2020 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

സുനിൽ പി ഇളയിടം അഭിമുഖം മൂന്നാം ഭാഗം

അക്കാദമിക്‌സ് പൊതുവെ അടഞ്ഞതും കുലീനവുമായ ഒരു വ്യവഹാരമായി ഇന്നും നിലനില്‍ക്കുകയാണ്. താങ്കളുടെ ജനപ്രിയതയ്ക്ക് പിറകില്‍ വൈജ്ഞാനികതയുടെ വിനിമയം എന്ന തലത്തിന് പങ്കുണ്ടോ.?

പ്രസംഗങ്ങളുടെ സ്വീകാര്യതയ്ക്ക് പിന്നില്‍ രണ്ട് കാര്യങ്ങളുണ്ടെന്നാണ് തിരിഞ്ഞുനോക്കുമ്പോള്‍ സ്വയം തോന്നിയിട്ടുള്ളത്. ഒന്ന്, അതിലൂടെ വിനിമയം ചെയ്യപ്പെടുന്ന വിജ്ഞാനവും ആ വിജ്ഞാനത്തിന് പൊതുസമൂഹത്തിലുള്ള ചില ആവശ്യങ്ങളും. അത്തരം അടിസ്ഥാന വസ്തുതകളെ മുന്‍നിര്‍ത്തി  സംസാരിക്കുമ്പോള്‍ ഒരുപക്ഷേ, പൊതുസമൂഹം ആഗ്രഹിക്കുന്ന/ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ വിനിമയം ചെയ്യാന്‍ കഴിയുന്നുണ്ടാവണം. പൊതുസമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന മട്ടില്‍ സങ്കീര്‍ണങ്ങളായ പല ആശയങ്ങളെയും വിനിമയം ചെയ്യാന്‍ കഴിയുന്നു എന്നതാവണം അതിന്റെ ഒരു കാരണം. രണ്ടാമത്, ഏത് പ്രസംഗം / പ്രഭാഷണവും ഫലിക്കണമെങ്കില്‍, അതിന് സാമൂഹികമായ ഒരു ഫലപ്രാപ്തി ഉണ്ടാവണമെങ്കില്‍ കേള്‍ക്കാനിരിക്കുന്ന സമൂഹത്തെ മാനിക്കാനുള്ള സന്നദ്ധതകൂടി വേണം. സര്‍വജ്ഞതാഭാവത്തോടെ, ഒരുകൂട്ടം അറിവില്ലാത്തവര്‍ മുന്നിലിരിക്കുന്നു, അവരെ ഞാന്‍ ഉദ്‌ബോധിപ്പിക്കാം എന്ന മട്ടിലുള്ള ശരീരഭാഷയും സംസാരഭാഷയും കൊണ്ടൊരു  വേദിയില്‍ നിന്നാല്‍, നിങ്ങള്‍ക്ക് സംവദിക്കാന്‍ പറ്റില്ല. ഒരു സെമിനാര്‍  പ്രബന്ധാവതരണത്തിന് അതുമതിയാകും. കാരണം അവിടെ വന്നിരിക്കുന്നവര്‍ മിക്കവാറും അവിടെയിരിക്കാന്‍ നിര്‍ബന്ധിതരാണ്; ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ. സ്ഥാപനങ്ങളുടെ സമ്മര്‍ദ ത്താലൊക്കെ കെട്ടപ്പെട്ടവരാണ് അവര്‍. അതേസമയം ഒരു പൊതുസദസ്സിന് ഏതു നിമിഷവും നിങ്ങളെ ഉപേക്ഷിച്ചുപോകാം, യാതൊരു നിയന്ത്രണങ്ങളും അവരുടെ മുകളില്‍ ചെലുത്താന്‍ പറ്റില്ല. അപ്പോള്‍ നാം അവരോട് ജൈവികമായൊരു ബന്ധം പുലര്‍ത്തേണ്ടിവരും. അതിനു മുകളിലാണ് പൊതുപ്രഭാഷണം പ്രവര്‍ത്തിക്കുക. ആദ്യമതിനു വേണ്ടത് വിനിമയശേഷിയുള്ള, കേള്‍ക്കുന്നവരെക്കൂടി ഉള്‍ക്കൊള്ളുന്ന, അവരെ മാനിക്കുന്ന, ഒരു സംവാദാത്മകഭാഷ രൂപപ്പെടുത്തുക എന്നതാണ്. അത്തരം ഒരു ഭാഷ രൂപപ്പെടുത്താന്‍ കഴിഞ്ഞ കുറെക്കാലം കൊണ്ട് സാധിച്ചതാവണം എന്റെ പ്രഭാഷണങ്ങള്‍ക്ക് സ്വീകാര്യത വന്നതിലെ മറ്റൊരു കാരണം.

തങ്ങളുടെ കുലീനവും അഭിജാതവുമായ ദന്തഗോപുരങ്ങളിലിരുന്ന് ലോകത്തെ വിധിച്ചുകൊണ്ടിരിക്കുന്ന ഒരു പണ്ഡിതവിഭാഗം എന്നുമുണ്ട്. കേസരി ബാലകൃഷ്ണപിള്ള ചരിത്രഗവേഷണം നടത്തിക്കൊണ്ടിരുന്ന കാലത്ത് പല പണ്ഡിതന്മാരും അദ്ദേഹത്തെ പുച്ഛിക്കുകയും പരിഹസിക്കുകയും 'കേസരിയുടെ സ്വകാര്യ കിറുക്ക്' എന്ന് ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. എനിക്ക് വ്യക്തിപരമായി അറിയാവുന്ന ഒരു പണ്ഡിതന്‍ കേസരിയെക്കുറിച്ച്  'അവിടുന്നും ഇവിടുന്നുമെല്ലാം ആശയങ്ങളെടുത്ത് കൂട്ടിക്കലര്‍ത്തുന്ന ഒരാള്‍' എന്ന് ഈയടുത്ത കാലത്താണ് പറഞ്ഞത്. ഇങ്ങനെയൊക്കെ വിധിക്കാന്‍ കഴിയുന്ന ധാരാളം പേര്‍ ഇപ്പോഴുമുണ്ട്. അത് നമ്മുടെ അക്കാദമിക്‌സ് കുലീനതയിലും വരേണ്യതയിലുമൊക്കെ മുഴുകിപ്പോകുന്നതിന്റെ അടയാളമാണ്. 'അക്കാദമിക് ബ്രാഹ്മണ്യം' എന്ന് നമുക്കതിനെ വിശേഷിപ്പിക്കാം.

ഏതു സമൂഹത്തെ സംബന്ധിച്ചും വിജ്ഞാനവ്യവസ്ഥ പല തട്ടുകളില്‍ പ്രവര്‍ത്തിക്കുന്നതാണ്. ആ തട്ടുകള്‍ കൂടിയിണങ്ങി നില്‍ക്കുന്നതുമാണ്. അതില്‍ സര്‍വകലാശാലകളിലും മറ്റും നടക്കുന്ന വിജ്ഞാനോല്‍പ്പാദനത്തിന്റെ തലമുണ്ട്. കലാലയങ്ങളിലും മറ്റും അരങ്ങേറിക്കൊണ്ടിരിക്കുന്ന വിജ്ഞാന വിതരണത്തിന്റെ തലമുണ്ട്. മൂന്നാമത്തെ ഒരു തലമുള്ളത് പൊതുസമൂഹത്തിലേക്കുള്ള വിജ്ഞാനവിനിമയമെന്നോ പ്രസരണമെന്നോ പറയാവുന്ന, ഡിസിമിനേഷന്‍ ഓഫ് നോളജ് എന്ന തലമാണ്. ഈ മൂന്നു തലങ്ങളും എക്‌സ്‌ക്ലൂസീവല്ല. പരസ്പരം ഒഴിച്ചുനിര്‍ത്തുന്നവയല്ല. അന്യോന്യം പൂരിപ്പിച്ചുകൊണ്ട് മാത്രമേ ഇതിന് നിലനില്‍ക്കാന്‍ കഴിയൂ. പുതുതായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ജ്ഞാനം പൊതുസമൂഹത്തിലേക്ക് പ്രസരണം ചെയ്യപ്പെട്ടില്ലെങ്കില്‍ അഥവാ പൊതുസമൂഹത്തിന്റെ വൈജ്ഞാനികാവബോധം പിന്നാക്ക നിലയിലുള്ള ഒരു തട്ടിലാണെങ്കില്‍ ജ്ഞാനോല്പാദനത്തിന്റെ 'വിശുദ്ധ' മണ്ഡലങ്ങള്‍ക്ക് അതേപടി ഏറെക്കാലമൊന്നും തുടരാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.  ജ്ഞാനോല്പാദനത്തിന്റെ  സംവിധാനങ്ങള്‍, ജ്ഞാന വിതരണത്തിന്റെ കേന്ദ്രങ്ങള്‍ ഇവ രണ്ടും ഇന്‍സ്റ്റിറ്റിയൂഷനലാണ്. സര്‍വകലാശാലകള്‍, കോളേജുകള്‍, അക്കാദമികള്‍, ഉന്നത പഠനകേന്ദ്രങ്ങള്‍ എന്നൊക്കെയായിട്ട്. ഈ ഇന്‍സ്റ്റിറ്റിയൂഷനല്‍ സിസ്റ്റത്തിനകത്താണ് അവ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മറിച്ച് താരതമ്യേന ഇന്‍സ്റ്റിറ്റിയൂഷനല്‍ അല്ലാത്ത ഒരു മണ്ഡലമാണ് പൊതുസമൂഹത്തിലേക്കുള്ള അതിന്റെ പ്രസരണം എന്നു പറയുന്നത്. ഈ പ്രസരണത്തിന്റെ തോതും തരവും അനുസരിച്ചാണ് വാസ്തവത്തില്‍ വിജ്ഞാനോല്പാദന മണ്ഡലത്തെ സംരക്ഷിച്ചുനിര്‍ത്താനും അതിന് പൊതുസമൂഹത്തില്‍ നിന്ന് പിന്തുണ ലഭ്യമാക്കാനും നമുക്ക് കഴിയുകയുള്ളൂ. അതുകൊണ്ട് ഇവ മൂന്നും അന്യോന്യം കൂടിക്കലര്‍ന്ന് നില്‍ക്കുന്നതാണ്. ഒന്നിനെ മറ്റൊന്നിന്റെ അനുബന്ധമായിട്ടോ, മുന്‍നിരയായിട്ടോ പിന്‍നിരയായിട്ടോ കാണുന്നതില്‍ വലിയ അര്‍ഥമില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഓരോന്നിന്റെയും പ്രവര്‍ത്തനരീതികള്‍ ഓരോന്നാണ്. ഓരോന്നിനും അതാതിന്റേതായ ധര്‍മ്മങ്ങളും ദൗത്യങ്ങളുമുണ്ട്. അധ്യാപകജീവിതത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഞാനും പ്രവര്‍ത്തിച്ചിരുന്നത് ഈ ആദ്യത്തെ രണ്ട് മേഖലകളിലാണ്. ചുരുങ്ങിയ നിലയിലാണെങ്കിലും. ജ്ഞാനോല്പാദനത്തിനും ക്ലാസ് മുറികളിലെ അധ്യാപനത്തിനും മുന്‍തൂക്കം നല്‍കി, കുറെ പ്രബന്ധങ്ങള്‍ എഴുതാനോ ക്ലാസ് മുറികളില്‍ സജീവമായി നില്‍ക്കാനോ ഒക്കെയാണ് അന്ന് ശ്രമിച്ചിരുന്നത്. പിന്നീട് മാറിവന്ന സാമൂഹിക സന്ദര്‍ഭം ആവശ്യപ്പെട്ട ഘട്ടത്തിലാണ് മറ്റൊരു തലത്തിലേക്ക് കൂടുതല്‍ ഇറങ്ങിവരേണ്ടിവന്നത്. അതാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.  അതിനര്‍ഥം മറ്റു രണ്ട് മേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ മോശമാണെന്നോ അത് പൂര്‍ണമായി അവസാനിപ്പിച്ചു എന്നോ അല്ല. അതും തുടരുന്നുണ്ട്. കഴിഞ്ഞ കുറച്ചുകാലങ്ങളായി വിജ്ഞാനവിനിമയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിവരുന്നുണ്ട്. മൂന്നിനെയും അന്യോന്യം പൂരിപ്പിക്കുന്ന മണ്ഡലങ്ങളായിട്ടാണ് അല്ലാതെ പരസ്പരം പോരടിച്ച് നില്‍ക്കുന്ന മണ്ഡലങ്ങളായിട്ടല്ല ഞാന്‍ മനസ്സിലാക്കുന്നത്.


പൊതുസമൂഹത്തോട് സംസാരിക്കാനും പ്രതിരോധപരമായ ജ്ഞാനം വിനിമയം ചെയ്യാനും ശ്രമിക്കുമ്പോള്‍ വലിയ അപകടങ്ങളുണ്ട്. ഒന്ന്, പൊതുസമൂഹത്തിലെ രാഷ്ട്രീയമണ്ഡലം മത വര്‍ഗീയവാദികളെപ്പോലെ കടുത്ത ശത്രുക്കള്‍  ളള്ള ഒരു ലോകമാണ്. സര്‍വകലാശാലകള്‍ നല്‍കുന്ന സുരക്ഷിതത്വമൊന്നും ഇത്തരം ഇടങ്ങളില്‍ ഇല്ല. എവിടെയെങ്കിലും പ്രസംഗങ്ങള്‍ കഴിഞ്ഞ് പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി ആരുടെയെങ്കിലും ഓട്ടോറിക്ഷയില്‍ കയറി ഒരു മണിക്കൂറോളം അതിലിരുന്ന് വീട്ടിലെത്തുക. ഓരോ ആഴ്ചയിലും മൂന്നും നാലും ദിവസങ്ങള്‍ ഇങ്ങനെയാണവസാനിക്കുക. അതില്‍ കുറച്ച് അപകടമൊക്കെയുണ്ട്. വര്‍ഗീയതയെ കടുത്ത നിലയില്‍ എതിര്‍ത്തുകൊണ്ടാണ് ഈ റിസ്‌ക് എടുക്കേണ്ടിവരുന്നത്. ഒപ്പംതന്നെ ധാരാളം അധിക്ഷേപങ്ങള്‍, നഗ്‌നമായ തെറിപറയലുകള്‍ എല്ലാം ദൈനംദിനമെന്നോണം വരും. വധഭീഷണി വരും. അതെല്ലാം നേരിട്ടുകൊണ്ടേ നമുക്ക് പൊതുസമൂഹത്തില്‍ ഇടപെടാന്‍ പറ്റൂ. അതല്ലാതെ  അക്കദമിക്‌സിന്റെ പണ്ഡിതോചിതമായ സുരക്ഷിതലോകമൊന്നും പൊതുസമൂഹത്തിലെ വിജ്ഞാന വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാകില്ല.
Read more: https://www.deshabhimani.com/articles/sunil-p-elayidom-interview-marxism-rafiq-ibrahim/889006

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ