മഹാഭാരതം പുസ്തകത്തില്‍ സൗന്ദര്യാത്മകതയെ പ്രത്യേകിച്ചും സാഹിതീയതയെ കുറിച്ച് സംസാരിക്കുന്നിടത്തെല്ലാം സവിശേഷമായി പരിഗണിക്കുന്നു, പ്രഥമതലമായി അവതരിപ്പിക്കുക പോലും ചെയ്യുന്നു. സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ (അതിനെക്കുറിച്ച് സംസാരിച്ചുറപ്പിച്ചത് ലാവണ്യവാദികളും നവവിമര്‍ശകരുമാണ് എന്നതു കൊണ്ടു കൂടി) അതിഭൗതികതയിലേക്കു ചായാതിരിക്കാന്‍ എങ്ങനെയാണ് ശ്രദ്ധിക്കുന്നത്.
സൗന്ദര്യാത്മകത എന്നത് ചരിത്രപരവും ഭൗതികവുമായ ഒരു ഘടകമാണ്. സമ്പൂര്‍ണമായി ആശയവാദപരവും ചരിത്രേതരവുമായ ഒരു കേവലമൂല്യമാണ് സൗന്ദര്യാത്മകത എന്ന കാഴ്ചപ്പാട് യാന്ത്രികഭൗതികവാദികളും ആശയവാദികളും ചേര്‍ന്ന് സൃഷ്ടിച്ചെടുത്ത ഒന്നാണ്. അതിന്റെ പിടിയില്‍ നാം പെടേണ്ട കാര്യമില്ല. മനുഷ്യര്‍ ഏറ്റെടുക്കുന്ന ആശയം ഭൗതികശക്തിയായി പ്രവര്‍ത്തിക്കുമെന്ന് മാര്‍ക്‌സ് തന്റെ ധൈഷണിക ജീവിതത്തിന്റെ ആദ്യഘട്ടങ്ങളില്‍ത്തന്നെ പറയുന്നുണ്ട്. മനുഷ്യരുടെ ഇന്ദ്രിയങ്ങള്‍ കേവലം ശാരീരികമായ ഇന്ദ്രിയങ്ങളല്ല, അവ സാമൂഹിക പ്രയോഗങ്ങളാണെന്നും അദ്ദേഹം പറയുന്നുണ്ട്. സാമൂഹികമായ പ്രയോഗമാകുന്നതോടെ അവയ്ക്ക് അവയുടെതായ ചരിത്രവും മൂല്യവും ഉണ്ടെന്നും മാര്‍ക്‌സ് നിരീക്ഷിക്കുന്നത് നമുക്ക് കാണാന്‍ പറ്റും. അങ്ങനെ വരുമ്പോള്‍ സൗന്ദര്യാത്മകത, അതുളവാക്കുന്ന ഭാവശക്തി എന്നിവയൊക്കെ മനുഷ്യനെ സംബന്ധിച്ച് അതിപ്രധാനമായ ഘടകങ്ങളാണ്. അതിനെ ഏകപക്ഷീയമായി നിരസിക്കാനോ നിരാകരിക്കാനോ കഴിയില്ല. അതു കൊണ്ട് ഒരു കൃതി ചരിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്, ഭൗതികയാഥാര്‍ത്ഥ്യങ്ങളെ പാഠശരീരത്തില്‍ സ്വാംശീകരിച്ചുകൊണ്ടെന്നതുപോലെതന്നെ ഭൗതിക ജീവിതത്തില്‍ പാഠം എന്ന നിലയില്‍ ഇടപെട്ടു കൊണ്ടുമാണ്. ഇതില്‍ ഏതെങ്കിലും ഒന്നിനെ മാത്രം കാണുന്നത് പ്രതിഫലനപരമോ നിര്‍മ്മിതിവാദപരമോ ആയിത്തീരും. നവചരിത്രവാദത്തിനൊക്കെ സംഭവിച്ച വലിയ പരിമിതി, ചരിത്രത്തെയാകമാനം പാഠനിര്‍മ്മിതിയായി കാണുന്ന, അമിതമായ ഊന്നലായിരുന്നു. മറുഭാഗത്ത്, പാഠങ്ങളെയാകമാനം ചരിത്രത്തിന്റെ കേവല പ്രതിനിധാനങ്ങളായി കാണുക എന്നതും ഇതേപോലെ തന്നെ ഒരബദ്ധമാണ്. ഈ രണ്ടു വിശകലനരീതികളെയും നമുക്കൊഴിവാക്കേണ്ടതുണ്ട്. പാവങ്ങള്‍ എന്ന നോവല്‍ കേരളീയ സമൂഹത്തില്‍ പ്രവര്‍ത്തിച്ച ഒരു ടെക്സ്റ്റാണ്. അങ്ങനെ പ്രവര്‍ത്തിച്ചതിന് കേരളത്തിന്റെ അന്നത്തെ സാമൂഹ്യസന്ദര്‍ഭത്തിന് വലിയ റോളുണ്ട്. കേസരി പറയുന്ന ഏഴനോക്കി സാഹിത്യം, സാഹിതീയ മണ്ഡലത്തില്‍ വികസിച്ചുവരുന്ന ഘട്ടമാണത്. ആ സാഹിത്യമാകട്ടെ നമ്മുടെ സാമൂഹ്യ പ്രസ്ഥനങ്ങളൊക്കെ രൂപപ്പെടുത്താന്‍ ശ്രമിച്ച അവബോധത്തിന്റെ മണ്ഡലത്തില്‍ ഇടപെടുകയും ശക്തിപ്പെടുത്തുകയും ചെയ്തുതാനും. സൗന്ദര്യാത്മകത, സാഹിതീയത എന്നൊക്കെ പറയുന്നത് ചരിത്രത്തിന് പുറത്തു നില്‍ക്കുന്ന കേവലാനുഭൂതിയുടെ ലോകമല്ല. ചരിത്രത്തിലിടപെട്ടു പ്രവര്‍ത്തിക്കുന്ന ശക്തികളിലൊന്നാണ്. ഒന്നാമത്തെ ശക്തി എന്നു ഞാന്‍ പറയാന്‍ ശ്രമിക്കുന്നില്ല. പക്ഷേ, അത് വെറുമൊരനുബന്ധരൂപമാണ്, വേറെ പണിയൊന്നുമില്ലാത്തപ്പോള്‍ ആലോചിക്കാവുന്ന ഒരു വിഷയമാണ് എന്ന മട്ടിലുള്ള യാന്ത്രികഭൗതികത്തിന്റെ സങ്കുചിതവീക്ഷണം നാം പിന്‍പറ്റിക്കൂടാത്തതാണ്.
വൈരുധ്യാത്മകതയുടെ അവസാനത്തെ മേച്ചില്‍പ്പുറമല്ല സൗന്ദര്യാത്മകതയുടെ മണ്ഡലം. വൈരുധ്യാത്മകവീക്ഷണത്തിന് കേവലഭൗതികത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു സമീക്ഷ ഭൗതികതയെ സംബന്ധിച്ച് ഉണ്ടാകേണ്ടതുണ്ട്, അതില്‍ സൗന്ദര്യാത്മകത എന്നത് ഒരു ഭൗതിക സാമൂഹിക ചരിത്ര ബന്ധമാണ് എന്ന നിലപാട് ഉറപ്പിക്കപ്പെടേണ്ടതാണ്. മാര്‍ക്‌സിസ്റ്റുകള്‍ക്കിടയില്‍ത്തന്നെ ഈ കാര്യത്തില്‍ ധാരാളം തര്‍ക്കങ്ങളുണ്ട്. മാര്‍ക്‌സിന്റെ ഏറ്റവും പ്രാമാണിക കൃതികളിലൊന്നായി ഞാന്‍ കരുതുന്ന,1844 ലെ സാമ്പത്തികവും തത്വചിന്താപരവുമായ കുറിപ്പുകളുടെ സൂക്ഷ്മമായ വായന ഞാന്‍ മുകളില്‍ പറഞ്ഞ പൊസിഷന്റെ അര്‍ഥം വ്യക്തമാക്കാന്‍ സഹായിച്ചേക്കും. നിര്‍ഭാഗ്യവശാല്‍ 1930 കളിലാണ് ആ കൈയെഴുത്തു പ്രതികള്‍ കണ്ടെടുത്ത് പ്രസിദ്ധീകരിക്കപ്പെട്ടത്, അപ്പോഴേക്കും ഔദ്യാഗിക മാര്‍ക്‌സിസത്തിന്റെ വീക്ഷണങ്ങള്‍ പലതും ഉറച്ചു കഴിഞ്ഞിരുന്നു. മാര്‍ക്‌സ് ആ കൃതിയിലടക്കം മുന്നോട്ടുവെക്കുന്ന സങ്കീര്‍ണമായ ആശയപ്രപഞ്ചം മുഖ്യധാരാ മാര്‍ക്‌സിസത്തിന്റെ പരിഗണനയിലേക്ക് കാര്യമായി വന്നിട്ടില്ല എന്നതൊരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ, അതിനര്‍ഥം മാര്‍ക്‌സിലോ മാര്‍ക്‌സിസ്റ്റ് വീക്ഷണത്തിലോ സൗന്ദര്യാത്മകതയുടെ ഭൗതികതയെക്കുറിച്ചുള്ള ആശയങ്ങളില്ല എന്നല്ല. അല്‍ത്യൂസര്‍ ചെയ്തതുപോലെ, അതെല്ലാം യുവമാര്‍ക്‌സിന്റെ സൈദ്ധാന്തികചാപല്യങ്ങളാണ് എന്ന മട്ടിലുള്ള തള്ളിക്കളയലിലും വലിയ കഥയൊന്നുമില്ല.
സമാനമാണ് പാഠപരിണാമ ചരിത്രം കൈകാര്യം ചെയ്യുമ്പോള്‍ നിര്‍മ്മിതിവാദത്തിലേക്കു വഴുതിവീഴാനുള്ള സാധ്യതയും എങ്ങനെ മറികടന്നു.?
പാഠവും ചരിത്രവുമെന്നത് വൈരുധ്യാത്മകമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു തിരിച്ചറിഞ്ഞാല്‍, ഇതില്‍ ഏതിലെങ്കിലും ഒന്നില്‍ പോയി വീഴാനുള്ള പ്രലോഭനത്തില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിയും. പാഠത്തിന് അതിന്റെ സ്വന്തം ചരിത്രമുണ്ട്, ഒപ്പം തന്നെ അതിനെ വലയം ചെയ്യുന്ന സാമൂഹ്യചരിത്രവുമുണ്ട്. ഏതു പാഠരൂപവും നിലനില്‍ക്കുന്നത് അതിന്റെ രൂപപരമായ ഒരു ചരിത്രത്തിനുള്ളില്‍ കൂടിയാണ്. ആ ചരിത്രം ഒഴിവാക്കി, സാമൂഹ്യചരിത്രത്തിന്റെ കേവലപ്രതിഫലനം പോലെ ഒരു പാഠത്തിന് നില്‍ക്കാന്‍ പറ്റില്ല. അങ്ങനെ ഒരു പാഠമില്ല. രൂപം അവിടെയുണ്ട്, ആ രൂപമാകട്ടെ അതിന്റെ സ്വന്തം ചരിത്രത്തെ ഉള്‍ക്കൊള്ളുന്നതുപോലെ തന്നെ ഒരു സവിശേഷ സാമൂഹ്യസന്ദര്‍ഭത്തിന്റെ സാന്ദ്രീകൃതസ്ഥാനവുമാണ്. ആ നിലയില്‍, രൂപത്തില്‍ രണ്ടു തരം ചരിത്രബന്ധങ്ങള്‍ സന്നിഹിതമായിരിക്കുന്നു. ഒന്ന്, രൂപത്തിന്റെ സ്വന്തം ആഭ്യന്തരചരിത്രം, രണ്ട്, രൂപത്തില്‍ ഉള്ളടങ്ങിയിരിക്കുന്ന സമൂഹബന്ധങ്ങളുടെ ചരിത്രം. ഈ രണ്ടു ചരിത്രബന്ധങ്ങള്‍ കൂടിക്കലര്‍ന്നിട്ടാണ് ഒരു പാഠശരീരത്തിന് സവിശേഷമായ രൂപം കൈവരുന്നത്. ആ പ്രകൃതത്തിലേക്ക് ആസന്നമായ സാമൂഹ്യപ്രശ്‌നങ്ങളെയോ പ്രമേയങ്ങളെയോ കൂട്ടിയിണക്കിക്കൊണ്ടാണ് പുതിയ ഒരു കൃതി സവിശേഷമായി കടന്നുവരുകയും ഇടംപിടിക്കുകയും ചെയ്യുന്നത്. ഈ സങ്കീര്‍ണമായ പ്രക്രിയ ഏതു പാഠത്തിലും അടങ്ങിയിട്ടുണ്ട്. അതിനെ കേവലരൂപമായിട്ട് തെറ്റിദ്ധരിക്കരുത്; കേവലചരിത്രമായിട്ടും തെറ്റിദ്ധരിക്കരുത്. കേവലരൂപത്തിനും കേവല ചരിത്രത്തിനും ഇടയിലുള്ള ഒരു വിനിമയമാണ് പാഠശരീരം. പാഠശരീരം ജഡമല്ല, ഒരു പ്രക്രിയാബന്ധമാണ്. ആ ബന്ധത്തെ നോക്കിക്കാണാനും അതിന്റെ വിനിമയത്തെ മനസ്സിലാക്കാനും കഴിഞ്ഞാല്‍ ഏതെങ്കിലും ഒരു സ്ഥാനത്തു കെട്ടിത്തളയുക എന്ന അപകടത്തില്‍ നിന്നു പുറത്തു കടക്കാന്‍ കഴിയും.
മഹാഭാരതത്തെ അതിന്റെ ആന്തരിക ഘടനകളെയും അവയെ രൂപപ്പെടുത്തുന്ന ഘടകങ്ങളെയും പരിശോധിച്ചു കൊണ്ടും അവയുടെ സാഹിത്യപരവും മറ്റും മറ്റുമായ അംശങ്ങളെ വിശദീകരിച്ചു കൊണ്ടുമാണ് ഞാൻ സംസാരിക്കാൻ ശ്രമിച്ചത്. സ്വാഭാവികമായി കേരളത്തിലെ മതനിരപേക്ഷ രാഷ്ട്രീയ ബോധ്യമുള്ള വലിയ വിഭാഗം ജനങ്ങളോട് അതു നന്നായി സംവദിച്ചു.
പുതിയ പുസ്തകം മഹാഭാരത വിജ്ഞാനീയത്തിലേക്കുള്ള മലയാളത്തിന്റെ സംഭാവനയായി പഠിതാക്കളാല്‍ വിലയിരുത്തപ്പെടുന്നു; അത്തരം അവകാശവാദങ്ങളൊന്നും അവയ്ക്കില്ലെങ്കിലും. പുസ്തകം താങ്കള്‍ പ്രതീക്ഷിച്ച നിലയില്‍ സ്വീകരിക്കപ്പെട്ടോ. പുസ്തകാനന്തര അനുഭവമെന്താണ്. ?
= മഹാഭാരതപഠനം പൊതുവില്‍ നന്നായി സ്വീകരിക്കപ്പെടുന്നുണ്ട് എന്നാണ് ഞാന്‍ മനസ്സി ലാക്കുന്നത്. മഹാഭാരതവിജ്ഞാനീയം എന്ന നിലയിലുള്ള ഒരു മേഖലയെ മലയാളത്തിന്റെ ചര്‍ച്ചാമണ്ഡലത്തിലേക്ക് ആ പുസ്തകം ശക്തിയായി കടത്തിക്കൊണ്ടുവന്നു എന്ന അഭിപ്രായം ആ പുസ്തകത്തെ സംബന്ധിച്ചുണ്ട്. ഇക്കാലംവരെ നാം മഹാഭാരതം വായിച്ചിരുന്നത് ഒന്നുകില്‍ സാഹിത്യപരമായോ അല്ലെങ്കില്‍ മതാത്മകമായോ ആണ്.
പ്രബലമായ ഈ രണ്ടു വായനകള്‍ക്കപ്പുറം വൈജ്ഞാനികമായ ഒരു വിപുലവ്യവഹാരം മഹാഭാരതത്തെ മുന്‍നിര്‍ത്തിയുള്ളത് ഈ കൃതിയിലൂടെ തുറന്നു കാണിക്കപ്പെട്ടിട്ടുണ്ട്. അതുവഴി മഹാഭാരതത്തിന്റെ വിശാലഭൂമിശാസ്ത്രത്തെ അതിന്റെ വൈജ്ഞാനിക ഭൂമിശാസ്ത്രത്തെ ആ കൃതിക്ക് രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ശ്രദ്ധാലുക്കളായ വായനക്കാര്‍ പൊതുവില്‍ അതിനോട് പോസിറ്റീവായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. വിമര്‍ശനങ്ങള്‍ പല രൂപത്തില്‍ വന്നിട്ടുണ്ട്, നേരത്തെ പറഞ്ഞ ദളിത് പക്ഷത്തുനിന്ന് ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. സംഘപരിവാറുകാര്‍ ആരെങ്കിലും വായിച്ചതായി അറിയില്ല. അവര്‍ക്കത് സ്വീകരിക്കാന്‍ കഴിയുന്നതുമല്ല. അവരുടേത് പലതും വിമര്‍ശനം എന്നൊന്നും പറയാനും പറ്റില്ല. പുസ്തകം കണ്ടാല്‍ കുറച്ച് ചീത്ത പറയാനിടയുണ്ട്. പൊതുവെ പുസ്തകത്തിന്റെ വൈജ്ഞാനിക മൂല്യം മാനിക്കപ്പെട്ടതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. മറ്റൊന്ന്, എഴുതുന്ന സമയത്ത് കണക്കാക്കിയതിനെക്കാള്‍ വ്യത്യസ്തമായ വഴികളിലൂടെ പുസ്തകം വായിക്കപ്പെടുന്നതിന്റെ സൂചനകള്‍ സമീപദിവസങ്ങളില്‍ കിട്ടുകയുണ്ടായി. കലാപരമായ സൂചനകളെ മുന്‍നിര്‍ത്തിയുള്ള ആലോചനകള്‍, പുസ്തകത്തിലെ ചിത്രവിന്യാസത്തെ മുന്‍നിര്‍ത്തിയുള്ള ആലോചനകള്‍ ഒക്കെ കഴിഞ്ഞ ദിവസങ്ങളിലായി കാണുകയുണ്ടായി. അത്തരം ആശയങ്ങള്‍ പുസ്തകത്തിന്റെ രചനയുടെയോ ആസൂത്രണത്തിന്റെയോ സന്ദര്‍ഭത്തില്‍ എന്റെ മനസ്സില്‍ വന്നിട്ടില്ലായിരുന്നു. അങ്ങനെ പ്രതീക്ഷിച്ച വഴികള്‍ക്കപ്പുറത്തേക്ക് പല ആലോചനകള്‍ക്കും പ്രേരണയാകുന്നുണ്ട്. പല വഴികളും തുറന്നിടുന്നുണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്. പൊതുവില്‍ ആളുകള്‍ അതിന് നല്ല വയനാക്ഷമതയുള്ളതായിട്ടും പറഞ്ഞു.
അടിസ്ഥാനപരമായ സാമൂഹ്യരാഷ്ട്രീയ ബോധ്യങ്ങളോടെയാണ് ഞാന്‍ ഏതു വിഷയത്തെയും സമീപിക്കാറുള്ളത്, മഹാഭാരതത്തെ സംബന്ധിച്ചും അങ്ങനെ തന്നെയാണ്. ആമുഖത്തില്‍ ആ നിലപാട് കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. അപ്പോള്‍ത്ത ന്നെ ഞാന്‍ സ്വീകരിച്ച നിലപാടിനോട് സൈദ്ധാന്തികമായും രാഷ്ട്രീയമായും ഒത്തുപോകുന്നവരും, അതില്‍ നിന്ന് വ്യത്യസ്തമായി നില്‍ക്കുന്ന ആളുകളും ഈ പഠനത്തോടും അതിന്റെ വിശകലനങ്ങളോടും പലനിലയില്‍ എന്‍ഗേജ് ചെയ്യുന്നുണ്ട്. ചിലപ്പോള്‍ ചേര്‍ന്നുനില്‍ക്കുന്നു, ചിലപ്പോള്‍ എതിര്‍വാദങ്ങള്‍ ഉന്നയിക്കുന്നു. അങ്ങനെ ഒരു സംവാദമണ്ഡലം ആ കൃതിയെ ചുറ്റിപ്പറ്റി വികസിച്ചുവരുന്നു. ലളിതമായി പറഞ്ഞാല്‍ അതൊരു അടഞ്ഞ പുസ്തകമായി അവസാനിക്കുന്നില്ല. പലതരത്തിലുള്ള തുറസ്സുകള്‍ അതുണ്ടാക്കി. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഞാന്‍ പ്രതീക്ഷിക്കാത്ത നിലയിലുള്ള അംശങ്ങള്‍ പലരും അതില്‍ നിന്നു കണ്ടെടുത്തു എന്നത് സന്തോഷം തരുന്നു. എന്തായാലും എന്റെയൊരു തോന്നല്‍ ഒരു ഏകാത്മകമായ മതഗ്രന്ഥം (singular relegious text) എന്ന നിലയില്‍ മഹാഭാരതത്തെ എളുപ്പത്തില്‍ നോക്കിക്കാണാന്‍ എളുപ്പമല്ലാത്ത മട്ടില്‍, അതിന്റെ ബഹുസ്വരാത്മകവും ചരിത്രപരവുമായ സ്വഭാവത്തെ അനാവരണം ചെയ്യാന്‍ ആ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട് എന്നാണ്. അടിസ്ഥാനപരമായി മതനിരപേക്ഷമായ ഒരു ചെറുത്തുനില്‍പ്പിന്റെ ഉള്ളടക്കം ആ കൃതിക്കുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ആ നിലയില്‍ കേരളീയ സമൂഹത്തില്‍ സ്വീകരിക്കപ്പെടുന്നുണ്ട് എന്നും.
Read more: https://www.deshabhimani.com/articles/sunil-p-elayidom-interview-marxism-rafiq-ibrahim/889006
Read more: https://www.deshabhimani.com/articles/sunil-p-elayidom-interview-marxism-rafiq-ibrahim/889006
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ