2022 ഏപ്രിൽ 3, ഞായറാഴ്‌ച

പണിമുടക്ക്‌ നിയമാവകാശം - അഡ്വ. മുകുന്ദ് പി ഉണ്ണി എഴുതുന്നു

കഴിഞ്ഞ 28നും 29നും കേന്ദ്രസർക്കാർ നയങ്ങളോടുള്ള പ്രതിഷേധ സൂചകമായി നടത്തിയ ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് നിർദേശിക്കുന്നതിൽ നിർത്താതെ, പണിമുടക്കിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിക്കൊണ്ടുള്ള ഉത്തരവിറക്കാൻ സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു കോടതി. പണിമുടക്ക് എന്ന നിയമാവകാശത്തെ തികച്ചും സാങ്കേതികമായും സങ്കുചിതമായും നോക്കിക്കാണുന്ന ഈ വിധി ഭരണഘടനയും മൗലികാവകാശങ്ങളും പരിഗണിക്കാതെയാണ്.

പണിമുടക്കിന്റെ ചരിത്രത്തിന്‌ തൊഴിലിന്റെ ചരിത്രത്തോളം പഴക്കമുണ്ട്. തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്കും തൊഴിലവകാശ സംരക്ഷണത്തിലും പണിമുടക്കുകൾ വഹിച്ച പങ്ക്‌ ചരിത്രപരമാണ്. 1886 മേയ് ഒന്നിന് അമേരിക്കയിൽ ലക്ഷക്കണക്കിന് തൊഴിലാളികൾ പ്രഖ്യാപിച്ച പൊതു പണിമുടക്കിലൂടെയാണല്ലോ മേയ് ഒന്ന്‌ സാർവദേശീയ തൊഴിലാളി ദിനമായതും എട്ടു മണിക്കൂർ തൊഴിൽദിനം ഒരവകാശമായതും. പണിമുടക്ക് ഒരു സമര മാർഗമായി ഐക്യരാഷ്ട്ര സംഘടനയും അന്താരാഷ്ട്ര തൊഴിൽ സംഘടനയും അംഗീകരിച്ചിട്ടുള്ളതാണ്. ദക്ഷിണാഫ്രിക്ക, ബ്രസീൽ, അംഗോള, ഗ്രീസ്, ഹംഗറി, സ്ലോവാക്യ, പോർച്ചുഗൽ, പോളണ്ട്, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ഭരണഘടന തന്നെ പണിമുടക്കിനുള്ള അവകാശം നൽകുന്നുണ്ട്. അതായത്, പല രാജ്യത്തിലും പണിമുടക്കിനുള്ള അവകാശം ഭരണഘടനാദത്തമാണ്. എങ്കിലും ഇന്ത്യയിൽ പണിമുടക്കുന്നത് മൗലികാവകാശം പോലുമല്ല.

ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിൽ പ്രത്യക്ഷമായി പണിമുടക്കിനായുള്ള അവകാശത്തെപ്പറ്റി പറയുന്നില്ലെങ്കിലും തൊഴിലവകാശവുമായി ബന്ധപ്പെട്ട്‌ ട്രേഡ് യൂണിയനിൽ ചേരാനും തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കാനും അവകാശം നൽകുന്നുണ്ട്.  ഇന്ത്യ ഉൾപ്പെടുന്ന രാജ്യങ്ങൾ 1966ൽ ഒപ്പിട്ട അന്താരാഷ്ട്ര സാമ്പത്തിക, സാമൂഹ്യ–-സാംസ്കാരിക അവകാശങ്ങൾ സംബന്ധിച്ച ഉടമ്പടിയുടെ (International Covenant on Economic, Social and Cultural Rights)  അനുച്ഛേദം എട്ടിൽ പണിമുടക്കിനുള്ള അവകാശത്തെപ്പറ്റി പ്രത്യേകം പറഞ്ഞിട്ടുള്ളതാണ്. ഇതിൽ പൊലീസിലുള്ളവർക്കും സായുധസേനാംഗങ്ങൾക്കു പോലും പണിമുടക്കിനുള്ള അവകാശമുണ്ട്. ഈ അന്താരാഷ്ട്ര ഉടമ്പടികളും കൺവൻഷനുകളും ഒപ്പുവച്ച രാജ്യമെന്ന നിലയിൽ പണിമുടക്ക്‌ മൗലികാവകാശമാക്കേണ്ട രാജ്യമാണ് നമ്മുടേത്. എന്നിട്ടും ഇന്ത്യയിലെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതായ പണിമുടക്കാനുള്ള അവകാശത്തിന്‌ ജുഡീഷ്യറിയിൽനിന്നു പിന്തുണ ലഭിച്ചിട്ടില്ലെന്നത് തീർത്തും ദൗർഭാഗ്യകരമാണ്.

പണിമുടക്കുന്നത് മൗലികാവകാശമല്ലെന്നും സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് നിയമ വിരുദ്ധമാണെന്നും പ്രഖ്യാപിച്ച ടി കെ രംഗരാജൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് തമിഴ്‌നാട് (2003) എന്ന സുപ്രീംകോടതി വിധി ഒരുപാട് ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. തമിഴ്നാട് സർക്കാരിനെതിരെ 2003ൽ സർക്കാർ ജീവനക്കാർ നടത്തിയ പണിമുടക്കിനെ തുടർന്ന് ആയിരക്കണക്കിനു ജീവനക്കാരെ സർക്കാർ പിരിച്ചുവിട്ടിരുന്നു. അത്‌ ചോദ്യംചെയ്ത ഹർജികൾ സുപ്രീംകോടതിയിൽ എത്തിയപ്പോഴാണ് അത്യധികം പ്രതിഷേധാർഹമായ വിധി കോടതി പുറപ്പെടുവിച്ചത്. അന്താരാഷ്ട്ര ഉടമ്പടികളും ഭരണഘടനയുടെ 21–-ാം  അനുച്ഛേദത്തിൽ പറയുന്ന ജീവിക്കാനുള്ള അവകാശത്തെയും പരിഗണിക്കാതെയാണ് രണ്ടംഗ ബെഞ്ച് വിധി പറഞ്ഞത്. കൂട്ടത്തോടെ പണിമുടക്കിയ ജീവനക്കാരെ പിരിച്ചു വിടാൻ ഉപയോഗിച്ച നിയമത്തിന്റെ ഭരണഘടനാ സാധുതയും പ്രസ്തുത കേസിൽ സുപ്രീംകോടതി പരിഗണിച്ചില്ല. മനുഷ്യന്റെ അന്തസ്സിന്റെ (ഹ്യൂമൻ ഡിഗ്നിറ്റിയുടെ) പരമപ്രധാനമായ അംശമാണ് തൊഴിലവകാശങ്ങൾ. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം സ്വകാര്യതയുടെ ഭാഗമാണെന്ന് സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് പുട്ടസ്വാമി കേസിൽ വിധിച്ചിരുന്നു. അതു കൊണ്ടു തന്നെ, പ്രത്യക്ഷത്തിൽ തൊഴിലാളി വിരുദ്ധമായ ഇത്തരം വിധി ന്യായങ്ങൾ പുനഃപരിശോധിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ  ‘ഗുജറാത്ത് സ്റ്റീൽ ട്യൂബ് വേഴ്സസ് ഗുജറാത്ത് സ്റ്റീൽ ട്യൂബ്സ് മസ്‌ദൂർ സഭ’ എന്ന തന്റെ 1980ലെ വിധിന്യായത്തിൽ പണിമുടക്കിനെ മഹാത്മ ഗാന്ധി എങ്ങനെ നിർവചിക്കുന്നുവെന്നത് ഉദ്ധരിക്കുന്നുണ്ട്. “തൊഴിലാളികൾ പണിമുടക്കുമ്പോൾ മൂലധനം എങ്ങനെ പെരുമാറണമെന്ന് ഗാന്ധിയോട് ചോദിക്കുമ്പോൾ ഗാന്ധി പറയുന്നത് ഇങ്ങനെയാണ്, - അമേരിക്കൻ എന്ന് പേരിട്ടിരിക്കുന്നതോ വിളിപ്പേരുള്ളതോ ആയ അടിച്ചമർത്തലാണ് ഒരു വഴി. സംഘടിത ഗുണ്ടായിസത്തിലൂടെ തൊഴിലാളികളെ അടിച്ചമർത്തുന്നതിൽ അത് അടങ്ങിയിരിക്കുന്നു. മറ്റൊരു വഴി ഓരോ പണിമുടക്കും അതിന്റെ  മെറിറ്റനുസരിച്ച് പരിഗണിക്കുകയും തൊഴിലാളികൾക്ക് അവർ അർഹിക്കുന്നത് നൽകുകയും ചെയ്യുന്നതാണ്. തൊഴിലാളികൾ  എന്ത് അർഹിക്കുന്നുവെന്ന് മൂലധന ശക്തികൾ കണക്കാക്കുന്നതിനെയല്ല, മറിച്ച് തൊഴിലാളികൾ തന്നെ അവരെന്ത്‌ അർഹിക്കുന്നു അല്ലെങ്കിൽ ജനങ്ങൾ എന്തു ചിന്തിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാകണം മൂലധനം പെരുമാറേണ്ടത്.’ ജസ്റ്റിസ് കൃഷ്ണയ്യർ തന്റെ വിധിന്യായത്തിൽ ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്തു,-  "എന്റെ അഭിപ്രായത്തിൽ, ജീവനക്കാരെ തൊഴിലുടമകളേക്കാൾ ഉയർന്നവരായി കണക്കാക്കാൻ സാധിക്കില്ലെങ്കിലും തൊഴിലുടമകളും ജോലി ചെയ്യുന്നവരും തുല്യ പങ്കാളികളാണ്. എന്നാൽ, ഇന്ന് നമ്മൾ കാണുന്നത് നേരെ തിരിച്ചാണ്. മൂലധനത്തിന്റെ കേന്ദ്രീകരണം നൽകുന്ന ഗുണങ്ങൾ തൊഴിലുടമയ്ക്കുണ്ട്. അത് എങ്ങനെ ഉപയോഗിക്കണമെന്ന് അവർക്കറിയാം. ഇന്ത്യയിലെ മൂലധനം സംഘടിതമായാണ് പ്രവർത്തിക്കുന്നത്. എങ്കിലും യൂണിയനുകളും ഫെഡറേഷനും ഉണ്ടായിരുന്നിട്ടു പോലും തൊഴിലാളികൾ ഇപ്പോഴും ഏറെക്കുറെ അസംഘടിതാവസ്ഥയിലാണ്. അതിനാൽ, തൊഴിലുടമകളോടുള്ള എന്റെ ഉപദേശം, അവർ ഉണ്ടാക്കുന്ന മൂല്യത്തിന്റെ യഥാർഥ ഉടമകളായി തൊഴിലാളികളെ പൂർണമനസ്സോടെ പരിഗണിക്കണമെന്നതാണ്.

എഴുപതുകളിലും എൺപതുകളിലും ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ തുടക്കമിട്ട തൊഴിലാളി വർഗ പക്ഷത്തു വേരുറപ്പിച്ചുള്ള ജുഡീഷ്യൽ സമീപനങ്ങളും ഭരണഘടന വായനയും പിന്നീട് കോടതികളിൽനിന്നും അപ്രത്യക്ഷമായി. ഷഹീൻ ബാഗ് സമരവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി പറഞ്ഞതും ഇത്തരുണത്തിൽ പ്രതിപാദ്യാർഹമാണ്. പ്രതിഷേധിക്കാൻ ജനത്തിന് അവകാശമുള്ളപ്പോഴും പൊതു വഴികളും പൊതു സ്ഥലങ്ങളും സ്ഥിരം സമരവേദിയാക്കുന്നത് ഒരിടത്തും അനുവദിക്കാനാകില്ലെന്നാണ് ആ കേസിൽ കോടതി പറഞ്ഞത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളിൽ സമരങ്ങൾ അനുവദിക്കാൻ സാധിക്കുമോ എന്ന് ചോദിക്കുകയും  അത് ജുഡീഷ്യലായി പരിശോധിക്കപ്പെടണമെന്നും രാജ്യത്തെ പരമോന്നത കോടതി പറഞ്ഞു. ഒരു വിഷയത്തിൽ കോടതിയിൽ ഹർജി നിലനിൽക്കുന്നുണ്ട് എന്ന ഒറ്റക്കാരണത്താൽ ജനങ്ങളുടെ സമരം ചെയ്യാനുള്ള അവകാശത്തെ തടുക്കാൻ സാധിക്കുമോ എന്നതാണ് മൗലികമായ ചോദ്യം. ഇത്തരത്തിലുള്ള സമരവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ സമീപനങ്ങളാണ് കോടതിയിൽ നിന്ന് നിരന്തരം വന്നു കൊണ്ടിരിക്കുന്നത്. ഇ എം എസ് നമ്പൂതിരിപ്പാട്‌ കോടതിയുടെ സമീപനത്തിനെതിരെ 1967ൽ നടത്തിയ പ്രസംഗത്തിന് അദ്ദേഹം കോടതിയലക്ഷ്യ നടപടി നേരിട്ടെങ്കിലും അദ്ദേഹം ജുഡീഷ്യറിക്കെതിരെ പറഞ്ഞ കാര്യങ്ങൾ ഇന്നും പ്രസക്തമായി തന്നെ നിലനിൽക്കുന്നു.

(സുപ്രീംകോടതി അഭിഭാഷകനാണ്‌ ലേഖകൻ )





Read more: https://www.deshabhimani.com/articles/trade-union-strike/1011608

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ