2020 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

സുനിൽ പി ഇളയിടം അഭിമുഖം ആറാം ഭാഗം

പാരമ്പര്യം/പൈതൃകം തുടങ്ങിയവ എങ്ങനെ കൈകാര്യം ചെയ്യാം, ഏതു രീതിശാസ്ത്രമുപയോഗിക്കാം എന്നതിനെ സംബന്ധിച്ച് മാര്‍ക്‌സിസ്റ്റുകള്‍ക്കു പോലും വ്യക്തതയില്ല എന്നു തോന്നിയിട്ടുണ്ട്. വിമര്‍ശനാത്മകമായി അപനിര്‍മ്മിക്കണമെന്നും പൂര്‍ണമായും തള്ളിക്കളയണമെന്നും വാദങ്ങളുയരുന്നുണ്ട്. ഏതു രീതിയായിരിക്കാം പാരമ്പര്യം കൈകാര്യം ചെയ്യാന്‍ ഫലപ്രദം. ?

പാരമ്പര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നാലോചിക്കുമ്പോള്‍ നാമാദ്യം മനസ്സി ലാക്കേണ്ട കാര്യം പാരമ്പര്യമെന്നത് ഭൂതകാലത്തില്‍ നിന്ന് സ്വാഭാവികമായി കൈമാറിക്കിട്ടുന്ന ഒന്നല്ല, ഒരു സമൂഹം അതിന്റെ ആശയാഭിലാഷങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കുമനുസരിച്ച് പണിതെടുക്കുന്ന ഒന്നാണ് പാരമ്പര്യം എന്നതാണ്. എറിക് ഹോബ്‌സ് ബോം പാരമ്പര്യത്തിന്റെ നിര്‍മ്മാണം (inventing the tradition) എന്നു പറയുന്നുണ്ട്. ഏതു സമൂഹത്തിന്റെ പാരമ്പര്യബോധത്തിലും ഇതുണ്ട്. അവരുടെ ഇച്ഛകള്‍, ആഗ്രഹങ്ങള്‍, തങ്ങളെക്കുറിച്ചു കൊണ്ടുനടക്കുന്ന താല്‍പ്പര്യങ്ങള്‍ ഇതെല്ലാം ഭൂതകാലത്തില്‍ നിന്ന് കണ്ടെടുത്ത് അതിന്റെ തുടര്‍ച്ചയാണ് തങ്ങള്‍ എന്നു കരുതുന്നതാണ് ഏതു സമൂഹവും അവരുടെ പാരമ്പര്യമായി കൊണ്ടുനടക്കുന്നത്. പാരമ്പര്യം എന്നത് ആധുനികമായ നിര്‍മ്മിതസാമഗ്രിയാണ്, അല്ലാതെ ജഡവസ്തുവായി ഭൂതകാലത്തില്‍ നിന്നു കൈമാറിക്കിട്ടുന്ന ഒന്നല്ല. നിര്‍ണായകമായ പ്രതിസന്ധിയുടെ മുഹൂര്‍ത്തങ്ങളില്‍ ഭൂതകാലത്തിന്റെ വാക്കുകളും ആടയാഭരണങ്ങളും കടമെടുത്ത് ചരിത്രത്തിലെ വലിയ നാടകങ്ങള്‍ അഭിനയിക്കപ്പെടുന്ന സന്ദര്‍ഭങ്ങളെക്കുറിച്ച് 'ലൂയി ബോണോപ്പാര്‍ട്ടിന്റെ പതിനെട്ടാം ബ്രൂമയിറി'ന്റെ തുടക്കത്തില്‍ അതിമനോഹരമായ ഭാഷയില്‍ മാര്‍ക്‌സ് എഴുതുന്നുണ്ട്. വാസ്തവത്തിലീ പാരമ്പര്യമെന്നത് നമ്മളഭിനയിക്കുന്ന നാടകമാണ്. അതിനാല്‍ പാരമ്പര്യത്തെ കൈകാര്യം ചെയ്യുമ്പോള്‍, അല്ലെങ്കില്‍ അതുമായി സംവദിക്കാന്‍ ശ്രമിക്കുമ്പോള്‍ പാരമ്പര്യത്തെ അപ്പാടെ തള്ളിക്കളയണം എന്നു പറയുന്നതിലൂടെ വര്‍ത്തമാന സമൂഹത്തെത്തന്നെയാണ് തള്ളിക്കളയുന്നത്. കാരണം വര്‍ത്തമാനം ഉണ്ടാക്കിയെടുത്ത ഭൂതകാല പ്രതീതിയും ഭൂതകാല ബോധ്യങ്ങളുമാണ് പാരമ്പര്യം. അത് കേവലമായി കൈമാറിക്കിട്ടിയതല്ല. അതുകൊണ്ട് കേവലമായി പാരമ്പര്യത്തെ തള്ളിക്കളയുക, അതേപടി സ്വീകരിക്കുക എന്ന തര്‍ക്കം, മുഖ്യമായ കാര്യമല്ല. പാരമ്പര്യം ഭൂതകാലത്തെ സംബന്ധിച്ചുള്ള വര്‍ത്തമാനത്തിന്റെ പ്രതീക്ഷകളും പ്രത്യാശകളുമാണ്. അതുകൊണ്ട് പാരമ്പര്യം ഡയലക്ടിക്കല്‍ പ്രോസസ് ആണെന്നു പറയാം.വൈരുധ്യാത്മകമായ ഒരു പ്രക്രിയയാണത്. വര്‍ത്തമാനം ഭൂതകാലത്തിലൂടെ സ്വയം തങ്ങളെത്തന്നെ കാണുന്നതാണത്. കാണുന്ന കര്‍തൃസ്ഥാനത്ത് വര്‍ത്തമാനമുണ്ട്, കാഴ്ചയുടെ വിഷയമെന്ന നിലയില്‍ ഭൂതകാലവുമുണ്ട്. ഭൂതകാലത്തെ പ്രത്യേക രീതിയിലൂടെ കണ്ട് വര്‍ത്തമാനം അതിനെത്തന്നെ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ പാരമ്പര്യം എന്നതൊരു ബന്ധവ്യവസ്ഥയാണ്. ഒരു സബ്ജക്ട് പൊസിഷനും ഒബ്ജക്ടും ആ വ്യവസ്ഥയ്ക്കുള്ളിലുണ്ട്. ഈ ബന്ധവ്യവസ്ഥ ഒരു പ്രക്രിയയാണ്, അല്ലാതെ ഒരു നിശ്ചലസത്തയല്ല. നിശ്ചലസത്തയാണ് എന്നു തെറ്റിദ്ധരിക്കുന്ന അതിഭൗതികതയുടെയോ യാന്ത്രികഭൗതികത്തിന്റെയോ വീക്ഷണമുള്ളതുകൊണ്ടാണ് സ്വീകരിക്കാം/ തള്ളിക്കളയാം എന്ന യാന്ത്രികസമീക്ഷയിലേക്കു നാം ചെന്നുചേരുന്നത്. ഉദാഹരണത്തിന്, ഗീത എന്നത് ഇന്ത്യയുടെ ദേശീയപാരമ്പര്യമാണ് എന്നു വന്നത് കഴിഞ്ഞ നൂറ്റമ്പത് വര്‍ഷത്തിനിടെ മാത്രമാണെന്നും ആധുനിക ഇന്ത്യന്‍ ദേശരാഷ്ട്രത്തിന്റെ പൊളിറ്റിക്കല്‍ ഐഡിയോളജിയായി വികസിച്ചുവന്നതാണ് ആ പാഠത്തിന്റെ പദവി എന്നും മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഗീതയെ നമുക്ക് വേറൊരു നിലയില്‍ കാണാം. ഗീത ഇന്ത്യയുടെ സമുന്നതപാരമ്പര്യമാണ് എന്നുപറയുന്നതുപോലെ, കാമസൂത്രം ഇന്ത്യയുടെ പാരമ്പര്യമാണ് എന്നു നാം പറയില്ല. ഒരു പക്ഷേ, ഗീതയുടെ പൂര്‍ണ രൂപത്തിനുമുന്‍പേ കാമസൂത്രം നിലവില്‍ വന്നിട്ടുപോലുമുണ്ടാവാം. ഗീത ക്രിസ്തുവര്‍ഷം 3  4 നൂറ്റാണ്ടുകളിലാണ് നിലവില്‍ വന്നത്. കൊസാംബി അതു പറയുന്നുണ്ട്. കാമസൂത്രം അതിനുമുന്‍പേ രചിക്കപ്പെട്ടതായി പല പണ്ഡിതരും കരുതുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ഗീതയ്ക്കു മുന്‍പേ കാമസൂത്രമുണ്ട്. പക്ഷേ, പാരമ്പര്യത്തില്‍ ഗീതയേ ഉണ്ടാകൂ. അത് കാമസൂത്രം പാരമ്പര്യമല്ലാത്തതുകൊണ്ടല്ല, നമ്മുടെ സമൂഹത്തിന്റെ രാഷ്ട്രീയമായ പ്രതീക്ഷകളോട് കാമസൂത്രം ചേര്‍ന്നുപോകുന്നില്ല എന്നതുകൊണ്ടാണ്.

അതുകൊണ്ട് പാരമ്പര്യം ഒരു വര്‍ത്തമാന ബോധമാണ്, ഭൂതകാല സത്തയല്ല. ഈ പ്രക്രിയയായി പാരമ്പര്യത്തെ നോക്കുക, അതില്‍ പ്രവര്‍ത്തിച്ച സാമൂഹികപ്രത്യയശാസ്ത്ര ഘടകങ്ങള്‍ ഏത് എന്നു തിരിച്ചറിയുക, അതിനെ തുറന്നുകാണിക്കുക, ബദല്‍ പാരമ്പര്യങ്ങള്‍ എന്തൊക്കെയാണെന്ന് ആലോചിക്കുക, അവയെ ഉയര്‍ത്തിക്കൊണ്ടുവന്ന് നിലനില്‍ക്കുന്നവയുടെ പൊളിറ്റിക്കല്‍ ഐഡിയോളജിയെ അഴിച്ചുകാണിക്കുകയും ബദലുകളെ രൂപപ്പെടുത്തുകയും ചെയ്യുക എന്ന ഒരു രീതിമാത്രമേ ചരിത്രപരമായ ഒരടിസ്ഥാനത്തില്‍ നമുക്ക് ചെയ്യാന്‍ കഴിയൂ. പാരമ്പര്യത്തെ ഏകപക്ഷീയമായി ഏറ്റെടുക്കുക എന്നുപറയുന്നതിലെ അതിഭൗതികത തന്നെയാണ് അതേപടി തിരസ്‌കരിക്കുക എന്നുപറയുന്നതിലുമുള്ളത്. ഏറ്റെടുക്കാനും തിരിസ്‌കരിക്കാനും പാകത്തില്‍ വര്‍ത്തമാനത്തിന് പങ്കില്ലാത്ത ഒരു കേവലഭൂതകാലമല്ല പാരമ്പര്യം, വര്‍ത്തമാന സ്വത്വനിര്‍മ്മിതിയുടെ സ്ട്രാറ്റജിയാണത്. അതിന്റെ ഡൈനാമിക്‌സാണ് ആ കല്പനയിലുള്ളതെന്ന് വൈരുധ്യാത്മകമായി നാം മനസ്സിലാക്കേണ്ടതുണ്ട്.
Read more: https://www.deshabhimani.com/articles/sunil-p-elayidom-interview-marxism-rafiq-ibrahim/889006

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ