാണെന്ന് വ്യാഖ്യാനിക്കുന്നവരാണ് പലരും. അവർക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. അവർ അതിന് മറയാക്കുന്നത് അതി വൈകാരികത മാത്രമാണ്. അവർ ഇരയാക്കുന്നത്  നാട്ടിലേക്കെത്താൻ ആശങ്കയോടെ നിൽക്കുന്നവരെയാണ് , അവരെ  പേടിപ്പിച്ചുകൊണ്ടാണ്.   
കേരളത്തിലുള്ളവരുടെ മാത്രമല്ല, കേരളത്തിൽ എത്തുന്നവരുടേതടക്കം  ജീവനുകൾ നഷ്ടപ്പെടുന്നതിനെ  കുറിച്ചല്ല ഇക്കൂട്ടരുടെ ചിന്ത , പകരം സൗകര്യങ്ങൾ  ഒരുക്കുന്നതിൽ ഭരണകൂടവും ആരോഗ്യ സംവിധാനവും  തോറ്റു കുമ്പിട്ടു എന്ന് സമ്മതിപ്പിക്കുക,  അതാഘോഷിക്കുക അത് മാത്രമാണ്  ലക്ഷ്യം. 

അത്ര വലിയ ദുരന്തങ്ങൾ!!
ഞങ്ങളും നിങ്ങളും എന്ന വേർതിരിവുണ്ടാക്കി അതിലൂടെ ലാഭം കൊയ്യാൻ നടന്നാൽ പകരം എത്രപേരുടെ ജീവനുകളാണ് കൊടുക്കേണ്ടി വരിക ?
അതിൽ ഞങ്ങൾ, നിങ്ങൾ വേർതിരിവുണ്ടാകുമോ ??  

(NB. ക്വാറന്റീൻ മന്ത്രിമാർക്ക് ബാധകമല്ലെന്ന് പറഞ്ഞ് നടഞ്ഞ സദാനന്ദഗൗഡയെ പിടിച്ച് ക്വാറന്റീനിലാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ആർക്കൊക്കെ ബാധകമാകണമെന്ന് രാഷട്രീയക്കാർ ക്ലാസെടുക്കുന്ന കാലത്ത് ഇത് ചെറുത്!)

https://www.facebook.com/1950367101878608/posts/2681503202098324/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ