2020 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

സുനിൽ പി ഇളയിടം അഭിമുഖം രണ്ടാം ഭാഗം

പ്രസ്ഥാനത്തോടുള്ള താങ്കളുടെ സമീപനം ഒരേപോലെ ലിബറല്‍  പോസ്റ്റ് മോഡേണ്‍ ചിന്തകരാല്‍ പരിഹസിക്കപ്പെടാറുണ്ട്. 'പാര്‍ടിയുടെ വാലാട്ടി' എന്ന് ഈയടുത്ത കാലത്ത് ഒരു പ്രമുഖ വ്യക്തി താങ്കളെ വിശേഷിപ്പിച്ചു കണ്ടു. പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത എങ്ങനെയാണ് സ്വയം വിശദീകരിക്കുന്നത്.?

പ്രതിബദ്ധത എപ്പോഴും വിമര്‍ശനാത്മകമായ ഒരാശയം കൂടിയാണ്. അത് വെറും കൂറല്ല. അതിലൊരു വൈരുധ്യാത്മക മാനമുണ്ട്. പ്രസ്ഥാനവും താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെ സന്ദര്‍ഭത്തില്‍ ഗ്യോര്‍ഗി ലൂക്കാച്ച് ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമുണ്ട്. ഒരു മാര്‍ക്‌സിസ്റ്റിനെ സംബന്ധിച്ചിടത്തോളം പ്രസ്ഥാനമെന്നത് തനിക്ക് പുറത്തുള്ള ഒന്നല്ല. വ്യക്തിവാദിയായ ഒരു ചിന്തകനെ സംബന്ധിച്ചോ ഒരക്കാദമീഷ്യനെ സംബന്ധിച്ചോ തന്റെ ആശയങ്ങള്‍ ലോകത്തോട് പറയുക, തന്റെ ബോധ്യങ്ങള്‍ വിശദീകരിച്ചു കൊണ്ടേയിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. താനൊരു സ്വതന്ത്രവ്യക്തിയാണ് എന്ന് സങ്കല്പിക്കുകയും ആ സ്വതന്ത്ര വ്യക്തിത്വത്തിന്റെ ആവിഷ്‌കാരങ്ങളാണ് തന്റെ ആശയവ്യവസ്ഥകളെന്നു കരുതുകയും ചെയ്യുന്ന ഒരാളാണ് അയാള്‍. അതിഭീമമായ വിധത്തില്‍ വ്യവസ്ഥയുടെ സ്ഥാപന സംവിധാനങ്ങള്‍, ഭരണകൂടം, പദവികള്‍, ശമ്പളം, സാമൂഹിക അവസരങ്ങള്‍ ഉള്ളില്‍ നില്‍ക്കുമ്പോഴും താന്‍ പരമസ്വാതന്ത്ര്യത്തിന്റെ പ്രതിനിധിയാണ് എന്നവര്‍ ധരിച്ചു പോവുകയും ചെയ്യാറുണ്ട്. ലൂക്കാച്ച് പറഞ്ഞത്, ഒരു മാര്‍ക്‌സിസ്റ്റിനെ സംബന്ധിച്ച് ഇതു സാധ്യമല്ല എന്നതാണ്. കാരണം ഒരാള്‍ മാര്‍ക്‌സിസ്റ്റായിരിക്കുന്നത് അയാള്‍ സാമൂഹികമായി ഇടപെടുമ്പോള്‍ കൂടിയാണ്. ചിന്ത അതില്‍ത്തന്നെ ഒരു സാമൂഹിക ഇടപെടലാണ് എന്ന അര്‍ഥം നല്‍കിക്കൊണ്ട് പ്രാക്‌സിസ് എന്ന സങ്കല്പനത്തിന്റെ വിശാലപരിപ്രേക്ഷ്യത്തിനുള്ളില്‍ ധ്യാനാത്മക ചിന്തയെ ഉള്‍പ്പെടുത്താനാവുമോ എന്ന് സംശയമാണ്. ചിന്താപ്രക്രിയകളൊന്നും പ്രയോഗങ്ങളല്ല എന്നല്ല ഇപ്പറഞ്ഞതിന്റെ അര്‍ഥം. ആ ചിന്താപ്രക്രിയകള്‍, നിലവിലുള്ള ആശയവ്യവസ്ഥകളെ അട്ടിമറിക്കാനും തിരുത്താനും കഴിയും വിധം സംവാദാത്മകമായ ഇടപെടലുകളിലൂടെ, ഒരു വിമര്‍ശ(Critique) ത്തിന്റെ മണ്ഡലത്തിലേക്കു കടക്കുമ്പോഴാണ് ചിന്താപ്രക്രിയക്ക് പ്രാക്‌സിസിന്റെ തലം കൈവരുക. അതല്ലാതെ, കേവലമായ പാണ്ഡിത്യത്തിന്റെയോ ധ്യാനാത്മകമായ തത്വവിചാരത്തിന്റെയോ തലത്തില്‍ അരങ്ങേറുന്ന ആലോചനകളെ നമുക്ക് മാര്‍ക്‌സിസ്റ്റ് അര്‍ഥത്തിലുള്ള പ്രാക്‌സിസ് എന്നു പറയാന്‍ കഴിയില്ല. ഒരാള്‍ അങ്ങനെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ എന്തെങ്കിലും തകരാറുണ്ടെന്നല്ല പറഞ്ഞുവരുന്നത്. മാര്‍ക്‌സിസ്റ്റാവണമെങ്കില്‍ അതില്‍ നിന്ന് അല്പം കൂടി മാറി നില്‍ക്കേണ്ടതുണ്ട് എന്നതാണ്.അങ്ങനെ വരുമ്പോള്‍ പ്രസ്ഥാനം എന്നത് അയാളുടെ കൂടി ഭാഗമാണ്, അല്ലാതെ പ്രസ്ഥാനത്തിനോടുള്ള പ്രതിബദ്ധത എന്നത് തനിക്ക് പുറത്തുള്ള മറ്റെന്തോ ഒന്നിനോട് താന്‍ ബോധപൂര്‍വം  പുലര്‍ത്തുന്ന കൂറല്ല. മാര്‍ക്‌സിസത്തിന്റെ ദാര്‍ശനികോപാധികള്‍ ഉപയോഗിച്ച്  അക്കാദമികമായ സൈദ്ധാന്തിക വിചാരങ്ങളില്‍ ഏര്‍പ്പെടുക, ചില സന്ദര്‍ഭങ്ങളില്‍ പ്രസ്ഥാനത്തോടോ അതിന്റെ പ്രയോഗരൂപങ്ങളോടോ കൂറുകാണിക്കുക എന്നതല്ല പ്രതിബദ്ധത. അത് എപ്പോഴും വൈരുധ്യാത്മകവുമായിരിക്കും.  ആ ബന്ധത്തില്‍ സാമൂഹികമായ ഇടപെടല്‍ വഴിയുള്ള ജൈവികമായ തുടര്‍ച്ചയുണ്ടായിരിക്കണം. ഈ തുടര്‍ച്ച അറ്റുപോയിക്കഴിഞ്ഞാല്‍ പിന്നെ മാര്‍ക്‌സിസ്റ്റാണെന്നു ക്ലെയിം ചെയ്യുന്നതില്‍ വലിയ സാംഗത്യമൊന്നുമില്ല. വ്യക്തിവാദത്തിന്റെ തലത്തിലുള്ള ഒരു ബുദ്ധിജീവിതമായി അതു മാറിത്തീരും. നിങ്ങളുടെ സ്വന്തം ബോധ്യങ്ങളും ഉള്‍പ്പെട്ടുനില്‍ക്കുന്ന പ്രസ്ഥാനം സമൂഹത്തില്‍ നടത്തുന്ന ഇടപെടലുകളും തമ്മില്‍ അകലം വരുമ്പോള്‍ ഏതിനെ പ്രധാനമായി കാണണം എന്ന ചോദ്യം അവിടെ ഉയര്‍ന്നു വരും. കേസരി ബാലകൃഷ്ണപിള്ള പ്രബോധകന്‍ എന്ന പത്രം ആരംഭിച്ച സമയത്ത് അദ്ദേഹം അതേക്കുറിച്ചെഴുതിയ ഒരു കാര്യം 'പത്രമാരണനിയമം നിലനില്‍ക്കുന്നതുകൊണ്ട് തിരുവനന്തപുരത്തു നിന്ന് ഇനി പത്രം പ്രസിദ്ധീകരിക്കേണ്ടതില്ല എന്നാണ് താന്‍ കരുതിയതെങ്കിലും പൊതുജനസേവനത്തിന് കൂടുതല്‍ ഉപകാരപ്പെടുക തിരുവനന്തപുരത്തുതന്നെ പത്രം പ്രസിദ്ധീകരിക്കുന്നതായതുകൊണ്ട്, താനവിടെ നിന്നുതന്നെ പത്രം വീണ്ടും ആരംഭിക്കുന്നു' എന്നാണ്. തുടര്‍ന്നദ്ദേഹമെഴുതുന്ന ഒരു വാചകം; 'എന്റെ ആദര്‍ശങ്ങളെക്കാള്‍ വലുത് പൊതുജനസേവനമാണ് എന്നു കരുതുന്നതുകൊണ്ടാണ് ഞാനിങ്ങനെ ചെയ്യുന്നത് ' എന്നാണ്. ഇതൊരു പ്രധാനപ്പെട്ട നിലപാടാണ്. വ്യക്തിവാദികള്‍ക്ക്, അവരവരുടെ ബോധ്യങ്ങള്‍ അന്തിമപ്രമാണങ്ങളായിത്തീരും. സാമൂഹികമായ ഇടപെടല്‍ ഒന്നാമതായി കാണുമ്പോള്‍ അഥവാ, നമ്മുടെ ബോധ്യങ്ങള്‍ക്കും സാമൂഹികമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കുമിടയില്‍ വിടവ് വരുമ്പോള്‍ നമ്മുടെ ബോധ്യങ്ങളെ ചിലപ്പോള്‍ നീക്കിവെക്കേണ്ടി വരും. ഇടപെടല്‍ എന്നതിന് പ്രഥമ പരിഗണന കൊടുക്കുന്ന ഒരാള്‍ക്ക് നല്‍കേണ്ടിവരുന്ന വിലയാണത്. കേസരി അന്നു ചെയ്ത കാര്യമാണിത്, മാര്‍ക്‌സിസ്റ്റായിരിക്കുന്ന ഏതൊരാളുടെയും കണ്‍സേണ്‍ ഇതാണ്. പ്രസ്ഥാനവുമായുള്ള ബന്ധം ഔപചാരികമായ പ്രതിബദ്ധതയുടെയോ ബാഹ്യമായ കടപ്പാടിന്റെയോ ഭാഗമല്ല. മറിച്ച് ആഭ്യന്തരമായ ഒന്നാണത്. മാര്‍ക്‌സിസ്റ്റ് എന്ന രാഷ്ട്രീയപദവിയുടെ തുടര്‍ച്ചയാണ്. ആ തുടര്‍ച്ചയും വ്യക്തിയും തമ്മില്‍ വൈരുധ്യങ്ങളുണ്ടാവാം, വ്യക്തിസ്വത്വത്തിന്റെ പല അടരിലും പ്രസ്ഥാനവുമായുള്ള ഭിന്നതകളിലൂടെ ചിലപ്പോള്‍ കടന്നുപോകേണ്ടിവരും. ഇതുപക്ഷേ, എല്ലാ മനുഷ്യരിലുമുണ്ട്. ഏത് സ്വത്വപദവിയിലും ഉണ്ട്. അധ്യാപകന്‍, പ്രഭാഷകന്‍ എന്ന നിലയിലൊക്കെയുള്ള എന്റെ ജീവിതത്തില്‍ ഒക്കെ ഇത്തരം സംഘര്‍ഷങ്ങളുണ്ട്. അവയൊന്നുമില്ലാത്ത സ്വതന്ത്രവും പരിശുദ്ധവുമായ ആവിഷ്‌കാരങ്ങളായി മനുഷ്യരാരും ജീവിക്കുന്നില്ല. അവരവരിലേക്കു തിരിഞ്ഞു നോക്കാനും ആത്മവിമര്‍ശനം നടത്താനും തയ്യാറല്ലാത്തവര്‍ക്ക്, അതിന് ആത്മബലമില്ലാത്തവര്‍ക്ക്, തങ്ങള്‍ പരിപൂര്‍ണ ശുദ്ധരാണ് എന്നു തെറ്റിദ്ധരിച്ചു ജീവിക്കാമെന്നേയുള്ളൂ. ആ തെറ്റിദ്ധാരണ ധാരാളം പേര്‍ക്കുണ്ട്, അവര്‍ അവരുടെ ലോകത്ത് വിരാജിക്കട്ടെ. പക്ഷേ, ചരിത്രത്തില്‍ മൂര്‍ത്തമായി ജീവിക്കുന്ന ഒരാള്‍ക്ക് ലോകത്തില്‍ വൈരുധ്യം തിരിച്ചറിയുന്നപോലെ തന്നിലുള്ള സംഘര്‍ഷങ്ങളെയും കാണാന്‍ കഴിയും. അവയെ അഭിസംബോധന ചെയ്യേണ്ടതായും  ആ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകേണ്ടതായും വരും. അത് അനിവാര്യമായ ഒരു കാര്യമാണ്. അതുകൊണ്ട് എന്നെ സംബന്ധിച്ച് പ്രതിബദ്ധത എന്നത് എനിക്കു പുറത്തുള്ള ഒന്നിനോട് ഞാന്‍ പുലര്‍ത്തുന്ന കൂറല്ല. മറിച്ച് ഞാന്‍ കൂടി ഉള്‍പ്പെട്ടുനില്‍ക്കുന്ന, എന്റെ തന്നെ സ്വത്വാവിഷ്‌കാരത്തിന്റെ ഭാഗമായാണ് ആ ബന്ധത്തെ ഞാന്‍ കാണുന്നത്. പ്രസ്ഥാനത്തോടുള്ള സംവാദങ്ങള്‍ എന്നോടു കൂടിയുള്ള സംവാദങ്ങളാണ്. ഞാന്‍ കൂടി ഉള്‍പ്പെട്ടു നില്‍ക്കുന്ന ഒരാശയ വ്യവസ്ഥയോട് ഞാന്‍ തന്നെ നടത്തുന്ന സംവാദമാണത്. പുറത്തരങ്ങേറുന്ന ഒരു യുദ്ധമല്ല.പ്രസ്ഥാനവുമായുള്ള ഈ വൈരുധ്യാത്മകബന്ധത്തെ മുന്‍നിര്‍ത്തി പോസ്റ്റ് മോഡേണിസ്റ്റുകളും ലിബറല്‍ ചിന്തകരുമൊക്കെ ധാരാളം വിമര്‍ശനങ്ങളും അധിക്ഷേപങ്ങള്‍തന്നെയും ചൊരിഞ്ഞിട്ടുണ്ട്. അത് മുന്‍പുമുണ്ടായിട്ടുണ്ട്, ഇപ്പോഴും തുടരുകയും ചെയ്യുന്നു. എന്റെ രാഷ്ട്രീയനിലപാടുകള്‍ മറച്ചുവെയ്ക്കപ്പെട്ട ഒന്നല്ല. മാര്‍ക്‌സിസ്റ്റാണ് എന്ന കാര്യം ഞാന്‍ ഒളിച്ചുവെക്കാന്‍ ശ്രമിച്ചിട്ടുമില്ല. അതുകൊണ്ട് ധാരാളം എതിര്‍പ്പുകളുമുണ്ട്. യുട്യൂബില്‍ എന്റെ ഒരു പ്രസംഗം വന്നുകഴിഞ്ഞാല്‍ അതിനു താഴെ നിരനിരയായി തെറി എഴുതിനിറയ്ക്കുന്ന സംഘപരിവാറുകാരുണ്ട്. കൗതുകകരമായ ഒരു കാര്യം, അവരുടേതിന് സമാനമായ ഭാഷയില്‍ അധിക്ഷേപിക്കാനും പുലഭ്യം പറയാനും യാതൊരു മടിയും തോന്നാത്ത വലിയ പണ്ഡിതരും കേരളത്തിലുണ്ട് എന്നതാണ്. അധിക്ഷേപങ്ങള്‍ കേള്‍ക്കുക എന്നത് പൊതുസമൂഹവുമായി സംവദിക്കാന്‍ തുടങ്ങുമ്പോള്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരു കാര്യമാണ്. അതിനാല്‍ത്തന്നെ, അത്തരം ചീത്തവിളികളെച്ചൊല്ലി ഞാനധികം വ്യാകുലപ്പെടാറില്ല. ചീത്ത വിളിക്കുന്നവര്‍ക്ക് അതൊരു സന്തോഷമായിരിക്കട്ടെ! വാലാട്ടിപ്പട്ടി എന്നൊക്കെയുള്ള 'വിശേഷണങ്ങള്‍' പുതിയ കാര്യമൊന്നുമല്ല, സംഘികള്‍ അതിനെക്കാള്‍ കനപ്പെട്ട ഭാഷയില്‍ പറഞ്ഞ തെറികളും അവരുടെ ആക്രമണങ്ങളും ധാരാളം ശീലമുള്ളതിനാല്‍ എന്നെയതങ്ങനെ ബാധിക്കാറില്ല. നേരത്തെ പറഞ്ഞപോലെ സംഘികളുടെ അതേ പദാവലി നമ്മുടെ 'അതിജനാധിപത്യവാദികളായ' അക്കാദമീഷ്യന്മാരും ഉപയോഗിക്കുന്നതു കാണുമ്പോഴുള്ള കൗതുകം മാത്രമേയുള്ളൂ.എന്നെ സംബന്ധിച്ച് പ്രതിബദ്ധത എന്നത് എനിക്കു പുറത്തുള്ള ഒന്നിനോട് ഞാൻ പുലർത്തുന്ന കൂറല്ല. മറിച്ച് ഞാൻ കൂടി ഉൾപ്പെട്ടുനിൽക്കുന്ന, എന്റെതന്നെ സ്വത്വാവിഷ്‌കാരത്തിന്റെ ഭാഗമായാണ് ആ ബന്ധത്തെ ഞാൻ കാണുന്നത്. പ്രസ്ഥാനത്തോടുള്ള സംവാദങ്ങൾ എന്നോടു കൂടിയുള്ള സംവാദങ്ങളാണ്. ഞാൻ കൂടി ഉൾപ്പെട്ടു നിൽക്കുന്ന ഒരാശയ വ്യവസ്ഥയോട്- ഞാൻ തന്നെ നടത്തുന്ന സംവാദമാണത്.
Read more: https://www.deshabhimani.com/articles/sunil-p-elayidom-interview-marxism-rafiq-ibrahim/889006

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ