ധ്യാനാത്മക ചിന്തയുടെ മണ്ഡലത്തില്‍ താങ്കളങ്ങനെ വ്യാപരിക്കാറില്ല. പ്രഫഷണല്‍ അക്കാദമീഷ്യന്മാരില്‍ നിന്നും താങ്കളുടെ ചിന്തയുടെ പാറ്റേണ്‍ വ്യത്യസ്തമാണോ. എങ്ങനെയാണു കാണുന്നത്?
= ഞാനങ്ങനെ തത്വചിന്തയുടെ മണ്ഡലത്തില്‍ വ്യാപരിച്ചിട്ടുള്ള ഒരാളല്ല, തത്വചിന്താപരമായ ആശയങ്ങള്‍ കുറെയൊക്കെ മനസിലാക്കാനും അവയിലൂടെ കടന്നുപോകാനും ചിലതെല്ലാം ഉപയോഗിക്കാനും ശ്രമിച്ചിട്ടുണ്ട് എന്നേ പറയാന്‍ പറ്റൂ. അതിനപ്പുറം തത്വചിന്തയുടേതായ, സങ്കല്പനപരമായ ആലോചനകളുടേതായ, മണ്ഡലത്തിലൂടെ നിരന്തരം സഞ്ചരിക്കുന്ന ഒരാളല്ല ഞാന്‍. എന്റെ സമീപനരീതിയുടെ അടിസ്ഥാന സ്വഭാവം ചരിത്രവല്‍ക്കരണമാണ് എന്നുപറയാം. ഏതു പ്രമേയത്തെ നോക്കുന്ന സമയത്തും അതിനെ ചരിത്രപരമായ പരിശോധനയ്ക്കു വിധേയമാക്കാനും ഒരു പ്രക്രിയ എന്ന നിലയില്‍ മനസ്സിലാക്കി, ആ പ്രക്രിയയില്‍ പങ്കുചേര്‍ന്ന വിവിധ ഘടകങ്ങളെ അഴിച്ചുനോക്കി അവ എങ്ങനെയൊക്കെ സവിശേഷമായ സ്വാധീനങ്ങളും ഫലങ്ങളുമുളവാക്കുന്നു എന്നു പറയാനാണ് ഞാന്‍ പൊതുവെ ശ്രമിച്ചിട്ടുള്ളത്. 'ചരിത്രവല്‍ക്കരിക്കുക എല്ലായ്‌പ്പോഴും ചരിത്രവല്‍ക്കരിക്കുക' എന്ന ജയിംസണിന്റെ ആശയം മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന സമീക്ഷയായാണ് ഞാന്‍ മനസ്സി ലാക്കുന്നത്. ആ വഴിയിലൂടെയാണ് എന്റെ ആലോചനകളെ മുന്‍പോട്ടു കൊണ്ടുപോയിട്ടുള്ളത്. തത്വശാസ്ത്രപരമായ ഒരാശയവ്യവസ്ഥയെയോ സങ്കല്പനത്തെയോ നോക്കുന്ന സമയത്തും ആ ആശയവ്യവസ്ഥയുടെ ഉളളില്‍ നിന്ന് അതിനെക്കുറിച്ചാലോചിക്കുക എന്നതിനേക്കാള്‍ കൂടുതല്‍, അതിനെ ചരിത്രത്തില്‍ സ്ഥാനപ്പെടുത്തി വിശദീകരിക്കാനോ മനസ്സി ലാക്കാനോ ആണ് ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് തത്വചിന്താപരമായ വ്യവഹാരത്തിന്റെ സ്വഭാവം എന്റെ വിചാരരീതികളില്‍ പൊതുവില്‍ കുറവാണ്.
Read more: https://www.deshabhimani.com/articles/sunil-p-elayidom-interview-marxism-rafiq-ibrahim/889006
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ