2022 ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

ഏകാധിപത്യത്തിന് ഹാസ്യത്തെ അംഗീകരിക്കാനാവില്ല. എസ്.സുധീപ് ; എഴുത്ത്

ഏകാധിപത്യത്തിന് ഹാസ്യത്തെ അംഗീകരിക്കാനാവില്ല.

കാരണം ജനങ്ങൾ ഏകാധിപതികളെ കളിയാക്കും. അങ്ങനെ സംഭവിക്കാൻ പാടില്ല.

ഹിറ്റ്ലറുടെ ഭരണകാലത്തെങ്ങും ഒരു കോമഡിയോ കാർട്ടൂണോ ഹാസ്യാനുകരണമോ ഉണ്ടായിട്ടില്ല.

- കാർട്ടൂണിസ്റ്റ് ശങ്കർ.

അടിയന്തിരാവസ്ഥക്കാലത്തിറങ്ങിയ ശങ്കേഴ്സ് വീക്കിലിയുടെ വിടവാങ്ങൽ പതിപ്പിന്റെ മുഖപ്രസംഗത്തിൽ അദ്ദേഹം എഴുതിയ വരികളാണിത്. 

സൈദ്ധാന്തികമായി ഇന്ദിരയെ പിന്തുണച്ചിരുന്ന ഒരാളായിരുന്ന ശങ്കർ, കടുത്ത സെൻസർഷിപ്പ് നിലനിന്ന അടിയന്തിരാവസ്ഥക്കാലത്ത് തന്റെ ആക്ഷേപഹാസ്യമാസിക സ്വയം അടച്ചുപൂട്ടുകയായിരുന്നു.

അടിയന്തിരാവസ്ഥക്കാലത്ത് പാർലമെന്റ് നടപടികളും കോടതി നടപടികളും വരെ കോൺഗ്രസ് സർക്കാരിന്റെ മുൻകൂർ സെൻസർഷിപ്പിനു വിധേയമായിരുന്നു. സർക്കാരിന് അഹിതമായ വാർത്തകൾ ഉറവിടത്തിൽ വച്ചുതന്നെ വെട്ടിമാറ്റാനായി ന്യൂസ് ഏജൻസികളുടെ ഓഫീസിൽ സർക്കാർ ഉദ്യോഗസ്ഥരെ സെൻസർമാരായി നിയമിച്ചു.

സർക്കാരിന്റെ പേരിൽ പുറപ്പെടുവിക്കുന്ന പ്രസ്താവനകളൊഴിച്ച് മറ്റൊരു പാർലമെന്റ് നടപടിയും റിപ്പോർട്ട് ചെയ്യാൻ അനുമതിയുണ്ടായിരുന്നില്ല. പ്രതിപക്ഷത്ത് ഹാജരില്ലാത്ത അംഗങ്ങളുടെ പേരുകൾ പ്രസിദ്ധപ്പെടുത്താൻ പോലും മാദ്ധ്യമങ്ങളെ അനുവദിച്ചില്ല. കാരണം അവരൊക്കെ ജയിലിലാണെന്ന വിവരം പോലും പുറംലോകം അറിയരുതെന്ന് കോൺഗ്രസ് സർക്കാരിനു നിർബ്ബന്ധമുണ്ടായിരുന്നു.

ദേശാഭിമാനി പത്രം മുൻകൂർ സെൻസർഷിപ്പിനു വിധേയമായി. 

മലയാള മനോരമ ചീഫ് റിപ്പോർട്ടറായി വിരമിച്ച സെബാസ്റ്റ്യൻ ജോസഫ് എഴുതുന്നതിങ്ങനെയാണ്: എന്നാൽ മനോരമ, മാതൃഭൂമി തുടങ്ങി സർക്കാർ വിരുദ്ധമല്ലാത്ത പത്രങ്ങൾക്ക് മുൻകൂർ സെൻസർഷിപ്പ് വേണ്ടിയിരുന്നില്ല.

കമ്യൂണിസ്റ്റ് എന്ന പദം പോലും അച്ചടിക്കാൻ ദേശാഭിമാനിയെ അനുവദിച്ചിരുന്നില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്നെഴുതിയാൽ അതിലെ കമ്യൂണിസ്റ്റ് എന്ന വാക്ക് സെൻസർ വെട്ടും.
‌അതിനെ മറികടക്കാനായി പ്രസ്ഥാനം എന്നതിനു തൊട്ടു മുമ്പായി ശൂന്യമായ അല്പം സ്ഥലം ദേശാഭിമാനി നൽകുകയും  ജനം അതിനെ കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്നു സ്വയം വായിക്കാനും തുടങ്ങി.

സഞ്ജയ് ഗാന്ധി എന്ന നിഷ്ഠുരന്റെ താളത്തിനൊത്തു തുള്ളാൻ തയ്യാറാകാതിരുന്ന ഐ കെ ഗുജ്റാളിനെ നേരത്തേ തന്നെ മാറ്റി പകരം വി സി ശുക്ലയെ വാർത്താ വിതരണ പ്രക്ഷേപണ വകുപ്പുമന്ത്രിയാക്കിയിരുന്നു.

കിസാ കുർസി കാ എന്ന ഹിന്ദി ചിത്രം നിരോധിക്കപ്പെട്ടു. സഞ്ജയ് ഗാന്ധിയെയും അയാളുടെ കാർ നിർമ്മാണത്തെയുമൊക്കെ പരിഹസിക്കുന്ന ഭാഗം അതിലുണ്ടായിരുന്നു എന്നതായിരുന്നു നിരോധനത്തിനു കാരണം.

നിരോധനം കൊണ്ടു തൃപ്തിപ്പെടാതിരുന്ന സഞ്ജയ്- ശുക്ല സംഘം ആ ചിത്രത്തിന്റെ മാസ്റ്റർ കോപ്പി ഉൾപ്പടെ എല്ലാ പ്രിന്റുകളും മാരുതി കാർ ഫാക്ടറിയിലെത്തിച്ചു കത്തിച്ചു നശിപ്പിച്ചു.

ഇന്ദിരയുടെ ഇരുപതിന പരിപാടിയെ വാഴ്ത്തുന്ന ടിവി-റേഡിയോ പരിപാടികളിൽ പങ്കെടുക്കാൻ വിസമ്മതിച്ച ഹിന്ദി ഗായകൻ കിഷോർ കുമാറിന്റെ എല്ലാ ഗാനങ്ങളും ആകാശവാണിയിലും ദൂരദർശനിലും നിരോധിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.

കാഹോർ കുമാർ പാടുകയോ നടിക്കുകയോ ചെയ്ത എല്ലാ സിനിമകളും തടഞ്ഞുവയ്ക്കാൻ സെൻസർ ബോർഡിന് നിർദ്ദേശം നൽകി.

കിഷോറിന്റെ ഗാനങ്ങൾ വിൽക്കുന്നതിൽ നിന്ന് റെക്കോഡ് കമ്പനികളെ സഞ്ജയിന്റെ സംഘം വിലക്കി.

അക്കാലത്താണ് കേരളത്തിലൊരു വിദ്യാർത്ഥി താൻ പഠിച്ചിരുന്ന എൻജിനീയറിംഗ് കോളജ് വേദിയിൽ ഇങ്ങനെ പാടിയത്:

- കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ...

അവിടെ ആ വേദിയിൽ ഞെളിഞ്ഞിരുന്ന, കോൺഗ്രസ്- സിപിഐ സർക്കാരിലെ ആഭ്യന്തര മന്ത്രിയും ഇന്ദിരയുടെ വിശ്വസ്തനും കേരളത്തിലെ ഭരണം മൊത്തമായി നിയന്ത്രിച്ചിരുന്ന മുടിചൂടാമന്നനുമായ കരുണാകരന്റെ മുഖം കറുത്തു.

രാധാ വാരസ്യാർ-ഈച്ചരവാര്യർ ദമ്പതികളുടെ മകൻ രാജനെ കക്കയം ഡാമിൽ കെട്ടിത്താഴ്ത്തുകയായിരുന്നോ അതോ കൂത്താട്ടുകുളം മീറ്റ് പ്രൊഡക്ട്സിലെ ഫാമിലെ പന്നികൾക്കു തിന്നാൻ നൽകിയോ എന്ന തർക്കം ഇന്നും ശേഷിക്കുന്നു.

രാജനെ അവർ കൊന്നു എന്നതു തർക്കമറ്റ സംഗതി.

എത്രയോ രാജന്മാരെ അവർ കൊന്നു കളഞ്ഞു!

അടിയന്തിരാവസ്ഥയെ ചൊല്ലി ഇന്നേവരെ കോൺഗ്രസ് മാപ്പു പറഞ്ഞിട്ടില്ല.

ഇന്ദിരയും രാജീവും സോണിയയും രാഹുലും പ്രിയങ്കയും മാപ്പുപറഞ്ഞില്ല.

തുക്കടാ നേതാക്കളായ സതീശനോ ബൽറാമോ സിദ്ദിഖോ ഷാഫിയോ ഒന്നും ഖേദിച്ചിട്ടു പോലുമില്ല.

അവരൊക്കെ ഇന്നും ഇന്ദിരാഭരണം അലങ്കാരവും അഭിമാനവുമായി കഴുത്തിലണിയുന്നവരാണ്.

അവരൊക്കെയാണ് പോസ്റ്റർ വിവാദത്തിൽ ആവിഷ്കാര സ്വാതന്ത്യത്തിന്റെ മഹത്വം പാടി വിലപിക്കുന്നത്!

ഓർക്കുക,
ഫെയ്സ്ബുക്ക് പോസ്റ്റുകളിലെ കുഴിയിൽ വീണല്ല രാജൻ മരിച്ചത്.

നിങ്ങളുടെ ഭരണകൂടം കൊന്നതാണ്.

കുഞ്ചാക്കോ ബോബന്റെ പോസ്റ്റർ പോലും കക്കയം ഡാമിൽ കെട്ടിത്താഴ്ത്തിയിട്ടില്ല.

ആ പോസ്റ്റർ കൊത്തിയരിഞ്ഞ് പന്നിഫാമിലെറിഞ്ഞുമില്ല.

ഫെയ്സ്ബുക്ക് കുഴികളിൽ വീണ് ആരും മരിച്ചിട്ടില്ല.

ചരിത്രത്തിന്റെ അടിയന്തിരാവസ്ഥക്കുഴികളിൽ വീണ് മരിച്ചവരുടെ എണ്ണം നിങ്ങൾക്കറിയാമോ?

അന്ന് നിശബ്ദരായി നിന്ന ഇന്ത്യൻ ജുഡീഷ്യറിയോടു കൂടിയാണു ചോദ്യം.

https://www.facebook.com/100072075932681/posts/pfbid02pTXV4rvJvccXDnD6bKRiU8FmXLLzXgpZK3rT8dJ58HCsY1gm4GRtp1gfVjNQqUKhl/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ