2020 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

സുനിൽ പി ഇളയിടം അഭിമുഖം അഞ്ചാം ഭാഗം

ദേശീയത, നാരായണഗുരു, ശബരിമല വലിയ നിലയില്‍ സ്വീകരിക്കപ്പെട്ട പ്രഭാഷണങ്ങളുടെ പ്രമേയങ്ങളാണിവ. ഇവയെല്ലാം അതത് സാമൂഹ്യസന്ദര്‍ഭത്തിന്റെ സമ്മര്‍ദത്തിനുള്ളില്‍ രൂപപ്പെട്ടതാണ്. പക്ഷേ, മഹാഭാരത പ്രഭാഷണങ്ങള്‍ക്കു നേരിട്ട് അത്തരമൊരു സാമൂഹ്യാവശ്യം ഇല്ലായിരുന്നു. എന്നാലവ മേല്‍പ്പറഞ്ഞവയെക്കാള്‍ വിജയവുമായി. 

എന്തുകൊണ്ടാണ് മഹാഭാരതം പോലൊരു ടെക്സ്റ്റ് തിരഞ്ഞെടുത്തത്. ?

 മഹാഭാരതപ്രഭാഷണങ്ങള്‍ക്ക് ഇമ്മീഡിയറ്റായ ഒരു സോഷ്യല്‍ നീഡ് മറ്റുള്ളവയെപ്പോലെ ഉണ്ടായിരുന്നില്ല എന്നത് പുറമേക്കു ശരിയാണ്. മറ്റുള്ള പ്രമേയങ്ങള്‍ തൊട്ടുമുന്‍പിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളായി ഉയര്‍ന്നുവന്നിരുന്നു. അതുപോലൊരു ആസന്നസ്വഭാവം മഹാഭാരത പ്രഭാഷണങ്ങളുടെ മുന്‍പിലുണ്ടായിരുന്നില്ല. പക്ഷേ, കൂടുതല്‍ വ്യാപകമായ ഒരു രാഷ്ട്രീയാടിസ്ഥാനം ആ പ്രഭാഷണങ്ങള്‍ക്കുണ്ട്. ഒരു സമൂഹത്തിന്റെ വിപുലപാരമ്പര്യത്തെ രാഷ്ട്രീയമൂലധനമാക്കി മാറ്റാന്‍ മതവര്‍ഗീയവാദികള്‍ നടത്തിയ ശ്രമത്തോടുള്ള പ്രതിരോധമാണത്. പൊടുന്നനെ തുടങ്ങിയ ഒന്നല്ല ഈ വര്‍ഗീയവത്കരണം. അതിദീര്‍ഘമായ ഒരു ചരിത്രം അതിനുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടവസാനം മുതലാരംഭിക്കുന്നതാണ് ഇന്ത്യയിലെ ഇതിഹാസപാരമ്പര്യങ്ങളെയും സംസ്‌കൃത വിജ്ഞാന പാരമ്പര്യങ്ങളെയുമൊക്കെ മതവര്‍ഗീയതയുടെ ആശയ സ്രോതസ്സാക്കി മാറ്റാനുള്ള ശ്രമം. ഒരര്‍ഥത്തില്‍ ഇന്ത്യന്‍ വര്‍ഗീയതയുടെ സാംസ്‌കാരിക മൂലധനമായതും ആ പ്രവര്‍ത്തനമാണ്. നമ്മുടെ ദേശീയരാഷ്ട്രീയത്തെ കഴിഞ്ഞ ഒരു നൂറ്റാണ്ടായി നിര്‍ണയിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാനപരമായ ഒരു പ്രശ്‌നമാണത്. അതിനോട് മുഖ്യധാരാ വിനിമയരീതികളില്‍ നിന്ന് കുറച്ചൊന്ന് വ്യത്യസ്തമായ രീതി സ്വീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍ ചെയ്തത്. വ്യത്യസ്തം എന്നുപറയുന്നത്, പുറമെനിന്ന് അവ മതനിരപേക്ഷമാണ്, ബഹുസ്വരമാണ് എന്നു പറയുന്നതിനു പകരം അവയ്ക്കുള്ളില്‍ കടന്നുകൊണ്ടുതന്നെ അഴിച്ചുകാണിക്കാനും വിശദീകരിക്കാനുമുള്ള വിപുലമായ ശ്രമത്തെ മുന്‍നിര്‍ത്തിയാണ്.

ഗുരുവിനെ ഹിന്ദുത്വവുമായി കൂട്ടിയിണക്കാനുള്ള ശ്രമങ്ങള്‍ അരങ്ങേറിയ സമയത്തും ഞാന്‍ ചെയ്തത് ഇതുതന്നെയാണ്. ഗുരു, മതനിരപേക്ഷ വാദിയാണെന്നോ ഗുരു, ആധുനികനാണെന്നോ പുറമെനിന്ന് വിശദീകരിക്കുകയല്ല അന്നും ചെയ്തത്. മറിച്ച്, ആത്മോപദേശശതകവും ദൈവദശകവും ദര്‍ശനമാലയും ഇതരരചനകളും മുന്‍നിര്‍ത്തി, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ജീവിത സന്ദര്‍ഭങ്ങള്‍ മുന്‍നിര്‍ത്തി, അവയ്ക്കുള്ളിലൂടെ ഗുരുവിന്റെ ആശയത്തെയും ദര്‍ശനത്തെയും അവതരിപ്പിക്കുകയും ഗുരു ഹിന്ദുത്വത്തിന്റെ വഴിയില്‍ ഒരു കാരണവശാലും എത്തിച്ചേരില്ല എന്നു വ്യക്തമാക്കുകയുമാണ് ചെയ്തത്. നമ്മുടെ പതിവുരീതി ഗുരുവിന്റെ ആശയലോകത്തിന് പുറത്തു നിന്നുകൊണ്ട് ഗുരുവിനെക്കുറിച്ചുള്ള ചില വിധിപ്രസ്താവനകള്‍ നടത്തലാണ്. ഗുരു മതനിരപേക്ഷവാദിയാണ്, ജനാധിപത്യവാദിയാണ് എന്നൊക്കെ. അങ്ങനെ പറയുമ്പോള്‍ അനുഭൂതിപരമായ ഉള്ളടക്കം അതിനില്ല, അത് പ്രബോധനപരം മാത്രമാണ്. ഞാന്‍ ഗുരുവിനെ വിശദീകരിക്കാന്‍ ശ്രമിച്ചത് പ്രബോധാനാംശത്തിലൂന്നിയിട്ടല്ല, അകമെ അനുഭൂതിപരമായി അഭിസംബോധന ചെയ്തിട്ടാണ്. ഈ നിലയില്‍ത്തന്നെ മഹാഭാരതത്തെ അതിന്റെ ആന്തരിക ഘടനകളെയും അവയെ രൂപപ്പെടുത്തുന്ന ഘടകങ്ങളെയും പരിശോധിച്ചുകൊണ്ടും അവയുടെ സാഹിത്യപരവും മറ്റും മറ്റുമായ അംശങ്ങളെ വിശദീകരിച്ചുകൊണ്ടുമാണ് ഞാന്‍ സംസാരിക്കാന്‍ ശ്രമിച്ചത്. സ്വാഭാവികമായി കേരളത്തിലെ മതനിരപേക്ഷ രാഷ്ട്രീയ ബോധ്യമുള്ള വലിയ വിഭാഗം ജനങ്ങളോട് അതു നന്നായി സംവദിച്ചു. വര്‍ഗീയതയുടെ ആശയ സ്രോതസ്സായി മഹാഭാരതം മാറിപ്പോകുന്നതില്‍ പ്രയാസമുള്ള വലിയൊരു വിഭാഗം ആളുകള്‍ കേരളത്തിലിപ്പോഴുമുണ്ട്. അവരോട് ആ സംഭാഷണം നന്നായി വിനിമയം ചെയ്തു എന്നതാണ് അവയുടെ സ്വീകാര്യതയുടെ ഒരു കാരണം. രണ്ടാമത്തേത്, മറ്റേതെങ്കിലും വിഷയങ്ങളെപ്പോലെ ഔപചാരികമായ ഒരു വിഷയമല്ല, മറിച്ച് നൂറ്റാണ്ടുകള്‍ ജീവിച്ച് ജനങ്ങളുടെ ഒരബോധ സ്മൃതിസഞ്ചയത്തിന്റെ ഭാഗമായിത്തീര്‍ന്നവയാണ് മഹാഭാരതം പോലുള്ള പാഠങ്ങള്‍. ആഴമേറിയ സ്വാധീനതലം മനുഷ്യര്‍ക്കിടയില്‍ അവയ്ക്കുണ്ട്, ആ മണ്ഡലത്തിലാണ്, അത്തരം പാഠങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങുന്ന സമയത്ത് നാം ചെന്നു തൊടുന്നത്. സ്വാഭാവികമായും അതിന്റെ  പ്രവര്‍ത്തനശേഷി ഏറി നില്‍ക്കും. ഈ രണ്ടു തലങ്ങളാണ് അവയുടെ സ്വീകാര്യതയ്ക്കും പ്രവര്‍ത്തനശേഷിക്കുപുറകിലെയും കാരണം. പ്രത്യക്ഷമായ രാഷ്ട്രീയ സന്ദര്‍ഭം ഉണ്ടായിരുന്നില്ല എന്നതു ശരിയാണെങ്കിലും വലിയ വ്യാപ്തിയുള്ള ഒരു പ്രശ്‌നത്തോടാണ് ആ പ്രഭാഷണങ്ങള്‍ സംവദിച്ചത്. ആ നിലയില്‍ കൂടുതല്‍ വ്യാപകമായ ഒരു രാഷ്ട്രീയ ഉള്ളടക്കം അവയ്ക്കുണ്ട് എന്നാണ് എന്റെ വിചാരം.

പൊതുസമൂഹത്തോട് സംസാരിക്കാനും പ്രതിരോധപരമായ ജ്ഞാനം വിനിമയം ചെയ്യാനും ശ്രമിക്കുമ്പോൾ വലിയ അപകടങ്ങളുണ്ട്. ഒന്ന്, പൊതുസമൂഹത്തിലെ രാഷ്ട്രീയമണ്ഡലം മത വർഗീയവാദികളെപ്പോലെ കടുത്ത ശത്രുക്കൾ  ളള്ള ഒരു ലോകമാണ്. സർവകലാശാലകൾ നൽകുന്ന സുരക്ഷിതത്വമൊന്നും ഇത്തരം ഇടങ്ങളിൽ ഇല്ല.


Read more: https://www.deshabhimani.com/articles/sunil-p-elayidom-interview-marxism-rafiq-ibrahim/889006

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ