2020 മേയ് 16, ശനിയാഴ്‌ച

ട്രമ്പിന്റെ ഫ്രണ്ട് മോദി അറിയാൻ. കെ.ജ.ജേക്കബ്

കോവിഡ് നേരിടാൻ കൊള്ളാവുന്ന ഇക്കണോമികൾ എല്ലാംതന്നെ പാക്കേജ് പ്രഖ്യാപിച്ചു. ഉപഭോഗം നിലച്ചുപോയ ഉറപ്പില്ലാത്ത വിപണിയിലേക്ക്‌ ആളുകളെ എങ്ങിനെ തിരിച്ചുകൊണ്ടുവരാം എന്നതായിരുന്നു അവരുടെ ശ്രദ്ധ. അതിനെങ്ങിനെ  അവരുടെ കൈയിൽ പണമെത്തിക്കാം എന്നതാണ് ആലോചന. 

ഇന്നലെ അമേരിക്കൻ അധോസഭ പാസാക്കിയ മൂന്നു ട്രില്യൺ ഡോളർ പാകേജ് ഇതൊക്കെയാണ്: സംസ്‌ഥാന, തദ്ദേശ ഭരണ ട്രൈബൽ ഭരണകൂടങ്ങൾക്ക് ഒരു ട്രില്യൺ, ആറായിരം ഡോളർ വരെ കുടുംബങ്ങൾക്ക് നേരിട്ടുള്ള സഹായം, വിദ്യാർത്ഥികളുടെ വായ്‌പ്പാ എഴുതിത്തള്ളൽ, ഫുഡ് കൂപ്പണുകൾ, തൊഴിലാളികളെ നിലനിർത്തുന്നവർക്കുള്ള ടാക്സ് ഇളവുകൾ, കൊറോണ ടെസ്റ്റിംഗിന് വർദ്ധിച്ച സഹായം...ഏതൊക്കെ മൈ പ്രണ്ട് ട്രംപ് ഒപ്പിടും എന്നറിയില്ല. 

പക്ഷെ ട്രംപിന്റെ പ്രണ്ടിന്റെ ശ്രദ്ധ വേറെയാണ്. 

വേലയും കൂലിയുമില്ലാത്ത, ഭാവിയിക്കുറിച്ച് ഒരുറപ്പുമില്ലാത്ത കോടിക്കണക്കിനു മനുഷ്യർ കുഞ്ഞുങ്ങളെയും കൂട്ടി നടന്നു മരിക്കുന്ന നാട്ടിൽ അവരല്ല പ്രണ്ടിന്റെ വിഷയം; അവരും അവരെപ്പോലുള്ളവരും കഴിച്ചു ബാക്കിയാകുന്നവർക്കു വേണ്ടിയുള്ള ഇക്കണോമിയാണ് വിഷയം;  അതിന്റെ നിർമ്മാണമാണ് 20 ലക്ഷം കോടിയുടെ പാക്കേജ്. അതിനുള്ള പണം എവിടെനിന്നും ഒപ്പിക്കാം എന്നതാണ് നോട്ടം.
  
ബാൽക്കണിയിൽ കൈകൊട്ടുന്നവർക്കും അവരുടെ കുഞ്ഞുങ്ങൾക്കുംവേണ്ടിയുള്ള പരിഷ്‌കാരങ്ങൾ. അതിനുള്ള മൂലധനം സംഭരിക്കാനുള്ള വില്പനശ്രമങ്ങൾ. 

കൊറോണ ഒരു നിമിത്തമായി എന്ന് മാത്രം കണ്ടാൽ മതി.  

അപ്പോൾ നടക്കുന്നവർ?
ഗാന്ധിശിഷ്യന്മാരാണ് എന്നല്ലേ പറച്ചിൽ.
ഗാന്ധി നടന്നിട്ടില്ലേ? അവരും നടക്കട്ടെ. 

അതിലെന്താണ് ഒരു കുറച്ചിൽ?

ശശി തരൂരിൽ നിന്ന് പഠിക്കാനേറെയുണ്ട് പ്രതി പക്ഷത്തിന്. കെ.ജെ.ജേക്കബ്

യു ഡി എഫ് ലോക്സഭാംഗം എന്ന നിലയിൽ ഡോ ശശി തരൂർ ചെയ്യുന്ന കാര്യങ്ങൾക്കു പൊതുവെ സ്വീകാര്യത കൂടിവരുന്നുണ്ട്. അതിൽ അദ്‌ഭുതമില്ല. ഒരു മഹാമാരിയുടെ പാശ്ചാത്തലത്തിൽ അദ്ദേഹം ചെയ്തത് സാധാരണ രാഷ്ട്രീയ രീതിയിൽനിന്നു ഇത്തിരി മാറി നടക്കലാണ്. 

ഡോ തരൂർ മാത്രമല്ല, കേരളത്തിലെ മൊത്തം പ്രതിപക്ഷവും, വിശിഷ്യാ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇത്തരമൊരു സമീപനം സ്വീകരിക്കണമെന്ന് വിനീതനായ ഞാൻ (കുഞ്ഞാലിക്കുട്ടി സാഹിബിനെ ഓർക്കുന്നു) പല പ്രാവശ്യം എഴുതിയിരുന്നു. 

ഇനിയും കോൺഗ്രസ് നേതൃത്വം  അത്തരമൊരു നിലപാടിലേക്ക് മാറണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മൾക്കു ഇനിയും പിടികിട്ടാത്ത ഒരു വൈറസാണ് ഇതിലെ ചുറ്റിക്കളിയുമായി നടക്കുന്നത്. അതിനു ഡസൻ കണക്കിന് വേരിയന്റുകൾ ഉള്ളതായി വിദഗ്ധർ കണക്കാക്കുന്നു. അവയുള്ള എല്ലാ നാടുകളിൽനിന്നും മലയാളികൾ കേരളത്തിലെത്തും. സർക്കാർ സംവിധാനത്തിനു മാത്രമായി അതിനെ പിടിച്ചുകെട്ടുക അങ്ങേയറ്റം അപകടസാധ്യതെയുള്ള കാര്യമാകും. 

ഇവിടാരും അഹങ്കരിക്കുന്നില്ല എന്നും നാളെ എന്ത് നടക്കും എന്ന കാര്യത്തിലുള്ള  ആശങ്കയാണ് എല്ലാവർക്കുമെന്ന സത്യം, താഴെത്തട്ടിലുള്ള കോൺഗ്രസുകാരുടെയും യു ഡി എഫിൻെറയും കൂടി കഠിന ശ്രമത്തോടെയാണ് കേരളം ഇതുവരെ പിടിച്ചുനിന്നത് എന്നതിൽ, രാഷ്ട്രീയത്തിനതീതമായി ഒരു പൊതു ശത്രുവിനെതിരെ ഒരുമിച്ചു നിന്നു മറ്റൊരു കേരളം മോഡൽ സൃഷ്ടിക്കുന്നു എന്ന പരിമിതമായ അഭിമാനം: ഇവ മാത്രമേ ഇപ്പോൾ മലയാളിക്കുള്ളൂ എന്നും കോൺഗ്രസ് മനസിലാക്കണം.      

---
കൊറോണ ഈ രൂപത്തിൽ ആകുന്നതിനു വളരെ മുൻപ് മാർച്ച് 11 നു എഴുതിയ പോസ്റ്റിലെ ഒരു ഭാഗം: (പോസ്റ്റിന്റെ ലിങ്ക് കമന്റിലുണ്ട്.)

"ഇപ്പോൾ കൊറോണ വൈറസിനെ സംസ്‌ഥാന സർക്കാർ നേരിടുന്നത് നാളെ ലോകം കണ്ടുപഠിക്കാൻ പോകുന്ന ഒരു മാതൃകയുണ്ടാക്കിയാണ്. നോക്കിപ്പഠിക്കാൻ മറ്റൊന്നില്ലാത്തതിനാൽ പാളിച്ചകളും വീഴ്ചകളും ഉണ്ടാകാം. അതെങ്ങിനെ ഉപയോഗിക്കണം എന്ന കാര്യത്തിൽ ചെന്നിത്തല മുൻപ് കാണിച്ചതുപോലുള്ള പ്രായോഗിക ബുദ്ധി കാണിക്കണം. സാധാരണ ഒരു സന്ദർഭത്തിൽ പ്രതിപക്ഷം ഉപയോഗിക്കുന്നതുപോലെ ഉപയോഗിക്കുന്നതിനേക്കാൾ ഫലം ചെയ്യുക ഒരു സൗഹൃദ പ്രതിപക്ഷം എന്ന നിലയിലേക്ക് മാറി സിറ്റം മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കുന്ന സർക്കാരിന് പുറത്തുള്ള മറ്റൊരു സംവിധാനം എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴായിരിക്കും എന്നാണ് എന്റെ നിഗമനം. മനഃപൂർവ്വം ഒരു വീഴ്ച ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും എന്ന് പറഞ്ഞാൽ ആളുകൾ വിശ്വസിക്കാൻ സാധ്യത കുറവാണ്. അതുകൊണ്ടു വീഴ്ചകളുണ്ടായാൽ അത് ചൂണ്ടിക്കാട്ടുന്ന, അതിൽനിന്നു രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ നോക്കാത്ത ഒരു പ്രതിപക്ഷം എന്ന ലേബലായിരിക്കും പ്രതിപക്ഷത്തിന് ഗുണം ചെയ്യുക. അതായിരിക്കും നാടിനും ഗുണം ചെയ്യുക. അതായിരിക്കും ചെന്നിത്തലയ്ക്കും ഗുണം ചെയ്യുക."
--
"അതുകൊണ്ടു ജനങളുടെ തീരുമാനത്തെ മുൻ‌കൂർ നിശ്ചയിക്കരുത്; ഭരണനേട്ടങ്ങൾ മാത്രം മുൻനിർത്തിയല്ല ലോകത്തൊരു ജനവും വോട്ടു ചെയ്യുന്നത്. പൗരത്വ നിയമത്തിൽ കൊള്ളാവുന്ന നിലപാട് എടുത്തിരുന്നു എങ്കിൽ അരവിന്ദ് കെജ്‌രിവാൾ ഇപ്പോൾ പ്രതിപക്ഷത്തിരുന്നേനെ. അതുകൊണ്ടു ഒരു കൊല്ലം കഴിഞ്ഞു നടക്കുന്ന തെരഞ്ഞെടുപ്പിനെ ഇപ്പോഴേ പ്രതിപക്ഷം ഭയപ്പെടേണ്ടതില്ല; ഭയക്കേണ്ടത് ഭരണപക്ഷമാണ്. കാരണം ഭരണാധികാരിയ്ക്കു തെറ്റ് പറ്റും; പ്രതിപക്ഷത്തിന് തെറ്റുപറ്റാൻ പാടാണ്. അതുകൊണ്ടു ഭരണാധികാരിയ്ക്കു തെറ്റുപറ്റുന്നതുവരെ കാത്തിരിക്കുക. ഇപ്പോൾ, നാടിനൊരവശ്യം വരുമ്പോൾ, കൂടെനിൽക്കുന്ന പ്രതിപക്ഷനേതാവിന്റെ വാക്കുകൾക്ക് കൂടുതൽ വിലയുണ്ടാകും."

കേരളത്തിന്റെ മാറ്റത്തിന്റെ സൃഷ്ടാക്കൾ ജനങ്ങളാണ്.ആന്റണിയുടെ രാജഭക്തി ചരിത്ര നിഷേധം. കെ.എൻ.ഗണേശ്

രണ്ടു മൂന്നു ദിവസമായി ആന്റണിയുടെ അഴിമുഖം അഭിമുഖത്തെ കുറിച്ച് ചർച്ച നടക്കുകയാണ്. ആന്റണിയുടെ ലക്ഷ്യം പൊതുജനാരോഗ്യ സംവിധാനത്തിന്റെ വളർച്ചക്കുള്ള ഒരു ചെറിയ ആനുകൂല്യം പോലും ഇടതുപക്ഷത്തിന് നൽകരുതെന്ന് ആന്റണിക്ക് നിർബന്ധമാണെന്ന് പകൽ പോലെ വ്യക്തമായിരുന്നു. 

ഇതിനെ കുറിച്ച് മറ്റൊരു ചർച്ച വളർന്നു വരുകയാണ്. ഡോക്ടർ പൽപ്പുവിന് തിരുവിതാംകൂറിൽ ജോലി നിഷേധിച്ചത്, ആധുനിക വൈദ്യം ആർക്കെന്നുമുള്ള ചർച്ച,  അടിസ്ഥാന ജീവിതഗുണ നിലവാരത്തിന്റെ അങ്കനങ്ങൾ എന്ത് കാണിക്കുന്നു എന്നത്, ഇങ്ങിനെ ആന്റണി പോലും കണ്ടിട്ടില്ലാത്ത വഴികളിലൂടെ ചർച്ച നീളുകയാണ്. 


രണ്ടു കാര്യങ്ങളാണ് പ്രധാനം എന്ന് തോന്നുന്നു.  ഏതൊരു സമൂഹമാറ്റത്തെയും ആരുടെ എങ്കിലും ഭരണ പരിഷ്കാരമായി കാണുക നമ്മുടെ ഒരു രീതിയാണ്. രാഷ്ട്രീയക്കാർക്ക് വലിയ ഇഷ്ടമുള്ള ഒരു കാര്യമാണ്.  ഏതൊരു പദ്ധതി ആരംഭിച്ചാലും ഞങ്ങളാണ് തുടങ്ങിവെച്ചത് എന്ന് പറഞ്ഞു ചാടിവീഴുന്നത് ഈ മാനസികാവസ്ഥയുടെ സൂചനയാണ്. സൂക്ഷമായി പരിശോധിക്കുകയാണെങ്കിൽ അത്തരം അവകാശവാദങ്ങളിൽ വലിയ കഴമ്പില്ലെന്നു കാണാം. ഒരു പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് തന്നെ വേറൊരാളോ ഒരു പ്രസ്ഥാനമോ അത്തരം അവശ്യം ഉന്നയിച്ചു കാണും. ഇത്തരത്തിൽ ജനങ്ങളിൽ നിന്നു ഒരു ആവശ്യമായി വരാത്ത ഭരണ പരിഷ്കാരങ്ങൾ പരാജയപ്പെടും. അതു കൊണ്ടു മാറ്റത്തിന്റെ സൃഷ്ടാക്കൾ ജനങ്ങളാണ്. തിരുവിതാംകൂറിൽ ആധുനിക വൈദ്യത്തിനു വളർച്ചയുണ്ടായി എന്നത് വസ്തുതയാണ്. എന്നാൽ അതിന്റെ യഥാർത്ഥ അവകാശികൾ അവിടത്തെ നവോത്ഥാന മുന്നേറ്റവും ജനകീയ പ്രസ്ഥാനങ്ങളും അവ സൃഷ്‌ടിച്ച അവബോധവുമാണ്.  അതിനോട് പ്രതികരിക്കാൻ രാജകുടുംബം നിർബന്ധിതരായി എന്നതാകും വസ്തുത. 


രണ്ടു, ഇതു വ്യക്തമായിരിക്കെ ആന്റണിയുടെ പ്രതികരണം എന്തുകൊണ്ടുണ്ടായി? തിരുവിതാംകൂർ പോലുള്ള ചരിത്ര നിർമ്മാണത്തിന്റെ മറ്റൊരു വശം ഇവിടെ പ്രധാനമാണ്. ശങ്കുണ്ണി മേനോന്റെ ചരിത്രവും ഉള്ളൂറിന്റെ progressive travancore പോലുള്ള രാജഭക്തി സ്വഭാവമുള്ള രചനകളും മുതൽ തിരുവിതാംകൂർ രാജാക്കന്മാർ ആധുനികവൽക്കരണത്തിന്റെ വക്താക്കളായി കാണിച്ചു കൊണ്ടുള്ള നിരവധി ചരിത്രകൃതികൾ പ്രചരിച്ചിട്ടുണ്ട്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്‌ കൂടുതൽ പുരോഗമനവാദികളായി മാറുകയും കമ്മ്യൂണിസ്റ് പ്രസ്ഥാനം വേരൂന്നുകയും ചെയ്ത സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധർ ഈ ഭക്തിപാരമ്പര്യം ശക്തമായി ഉപയോഗിച്ചിട്ടുണ്ട്. കൈനിക്കര പത്മനാഭപിള്ളയെ പോലുള്ളവരുടെ രചനകൾ ഉദാഹരണമാണ്. കമ്മ്യൂണിസ്റ്റുകാർ ദേശീയവിരുദ്ധരും രാജകുടുംബം ദേശീയതയുടെ വക്താക്കളുമായി മാറുന്ന അവസ്ഥയാണിത്. തിരുവിതാംകൂറിലെ എല്ലാ മുന്നേറ്റങ്ങളുടെയും  ഉത്തരവാദികൾ രാജ കുടുംബവും അവരുടെ ദിവാന്മാരും ആണെന്ന് വരുത്താനുള്ള ശ്രമം കാണാം.(എ.ശ്രീധരമേനോന്റെ triumph and tragedy in Travancore) ഈ ശ്രമം ചില വിദേശികളുടെ രചനകളിൽ പോലും കാണാം (No Elephants for the Maharaja - louis overkerk). പുന്നപ്ര വയലാർ സംഘർഷ ഭൂമിക്കടുത്ത് തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധ ആശയ പ്രപഞ്ചത്തിൽ വളർന്നുവന്ന ആന്റണി ഇതു ഉൾക്കൊണ്ടില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. ഒരർത്ഥത്തിൽ ഇക്കാര്യത്തിൽ സ്വന്തം പാർട്ടിയും വലുതായൊന്നും ചെയ്തിട്ടില്ലെന്ന സമ്മതവുമാണത്. കാരണം തിരുവിതാംകൂറിലെ ആദ്യത്തെ പൂർണമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ കോൺഗ്രസ്സിന്റേതായിരുന്നു.

2020 മാർച്ച് 26, വ്യാഴാഴ്‌ച

സഹജീവികൾക്ക് സ്വാതന്ത്ര്യവും സമത്വവും നൽകുന്നതാണ് രാജ്യ സ്നേഹം .

പൗരാവകാശ ലീഗ് സ്വാഗത പ്രസംഗം ജോൺ ചാണ്ടി

കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിന് ആക്കം കൂട്ടിയ ജനകീയ പ്രസ്ഥാനങ്ങളിൽ ഒന്നായിരുന്നു പൗരാവകാശ ലീഗ് (സിവിൾ റൈറ്റ്സ് ലീഗ് ).1919 ഏപ്രിൽ 5 ന് കോട്ടയത്ത് നടന്ന പൗരാവകാശ ലീഗ് സമ്മേളനത്തിൽ ജോൺ ചാണ്ടി നടത്തിയ സ്വാഗത പ്രസംഗത്തിൽ പൗരാവകാശ ലീഗിന്റെ ലക്ഷ്യം ഇങ്ങിനെ വിശദീകരിക്കുന്നു. ഭാരതത്തിന് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ട് കഴിഞ്ഞെങ്കിലും സാമൂഹിക സ്വാതന്ത്ര്യം ഇനിയും എത്രയോ അകലങ്ങളിലാണ്. ദേശ സ്നേഹത്തിന് പുതിയ വ്യാഖ്യാനങ്ങൾ നൽകുന്ന സമകാലീന ഭാരതത്തിൽ ഇന്നും പ്രസക്തമാണ് പൗരാവകാശ ലീഗ്  ദശകങ്ങൾക്ക് മുമ്പ് ഉയർത്തിയ ദർശനങ്ങൾ.
പ്രസംഗത്തിന്റെ പ്രസക്ത ഭാഗം ഉദ്ധരിക്കുന്നു.

" ഒരാൾ തന്റെ രാജ്യത്തെ സ്നേഹിക്കുകയും അതിന്റെ സർവ്വതോന്മുഖ വളർച്ചക്കും വേണ്ടി പ്രവർത്തിക്കുകയും ചെയ്യുക എന്നത് ഒരു പൗരന്റെ ഒഴിച്ചു കൂടാനാകാത്ത കടമയാണ്. ഇതാണ് യഥാർത്ഥ ദേശ സ്നേഹം. പ്രയോജനങ്ങൾക്കു വേണ്ടി മാത്രം രാജ്യത്തെ സ്നേഹിക്കുന്നത് ദേശ സ്നേഹമല്ല , സ്വാർത്ഥതയാണ്. 
തനിക്കു മാത്രമായി രാജ്യ ഭരണം നടത്തുകയും രാജ്യത്തിന്റെ ബൃഹത്തായ ജീവിതത്തെ കുറച്ചു പേർക്കായി തല്ലിക്കെടുത്തുകയും ചെയ്യുന്നതും ദേശ സ്നേഹമല്ല , സ്വാർത്ഥതയാണ്. നമ്മൾ കേവലം കൂറു പുലർത്തുന്നവരും നിയമാനുസൃതം ജീവിക്കുന്നവരും മാത്രമാകരുത്. നമ്മൾ സജീവ ദേശാഭിമാനികളായിരിക്കണം.  രാജ്യത്തെ സ്നേഹിക്കുന്നതിലൂടെ സഹജീവികൾക്ക് സമത്വവും ,സ്വാതന്ത്ര്യവും ലഭ്യമാക്കുന്നതിന് പ്രവർത്തിക്കുന്നതിലൂടെ , സാമൂഹിക ജീവിതത്തിൽ അധ:സ്ഥിതരെ കൈപിടിച്ചുയർത്താൻ സഹായിക്കുന്നതിലൂടെ , പാവപ്പെട്ടവന്റെ സ്വാതന്ത്ര്യ മാർഗ്ഗത്തിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കാതിരിക്കുന്നതിലൂടെ , അസ്പ്രശ്യതയുടെ പൈശാചിക സമ്പ്രദായത്തിനെതിരെ പ്രവർത്തിക്കുന്നതിലൂടെ , ആവശ്യമുള്ളപ്പോൾ അനുഷ്ഠിക്കേണ്ട ആത്മ ത്യാഗത്തിലൂടെ മാത്രമേ നമുക്ക് യഥാർത്ഥ രാജ്യ സ്നേഹികളാകാൻ കഴിയൂ. ഇത്തരത്തിൽ പ്രവർത്തിക്കുകയെന്നതാണ് ലീഗിന്റെ ലക്ഷ്യം"
കടപ്പാട്.
(എൻ.ബി.എസ് പ്രസിദ്ധീകരിച്ച. ഡോ.കെ.കെ.കുസുമൻ രചിച്ച 
നിവർത്തന പ്രക്ഷോഭണം എന്ന ഗ്രന്ഥം പേജ് 13)

2020 മാർച്ച് 20, വെള്ളിയാഴ്‌ച

കോവിഡ് 19 പ്രതിരോധത്തിന് ഇനി വേണ്ടത് തീവ്ര ജാഗ്രത

അലംഭാവം എത്ര നിസാരമെങ്കിലും ഫലം മഹാ വിപത്ത്

ലോകമാകെ കടുത്ത ജീവനാശം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 നെ പ്രതിരോധിക്കാൻ കടുത്ത ജാഗ്രതയാണ് ഇനിയാവശ്യം. ഇതിനകം കൊടിയ ജീവനാശങ്ങൾ ഉണ്ടായ ചൈന , ഇറ്റലി , ഇറാൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഭാരതത്തിന്റെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഏറെ പിന്നിലാണെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. 

ആശുപത്രി കിടക്കകൾ ഇന്ത്യയിൽ ആഗോള ശരാശരിയിൽ താഴെ

ലോകാരോഗ്യ സംഘടന അവസാനം നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം ആയിരം പേർക്ക് അഞ്ച് ആശുപത്രി കിടക്കളെങ്കിലും ഉണ്ടായിരിക്കണം. ഇന്ത്യയിൽ 0.9 കിടക്കകൾ മാത്രമാണുള്ളത്. ചൈനയിലാകട്ടെ ആയിരം പേർക്ക് 2017 - ലെ കണക്ക് പ്രകാരം 4.34 കിടക്കകളുണ്ട്. ഇറ്റലിയിൽ 3.18 കിടക്കളുണ്ട്. ഇന്ത്യയുടെ അയൽ രാജ്യമായ ശ്രീലങ്കയിൽ പോലും 3.31 കിടക്കകൾ ഉണ്ടെന്നത് ഓർമ്മിക്കണം. 

ആരോഗ്യ സുരക്ഷ സർക്കാർ നിക്ഷേപത്തിലും ഇന്ത്യ പിന്നിൽ

ചൈന ജി.ഡി.പിയുടെ 5.1 ശതമാനം ആരോഗ്യ സുരക്ഷക്ക് വേണ്ടി ചിലവഴിക്കുന്നത്. ഇന്ത്യയാകട്ടേ ചിലവഴിക്കുന്നത് 3.7 ശതമാനം മാത്രം. ഇറ്റലി ജി.ഡി.പിയുടെ 8.9 ശതമാനം ആരോഗ്യ രക്ഷക്ക് മാറ്റി വക്കുന്നുണ്ട്. ചൈനയുടെ ആളോഹരി ആരോഗ്യ രക്ഷാ ചിലവ്  398.3 ഡോളറെങ്കിൽ ഇന്ത്യയുടെ 111.6 മാത്രം. ഇറ്റലിയുടേതാകട്ടേ ആളോഹരി ചിലവ് 2738.7 ഡോളർ. 

ഡോക്ടർ മാർ, നേഴ്സ്മാർ, പാരാമെഡിക്കൽ സ്റ്റാഫ് എണ്ണത്തിലും ഇന്ത്യ പിന്നിൽ

ചൈനയിൽ ആയിരം പേർക്ക് 1.8 ഫിസിഷ്യന്മാർ ലഭ്യമെങ്കിൽ ഇന്ത്യയിൽ 0.8 മാത്രം.ചൈനയിൽ ആയിരം പേർക്ക് 2.3 നേഴ്സ & മിഡ് വൈഫു മാരുള്ളപ്പോൾ ഇന്ത്യയിൽ 2.1 മാത്രം. സ്പെഷ്യലിസ്റ്റിക് സർജിക്കൽ ഫോഴ്സ് ഒരു ലക്ഷം പേർക്ക് ചൈനയിൽ 40 .1 എങ്കിൽ ഇന്ത്യയിൽ 6.8 മാത്രം. ഇറ്റലിയിലാകട്ടെ 142.4 ആണ്.

ജനസാന്ദ്രതയിൽ ഇന്ത്യ മുന്നിൽ

 2011 ലെ സെൻസസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്റിൽ 416 ആണെങ്കിൽ ചൈനയുടേത് 148 മാത്രമാണ്. ഇറ്റലിയിലെ ജന സാന്ദ്രത 200.3 മാത്രം. 

രോഗ പ്രതിരോധം തന്നെ രക്ഷാമാർഗം

ഇന്ത്യയെക്കാൾ മികച്ച ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഉള്ള , ജന സാന്ദ്രത കുറവുള്ള ചൈനയെയും, ഇറ്റലിയെയും കോറോണാ വൈറസ് അപകട സ്ഥിതിയിലെത്തിച്ചെങ്കിൽ ആരോഗ്യ സുരക്ഷാ സംവിധാനത്തിൽ ഏറെ പിന്നിലുള്ളതും ജന സാന്ദ്രത ഏറിയതുമായ ഇന്ത്യ രോഗ പ്രതിരോധത്തിൽ തീവ്ര ജാഗ്രത പുലർത്തിയില്ലെങ്കിൽ വലിയ അപകടത്തിലേക്കാവും എത്തുക.  അതായത് ഇനിയും പ്രതിരോധ വാക്സിൻ കണ്ടു പിടിക്കാത്ത കോവിഡ് 19 വൈറസ് ബാധിച്ച് കൂട്ടത്തോടെ  ജനങ്ങൾക്ക് ആശുപത്രി ചികിത്സ വേണ്ടി വന്നാൽ അവർക്ക് ഫലപ്രദമായ ചികിത്സ നൽകാൻ ആരോഗ്യ പാശ്ചാത്തല സൗകര്യങ്ങളോ , ആരോഗ്യ പ്രവർത്തകരോ ഇല്ലാതിരിക്കെ വൻ ദുരന്തത്തെയാകും നാം നേരിടേണ്ടി വരിക.

മഹാമാരിയെ പ്രതിരോധിക്കാൻ അണിചേരാം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കൊപ്പം

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ മഹാ മാരിയെ നേരിടാൻ ചെയ്യുന്ന ശ്രമങ്ങൾക്കു പൂർണ്ണ പിന്തുണ നൽകാൻ ഓരോ പൗരനും തയ്യാറാകണം. രോഗ പ്രതിരോധത്തിന് ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദ്ദേശങ്ങൾ മാത്രമാകണം നാം പാലിക്കേണ്ടത്. രോഗം ബാധിച്ചതിന് ശേഷമുള്ള ചികിത്സയെക്കാൾ മുൻഗണന രോഗം വരാതിരിക്കാനുള്ള മുൻകരുതലും ജാഗ്രതയുമാണ് ഇന്നാവശ്യം.

അവലംബം : ലോക ബാങ്ക് റിപ്പോർട്ട്.

2015 സെപ്റ്റംബർ 29, ചൊവ്വാഴ്ച

അധികാര വികേന്ദ്രീകരണം നേതാവിനും, ഭാര്യക്കും, മക്കള്‍ക്കും വരെ മാത്രം

പഞ്ചായത്ത് തെര്ഞെടുപ്പിന്‍റെ കുളമ്പടി നാദം മുഴങ്ങിക്കഴിഞ്ഞു.സംവരണ വാര്‍ഡുകള്‍ കണ്ടെത്താനുള്ള നറുക്കെടുപ്പും പൂര്‍ത്തിയായി. രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌  ഇപ്പോള്‍.
വാര്‍ഡ് വനിതാ സംവരണമാകുമ്പോള്‍ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുകയും,സംവരണ ബാധയൊഴിയുമ്പോള്‍ ഭര്‍ത്താവ്  സ്ഥാനാര്‍ത്ഥിയാകുകയും ചെയ്ത് പഞ്ചായത്ത് ഭരണം കുടുംബ സ്വത്താക്കുന്നതിനെ വിലക്കുന്ന കെ.പി..സി.സി മാര്‍ഗ്ഗ നിര്‍ദ്ദേശം ഇതിനകം പല യു.ഡി.എഫ് സ്ഥാനമോഹികളുടെയും ഉറക്കം കെടുത്തിക്കഴിഞ്ഞു. പഞ്ചായത്ത്  അധികാര വികേന്ദ്രീകരണം എന്നത് സ്വന്ത്രം കുടുംബത്തില്‍ മാത്രം  കേന്ദ്രീകരിക്കുന്ന ഇത്തരം കപട "ജനസേവകര്‍ക്കു" വീണ്ടും വീണ്ടും മത്സരിക്കാന്‍ ഇടം ലഭിക്കാതിരിക്കാന്‍ ജനകകീയ ഇട പെടല്‍ ഉണ്ടാകണം. മുമ്പ് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സ്ഥാനമോഹം തലക്ക് പിടിച്ച് കൂറുമാറിയവര്‍ക്കും ഇനി സീറ്റു നല്‍കേണ്ടതില്ലെന്ന കെ.പി.സി.സി നിര്‍ദ്ദേശവും ചില സ്ഥാന മോഹികള്‍ക്ക് പാരയായിരിക്കുകയാണ്.
നാട്ടിന്‍ പുറത്തെ റിയല്‍ എസ്റ്റേറ്റുകാരും,ബ്ളേഡ് കുബേരകളും തങ്ങളുടെ വ്യാപാര താല്‍പര്യം സംരക്ഷിക്കാന്‍ സീറ്റു വിലക്കെടുക്കാന്‍ പണച്ചാക്കുമായി ഇതിനകം രംഗത്തിറങ്ങിക്കഴിഞ്ഞു. എങ്ങിനെയും സീറ്റുകള്‍ കൈവശപ്പെടുത്താന്‍ പള്ളിയെയും,ക്ഷേത്രത്തെയും ജാതി സംഘടനകളെയുമെല്ലാംതരാതരം പോലെ ഉപയോഗിക്കുന്നതില്‍ വിരുതന്മാരാണവര്‍. ഇത്തരം എട്ടുകാലി മമ്മൂഞ്ഞൂമാര്‍ ഈ തെരഞ്ഞെടുപ്പുകാലത്തും പുനര്‍ജനിക്കുന്നുണ്ട്.
മതങ്ങളും ,പുരോഹിതന്മാരും ഒക്കെ രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്. പണാധിപത്യത്തിന് കീഴങ്ങുന്ന പല മത പുരോഹിതന്മാരും സ്വന്തം മൂലധന താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി ഇഷ്ടക്കാര്‍ക്കു അനര്‍ഹമായി സീറ്റ് തരപ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകളുടെ തിണ്ണ നിരങ്ങുന്ന ലജ്ഞാകരമായ കാഴ്ചകളും പലപ്പോഴും കാണാറുണ്ട്.ഇതിനെതിരായ ചെറുത്തു നില്‍പ്പ് അതാതു മതങ്ങളുടെ വിശ്വാസികളില്‍ നിന്നു തന്നെ ഉയര്‍ന്നു വരണം.  സീറ്റു കിട്ടുമെങ്കില്‍ ഖദര്‍ മാറ്റി കാവി പുതക്കാനും,കാവിയൂരി ഖദറണിയാനും തയ്യാറെടുത്താണ് പലരുടെയും നില്‍പ്പ്. ജനങ്ങളെ സേവിക്കാനുള്ള ഇക്കൂട്ടരുടെ ആര്‍ത്തി അപാരം തന്നെ. തുടര്‍ച്ചയായി പഞ്ചായത്ത് ഭരിച്ച് വീണ്ടും സേവിക്കാന്‍ ആര്‍ത്തിയോടെ നെട്ടോട്ടം ഓടുന്നവര്‍ ഇതിനകം സമ്പാദിച്ച സ്ഥാവര-ജംഗമ വസ്തുക്കളെന്തൊക്കെയെന്നും,വരുമാന സ്രോതസ് എന്താണെന്നും പരസ്യ പ്പെടുത്തുവാന്‍ തയ്യാറാകുമോ...കാത്തിരുന്നു കാണാം. കരാറുടമകളുമായുള്ള അവിഹിതബന്ധങ്ങളിലൂടെ നാടിന്‍റെ വികസനഫണ്ടുകള്‍  പിന്‍വാതിലിലൂടെ കുടുംബ മൂലധനമാക്കി മാറ്റിയ കപട ജനസേവകരായ മുന്‍ പഞ്ചായത്തംഗങ്ങള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടാതിരിക്കാന്‍ ജനകീയ ജാഗ്രതയുണ്ടാകണം.

2015 സെപ്റ്റംബർ 6, ഞായറാഴ്‌ച

കത്തോലിക്കാസഭയുമായുള്ള ബന്ധം യാക്കോബായ സഭക്ക് ഗുണമോ , ദോഷമോ..?

പാപ്പാമത പാഷാണ്ഡതക്കായി വാതില്‍ തുറക്കുന്ന യാക്കോബായസഭ
2015 ആഗസ്റ്‌റ് 20-ന് പുറത്തിറങ്ങിയ വിശ്വാസ സംരക്ഷകന്‍ മാസികയില്‍  ഫാ.ഗ്രിഗര്‍ ആര്‍ കൊള്ളന്നൂര്‍‍ രചിച്ച് പ്രസിദ്ധീകരിച്ച "ഓര്‍ത്തഡോക്സി- ഒരു നേര്‍ത്ത പാതയിലൂടെ യുള്ള പ്രയാണം" എന്ന ലേഖനം ഏറെ കാലിക പ്രസക്തിയുള്ളതാണ്. യാക്കോബായ-ഓര്‍ത്തഡോക്സ് സഭകള്‍ നൂറ്റാണ്ടുകളായി പിന്തുടര്‍ന്നു പോരുന്ന  വിശ്വാസ സത്യങ്ങള്‍ റോമന്‍ കത്തോലിക്ക,പ്രൊട്ടസ്ററന്‍റ് വിശ്വാസങ്ങളുമായി ഏറെ ഭിന്നമാണെങ്കിലും , എക്യൂമനിസത്തിന്‍റ അമിതവല്‍ക്കരണത്തിന്‍റെ ഫലമായി ഇരു സഭകളും ഓര്‍ത്തഡോക്സ് വിശ്വാസം എങ്ങിനെ കത്തോലിക്കാ-പ്രൊട്ടസ്റ്റന്‍റ് വിശ്വാസക്രമങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു എന്ന് സഭാംഗങ്ങളെ പഠിപ്പിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നു എന്ന് ലേഖകന്‍ ആരോപിക്കുന്നു. ലേഖകന്‍ ഉള്‍പ്പെടുന്ന യാക്കോബായ സഭയുടെ ദേവാലയങ്ങളില്‍ പ്രസംഗത്തിനും, ധ്യാനത്തിനും  കത്തോലിക്കാ-പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തില്‍ പെട്ട വൈദികരെയോ,അത്മായ പ്രഭാഷകരെയോ ക്ഷണിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങളെ ക്കുറിച്ച് ലേഖകന്‍ ഏറെ ആകുലപ്പെടുന്നു. ഓര്‍ത്തഡോക്സ് സഭകള്‍   സാര്‍വത്രിക സഭകളാകെ അംഗീകരിക്കുന്ന ആദ്യ മൂന്ന് പൊതു സുന്നസദോസുകളെ മാത്രമാണ് അംഗീകരിക്കുന്നതെങ്കില്‍ കത്തോലിക്കാ സഭ  ഇതിനോട് വിയോജിക്കുനു. AD449 -ല്‍ നടന്ന എഫേസൂസ് രണ്ടാം പൊതു സുന്നഹദോസില്‍  പങ്കെടുക്കാതെ‍  ഭിന്നിച്ചു നിന്നു  സുന്നഹദോസിന് അയച്ചു കൊടുത്ത ഇരു സ്വഭാവ വാദത്തെ പരോക്ഷമായി പിന്തുണക്കുന്ന "TOM OF LEO "എന്നറിയപ്പെടുന്ന ലേയോന്‍ പാപ്പയുടെ വേദ വിപരീതത്തെ അന്ത്യോക്യന്‍,അലക്സ്യാന്ത്ര്യന്‍,കുസ്തന്തീനോപ്പോലീസ് സഭകള്‍ ഇപ്പോഴും നിരാകരിക്കുന്നു.ലെയോന്‍ പാപ്പയുടെ  വേദ വിപരീതത്തിനെതിരെ പൊതു  സഭയെ  സത്യ വിശ്വാസത്തില്‍ ഉറപ്പിച്ച് നിലനിര്‍ത്തിയതിന് അലക്സന്ത്ര്യയയിലെ മോര്‍ ദീയസ്കോറോസ്, അന്തോക്യയിലെ മോര്‍ സേവേറിയോസ് ഉള്‍പ്പെടെയുള്ള  പിതാക്കന്മാരും, വിശ്വാസികളും ലേയോന്‍ പാപ്പയുടെ പ്രേരണയാല്‍ കസസ്തന്തീനോസ്പോലീസ് രാജഭരണത്തില്‍ പ്രത്യേകിച്ച് മല്‍ക്കിയാന്‍ പ്രഭുവില്‍ നിന്നു ഏല്‍ക്കേണ്ടി വന്ന കൊടിയ പീഡനങ്ങള്‍ അവര്‍ണ്ണനീയമാണ്. കല്‍ക്കിദോനിയ ഉള്‍പ്പെടെയുള്ള തുടര്‍ന്നുള്ള കത്തോലിക്കാ സുന്നസദോസ് നിശ്ചയങ്ങളെ വേദവിപരീതങ്ങളെന്ന് പ്രഖ്യാപിച്ച് ഓര്‍ത്തഡോക്സ് സഭകള്‍ ഇപ്പോഴും തള്ളിക്കളയുന്നു എന്നതും നവ പാപ്പാമത പ്രേമികള്‍ ഓര്‍മ്മിക്കുന്നത് നന്ന്. വി. ദൈവമാതാവാണ് ക്രിസ്തുവിന്‍റെ മാതാവായ മറിയം എന്ന് കത്തോലിക്കാ- ഓര്‍ത്തഡോക്സ് സഭകള്‍ ഒരു പോലെ അംഗീകരിക്കുന്നണ്ടെങ്കിലും മറിയത്തിന്‍റെ ജനനത്തെ "അമലോത്ഭവ ജനനം "എന്ന കത്തോലിക്കാസഭയുടെ പഠിപ്പിക്കലിനെ കടുത്ത വേദവിപരീതമെന്നാണ്  ഓര്‍ത്തഡോക്സ് സഭകള്‍ ഇപ്പോഴും‍ പഠിപ്പിക്കുന്നത്.നിത്യപ്രാര്‍ത്ഥനയില്‍ സഭ ഏറ്റുചൊല്ലുന്ന വിശ്വാസ പ്രമാണത്തില്‍ " പിതാവില്‍ നിന്നും പുറപ്പെട്ടു " എന്ന ഭാഗം തിരുത്തി "പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെട്ടു " എന്ന ശുദ്ധ വേദവിപരീതമാണ് കത്തോലിക്കാസഭ ഒന്‍പതാം നൂറ്റാണ്ടു മുതല്‍ ഉപയോഗിക്കുന്നത്.അന്ത്യോക്യയില്‍ പത്രോസ് സഭ സ്ഥാപിച്ചുവെങ്കിലുംപത്രോസിന്‍റെ പരമാധികാര ശ്ളൈഹിക സിംഹാസനംറോമിലേത് മാത്രമാണെന്നാണ് കത്തോലിക്കാ സഭ ഇപ്പോഴും പഠിപ്പിക്കുന്നത്. കത്തോലിക്കാ സഭയും സിറിയന്‍ ഓര്‍ത്തഡോക്സ് സഭയും തമ്മില്‍ നടത്തിയ ഉഭയ ക്ഷി ചര്‍ച്ചകളിലെങ്ങും ഇരുസഭകളിലെയും വൈദികരും,വേദശാസ്ത്ര പ്രഭാഷകരുംഇരു സഭകളിലെയുംദേവാലയങ്ങളിലെ വേദപ്രബോധനവേദികള്‍ പരസ്പരം പങ്കു വക്കുന്നതില്‍ നാളിതുവരെ ധാരണയില്‍ എത്തിയിട്ടില്ല എന്നതുംശ്രദ്ധിക്കുക.
അറിയൂസും, നെസ്തോറും , മക്കോദോനിയോസും എവുത്തിക്കോസും എല്ലാം ഏവരെയും ആകര്‍ഷിക്കുന്ന വാഗ് വിലാസം കൊണ്ടായിരുന്നു ആദിമ സഭയില്‍ വേദവിപരീതം പ്രചരിപ്പിച്ചിരുന്നത് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ ദ്യശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ ആകര്‍ഷണീയങ്ങളായ വാഗ് വിലാസങ്ങളാല്‍ മുന്നിട്ടു നില്‍ക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ മാത്രം വിശ്വാസ വിപരീതികളായ കത്തോലിക്കാ-പ്രൊട്ടസ്റ്റന്‍റ് വൈദികര്‍ക്കും, അത്മായ പ്രഭാഷകര്‍ക്കും യാക്കോബായ സഭയിലെ ദേവാലയങ്ങളിലും,സുവിശേഷ യോഗങ്ങളിലും,ധ്യാനയോഗങ്ങളിലുംപ്രഭാഷണത്തിന് ഇടം നല്‍കുന്നത് ശരിയോ എന്ന് നൂറുവട്ടം ആലോചിക്കേണ്ടതാണ്. ലഭിക്കുന്ന ഏതൊരു ഇടവും പഞ്ചസാരയില്‍ പൊതിഞ്ഞ വാക്കുകളിലൂടെ തങ്ങളുടെ സഭകളുടെ പാഷാണ്ഡോപദേശങ്ങളെ പ്രചരിപ്പിക്കാന്‍ അവര്‍ ഉപയോഗിക്കുമെന്നത് നാം കാണാതിരിക്കരുത്. തങ്ങളുടെ പ്രഭാഷണ ചാതുര്യമുപയോഗിച്ച് വിശ്വാസി സമൂഹത്തെ  കത്തോലിക്കാധ്യാന കേന്ദ്രങ്ങളിലേക്കും,ദേവാലയങ്ങളിലേക്കും ആട്ടിത്തെളിക്കുന്നതു മൂലം സഭക്കുണ്ടാകുന്ന ചോഷണം ഒട്ടും ചെറുതായിരിക്കില്ല എന്ന് പുത്തന്‍ പാപ്പാമത സ്നേഹികള്‍ ഓര്‍മ്മിക്കുന്നത് നന്ന്.ഇപ്പോള്‍ വിഭവ സമ്പന്നതയാല്‍ യാക്കോബായ സഭയേക്കാള്‍ ബഹുകാതം മുന്നില്‍ നില്‍ക്കുന്ന കത്തോലിക്കാ സഭ ഇപ്പോള്‍ തുറന്നു കിട്ടുന്ന വാതായനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സഭാ വിശ്വാസികളെയാകെ വിഴുങ്ങുമെന്നതിന് ആര്‍ക്കും സംശയം വേണ്ടാ..
കാര്‍ത്തേജിലെ മെത്രാനായിരുന്ന വി.മോര്‍ സിപ്രിയാന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക  "സഭയെ വിഭജിച്ച വേദ വിപരീതികള്‍ തങ്ങളുടെ അന്ധമായ മര്‍ക്കടമുഷ്ടിയോടു കൂടിയ തെറ്റില്‍ ഇപ്പോഴും നില നില്‍ക്കുന്നതിനാല്‍ അവരുടെ വഞ്ചന നിറഞ്ഞ തെറ്റില്‍ നിന്നും അകന്നു മാറണം.നിഷകളങ്ക ഹൃദയത്തോടും തെറ്റെന്തെന്ന് ഗ്രഹിക്കാതെയുമാകാംനിങ്ങള്‍ അവരെ പിന്‍ ചെന്നത്.സ്വര്‍ഗ്ഗത്തിലേക്കുള്ള  നേരായ പാതയിലേക്ക് നിങ്ങള്‍ തിരിച്ച വരൂ ..
അപ്പോസ്ഥലന്‍റെ വാക്കുകള്‍ ശ്രവിക്കൂ. 'അലസതയിലുംഞങ്ങളില്‍ നിന്നു സ്വീകരിച്ച പാരമ്പര്യങ്ങള്‍ക്കും നിരക്കാത്ത വിധത്തില്‍ ജീവിക്കുന്നവരില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞങ്ങള്‍ കല്‍പ്പിക്കുന്നു 2 തെസ. 3.6' വീണ്ടും അവന്‍ പറയുന്നു 'ഒരു മനുഷ്യനും,വ്യര്‍ത്ഥ വചനങ്ങളാല്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ എന്തെന്നാല്‍ ഇവ മൂലമാണ് അനുസരണമില്ലാത്ത മക്കളുടെ മേല്‍ ദൈവ കോപം നിപതിക്കുന്നത് നിങ്ങള്‍ അവരോട് കൂട്ടു ചേരരുത് എഫേ.5.6' "പാപത്തില്‍ ഉള്‍പ്പെട്ടവരില്‍ നിന്ന് അകന്നു മാറുവീന്‍.അവരുടെ പാതയിലുടെ നടന്ന് സത്യപാത വിട്ടുമാറാന്‍ ഇടയാകാതിരിക്കാനും അവരുടെ കുറ്റത്തില്‍ ഉള്‍പ്പെടാതിരിക്കാനുമാണിത് " (രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കാര്‍ത്തേജിലെ മെത്രാന്‍ ആയിരുന്ന വി.സിപ്രിയാന്‍ രചിച്ച കാതോലിക സഭയുടെ ഐകും എന്ന ലേഖനത്തില്‍ നിന്നും‍)
എക്യൂമനിസത്തിന്‍റെ പേരിലാണ് പാപ്പാമത ബാന്ധവത്തെ ന്യായീകരിക്കുന്നതെങ്കില്‍ യാക്കോബായ സഭയിലെ പുരോഹിതര്‍ക്കും, അത്മായ പ്രഘോഷിതര്‍ക്കും കത്തോലിക്കാ സഭയിലെ ദേവാലയങ്ങളിലും ,ധ്യന കേന്ദ്രങ്ങളിലും എന്തു കൊണ്ട് ഇടം ലഭിക്കുന്നില്ലാ എന്ന് പാപ്പാമത പ്രേമികള്‍ മറുപടി പറയുമോ ? യാക്കോബായ സഭയിലെ പ്രമുഖ ദേവാലയങ്ങളിലൊന്നായ മണര്‍കാട് പള്ളിയിലെ എട്ടു നോമ്പ് പെരുനാള്‍ ലക്ഷോപലക്ഷം ഭക്തജനങ്ങള്‍ തടിച്ചു കൂടുന്ന ഇടങ്ങളിലൊന്നാണ്. ഈ ദേവാലയത്തില്‍ ഈ വര്‍ഷം എട്ടു നോമ്പിന്‍റെ മുന്നൊരുക്ക ധ്യാനത്തിന് നേതൃത്വം നല്‍കിയത് കത്തോലിക്കാ സഭയിലെ മുരിങ്ങൂര്‍ ധ്യാന കേന്ദ്രം ആയിരുന്നു. എട്ടുനോമ്പു ദിവസങ്ങളില്‍ തുടര്‍ന്നും പസംഗത്തിനും,ധ്യാനത്തിനും നേതൃത്വം നല്‍കാനെത്തുന്നത് വേദവിപരീതികളെന്ന് യാക്കോബു ബുര്‍ദ്ദാന വിശേഷിപ്പിക്കുന്ന കത്തോലിക്കാ സഭയിലെ വൈദികരാണെന്നത് ശ്രദ്ധിക്കുക. എക്യൂമനിസത്തിന്‍റെ മറവില്‍ ചൊവ്വുള്ളതും,കുറ്റമില്ലാത്തതുമെന്ന് വിശ്വാസപ്രമാണത്തിലും,തുബ്ദേനിലുമെല്ലാം ആവര്‍ത്തിച്ച് ഏറ്റുപറയുന്ന സത്യ വിശ്വാസം പ്രചരിപ്പിക്കേണ്ട യാക്കോബായ സഭയുടെ ദേവാലയങ്ങള "ചൊവ്വല്ലാത്ത"വിശ്വാസംപ്രചരിപ്പിക്കുന്ന വേദവിപരീതികളുടെ താവളമാക്കി മാറ്റുന്നതിനെ എങ്ങിനെ ന്യായീകരിക്കാന്‍ കഴിയും ? കൂനന്‍ കുരിശു സത്യത്തെ തുടര്‍ന്ന് പോര്‍ട്ടുഗീസ് അധികാര ഭീകരതയെ വെല്ലു വിളിച്ചു  പാപ്പാമത പാഷാണ്ഡതയെ പരസ്യമായി തള്ളിപ്പറഞ്ഞ് ഒന്നാം മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയോടൊപ്പം സത്യവിശ്വാസത്തില്‍ അടിയുറച്ചുനിന്ന 42  പള്ളികളില്‍ സുപ്രധാന സ്ഥാനം മണര്‍കാട് പള്ളിക്കുണ്ടായിരുന്നു എന്നത് പുത്തന്‍ പാപ്പാമത ബാന്ധവക്കാര്‍ മറക്കരുത്. വിശ്വാസപരമായ കാര്യങ്ങളില്‍ തിരുമാനമെടുക്കാന്‍ അധികാരം ആകമാന സുറിയാനി സഭാ സുന്നഹദോസിന് മാത്രമായിരിക്കെ പൊതു സുന്നഹദോസ് ഒരിക്കല്‍ പാഷാണ്ഡോപദേശകരെന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞ അമലോത്ഭവ വാദ പാപ്പോ പക്ഷക്കാര്‍ക്ക് ദേവാലയത്തിനുള്ളിലെ ആത്മീയ പ്രബോധനവേദികളില്‍ മുഖ്യസ്ഥാനം നല്‍കിയത്  വേദവിപരീതത്തെ പിന്തുണക്കലും ആകമാന സുറിയാനി സഭാ പൊതു സുന്നഹദോസിനോടുള്ള അനാദരവും അനുസരണക്കേടും അല്ലേ.?യാക്കോബായസഭയുടെ പ്രാദേശിക സുന്നഹദോസിന്‍റെ അനുമതി ഈ നവ ബാന്ധവത്തിനുണ്ടോ എന്ന് ഉത്തരവാദികള്‍ വിശ്വാസി സമൂഹത്തോട് വിശദീകരിക്കണം .ഈ പോക്കു പോയാല്‍ അടുത്തു തന്നെ ക്രിസ്തുവിന്‍റെ മാതാവ് മറിയത്തെ അമലോത്ഭവ മാതാവെന്ന് വിശേഷിപ്പിക്കുന്ന ഇരു സ്വഭാവ വാദികളായ കത്തോലിക്കാ സഭയുടെ ആലഞ്ചേരി കര്‍ദ്ദിനാളും,കര്‍ദ്ദിനാള്‍ ക്ളിമ്മീസ് കാതോലിക്കയും, സൂസാപാക്യവുമെല്ലാം മണര്‍കാട് പള്ളിയടക്കമുള്ള ദേവാലയങ്ങളില്‍ വി. കുര്‍ബാന അര്‍പ്പിക്കുന്നതും വിശ്വാസികള്‍ക്ക് കാണേണ്ടി വരും. ഈ നെറികേടു കാണുമ്പോള്‍ മൂന്ന് പൊതുസുന്നഹദോസ് പിതാക്കന്‍മാരും, പറുങ്കികളാല്‍ കടലില്‍ കെട്ടിത്തഴ്ത്തപ്പെട്ട അഹത്തള്ളാബാവയും, കൂനന്‍ കുരിശു സത്യത്തിന് നേതൃത്വം കൊടുത്ത ആഞ്ഞിലി മൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരും കണ്ണുനീര്‍ വാര്‍ക്കുന്നുണ്ടാവും. സത്യവിശ്വാസ സംരക്ഷണത്തിനു വേണ്ടി പാപ്പാ മതക്കാരില്‍ നിന്നു കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങി രക്തസാക്ഷികളായ പൂര്‍വ്വ പിതാക്കന്‍മാരെ മാപ്പ്.....മാപ്പ്.
" Wherefore ,bretheren , let us plant ourselves up on the rock of faith and the Tradition of the Church,removing not the landmarks set by our holy fathers ,nor giving room to those who are anxious to introduce novelties and to undermine the structure of God's holy ecumenical and appostolic Church.For if everyone were allowed a free hand little bylittle the entire Body of the Church would be destroyed " +St John of Damascusമ