2020 ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

സുനിൽ പി ഇളയിടം അമിമുഖം ഏഴാം ഭാഗം

താങ്കളുടെ മഹാഭാരത പ്രഭാഷണങ്ങള്‍ക്കെതിരെയും, ഇപ്പോള്‍ പുസ്തകത്തിനെതിരെയും രൂക്ഷമായ വിമര്‍ശനം ദളിത് ചിന്തകരും ഉയര്‍ത്തുന്നു. യുക്തിവാദം, ദളിത് ചിന്ത എന്നിവയെ സത്താവാദമായി പരിഗണിച്ചു എന്നാണ് ഉയരുന്ന വിമര്‍ശനങ്ങളുടെ കാതല്‍. എന്താണ് പ്രതികരണം.?

= യുക്തിവാദത്തെയും ദളിത് വിമര്‍ശനത്തെയും ഒരേപോലെ സത്താവാദമായി ആ പുസ്തകമോ ഞാനോ കാണുന്നില്ല. യുക്തിവാദത്തെ സംബന്ധിച്ച് ആ നിരീക്ഷണം ഞാന്‍ ഇപ്പോഴും തുടരുന്നു. കാരണം കേവല യുക്തിവാദത്തിന്റെ അടിസ്ഥാനപരമായ ഒരു പരിമിതിയായി തോന്നിയിട്ടുളളത് അത് സാമൂഹികയാഥാര്‍ത്ഥ്യങ്ങളെ താര്‍ക്കികമായി കാണുകയും ചരിത്രപരമായി മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. തങ്ങളുടെ പരിഗണനയില്‍ വരുന്ന വിഷയത്തിന്റെ ഏതെങ്കിലുമൊരു അംശത്തെയെടുത്ത് അടിസ്ഥാന യാഥാര്‍ത്ഥ്യം ഈ അംശം മാത്രമാണ് എന്ന് വാദിക്കുകയും അതിനെ മുന്‍നിര്‍ത്തി സ്വീകരിക്കുകയോ തള്ളിക്കളയുകയോ ആണ് അവര്‍ പൊതുവെ ചെയ്യുന്നത്. അതല്ലാതെ ആ വിഷയം രൂപപ്പെട്ട വ്യാവഹാരികത, അതിന്റെ രൂപീകരണത്തില്‍ പങ്കുചേര്‍ന്ന വിവിധ ഘടകങ്ങള്‍, അവയുടെ ഏതേത് അനുപാതങ്ങളിലുള്ള കൂടിച്ചേരലാണ് ആ പ്രക്രിയയുടെ അര്‍ഥമായിത്തീര്‍ന്നത് എന്ന നിലയിലുള്ള ആലോചനയൊന്നും യുക്തിവാദപരമായ പരിശോധനയില്‍ പൊതുവെ കാണാറില്ല. അതുകൊണ്ടുതന്നെ യുക്തിവാദപരമായ പരിശോധനയില്‍ സത്താവാദപരമെന്ന് വിളിക്കാവുന്ന ഒരു നിലപാട് ഉണ്ട് എന്നാണ്  ഞാന്‍ കരുതുന്നത്. ദളിത് സമീക്ഷ ഇതുപോലെ സത്താവാദപരമാണെന്ന് ഞാന്‍ കരുതുന്നില്ല.ചരിത്രപരമായ വിശകലനരീതിയും വിമര്‍ശനവും ദളിത് സമീക്ഷയിലുണ്ട്. മഹാഭാരതത്തെക്കുറിച്ച് ഉന്നയിക്കപ്പെട്ട ദളിത് വിമര്‍ശനത്തില്‍ സത്താവാദപരമായ ഒരു സ്വഭാവമുണ്ട് എന്നാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. മഹാഭാരത വിമര്‍ശനത്തെക്കുറിച്ചുള്ള എന്റെയൊരു പ്രതികരണമാണത്, അത് ദളിത് സമീക്ഷയോട് അപ്പാടെയുള്ളതല്ല. രണ്ടും കൂട്ടിക്കുഴയ്ക്കരുത്. യുക്തിവാദത്തെയും ദളിത് ചിന്തയെയും നമുക്ക് ഒരേ അളവില്‍ കാണാന്‍ കഴിയില്ല. യുക്തിവാദം താര്‍ക്കികതയ്ക്കപ്പുറം സാമൂഹ്യഫലം കാര്യമായിട്ടൊന്നും ഉളവാക്കുന്നില്ല എന്ന തോന്നലാണ് എനിക്കുള്ളത്. അതേസമയം ദളിത് വിമര്‍ശനമാകട്ടെ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ഭിന്നരൂപങ്ങളില്‍ നമ്മുടെ ആധുനിക രാഷ്ട്രജീവിതത്തില്‍ നിര്‍ണായകമായി ഇടപെട്ട്, വളരെ പുരോഗമനപരമായ ഫലമുളവാക്കിയ ഒന്നാണ്. രണ്ടിനെയും ഒരേരൂപത്തില്‍ ഞാന്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നതേയില്ല.

എന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ രണ്ടും രണ്ടുതരം സമീപനങ്ങളാണ് എന്ന കാര്യം മറയില്ലാതെ പറഞ്ഞിട്ടുമുണ്ട്. അതേസമയംതന്നെ മഹാഭാരത പ്രഭാഷണങ്ങളോട് ദളിത് പക്ഷത്തുനിന്നുണ്ടായ വിമര്‍ശനം, ആ കൃതിയുടെ ചരിത്രജീവിതത്തെയും അതിന്റെ പല പടവുകളെയും ആ പടവുകളില്‍ അവയ്ക്കുണ്ടായിരുന്ന ഭിന്നമായ മാനങ്ങളെയും നോക്കിക്കാണാതെ, അവയെ ഒരൊറ്റ പ്രമേയത്തിലേക്ക് ചുരുക്കി, ആ പ്രമേയമാണ് അതിന്റെ ആന്തരികയാഥാര്‍ത്ഥ്യമെന്നും അതുകൊണ്ട് അതിനെക്കുറിച്ചുള്ള ഏത് സംഭാഷണവും ബ്രാഹ്മണീകൃതമായിരിക്കും എന്ന വിമര്‍ശനം ഉന്നയിക്കുകയാണ് ചെയ്തത്. അതിനോടുള്ള വിയോജിപ്പാണ് സത്താവാദപരമാണ് ആ നിലപാട് എന്നത്. ശഥപഥ ബ്രാഹ്മണത്തെക്കുറിച്ച് ഇങ്ങനെയൊരു വിമര്‍ശനം ഉയര്‍ത്താവുന്നതാണ്. കാരണം യജ്ഞയാഗങ്ങളുടെ ചടങ്ങുകളെ വിവരിക്കുന്നു എന്ന നിലയ്ക്ക് വളരെ പരിമിതമായ ഫങ്ഷന്‍ ഉള്ള ഒരു ടെക്സ്റ്റ് ആണ് ബ്രാഹ്മണങ്ങളൊക്കെ. അതില്‍ നിന്ന് മനസ്സിലാക്കാവുന്ന സാമൂഹിക കാര്യങ്ങള്‍ വളരെ പരിമിതമാണ്. ബഹുസ്വരമായ ഒരു ജീവിതം കാര്യമായി ആ ടെക്സ്റ്റിനില്ല. വൈദികമായ വ്യവഹാരത്തിനകത്ത്, സുനിശ്ചിതമായ ധര്‍മ്മങ്ങളോടെ, ഒരൊറ്റ രൂപത്തില്‍ നിലനിന്ന് ഏതാണ്ട് ഇക്കാലം വരെ തുടരുന്നൊരു കൃതിയാണത്.

പത്തൊമ്പതാം നൂറ്റാണ്ടവസാനം മുതലാരംഭിക്കുന്നതാണ് ഇന്ത്യയിലെ ഇതിഹാസപാരമ്പര്യങ്ങളെയും സംസ്‌കൃത വിജ്ഞാന പാരമ്പര്യങ്ങളെയുമൊക്കെ മത വർഗീയതയുടെ ആശയ സ്രോതസ്സാക്കി മാറ്റാനുള്ള ശ്രമം.

മഹാഭാരതം അങ്ങനെയൊന്നല്ല. മള്‍ട്ടിലെയേര്‍ഡ് ആയി ജീവിച്ച, ഒരു ടെക്സ്റ്റിനുള്ളില്‍ത്തന്നെ പല ബലങ്ങള്‍ പ്രവര്‍ത്തിച്ച, ഒരു ടെക്സ്റ്റ് തന്നെ പല ടെക്സ്റ്റുകളുടെ പ്രകൃതത്തിലേക്ക് പരിണമിച്ച, അങ്ങനെ  ആന്തരികമായും ബാഹ്യമായും ബഹുസ്വരമായ ഒരു കൃതിയാണ് മഹാഭാരതം. അതിലെ ഏതെങ്കിലും ഒരടരിനെ അതിന്റെ ശാശ്വതസത്തയായി സങ്കല്പിച്ച്, അതിനെ മുന്‍നിര്‍ത്തി, ആ കൃതിയെ സ്വീകരിക്കണമോ തള്ളിക്കളയണമോ എന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ അതിഭൗതികമായൊരു സത്താമൂല്യം ആ കൃതിയില്‍ ആരോപിക്കുന്നുണ്ട്. റെയ്മണ്ട് വില്യംസ് അദ്ദേഹത്തിന്റെ പഠനങ്ങളില്‍ ഒരു ടെക്സ്റ്റ് അല്ലെങ്കില്‍ സോഷ്യല്‍ ഫോര്‍മേഷനെക്കുറിച്ചു പറയുമ്പോള്‍ മൂന്ന് പ്രവണതകള്‍ അതില്‍ പ്രബലമായിട്ടുണ്ടാകും എന്ന് പറയുന്നുണ്ട്. ഒന്ന്, ഒരു ആധിപത്യ ബലം (dominant) രണ്ട്, അവക്ഷിപ്ത രൂപം (residual)) എന്ന് പറയാവുന്ന ഒരു ബലം, മൂന്ന്, ആവിര്‍ഭവിക്കുന്ന ഒരു ബലം (emergent). ഏത് ടെക്സ്റ്റിലേക്ക് നോക്കിയാലും ഡോമിനന്റായ ഒരു ഐഡിയോളജിക്കല്‍ പൊസിഷന്‍ അതിനകത്ത് ഉണ്ടാകുമെന്നതുപോലെ പിന്‍വാങ്ങി നില്‍ക്കുന്ന ഒന്നുമുണ്ടാകും. അതോടൊപ്പം തന്നെ പുതുതായി ഉയര്‍ന്നുവരുന്ന ചിലതും ഉണ്ടാകും. ഈ ബലങ്ങളുടെ അതിസങ്കീര്‍ണമായ സംഘര്‍ഷവേദിയാണ് ഏത് ടെക്സ്റ്റും. മഹാഭാരതം നോക്കിയാല്‍ രണ്ടായിരം വര്‍ഷക്കാലമെങ്കിലുമായി പല രൂപത്തില്‍ പ്രവര്‍ത്തിച്ച് പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു ടെക്സ്റ്റ് ശാശ്വതമായി ഒരൊറ്റ മുദ്രയിലാണ് തളഞ്ഞുകിടന്നത് എന്ന് പറയുന്നത് ആ ടെക്സ്റ്റിന്റെ ചരിത്രത്തെയും ആ ടെക്സ്റ്റ് ജീവിച്ച നമ്മുടെ സമൂഹത്തിന്റെ ചരിത്രത്തെയും ഒറ്റയടിക്ക് റദ്ദാക്കിക്കളയുന്ന ഒരു കാഴ്ചപ്പാടാണ്. ഒരു ടെക്സ്റ്റില്‍ ഡോമിനന്റ് ആയ അംശത്തിന് സമാന്തരമായി ആവര്‍ഭവിക്കുന്ന പ്രത്യയശാസ്ത്ര ബലമുണ്ട്,അവക്ഷിപ്തമായവയുണ്ട്.റെയ്മണ്ട്  വില്യംസ് പറയുന്ന മാതൃക പൂര്‍ ണമായി കടമെടുത്താല്‍ പ്രാചീനമായ (Archaic) ചില അംശങ്ങളുണ്ട്, കേവലനവീനം (Merely Novel)  എന്ന് വിളിക്കാവുന്ന അംശങ്ങളുണ്ട്, പൂര്‍വാവിര്‍ഭാവം (Pre emergent) എന്ന് പറയാവുന്ന അംശങ്ങളും ഉണ്ട്. അങ്ങനെ എത്രയോ ബലങ്ങള്‍ കൂടിക്കലര്‍ന്ന് ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഒരു പാഠമണ്ഡലത്തെ, അതിലെ ഏതെങ്കിലുമൊരു ഘടകത്തിലേക്ക് ശാശ്വതമായി ഫിക്‌സ് ചെയ്യുന്നത് പാഠത്തിന്റെ ചരിത്രജീവിതത്തെ സമ്പൂര്‍ണമായി തമസ്‌ക്കരിക്കുന്ന ഏര്‍പ്പാടാണ്, അത് ചരിത്രവിരുദ്ധവും സത്താപരവുമാണ് എന്നാണെന്റെ നിലപാട്. അത് ദളിത് സമീക്ഷയോട് ആകമാനമുള്ള വിമര്‍ശനമല്ല, മഹാഭാരതത്തെക്കുറച്ച് ഉയര്‍ന്നുവന്ന ദളിത് വിമര്‍ശനങ്ങളോടുള്ള എന്റെ പ്രതികരണമാണ്.


Read more: https://www.deshabhimani.com/articles/sunil-p-elayidom-interview-marxism-rafiq-ibrahim/889006

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ