2020 മേയ് 17, ഞായറാഴ്‌ച

ആധുനിക കേരളം ജനങ്ങളുടെ സംഘശക്തിയുടെ ഉൽപ്പന്നം. കെ.എൻ.ഗണേശ്

ആന്റണിയുടെ അഭിമുഖത്തെ കുറിച്ച്  ജെ.എസ്.അടൂരിന്റെ കുറിപ്പും മറ്റുചില കുറിപ്പുകളും ഇപ്പോഴാണ് വായിച്ചത്. ഒന്ന് രണ്ടു കാര്യങ്ങൾ സൂചിപ്പിക്കട്ടെ. 
തിരുവിതാംകൂറും മലബാറും  തമ്മിലുള്ള താരതമ്യമായി ചർച്ച മാറുന്നുണ്ട്. അത്തരത്തിലുള്ള സൂചന ആന്റണിയും അടൂരും മറ്റു പലരും പറഞ്ഞതിലുണ്ട്.. തിരുവിതാംകൂറിന്റെയും മലബാറിന്റെയും വളർച്ചയുടെ ഭൗതിക സാഹചര്യങ്ങൾ കണക്കിലെടുക്കാതെ നടത്തുന്ന താരതമ്യങ്ങൾ പലപ്പോഴും സ്ഥിതിവിവര കണക്കുകളുടെയും സർക്കാർ ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് നടത്തുന്നത്.സാക്ഷരതയുടെയും പൊതു വിദ്യാഭാസത്തിന്റെയും സർക്കാർ ജോലിയുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും അടക്കം ഒരു പ്രത്യേക പ്രദേശത്തിന്റെ വികസനം സർക്കാർ ഉത്തരവുകളുടെയും അസംബ്ലി ചർച്ചകളുടെയും അടിസ്ഥാനത്തിൽ  മാത്രം വിലയിരുത്തുന്നത് ഏകപക്ഷീയമായിരിക്കും  അത്തരം  സംവിധാനങ്ങളുടെ ചോദനം ആവശ്യമാക്കുന്ന ജനകീയതലം കൂടി കണക്കിലെടുക്കണം. സ്ത്രീകളുടെ സാക്ഷരതയും വികസനവും തമ്മിൽ ബന്ധപ്പെടുത്തുന്ന റോബിൻ ജിഫ്‌രിയുടെ പഠനം ഉദാഹരണമാണ് അത് തിരുവിതാംകൂറിനെ സംബന്ധിച്ചാണ്. ആധുനിക വൈദ്യത്തിനുണ്ടായ ചോദനത്തിന്റെ പശ്ചാത്തലത്തിൽ ആയുർവേദത്തെ പുനസ്സംഘടിപ്പിക്കാനുള്ള പി എസ് വാരിയരുടെ ശ്രമവും പരിശോധിക്കാം. ഇതൊക്കെ കൂട്ടിച്ചേർന്നാണ് ആധുനിക കേരളം ഉണ്ടായത്.

 ആന്റണിയുടെയും അടൂരിന്റെയും അവതരണങ്ങൾ ഇതിൽ സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളെ മാത്രം കേന്ദ്രീകരിക്കുന്നു. അത് ലിബറൽ അധികാര രാഷ്ട്രീയത്തിന്റെ സമീപനമാണ്  
പിന്നെ ഇടതുപക്ഷത്തിന്റെ കാര്യം. ഇതെഴുതുന്ന ആളുടെ അറിവിൽ നിന്നു കേരളത്തിന്റെ സാമൂഹ്യ പരിവർത്തനം  ഇടതുപക്ഷത്തിന്റെ മാത്രം സംഭാവനയാണെന്നു ഒരു  ഇടതുപക്ഷക്കാരനും വാദിച്ചിട്ടില്ല. കേരള നവോത്ഥാനം മുതൽ ഇന്ന് വരെ കേരളത്തിലെ ജനങ്ങളാണ്, പ്രത്യേകിച്ച് അടിസ്ഥാന അധഃകൃത വർഗങ്ങളാണ്  പൊതു സംവിധാനങ്ങളെ നിലനിർത്തിയിട്ടുള്ളത് , ഇന്നത്തെ ജനാധിപത്യ സമൂഹത്തെ സൃഷ്ടിച്ചത്. അതിന്റെ കാവൽക്കാരായി നിൽക്കാൻ ഇടതുപക്ഷം തയ്യാറാണെന്ന്  മാത്രമേ സൂചിപ്പിച്ചിട്ടുള്ളു. അത് പറയുന്നത് തെറ്റാണോ? ഇതിന്റെ അർത്ഥം ചരിത്രത്തിന്റെ ഏതെങ്കിലും വശം നിരാകരിക്കുന്നു എന്നല്ല. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിച്ചത് തിരുവിതാംകൂർ സർക്കാരാണെന്ന വസ്തുത നിരാകരിക്കുന്നതെങ്ങനെ? ആധുനിക വൈദ്യത്തിൽ ചികിത്സക്കുള്ള ആവശ്യമുള്ള ഒരു പുതിയ മധ്യവർഗത്തിന്റെ ഉദയം കൂടി പ്രസക്തമാണെന്നാണ് വാദിക്കുന്നത്. ആദ്യം വാക്‌സിനേഷൻ നടത്തിയത് തിരുവിതാംകൂറിൽ ആണെങ്കിൽ വസൂരിയും കോളറയും ബാധിച്ച് പതിനായിരങ്ങൾ മരിച്ചുവെന്നതും അതിനു പ്രതിവിധി കാണാൻ ശബ്ദമുയർത്തുന്ന സംഘടനകൾ തിരുവിതാംകൂറിൽ ഉണ്ടായിരുന്നു എന്നുമാണ് ചൂണ്ടിക്കാണിക്കുന്നത്. അതിനോട് പ്രതികരിക്കാൻ സർക്കാർ തയ്യാറായെന്നതും അംഗീകരിക്കുന്നു  
പ്രശ്നം കാഴ്ചപ്പാടിന്റെ ഭിന്നതയാണ്. നവോത്ഥാനത്തിന്റെയും ജനാധിപത്യ പോരാട്ടങ്ങളുടെയും പശ്ചാത്തലങ്ങളിൽ നിന്നു വളർന്നുവന്ന ഇടതുപക്ഷക്കാർക്ക് തിരുവിതാംകൂർ മഹാരാജാവിനെ പറ്റിയുള്ള പരാമർശം സ്വീകാര്യമാകണമെന്നില്ല. അതു അവർ മന്ദബുദ്ധികൾ ആയതുകൊണ്ടല്ല. അതൊരു നിലപാടിന്റെ പ്രശ്നമാണ്. കേരളത്തിലെ വികസനത്തിന്‌ അടിത്തറയിട്ടത് പള്ളിവാസൽ  ചെങ്കുളം പദ്ധതികൾ പണിയുകയും ഉദ്യോഗമണ്ഡൽ വ്യവസായ കോംപ്ലക്സ് ആരംഭിക്കുകയും തിരുവിതാംകൂർ സർവകലാശാലക്ക് തുടക്കമിടുകയും ചെയ്ത സർ സി പി രാമസ്വാമി അയ്യരും ചിത്തിരതിരുനാളുമാണ് എന്ന് വാദിക്കാം അങ്ങിനെ പറയാൻ കോൺഗ്രസ്കുർക്ക്‌  പോലും തോന്നുന്നില്ല പക്ഷെ അത് വസ്തുതയല്ലേ? ഉത്തരവാദിത്വ പ്രക്ഷോഭത്തെ തകർക്കാൻ ശ്രമിച്ച പുന്നപ്രവയലാർ പ്രക്ഷോഭത്തെ രക്തത്തിൽ കുളിപ്പിച്ച സി പിയാണ് നമുക്ക് ഓർമ വരുന്നത്. അതൊരു നിലപാടാണ്. ഈ സമരങ്ങളെല്ലാം അപ്രസക്തമായിരുന്നു എന്ന് കാണുന്നവർക്ക് അങ്ങിനെയൊരു നിലപാടുണ്ടാകില്ല. അതിൽ അത്ഭുതവുമില്ല. 
ലിബറലുകൾ സാധാരണയായി ചരിത്രത്തെ കണ്ടുവരുന്നത് അധികാര രൂപങ്ങളുടെയോ സ്വത്വങ്ങളുടെയോ അടിസ്ഥാനത്തിലാണ്. മാനവികസ്വഭാവം പോലുള്ള സംവർഗങ്ങളും ഉപയോഗിക്കുന്നുണ്ട്. അധ്വാനിക്കുന്ന ജനത ഇതുവരെയുണ്ടാക്കിയ നേട്ടങ്ങളെയും അനന്ത സാധ്യതകളെയുമാണ് ഇടതുപക്ഷം ആശ്രയിക്കുന്നത്. ഇതൊരു അടിസ്ഥാന അഭിപ്രായഭിന്നതയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ആരെങ്കിലും വിമർശിച്ചാൽ  അത് മനസ്സിലാക്കണം. അഭിപ്രായങ്ങളിൽ തിരുത്തലുകൾ നിർദേശിച്ചാൽ അത് സ്വീകരിക്കാനും തയ്യാറാണ്. അറിവില്ലായ്മ ഒരു കുറ്റമല്ലല്ലോ. പക്ഷെ മന്ദബുദ്ധികൾ എന്നൊക്കെ വിളിക്കുന്നത് വെറും അഭിപ്രായഭിന്നതയെയല്ല സൂചിപ്പിക്കുന്നത്. അത് ഒഴിവാക്കലിന്റെ പുറംതള്ളലിന്റെ ഒരു രൂപമാണ് എന്ന് കൂടി പറയട്ടെ. മനുഷ്യരാശി ഇതു വരെ നിലനിന്നത് അവർ മന്ദബുദ്ധികളായിട്ടല്ല. എല്ലാ അധികാരി വർഗങ്ങളും സ്വലാഭത്തിനുവേണ്ടി അവരെ തകർക്കാൻ ശ്രമിച്ചിട്ടും അവർക്ക് ജീവിക്കാൻ സാധിച്ചതുകൊണ്ടാണ്. ഈ അതിജീവനത്തിന്റെ രാഷ്ട്രീയത്തിലാണ് ഇടതുപക്ഷത്തിന്റെ പ്രസക്തിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ