2020 മാർച്ച് 26, വ്യാഴാഴ്‌ച

സഹജീവികൾക്ക് സ്വാതന്ത്ര്യവും സമത്വവും നൽകുന്നതാണ് രാജ്യ സ്നേഹം .

പൗരാവകാശ ലീഗ് സ്വാഗത പ്രസംഗം ജോൺ ചാണ്ടി

കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിന് ആക്കം കൂട്ടിയ ജനകീയ പ്രസ്ഥാനങ്ങളിൽ ഒന്നായിരുന്നു പൗരാവകാശ ലീഗ് (സിവിൾ റൈറ്റ്സ് ലീഗ് ).1919 ഏപ്രിൽ 5 ന് കോട്ടയത്ത് നടന്ന പൗരാവകാശ ലീഗ് സമ്മേളനത്തിൽ ജോൺ ചാണ്ടി നടത്തിയ സ്വാഗത പ്രസംഗത്തിൽ പൗരാവകാശ ലീഗിന്റെ ലക്ഷ്യം ഇങ്ങിനെ വിശദീകരിക്കുന്നു. ഭാരതത്തിന് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും സാമൂഹിക സ്വാതന്ത്ര്യം ഇനിയും എത്രയോ അകലങ്ങളിലാണ്. ദേശ സ്നേഹത്തിന് പുതിയ വ്യാഖ്യാനങ്ങൾ നൽകുന്ന സമകാലീന ഭാരതത്തിൽ ഇന്നും പ്രസക്തമാണ് പൗരാവകാശ ലീഗ്  ദശകങ്ങൾക്ക് മുമ്പ് ഉയർത്തിയ ദർശനങ്ങൾ.
പ്രസംഗത്തിന്റെ പ്രസക്ത ഭാഗം ഉദ്ധരിക്കുന്നു.

" ഒരാൾ തന്റെ രാജ്യത്തെ സ്നേഹിക്കുകയും അതിന്റെ സർവ്വതോന്മുഖ വളർച്ചക്കും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുക എന്നത് ഒരു പൗരന്റെ ഒഴിച്ചു കൂടാനാകാത്ത കടമയാണ്. ഇതാണ് യഥാർത്ഥ ദേശ സ്നേഹം. പ്രയോജനങ്ങൾക്കു വേണ്ടി മാത്രം രാജ്യത്തെ സ്നേഹിക്കുന്നത് ദേശ സ്നേഹമല്ല , സ്വാർത്ഥതയാണ്. 
തനിക്കു മാത്രമായി രാജ്യ ഭരണം നടത്തുകയും രാജ്യത്തിന്റെ ബൃഹത്തായ ജീവിതത്തെ കുറച്ചു പേർക്കായി തല്ലിക്കെടുത്തുകയും ചെയ്യുന്നതും ദേശ സ്നേഹമല്ല , സ്വാർത്ഥതയാണ്. നമ്മൾ കേവലം കൂറു പുലർത്തുന്നവരും നിയമാനുസൃതം ജീവിക്കുന്നവരും മാത്രമാകരുത്. നമ്മൾ സജീവ ദേശാഭിമാനികളായിരിക്കണം.  രാജ്യത്തെ സ്നേഹിക്കുന്നതിലൂടെ സഹജീവികൾക്ക് സമത്വവും ,സ്വാതന്ത്ര്യവും ലഭ്യമാക്കുന്നതിന് പ്രവർത്തിക്കുന്നതിലൂടെ , സാമൂഹിക ജീവിതത്തിൽ അധ:സ്ഥിതരെ കൈപിടിച്ചുയർത്താൻ സഹായിക്കുന്നതിലൂടെ , പാവപ്പെട്ടവന്റെ സ്വാതന്ത്ര്യ മാർഗ്ഗത്തിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കാതിരിക്കുന്നതിലൂടെ , അസ്പ്രശ്യതയുടെ പൈശാചിക സമ്പ്രദായത്തിനെതിരെ പ്രവർത്തിക്കുന്നതിലൂടെ , ആവശ്യമുള്ളപ്പോൾ അനുഷ്ഠിക്കേണ്ട ആത്മ ത്യാഗത്തിലൂടെ മാത്രമേ നമുക്ക് യഥാർത്ഥ രാജ്യ സ്നേഹികളാകാൻ കഴിയൂ. ഇത്തരത്തിൽ പ്രവർത്തിക്കുകയെന്നതാണ് ലീഗിന്റെ ലക്ഷ്യം"
കടപ്പാട്.
(എൻ.ബി.എസ് പ്രസിദ്ധീകരിച്ച. ഡോ.കെ.കെ.കുസുമൻ രചിച്ച 
നിവർത്തന പ്രക്ഷോഭണം എന്ന ഗ്രന്ഥം പേജ് 13)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ