സിദ്ദിഖ് കാപ്പന് ജാമ്യം നൽകുകയല്ല വേണ്ടത് അഥവാ രാജ്യദ്രോഹക്കുറ്റം മരവിപ്പിക്കുമ്പോൾ തുള്ളിച്ചാടുന്നതെന്തിന്?
രമണൻ ചീഫ് ജസ്റ്റിസായിരുന്ന കാലത്താണ് രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചതും അക്കാര്യം വലിയ തോതിൽ ആഘോഷിക്കപ്പെട്ടതും.
അത് ആഘോഷിച്ചവരോട് സഹതാപം മാത്രം.
രാജ്യദ്രോഹക്കുറ്റം മരവിപ്പിക്കുകയല്ല റദ്ദാക്കുക തന്നെ വേണം. അതിനൊപ്പം തന്നെ നാം മനസിലാക്കേണ്ട മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലാണ് രാജ്യദ്രോഹക്കുറ്റം വരുന്നത്. അത് ജാമ്യം ലഭിക്കാവുന്ന ഒരു കുറ്റമാണ്. നിയമപ്രകാരം അത് നോൺ- ബെയ്ലബ്ൾ ഗണത്തിലാണ് എന്നതിന്റെ അർത്ഥം ജാമ്യം നൽകരുത് എന്നല്ല, മറിച്ച് ജാമ്യമെന്നത് കോടതിയുടെ വിവേചനാധികാരം മാത്രമാണ് എന്നതാണ്.
രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്നവർക്കു ജാമ്യം നൽകാൻ കോടതികൾക്കു യാതൊരു തടസവുമില്ല എന്നർത്ഥം.
രാജ്യദ്രോഹക്കുറ്റം മരവിപ്പിക്കുമ്പോൾ പല ഭരണകൂടങ്ങളും ചെയ്യാൻ പോകുന്നത് അതിനു പകരം യുഎപിഎ ചുമത്തുക എന്നതായിരിക്കും എന്നു മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. രാജ്യദ്രോഹക്കുറ്റം നിലനിൽക്കുമ്പോൾ തന്നെ യുഎപിഎ ദുരുപയോഗപ്പെടുത്തിയതിനു കയ്യും കണക്കുമില്ല.
യുഎപിഎയിൽ ജാമ്യം നൽകുക എന്നത് ഏതാണ്ട് അസാദ്ധ്യം തന്നെയാണ്. കോടതികൾക്ക് യാതൊരു വിവേചനാധികാരവും അക്കാര്യത്തിലില്ല.
യുഎപിഎ നിയമപ്രകാരം, പ്രതിക്കെതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നു കോടതി കണ്ടാൽ മാത്രമേ ജാമ്യം നൽകാൻ കഴിയൂ. അതിലേയ്ക്ക് അന്വേഷണ ഏജൻസി സമർപ്പിക്കുന്ന കേസ് ഡയറിയോ കുറ്റപത്രമോ മാത്രമാണ് നോക്കേണ്ടതെന്നും അതേ നിയമം പറയുന്നു.
സുപ്രീം കോടതി ഒരു പടി കൂടി കടന്നു പറഞ്ഞത് ജാമ്യാപേക്ഷ പരിണിക്കുമ്പോൾ ചെയ്യേണ്ടത് അന്വേഷണ ഏജൻസി ഉന്നയിക്കുന്ന ആരോപണങ്ങൾ, ന്യായാന്യായങ്ങൾ പരിശോധിക്കാതെ അതേപടി സ്വീകരിക്കാനാണ്!
അന്വേഷണ ഏജൻസി പ്രതിയെന്ന് ആരോപിക്കുന്നയാൾ കുറ്റക്കാരനല്ലെന്ന് 99.99% കേസുകളിലും അന്വേഷണ ഏജൻസി സമ്മതിക്കില്ലെന്ന് ഏതു രമണനും അറിയാവുന്ന കാര്യമാണ്. എന്നിട്ടാണു പറയുന്നത് ജാമ്യം നൽകാതിരിക്കാൻ പ്രഥമദൃഷ്ട്യാ കേസ് മാത്രം മതിയെന്നും അതിലേയ്ക്ക് പ്രോസിക്യൂഷൻ രേഖകൾ മാത്രമേ നോക്കാവൂ എന്നും പ്രോസിക്യൂഷൻ ആരോപണങ്ങളുടെ ന്യായവും അന്യായവും നോക്കരുതെന്നും!
അനീതിയുടെ പരകോടിയാണിത്.
നിയമം വഴി സ്ഥാപിച്ചിട്ടുള്ള നടപടിക്രമം അനുസരിച്ചല്ലാതെ ഒരാളുടെയും വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാക്കാൻ പാടില്ലെന്നത് ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശമാണ് (അനുഛേദം 21).
നിയമം വഴി അന്യായമായ ഒരു നടപടിക്രമം സ്ഥാപിച്ചിട്ട് അതുപ്രകാരം ആരുടെ വ്യക്തിസ്വാതന്ത്ര്യവും ഹനിക്കാനുള്ള ലൈസൻസ് നൽകാമെന്നല്ല ഭരണഘടന പറയുന്നത്. തെറ്റായ ഒരു നടപടിക്രമം നിയമം വഴി കൊണ്ടുവന്നിട്ട് വ്യക്തിയെ ജയിലിടുക എന്നത് ഭരണഘടനാ വിരുദ്ധം തന്നെയാണ്.
അത്തരമൊരു വഴിവിട്ട നടപടിക്രമമാണ് യുഎപിഎയിലെ ജാമ്യം നിഷേധിക്കുന്ന നടപടിക്രമം. അത് അങ്ങേയറ്റം അനീതിയാണ്, ഭരണഘടനാ വിരുദ്ധമാണ്.
യുഎപിഎയിൽ ജാമ്യം നിഷേധിക്കുന്ന വകുപ്പിനെതിരെ സുപ്രീം കോടതിയിൽ ഹർജികൾ നിലവിലുണ്ട്. അതൊന്നും പരിഗണിക്കുക പോലും ചെയ്തിട്ടില്ല. കടുത്ത അനീതിയാണ് അതിലൂടെ സുപ്രീം കോടതി ചെയ്യുന്നത്.
മറ്റൊരു വശത്തിലേയ്ക്കു കൂടി വരാം.
താൻ നിരപരാധിയാണെന്നു പ്രതിക്കു തെളിയിക്കാൻ കഴിയുക വിചാരണയിലാണ് എന്ന വസ്തുത നേരത്തേ പറഞ്ഞു കഴിഞ്ഞു. പറയാതെ തന്നെ ഏതു രമണനും അറിയാവുന്ന കാര്യമാണത്.
വേഗത്തിലുള്ള വിചാരണ ഔദാര്യമല്ല, പ്രതിയുടെ അവകാശമാണ്. അതും ഭരണഘടനാ അനുഛേദം 21 നൽകുന്ന മൗലികാവകാശം തന്നെയാണ്.
പ്രോസിക്യൂഷൻ കേസ് മാത്രം നോക്കിയ ശേഷം കോടതി യുഎപിഎ പ്രതിക്ക് ജാമ്യം നിഷേധിക്കുന്നു. എന്നിട്ട് വിചാരണ നടക്കുന്നതെവിടെയാണ്?
ഭീമ-കൊറേഗാവ് യുഎപിഎ കേസിൽ പ്രതി ചേർക്കപ്പെട്ട സ്റ്റാൻ സ്വാമി ജയിലിൽ മരിച്ചു. വരവരറാവുവിന് മരിക്കാൻ നേരമൊന്നു പുറത്തിറങ്ങാൻ പറ്റിയിട്ടുണ്ട്. പ്രതി ചേർക്കപ്പെട്ട മറ്റു മനുഷ്യാവകാശ പ്രവർത്തകർ കഴിഞ്ഞ നാലു വർഷത്തിലധികമായി ജാമ്യമില്ലാതെ ജയിലിൽ കഴിയുന്നു. എവിടെയാണ് വിചാരണ, വേഗത്തിലുള്ള നീതി, വേഗമില്ലാത്ത നീതി?
ഭീമ-കൊറേഗാവ് ഒരുദാഹരണം മാത്രമാണ്. അനേകം കേസുകൾ വേറെയുമുണ്ട്.
ആരാണു വിചാരണ നടത്തേണ്ടത്?
കോടതി.
ആരാണു വിചാരണ നടത്താത്തതും തീർക്കാത്തതും?
അതും കോടതി തന്നെ.
വിചാരണ നടത്താനോ തീർക്കാനോ കഴിയുന്നില്ലെങ്കിൽ ആരാണു ജാമ്യം നൽകേണ്ടത്?
കോടതി.
എന്നിട്ടും ആരാണു ജാമ്യം നൽകാത്തത്?
അതും കോടതി തന്നെ.
കോടതികൾക്കു വിചാരണ നടത്താനോ തീർക്കാനോ കഴിയുന്നില്ലെങ്കിൽ പ്രതിക്കു ജാമ്യം നൽകില്ലെന്നും പ്രതി അനന്തമായി ജയിലിൽ തന്നെ കിടക്കണമെന്നും പറയുന്നത് എന്തു ന്യായവും നീതിയുമാണ്?
ജാമ്യം നൽകുകയില്ലെന്നു പറയുകയും വിചാരണ നടത്തുകയോ തീർക്കുകയോ ചെയ്യാതിരിക്കുന്നതും അനീതിയുടെ അങ്ങേയറ്റമാണ്.
വീണ്ടും ഭരണഘടനാ ലംഘനമാണ്. ഭരണഘടന പൗരനു നൽകുന്ന വേഗമാർന്ന വിചാരണ എന്ന മൗലികാവകാശത്തിന്റെ ലംഘനം. ഇവിടെ വിചാരണയും നീതിയും നിഷേധിക്കുക വഴി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്നതു കോടതികളാണ്.
മതിയായ കോടതികളില്ലെന്ന പതിവു ന്യായമല്ലേ പറയാൻ പോകുന്നത്?
എങ്കിൽ വേണ്ടത്രയും കോടതികൾ ഉടനടി സ്ഥാപിക്കാൻ കേന്ദ്രത്തോട് ഉത്തരവിടുകയാണ് രമണൻ ചെയ്യേണ്ടിയിരുന്നത്.
അതിനു ശേഷം മാത്രം മതി ഇരുപതിനായിരം കോടി രൂപയുടെ കേന്ദ്ര സർക്കാരിന്റെ കെട്ടിട നിർമ്മാണ ആർഭാടമെന്ന സെൻട്രൽ വിസ്റ്റ പ്രൊജക്റ്റ് എന്നു പറയാനുള്ള ആർജവം രമണൻ കാണിക്കണമായിരുന്നു.
വേണ്ടത്ര കോടതികൾ സ്ഥാപിക്കാൻ കഴിയാത്ത ഭരണകൂടവും സ്ഥാപിക്കണമെന്നു പറയാൻ കെല്പില്ലാത്ത കോടതികളും ചേർന്ന് യുഎപിഎ പ്രതികളെ വിചാരണ കൂടാതെ അനന്തമായി ജാമ്യത്തിലിടുകയല്ല വേണ്ടത്. അവർക്ക് ഉടനടി ജാമ്യം കൊടുക്കുകയാണു ചെയ്യേണ്ടിയിരുന്നത്.
പൗരസ്വാതന്ത്ര്യത്തോളം വലുതായ മറ്റൊന്നുമില്ല. രാജ്യത്തെ പൗരന് അതുറപ്പു വരുത്തിയ ശേഷം ദൽഹിയിൽ പുതിയ കോട്ടകൊത്തളങ്ങൾ പണിയുക. അതിനു ശേഷം കോടിക്കണക്കിനു ഡോളർ ശ്രീലങ്കൻ പൗരന്മാരെ സഹായിക്കാൻ നൽകുക. അതു പറയാനുള്ള ധൈര്യവും സ്ഥൈര്യവും രമണനില്ലാതെ പോയി.
ആർക്കുമില്ലാതെ പോയി.
അതുകൊണ്ടാണ് യുഎപിഎ എന്ന ഭരണഘടനാ വിരുദ്ധമായ നിയമം അതേപടി നിലനിൽക്കുന്നതും കാലങ്ങളായിട്ടും പ്രതികൾക്കു ജാമ്യം നൽകാതിരിക്കുന്നതും വിചാരണ നടത്താത്തതുമായ കടുത്ത അനീതി തുടരുന്നതും.
അതിനിടെ രാജ്യദ്രോഹക്കുറ്റം മരവിപ്പിക്കുക മാത്രം ചെയ്യുമ്പോൾ ഒരു ജനതയുടെ കണ്ണിൽ പൊടിയിടുക എന്നതിൽ അതവസാനിക്കുന്നില്ല.
യുഎപിഎയിലെ ജാമ്യ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമെന്നു കണ്ട് റദ്ദാക്കുകയും വിചാരണ നടത്തുകയും പുതിയ കോടതികൾ സ്ഥാപിക്കുകയും ചെയ്യാതിരിക്കുന്നിടത്തോളം കാലം രാജ്യദ്രോഹക്കുറ്റം മരവിപ്പിക്കുന്നതു കൊണ്ട് നീതി നടപ്പാക്കപ്പെടുന്നതേയില്ല.
മറിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനു പകരം യുഎപിഎ ചുമത്താനുള്ള അനിയന്ത്രിതമായ ലൈസൻസ് ഭരണകൂടങ്ങൾക്കു നൽകുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.
അതായത് നിങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനു പകരം ഭരണകൂടങ്ങൾ യുഎപിഎ ചുമത്തും.
രാജ്യദ്രോഹക്കുറ്റത്തിനു ജാമ്യം കിട്ടുമായിരുന്നു.
യുഎപിഎയിൽ ജാമ്യമില്ല, വിചാരണയുമില്ല!
ജാമ്യവും വിചാരണയുമില്ലാത്ത മരണം വരെയുള്ള തടവായി യുഎപിഎ മാറുന്നതിന്റെ ദുരന്ത സാക്ഷ്യമാണ് സ്റ്റാൻ സ്വാമി.
ഒരു സിദ്ദിഖ് കാപ്പന് വർഷങ്ങൾക്കു ശേഷം ജാമ്യം കിട്ടിയാൽ നീതി നടപ്പാകുമെന്നു നിങ്ങളോട് ആരാണു പറഞ്ഞത്?
ജാമ്യമുള്ള രാജ്യദ്രോഹക്കുറ്റം മരവിപ്പിക്കുകയും ജാമ്യമില്ലാത്ത യുഎപിഎ അതേപടി നിലനിൽക്കുകയും ചെയ്യുന്ന കാലം വാഴ്ത്തപ്പെടാനുള്ളതാണെന്ന് നിങ്ങൾ ഇപ്പോഴും കരുതുന്നുവോ?
രമണീയമായ ഒരു കാലമാണു കഴിഞ്ഞതെന്ന് ആരാണു പാടിയത്?
https://www.facebook.com/100072075932681/posts/pfbid02B2mTWQGE5T69KkgmDGCujGecjkMXdny3iXU8k9BysMsC1AWYrAybivdiGFSejADzl/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ