ജഡ്ജിമാരിൽ വലിയൊരു പങ്കും ഇടുങ്ങിയ ചിന്താഗതിക്കാർ തന്നെയാണ്.
ഒരു കാലം ജഡ്ജിയായിരുന്ന ഞാനടക്കമുള്ളവരെക്കുറിച്ചുള്ള ആത്മവിമർശനം തന്നെയാണ്.
ദന്തഗോപുരങ്ങളിലാണ് താമസം.
അന്യരുമായി ഇടപഴകില്ല.
കോടതി, സഹ ന്യായാധിപരുമായി മാത്രം അടുപ്പം, വീട്.
വീടെന്നാൽ പലപ്പോഴും ജഡ്ജിമാർക്കു പ്രത്യേകമായുള്ള ക്വാർട്ടേഴ്സ് ആയിരിക്കും.
അവിടെയും കാണുന്നത് ജഡ്ജിമാരെ മാത്രം.
രണ്ടു ജഡ്ജിമാർ തമ്മിൽ കണ്ടാൽ മൂന്നാമതൊരു ജഡ്ജിയുടെ കുറ്റം പറയും. അപരന്റെ ന്യൂനതകൾ വർദ്ധിക്കേണ്ടത് എന്റെ ആവശ്യമാണ്. അപ്പോഴാണ് ഞാനാണു തമ്മിൽ ഭേദമെന്ന് വക്കീലന്മാർ തീരുമാനിക്കുക. അതിനാൽ അപരന്റെ ന്യൂനതകൾ കണ്ടെത്തി പർവ്വതീകരിച്ച് കൂടുതൽ പേരിലേയ്ക്ക് എത്തിക്കേണ്ടത് എന്റെ ആവശ്യമാണ്.
ക്വാർട്ടേഴ്സിലും പ്രോട്ടോക്കോൾ വിട്ടൊരു കളിയില്ല. കുട്ടികൾ ക്രിക്കറ്റ് കളിക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ മകനെ മജിസ്ട്രേറ്റിന്റെ മകൾ സിക്സറടിക്കാനൊന്നും പാടില്ല.
കോടതി, ക്വാർട്ടേഴ്സ്.
തീർന്നു.
മൂന്നാമതൊരിടമില്ല.
സമൂഹവുമായി യാതൊരു ഇടപഴകലുമില്ല.
പിന്നെങ്ങനെയാണ് അകവും ചിന്തകളും വികസിക്കുക?
അതിന്റെയൊന്നും ആവശ്യമില്ല.
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ഒന്നാം മജിസ്ട്രേറ്റിനെ കുഞ്ചാക്കോയുടെ പ്രതിയും ഷുക്കൂറിന്റെ വക്കീലും ഇടയ്ക്കു സുഖിപ്പിക്കുന്നതു പോലെ ദൈവമില്ലാത്തിടത്ത് മജിസ്ട്രേറ്റ് ഉണ്ടെന്നാണല്ലോ ചൊല്ലെന്നു പറയാൻ സ്തുതിപാഠകരുണ്ടായാൽ മതി.
ആകെ പേടി വക്കീലന്മാരെയും ഹൈക്കോടതിയെയും മാത്രമാണ്.
വക്കീലന്മാരോട് മറുത്തൊന്നും പറയരുത്, ചിരിച്ചു മിണ്ടാതിരിക്കണം. എന്നിട്ടു നിങ്ങൾക്കു പ്രശ്നക്കാരെന്നു തോന്നുന്ന വക്കീലന്മാരുടെയൊക്കെ കേസുകൾ എഴുതി തുലയ്ക്കണം, അതിനാണു നിങ്ങളുടെ കൈയിലെ പേന എന്ന ഉപദേശത്തിന് ഒരു ക്ഷാമവും ഒരിക്കലും ഉണ്ടായിട്ടില്ല.
അതിനാണോ ആ പേന, തുലയുന്നത് പാവമൊരു കക്ഷിയുടെ ജീവിതമല്ലേ എന്നൊന്നും മറുത്തു ചോദിക്കരുത്.
സർ, സർ എന്നു വിനീത വിധേയനായി പറയണം.
എന്നിട്ട് ആരോടും ഒരു എതിർപ്പും പറയാതെ നിശബ്ദനായിരിക്കണം.
നന്നായി ചിരിച്ചഭിനയിക്കണം.
മേലധികാരങ്ങൾക്കും കീഴധികാരങ്ങൾക്കും ബാറിനും സന്തോഷം.
ഇതിനാണ് അക്കോമഡേഷൻ എന്നു വക്കീലന്മാർ പറയുക. അതിൽ തൃപ്തരാവുന്ന സാധുക്കളാണവർ.
കോടതിയിൽ അഭിനയിക്കാത്ത ജഡ്ജി ചിരിച്ചു കൊണ്ട് പേനയാൽ നിങ്ങളെ നശിപ്പിക്കാൻ പതുങ്ങിയിരിക്കുന്ന ക്വട്ടേഷൻ കൊലയാളിയല്ലെന്നു തിരിച്ചറിയാറിയാൻ കഴിയാത്തവരുണ്ട്.
ആകാശമിടിഞ്ഞു വീണാലും നീതി നടപ്പാക്കണമോ അതോ കോടതി ഇടിഞ്ഞു വീണാലും ജഡ്ജി ചിരിച്ചാൽ മതിയോ എന്നു ചോദിച്ചാൽ ചിരി മതി എന്നാവും പലരുടെയും ഉത്തരം.
ചിരിച്ചു കൊണ്ടു പക തീർക്കാനാണെങ്കിൽ ജഡ്ജി വിചാരിച്ചാൽ എത്ര വക്കീലാഫീസുകൾ പൂട്ടിക്കാമായിരുന്നു, അല്ലേ? പ്രത്യേകിച്ചും ഒറ്റക്കോടതി മാത്രമുള്ള ചെറിയ ഇടങ്ങളിൽ.
അതിനല്ല ആ പേന തന്നിരിക്കുന്നത്.
കോടതിയിൽ ദൈവം എന്നൊന്നില്ല.
മജിസ്ട്രേറ്റ് മാത്രമേയുള്ളു.
ആ മജിസ്ട്രേറ്റും കൂടി ഇല്ലാതായാലോ...
https://m.facebook.com/story.php?story_fbid=pfbid038N7pTMCvH7eVsQCNEvRGLQPbSbcQ5Ju8t6Kk4gdyUtmW1WA4ijcZykL3GmHyKGNol&id=100072075932681
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ