യു ഡി എഫ് ലോക്സഭാംഗം എന്ന നിലയിൽ ഡോ ശശി തരൂർ ചെയ്യുന്ന കാര്യങ്ങൾക്കു പൊതുവെ സ്വീകാര്യത കൂടിവരുന്നുണ്ട്. അതിൽ അദ്‌ഭുതമില്ല. ഒരു മഹാമാരിയുടെ പാശ്ചാത്തലത്തിൽ അദ്ദേഹം ചെയ്തത് സാധാരണ രാഷ്ട്രീയ രീതിയിൽനിന്നു ഇത്തിരി മാറി നടക്കലാണ്.
ഡോ തരൂർ മാത്രമല്ല, കേരളത്തിലെ മൊത്തം പ്രതിപക്ഷവും, വിശിഷ്യാ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇത്തരമൊരു സമീപനം സ്വീകരിക്കണമെന്ന് വിനീതനായ ഞാൻ (കുഞ്ഞാലിക്കുട്ടി സാഹിബിനെ ഓർക്കുന്നു) പല പ്രാവശ്യം എഴുതിയിരുന്നു.
ഇനിയും കോൺഗ്രസ് നേതൃത്വം അത്തരമൊരു നിലപാടിലേക്ക് മാറണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മൾക്കു ഇനിയും പിടികിട്ടാത്ത ഒരു വൈറസാണ് ഇതിലെ ചുറ്റിക്കളിയുമായി നടക്കുന്നത്. അതിനു ഡസൻ കണക്കിന് വേരിയന്റുകൾ ഉള്ളതായി വിദഗ്ധർ കണക്കാക്കുന്നു. അവയുള്ള എല്ലാ നാടുകളിൽനിന്നും മലയാളികൾ കേരളത്തിലെത്തും. സർക്കാർ സംവിധാനത്തിനു മാത്രമായി അതിനെ പിടിച്ചുകെട്ടുക അങ്ങേയറ്റം അപകടസാധ്യതെയുള്ള കാര്യമാകും.
ഇവിടാരും അഹങ്കരിക്കുന്നില്ല എന്നും നാളെ എന്ത് നടക്കും എന്ന കാര്യത്തിലുള്ള ആശങ്കയാണ് എല്ലാവർക്കുമെന്ന സത്യം, താഴെത്തട്ടിലുള്ള കോൺഗ്രസുകാരുടെയും യു ഡി എഫിൻെറയും കൂടി കഠിന ശ്രമത്തോടെയാണ് കേരളം ഇതുവരെ പിടിച്ചുനിന്നത് എന്നതിൽ, രാഷ്ട്രീയത്തിനതീതമായി ഒരു പൊതു ശത്രുവിനെതിരെ ഒരുമിച്ചു നിന്നു മറ്റൊരു കേരളം മോഡൽ സൃഷ്ടിക്കുന്നു എന്ന പരിമിതമായ അഭിമാനം: ഇവ മാത്രമേ ഇപ്പോൾ മലയാളിക്കുള്ളൂ എന്നും കോൺഗ്രസ് മനസിലാക്കണം.
---
കൊറോണ ഈ രൂപത്തിൽ ആകുന്നതിനു വളരെ മുൻപ് മാർച്ച് 11 നു എഴുതിയ പോസ്റ്റിലെ ഒരു ഭാഗം: (പോസ്റ്റിന്റെ ലിങ്ക് കമന്റിലുണ്ട്.)
"ഇപ്പോൾ കൊറോണ വൈറസിനെ സംസ്‌ഥാന സർക്കാർ നേരിടുന്നത് നാളെ ലോകം കണ്ടുപഠിക്കാൻ പോകുന്ന ഒരു മാതൃകയുണ്ടാക്കിയാണ്. നോക്കിപ്പഠിക്കാൻ മറ്റൊന്നില്ലാത്തതിനാൽ പാളിച്ചകളും വീഴ്ചകളും ഉണ്ടാകാം. അതെങ്ങിനെ ഉപയോഗിക്കണം എന്ന കാര്യത്തിൽ ചെന്നിത്തല മുൻപ് കാണിച്ചതുപോലുള്ള പ്രായോഗിക ബുദ്ധി കാണിക്കണം. സാധാരണ ഒരു സന്ദർഭത്തിൽ പ്രതിപക്ഷം ഉപയോഗിക്കുന്നതുപോലെ ഉപയോഗിക്കുന്നതിനേക്കാൾ ഫലം ചെയ്യുക ഒരു സൗഹൃദ പ്രതിപക്ഷം എന്ന നിലയിലേക്ക് മാറി സിറ്റം മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കുന്ന സർക്കാരിന് പുറത്തുള്ള മറ്റൊരു സംവിധാനം എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴായിരിക്കും എന്നാണ് എന്റെ നിഗമനം. മനഃപൂർവ്വം ഒരു വീഴ്ച ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും എന്ന് പറഞ്ഞാൽ ആളുകൾ വിശ്വസിക്കാൻ സാധ്യത കുറവാണ്. അതുകൊണ്ടു വീഴ്ചകളുണ്ടായാൽ അത് ചൂണ്ടിക്കാട്ടുന്ന, അതിൽനിന്നു രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ നോക്കാത്ത ഒരു പ്രതിപക്ഷം എന്ന ലേബലായിരിക്കും പ്രതിപക്ഷത്തിന് ഗുണം ചെയ്യുക. അതായിരിക്കും നാടിനും ഗുണം ചെയ്യുക. അതായിരിക്കും ചെന്നിത്തലയ്ക്കും ഗുണം ചെയ്യുക."
--
"അതുകൊണ്ടു ജനങളുടെ തീരുമാനത്തെ മുൻകൂർ നിശ്ചയിക്കരുത്; ഭരണനേട്ടങ്ങൾ മാത്രം മുൻനിർത്തിയല്ല ലോകത്തൊരു ജനവും വോട്ടു ചെയ്യുന്നത്. പൗരത്വ നിയമത്തിൽ കൊള്ളാവുന്ന നിലപാട് എടുത്തിരുന്നു എങ്കിൽ അരവിന്ദ് കെജ്‌രിവാൾ ഇപ്പോൾ പ്രതിപക്ഷത്തിരുന്നേനെ. അതുകൊണ്ടു ഒരു കൊല്ലം കഴിഞ്ഞു നടക്കുന്ന തെരഞ്ഞെടുപ്പിനെ ഇപ്പോഴേ പ്രതിപക്ഷം ഭയപ്പെടേണ്ടതില്ല; ഭയക്കേണ്ടത് ഭരണപക്ഷമാണ്. കാരണം ഭരണാധികാരിയ്ക്കു തെറ്റ് പറ്റും; പ്രതിപക്ഷത്തിന് തെറ്റുപറ്റാൻ പാടാണ്. അതുകൊണ്ടു ഭരണാധികാരിയ്ക്കു തെറ്റുപറ്റുന്നതുവരെ കാത്തിരിക്കുക. ഇപ്പോൾ, നാടിനൊരവശ്യം വരുമ്പോൾ, കൂടെനിൽക്കുന്ന പ്രതിപക്ഷനേതാവിന്റെ വാക്കുകൾക്ക് കൂടുതൽ വിലയുണ്ടാകും."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ