2020 മേയ് 19, ചൊവ്വാഴ്ച

അമ്മിക്കല്ലിൽ ചോറു വിളമ്പരുതേ മോദി ജീ

എഴുത്ത്: രശ്മിതാ രാമചന്ദ്രൻ

പണ്ട് ഒരു രണ്ടാനമ്മയുടെ പരിപാലനത്തിൽ സംശയം തോന്നിയപ്പോൾ അച്ഛൻ  മകനോട് തൻ്റെ ഒപ്പം ഉണ്ണാൻ ചോറെടുത്ത് കൊണ്ടു വരാൻ പറഞ്ഞു. ചോറ് വിളമ്പിയത് എടുത്തിട്ട് പൊങ്ങുന്നില്ല എന്ന് മകൻ പറഞ്ഞപ്പോ രണ്ടാം ഭാര്യയെ സംശയിച്ചതിൽ അച്ഛനും കുറ്റബോധം തോന്നി- അച്ഛനറിഞ്ഞില്ലല്ലോ രണ്ടേ രണ്ട് പറ്റ് കുഞ്ഞിനിട്ടു കൊടുക്കുന്നത് ഭാരമുള്ള അമ്മിക്കല്ലിൻ്റെ പുറത്തായിരുന്നു എന്ന്. നിർഭാഗ്യവശാൽ നമ്മുടെ പ്രധാനമന്ത്രിയുടെ കൊറോണ സംബന്ധിച്ച ദേശത്തോടുള്ള അഭിസംബോധനകളും ഇത്തരത്തിലാണ്! കണ്ണുകളിൽ കരുണയും വീരവും ഒക്കെ തരാതരം പോലെ വരും, പാക്കേജുകളെക്കുറിച്ച് ഇനിയും വ്യക്തതയില്ലാത്ത ധ്വനികൾ ഉണ്ടാകും, ലോക്ക് ഡൗൺ നീളുമെന്നോ നീളില്ലെന്നോ ജനത്തിന് ധരിയ്ക്കാം, മുഖ്യമന്ത്രിമാരുമായുള്ള ഡിജിറ്റൽ കോൺഫറൻസിനു ശേഷവും ഓരോ സംസ്ഥാനങ്ങൾ തിരിച്ചുള്ള അവസ്ഥ പറയുന്നില്ല, നൂറു കണക്കിന് കിലോമീറ്ററുകൾ താണ്ടിക്കുഴഞ്ഞ് അമ്മയുടെ നിഴൽത്തണലിലേക്ക് ചുരുണ്ടു തളർന്ന് വീണ കുഞ്ഞിക്കാലുകളെ ഇനിയും അറിയാത്ത മട്ട്, രാംലീല ആഘോഷിച്ച സ്വന്തം കൂട്ടത്തെക്കുറിച്ച് ഒരു പരാമർശം പോലുമില്ലായ്മ,  ആരോഗ്യ പ്രവർത്തകരുടെയും ജനങ്ങൾക്കുമുള്ള സുരക്ഷാ മാർഗ്ഗങ്ങൾ വർദ്ധിപ്പിയ്ക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങളെക്കുറിച്ച് പറയുന്നതിന് പകരം പാത്രം കൊട്ടിയും  വിളക്കു തെളിയിച്ചും മാത്രമുള്ള " വാ കൊണ്ടുള്ള കൗപീനം ധരിപ്പിക്കൽ"! മതി, മോദി ജീ , ഈ അമ്മിക്കല്ലിൽ ചോറു വിളമ്പൽ!
പിന്നെ, ആകെ സമാധാനം അങ്ങ് യുഎസിൻ്റെയും , ഉത്തര കൊറിയയുടെയും ഭരണാധികാരികളേക്കാൾ വളരെ ഭേദമാണ് എന്നതാണ് ! അസുഖം വന്നാൽ വെടിവെച്ചു കൊല്ലുന്നില്ല, ചൈനീസ് വൈറസ് എന്ന വംശീയ വിളി നടത്തുന്നില്ല, ഫേസ് മാസ്കിനെതിരെ നിലപാടെടുക്കുന്നില്ല, ഇത്തിരി വൈകിയെങ്കിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ച് സോഷ്യൽ ഡിസ്റ്റൻസിംഗിന് ആക്കം കൂട്ടി. നല്ല എല്ലാ പ്രവർത്തികൾക്കും ഞങ്ങൾ അങ്ങേയ്ക്കു കട്ട സപ്പോർട്ടാണ്, നിൽക്കുന്നിടത്ത് ലോക്ക് ഡൗൺ തീരുന്നതുവരെ നിൽക്കാൻ പറഞ്ഞതുൾപ്പടെ! ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം കാസറോട്ടൂന്ന് തിരുവനന്തപുരം വരെ സഞ്ചരിച്ചെത്തിയ കുന്നുമ്മൽ സുരേന്ദ്രനേക്കാൾ അനുസരണ അങ്ങയോട് ഇക്കാര്യത്തിൽ ഞങ്ങൾക്കെന്നുമുണ്ടാകും പ്രധാനമന്ത്രി ജീ, ഉറപ്പായും!

https://m.facebook.com/story.php?story_fbid=282917652696794&id=100029356846610

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ