2020 ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

പി എസ് സി നിയമനവിവാദം - 2



പിഎസ് സി നിയമന വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഞാനെഴുതിയ പോസ്റ്റിനു കീഴെ സേവ് സി.പി.ഒ ലിസ്റ്റ് എന്ന കമന്റുകൾ ആവർത്തിച്ചു വന്നത് കണ്ടു. പ്രചരണ സ്വഭാവത്തോടെ ഇങ്ങനെ ആവർത്തിച്ച് ഒരാവശ്യം പ്രത്യക്ഷപ്പെടുമ്പോൾ സ്വാഭാവികമായും അതിന്റെ വസ്തുത പരിശോധിക്കണമല്ലോ. 
ഈ സർക്കാരിന്റെ കാലത്ത് സിവിൽ പോലീസ് ഓഫീസർ പോസ്റ്റിലേയ്ക്ക് നിലവിൽ വന്നത് രണ്ട് റാങ്ക് ലിസ്റ്റുകൾ. 2016 ജൂൺ 2019 ജൂലൈ ഒന്നിനുമായി അവ നിലവിൽ വന്നു.  

 ഈ രണ്ടു റാങ്ക് ലിസ്റ്റിലുമായി ഇതുവരെ 11,268 പേർക്കാണ് നിയമനം ലഭിച്ചത്.  

ഇതിൽ രണ്ടാമത്തെ റാങ്ക് ലിസ്റ്റിനെക്കുറിച്ചാണ് മനോരമയുടെ പരമ്പരയിൽ പരാമർശിക്കുന്നത്.   ആഗസ്റ്റ് ഏഴിന് പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ എന്തൊക്കെയായിരുന്നു ആരോപണങ്ങൾ? ലിസ്റ്റിന് ഒരു ദിവസത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ എന്നും പരീക്ഷയെഴുതിയ പതിനായിരക്കണക്കിന് ഉദ്യോഗാർഥികളുടെ വർഷങ്ങൾ നീണ്ട അധ്വാനത്തിനു കിട്ടിയ സമ്മാനമാണ് ഈ ഒരു ദിവസം 7 മണിക്കൂർ സമയമെന്നും പുച്ഛവും പരിഹാസവും ചൊരിഞ്ഞ മനോരമ, ഈ ലിസ്റ്റിൽ നിന്ന് എത്രപേരെ നിയമിച്ചു എന്നു മാത്രം മിണ്ടിയിട്ടില്ല.

ഉത്തരവാദിത്തത്തോടെ പറയട്ടെ, 2019 ജൂലൈ ഒന്നിന് നിലവിൽ വന്ന 657/2017 നമ്പർ റാങ്ക് ലിസ്റ്റിൽ നിന്ന് 5597 പേർക്ക് ഇതിനകം അഡ്വൈസ് മെമ്മോ അയച്ചിട്ടുണ്ട്.  ജൂലൈ 2 മുതൽ പത്തു വരെ മാത്രം 1895 പേർക്ക് അഡ്വൈസ് അയച്ചിട്ടുണ്ട്. മനോരമ തന്നെ പറയുന്നതുപോലെ ജൂൺ 30ന് റാങ്ക് ലിസ്റ്റ് അവസാനിച്ചു. പക്ഷേ, അങ്ങനെ കാലാവധി തീർന്ന റാങ്കു ലിസ്റ്റിൽ നിന്നാണ് പിന്നീട് 1895 പേരെ നിയമിക്കാൻ അഡ്വൈസ് മെമ്മോ അയച്ചത്. 

കോണ്‍സ്റ്റബിള്‍ തസ്തികയിലെ നിയമന പ്രകിയ പൂര്‍ത്തിയാകുന്നതിന് പരിശീലന കാലാവധിയടക്കം ഒരു വര്‍ഷം വേണ്ടിവരുന്നു. അതിനാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് വരാവുന്ന ഒഴിവുകള്‍ മുൻകൂർ കണക്കാക്കിയാണ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തത്. ഉദ്യോഗാർത്ഥികൾ പരാതിപ്പെടുന്നതുപോലെ ഈ റാങ്ക് ലിസ്റ്റിന് ചുരുങ്ങിയ കാലാവധിയേ ഉണ്ടായിരുന്നുള്ളൂവെന്നതു മനസ്സിലാക്കി സർക്കാർ സ്വമേധയാ മുൻകൈയ്യെടുത്തു സ്വീകരിച്ച ഒരു നടപടിയാണിത്.  ഇത്തരത്തിൽ ഉദ്യോഗാർത്ഥികളെ സഹായിക്കാൻ തയ്യാറായ സർക്കാരിനെക്കുറിച്ചാണ് മനോരമ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നത്.   

ഇനി കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സിവിൽ പോലീസ് ഓഫീസർ പോസ്റ്റിലേയ്ക്ക് എത്ര നിയമനം നടന്നു? 2011 മുതൽ 2016 വരെ ആകെ 4796 മാത്രം. അതിന്റെ ഇരട്ടിയിലധികം നിയമിച്ചിട്ടുണ്ട് എൽഡിഎഫ് സർക്കാർ.   

ഈ വസ്തുതയാണ് മനോരമയുടെ പരമ്പരയിൽ വിട്ടുകളഞ്ഞത്. അത് മനഃപ്പൂർവം ചെയ്തതാണ്. 11268 സിവിൽ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ച വിവരം അവർ പരമ്പരയിലൊരിടത്തും പ്രസിദ്ധീകരിച്ചില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാർ എത്ര നിയമിച്ചുവെന്നും പറഞ്ഞില്ല. ഏതായാലും, ഒരു റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന മുഴുവൻ പേരെയും നിയമിക്കാൻ ഒരു സർക്കാരിനുമാവില്ലല്ലോ.

 എന്നാൽ ഒഴിവുകൾ നികത്തുന്നതിലും ആവശ്യാനുസരണം പുതിയ പോസ്റ്റുകൾ സൃഷ്ടിക്കുന്നതിനും എൽഡിഎഫ് സർക്കാർ വീഴ്ച വരുത്തിയിട്ടില്ലെന്നും പിഎസ് സി പരീക്ഷയെഴുതുന്ന തൊഴിലന്വേഷകരുടെ പ്രതീക്ഷകളോട് പരമാവധി നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട് എന്നും മേൽപ്പറഞ്ഞ കണക്കുകൾ തന്നെയാണ് തെളിവ്. 

അഞ്ചു കൊല്ലം കൊണ്ട് നിലവിലുള്ള രണ്ടു റാങ്കുലിസ്റ്റുകളിൽ നിന്നായി 11,298 പേരെ ഈ സർക്കാർ നിയമിച്ചിട്ടുണ്ട് എന്നും ഇനിയും ഒഴിവു വരുന്നതനുസരിച്ച് പുതിയ നിയമനങ്ങൾ ഉണ്ടാകുമെന്നും പ്രതിഷേധ കമന്റുകൾ എഴുതുന്നവരെ വിനയപൂർവം ധരിപ്പിക്കട്ടെ. ദയവായി വ്യാജപ്രചാരണത്തിൽ നിങ്ങൾ വീണു പോകരുത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ