ടി പി സെൻകുമാർ 2015 മുതല്‍ സംസ്ഥാന പോലീസ് മേധാവിയായി. 2016 മെയ് 31-ന് ഇദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പേഷന്റെ തലപ്പത്തക്ക് സർക്കാർ മാറ്റി. ഇതിനെതിരെ ടി.പി.സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഏപ്രില്‍ 24 - ന് സെന്‍കുമാറിനെ പോലീസ് മേധാവിയായി തിരിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടു. മെയ് 5 - മുതല്‍ സെന്‍കുമാര്‍ വീണ്ടും പോലീസ് മേധാവിയായി. 2017 ജൂണ്‍ 30-ന് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചു.
ഇവിടെ കാണുന്ന ഉത്തരവ് 2017 ജൂൺ 22 നു ടി.പി.സെൻകുമാർ സംസ്ഥാന പോലീസ് മേധാവി ആയിരിക്കുമ്പോൾ ഒപ്പിട്ടതാണ്. സിവിൽ പോലീസ് ഓഫിസർ CPO T 4106 ജയാഘോഷിനെ യു എ ഇ കോൺസുലേറ്റ് ജനറലിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഗാർഡ് ആയി നിയമിച്ചു കൊണ്ടുള്ള ഉത്തരവാണിത്.
ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ സംസ്ഥാന സർക്കാരിനെതിരെ ഉന്നയിച്ച ആരോപണം ജയഘോഷിനെ നിയമിച്ചതിൽ കൂടി കൊടിയ “ക്രൂരകൃത്യം” നിർവ്വഹിച്ചു എന്നതാണ്. ബിജെപിയിലെ പ്രധാന നേതാവായ ടി പി സെൻകുമാർ പോലീസ് മേധാവി ആയിരിക്കുമ്പോൾ നടത്തിയ നിയമനത്തിന്റെ ഉത്തരവാദിത്തവും ,പഴിയും . ഇപ്പോഴത്തെ ഡി.ജി.പി ലോക് നാഥ് ബെഹ്‌റയും മുഖ്യമന്ത്രിയും ഏറ്റെടുക്കണമെന്ന വിചിത്ര ആരോപണമാണ് സുരേന്ദ്രൻ ഉന്നയിക്കുന്നത്.
സെൻകുമാർ ഇവിടെ കുറ്റക്കാരനാകുന്നത്, സുരേന്ദ്രന്റെ ഭോഷ്കിന് മുന്നിൽ മൗനം പാലിക്കുന്നതു മൂലമാണ് . അല്ലാതെ, ഒരു പോലീസുകാരനെ കോൺസുലേറ്റ് ജനറലിന് വിട്ടു കൊടുത്തത് കൊണ്ടല്ല.
2016-ലെ സര്‍ക്കാര്‍ ഉത്തരവ്ജി .ഒ. (ആര്‍.ടി) നം. 3369/2016/ഹോം 08-11-2016) പ്രകാരമാണ് യു.എ.ഇ കോണ്‍സല്‍ ജനറലിന് എക്സ് കാറ്റഗറിയില്‍ പെഴ്സണല്‍ സെക്യൂരിറ്റി അനുവദിച്ചത്. യു.എ.ഇ. കോണ്‍സല്‍ ജനറലിന്‍റെ കത്ത് പ്രകാരം 2016 ഒക്ടോബര്‍ 21-ന് ചേര്‍ന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി തീരുമാന പ്രകാരമാണ് സെക്യൂരിറ്റി നല്‍കിയത്.
* എന്താണ് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി ?
വിഐപികള്‍ക്കും മറ്റ് വ്യക്തികള്‍ക്കും പരിരക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലോ ബുക്ക് പുറത്തിറക്കും. അതിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിക്കുന്നതാണ് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി. സുരക്ഷാ ഭീഷണി നേരിടുന്നവര്‍ക്ക് സുരക്ഷ നല്‍കുന്നതിന് തീരുമാനമെടുക്കുന്നതാണ് ആ സമിതിയുടെ ചുമതല.
ഈ കമ്മിറ്റിയുടെ ചെയര്‍മാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സബ്സിഡിയറി ഇന്‍റലിജന്‍സ് ബ്യൂറോയുടെ ജോയന്‍റ് / ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (സെക്യൂരിറ്റി) എന്നിവരാണ് റിവ്യൂ കമ്മിറ്റി അംഗങ്ങൾ . ഐജി റാങ്കിലുള്ള ഒരു ഓഫീസറാണ് സാധാരണ ഈ കമ്മിറ്റിയില്‍ കേന്ദ്രത്തിന്‍റെ പ്രതിനിധി.
*നീട്ടിക്കൊടുത്തത് എങ്ങനെ?
യു.എ.ഇ കോണ്‍സുലര്‍ ജനറല്‍ സുരക്ഷാ വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകുന്നു. അതിൽ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തയാറാക്കുന്നു. 21-10-2016-നു ചേർന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി അത് പരിശോധിച്ച യു.എ.ഇ കോണ്‍സുലാര്‍ ജനറലിന് എക്സ് കാറ്റഗറി സുരക്ഷ അനുവദിക്കുന്നു. തുടര്‍ന്ന് 2017, 2018, 2019 വര്‍ഷങ്ങളില്‍ കൂടിയ സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിതന്നെ യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്‍റെ സുരക്ഷാ ഭീഷണി വിലയിരുത്തി സുരക്ഷ നീട്ടി നല്‍കുന്നു. വി.ഐ.പി.കളുടെ സുരക്ഷാ ജീവനക്കാരായി നിയമിക്കുന്ന ഉദ്യോഗസ്ഥന് 5 വര്‍ഷം വരെ ആവശ്യാനുസരണം തുടരുവാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
കോണ്‍സുലാര്‍ ജനറലിന് മാത്രമല്ല കോണ്‍സുലാര്‍ ജനറലിന്‍റെ വീടിനും സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട നല്‍കിയ കത്ത് സര്‍ക്കാര്‍ പരിശോധിച്ച ശേഷം വീടിനും സ്ഥിരമായി സുരക്ഷ അനുവദിച്ച് നല്‍കിയിട്ടുണ്ട്.
*അതിന് അധികാരമുണ്ടോ?
സുരക്ഷാ ഭീഷണി നേരിടുന്ന വ്യക്തികള്‍ക്ക് സുരക്ഷ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന യെല്ലോ ബുക്ക് എന്ന സുപ്രധാന രേഖയിലെ മാര്‍നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്. സംസ്ഥാനത്തിന്‍റെ അധികാര പരിധിയില്‍ വരുന്ന വ്യക്തികള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ അത് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് പ്രസ്തുത ബുക്കില്‍ വ്യക്തമാക്കുന്നുണ്ട്. . കൂടാതെ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന എംബസ്സികള്‍, കോണ്‍സുലേറ്റുകള്‍ എന്നിവയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സെക്യൂരിറ്റി നല്‍കേണ്ടതില്ല എന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ല. മാത്രവുമല്ല സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ സബ്സിഡിയറി ഇന്‍റലിജന്‍സ് ബ്യൂറോയുടെ ജോയിന്‍റ് /ഡെപ്യൂട്ടി ഡയറക്ടര്‍ ഇത് സംബന്ധിച്ച് നിര്‍ദേശങ്ങളോ ഏതിരഭിപ്രായങ്ങളോ നാളിതുവരെ നടന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി മുമ്പാകെ ഉന്നയിച്ചിട്ടുമില്ല.
സംസ്ഥാനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനവും അന്തര്‍ ദേശീയവുമായ ഒരു സ്ഥാപനം എന്ന നിലയ്ക്കാണ് സംസ്ഥന സര്‍ക്കാര്‍ യു.എ.ഇ കോണ്‍സുലേറ്റിന് സുരക്ഷ നല്‍കുന്നത്.
ഭരണഘടനയുടെ ഷെഡ്യൂള്‍ 7 പ്രകാരം പൊതുക്രമസമാധാനം സംസ്ഥാന വിഷയമാണ്. സുരക്ഷ നല്‍കുന്നത് ഇതിന്‍റെ ഭാഗമാണ്.
*നിയമപരമായി ശരിയാണോ?
വി.ഐ.പികള്‍ക്കുള്ള സെക്യൂരിറ്റി എക്സ്, വൈ, ഇസെഡ്, ഇസെഡ് പ്ലസ് എന്നീ കാറ്റഗറികളിലായി വിഭജിച്ചിട്ടുണ്ട്. യെല്ലോ ബുക്ക് പ്രകാരമാണ് ഈ കാറ്റഗറി നിശ്ചയിക്കുന്നത്. യെല്ലോ ബുക്ക് പ്രകാരം സെക്യൂരിറ്റി നല്‍കാന്‍ കഴിയാത്തവര്‍ക്കും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സുരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി പരിഗണിച്ച് ശുപാര്‍ശ ചെയ്തതു പ്രകാറാം യു.എ.ഇ. കോണ്‍സല്‍ ജനറലിന് സെക്യൂരിറ്റി അനുവദിച്ചതു നിയമപ്രകാരമാണ്. ഒരു നിയമ പ്രശ്നവും അതിൽ ഇല്ല.
*കേന്ദ്രം അറിയാതെയാണോ?
സുരക്ഷാ ഭീഷണിയുള്ളവർക്ക് സുരക്ഷ നൽകുന്നതിനുള്ള സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സബ്സിഡിയറി ഇൻറലിജൻസ് ബ്യൂറോയുടെ ജോയന്റ് ഡയരക്ടർ അല്ലെങ്കിൽ ഡെപ്യൂട്ടി ഡയരക്ടർ അംഗമാണ്. കേന്ദ്ര പ്രതിനിധി കൂടി പങ്കെടുത്ത കമ്മിറ്റിയാണ് സെക്യൂരിറ്റി നൽകാൻ തീരുമാനിച്ചത്. അതായത് കേന്ദ്രം അറിഞ്ഞു കൊണ്ട് തന്നെയാണെന്നർത്ഥം.
*അപ്പോൾ കാര്യങ്ങൾ എങ്ങനെ?
സുരേന്ദ്രന്റെ പടക്കം ചീറ്റിപ്പോയി. മാധ്യമങ്ങളെ വിളിച്ചു കൂട്ടി വഷളത്തം പറയുന്നതിൽ ഒരധ്യായം കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. അത് കേട്ട്, പിണറായി വിജയാ , മറുപടി പറയൂ എന്നാക്രോശിച്ച ചാനൽ ജഡ്‌ജി വിനു വീണ്ടും ശശിയായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ