2020 മേയ് 16, ശനിയാഴ്‌ച

കേരളം 'അഹങ്കരിക്കുന്നു' എന്ന വിവരം ആന്റണിക്ക് എവിടെനിന്നു കിട്ടി ? കെ.ജ.ജേക്കബ്.

"വല്ലാതങ്ങ് അഹങ്കരിക്കുകയൊന്നും വേണ്ട. കൊറോണ ബാധയിൽ ഇപ്പോൾ ഏറ്റവും കൂടുതലായി രക്ഷപ്പെട്ട് നിൽക്കുന്ന സംസ്ഥാനമാണെങ്കിലും കേരളം ഇപ്പോഴും കരകയറിയിട്ടില്ല."

കേരളത്തെക്കുറിച്ച് ഒരു മുൻ മുഖ്യമന്ത്രി ഇങ്ങിനെ പറയുമെന്ന് ഇപ്പോഴും വിശ്വിക്കാൻ വയ്യ. നിഷേധം ഒന്നും ഇതുവരെ വരാത്തതിനാൽ വിശ്വസിക്കാതിരിക്കാനും വയ്യ.   

മറ്റു സംസ്‌ഥാനങ്ങളിൽ കോവിഡ് വ്യാപിച്ച അത്രയും കേരളത്തിൽ വ്യാപിച്ചില്ല എങ്കിലും അടുത്ത നാളുകളിൽ വരാനിരിക്കുന്ന വ്യാപനത്തിനെതിരെ പ്രതിരോധമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ് കേരളം. സാമൂഹ്യ ജീവിതം പഴയ പടിയിലേക്കു പോകുന്നതിനെക്കുറിച്ച് ഒരു മലയാളിയും ഇപ്പോഴും ആലോചിക്കുന്നു പോലുമില്ല, പിന്നെയാണ് അഹങ്കരിക്കുന്നത്. ലോകത്തിന്റെ പല ഭാഗത്തുനിന്നും മലയാളികൾ വന്നു കൊണ്ടിരിക്കുന്നു;  അവരെയൊക്കെ നമ്മുടെ സംവിധാനത്തിന്റെ ഭാഗമാക്കി സംരക്ഷിക്കുന്നതിന്റെയൊപ്പം ആറുമാസം മാത്രം പ്രായമുള്ള ഈ വൈറസിന്റെ ഏതൊക്കെ രൂപങ്ങൾ എവിടെ നിന്നൊക്കെ വരും എന്ന ആശങ്ക ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ പങ്കുവയ്ക്കുന്നുണ്ട്; പോംവഴികൾ അന്വേഷിക്കുന്നുണ്ട്.

പതിനായിരക്കണക്കിന് ആളുകളാണ് ഇപ്പോൾ അതിർത്തി കടന്നു കേരളത്തിലേക്ക് വരുന്നത്. അവരെയൊക്കെ കേന്ദ്ര നിർദ്ദേശ പ്രകാരം പല വിധത്തിലുള്ള നിരീക്ഷണത്തിലാക്കി സുരക്ഷിതരാക്കാനുള്ള പെടാപ്പാടിലാണ് സംസ്‌ഥാനം. ആരോഗ്യം, തദ്ദേശ സ്വയംഭരണം, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്‌ഥർ നീട്ടിശ്വാസം വലിച്ചിട്ടു മാസങ്ങളായി; പല തലത്തിലുള്ള സർക്കാർ സംവിധാനം--പഞ്ചായത്ത് വാർഡ് മെമ്പർ മുതൽ മുഖ്യമന്ത്രി വരെയുള്ളവരും പഞ്ചായത്ത് പ്യൂൺ മുതൽ ചീഫ് സെക്രട്ടറി വരെയുള്ളവരും കുറച്ചു കോൺഗ്രസ് നേതാക്കൾ ഒഴികെയുള്ള മുഴുവൻ കേരളീയരും നാളെയെക്കുറിച്ചുള്ള ആകുലതയിലാണ്; പ്രതിരോധം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ കുറച്ചൊന്നു അയഞ്ഞു കളയാം എന്ന് ഇന്നുവരെ ഉത്തരവാദപ്പെട്ട  ഒരാളും പറഞ്ഞിട്ടില്ല; മറിച്ചു കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം എന്നാണ് ഓരോ പ്രാവശ്യവും പറയുക. 

അപ്പോഴാണ് അഹങ്കരിക്കരുതെന്ന ഉപദേശം. 

മുപ്പത്തി രണ്ടാം വയസ്സിൽ കെ പി സി സി യുടെ കാറിൽ കയറിയിട്ട് ഇന്നുവരെ നാട്ടുകാരുടെ ചെലവിൽ നിന്നിറങ്ങാത്ത കെ എസ്  യു ക്കാരൻ ഡൽഹിയിൽ സന്തോഷമായിട്ടു കഴിയുന്നതിൽ ആർക്കും വേവലാതിയൊന്നുമില്ല; നാടിനു കാൽക്കാശിന്റെ ഗുണമില്ലെങ്കിലും. പക്ഷെ കേരളം 'അഹങ്കരിക്കുന്നു' എന്ന വിവരം ഇദ്ദേഹത്തിന്  എവിടെനിന്നു കിട്ടി?      

കെ എസ് യു ക്കാരുടെ ഒരു മെച്ചം അവർ എ കെ ആന്റ്ണി മുതൽ കേരളം കോവിഡ് പ്രതിരോധത്തിൽ പതിനഞ്ചാം സ്‌ഥാനത്താണ് എന്ന് ആശ്വസിക്കുന്ന എൽദോസ് കുന്നപ്പള്ളി വരെ ഒരേ പോലെ ചിന്തിക്കുന്നു എന്നതാണ്. കേരളത്തിനെതിരെ വിരൽ വയ്ക്കാൻ സ്‌ഥലം കിട്ടിയാൽ ഉരൽ ഉരുട്ടിക്കയറ്റും.

ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന കെ എസ് യു നേതാവിന് ഒരു കാര്യത്തിൽ ആശ്വസിക്കാം: കേരളം അഹങ്കരിച്ചു പോകാതിരിക്കാതിരിക്കാനുള്ള കുത്തിത്തിരുപ്പ് ഇളമുറക്കാർ പരമാവധി നടത്തുന്നുണ്ട്; അതിനിടയ്ക്ക് ക്വാറന്റൈനിൽ പോകേണ്ടി വന്നെകിലും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ