2024 ജൂൺ 7, വെള്ളിയാഴ്‌ച

മോർ കൂറീലോസിന്റെ വിമർശനം അപക്വം, അനുചിതം

സാമ്പത്തിക നയങ്ങളിലെ പരാജയം, അച്ചടക്കം ഇല്ലായ്മ, ധൂർത്ത് , വളരെ മോശമായ പൊലിസ് നയങ്ങൾ, മാധ്യമ വേട്ട, സഹകരണ ബാങ്കുകളിൽ ഉൾപ്പെടെ  നടന്ന അഴിമതികൾ,  പെൻഷൻ വിമുടങ്ങിയത് അടക്കം  പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങൾ, SFI യുടെ അക്രമാസക്ത രാഷ്ട്രീയം, വിമർശനങ്ങളോടുള്ള അസഹിഷ്ണുത, മത -സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങൾ, വലതു വൽക്കരണ നയങ്ങൾ,  തുടങ്ങിയ നിരവധി കാരണങ്ങൾ ഈ തോൽവിക്ക് നിദാനം ആണ്.”


ഗീവറുഗീസ് മോർ കൂറീലോസിന്റെ പ്രതികരണത്തിന്റെ പ്രസക്ത ഭാഗമാണ് മുകളിലുള്ളത്.


സുപ്രീം കോടതി വിധിയാൽ യാക്കോബായ സഭക്ക് നഷ്ടപ്പെട്ട സെമിത്തേരി മൃതദേഹ സംസ്കാര അവകാശം ലഭിക്കാൻ സെമിത്തേരി നിയമം കോൺഗ്രസിന്റെ എതിർപ്പുകളെ മറികടന്ന് നിയമം നിർമ്മിച്ചത് പ്രീണിപ്പിക്കലാണോ തിരുമേനീ...?

 സുപ്രീംകോടതി വിധിയാൽ അസ്തിത്വം നഷ്ടപ്പെട്ട  യാക്കോബായ സഭയുടെ അസ്ഥിത്വം നിയമ നിർമ്മാണത്തിലൂടെ സംരക്ഷിക്കുമെന്ന്  യാക്കോബായ സഭാ വേദിയിൽ പിണറായി വിജയൻ പറഞ്ഞതാണോ  മത സാമുദായിക ശക്തികളയുള്ള അതിരുവിട്ട പ്രീണിപ്പിക്കൽ?

മുല്ലപ്പെരിയാർ പെരിയാർ ഡാം പുതുക്കി പണിയണമെന്നുള്ള കേരളാ സർക്കാർ നിലപാട് നടപ്പാക്കാൻ കഴിയാത്തത് സുപ്രീംകോടതി വിധി മൂലമാണെന്നത് മോർ കൂറീലോസ് സമ്മതിക്കുമല്ലോ? അതേ സുപ്രീംകോടതിയിൽ നിന്നുണ്ടായ സഭാ കേസ് വിധിയുടെ മറവിൽ കോതമംഗലം പള്ളി  പോലീസ് സേനയെ ഉപയോഗിച്ച് ഓർത്തഡോക്സ് സഭക്ക് കൈമാറാത്തതിന് സുപ്രീംകോടതിയുടെ പഴി കേൾക്കേണ്ടി വന്നതാണോ മതസാമുദായ ശക്തികളോടുള്ള അതിരുവിട്ട പ്രീണിപ്പിക്കലും“ വളരെ മോശമായ പോലീസ് നയവും”? 

കയറി കിടക്കാൻ കൂരയില്ലാത്തവർക്ക് ഇതിനകം നാലു ലക്ഷത്തിലധികം (403811) വീടുകൾ നിർമ്മിച്ച് നൽകിയതും, തീരദേശങ്ങളിൽ മത്സ്യതൊഴിലാളി മേഖലയിൽ ഫ്ളാറ്റുകൾ നിർമ്മിച്ചതും പ്രാഥമികാരോഗ്യ കേന്ദ്രം/താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജ് വരെ സൗജന്യ ചികിത്സ ഉറപ്പാക്കാൻ, വിപുലീകരിക്കാൻ വൻ വികസനം നടപ്പാക്കിയതും " ഇൻഡിക്കേറ്റർ ഇടത്തോട്ട് തെളിച്ച് വലത്തോട്ടുള്ള പ്രയാണമായിരുന്നോ തിരുമേനീ...?

സൗജന്യവും സാർവത്രികവുമായ പൊതു വിദ്യാഭ്യാസം ഉറപ്പു വരുത്തി കേരളത്തിലെ സർക്കാർ സ്കൂളുകളെ സ്മാർട്ട് സ്കൂളുകളാക്കി മാറ്റിയതാണോ ഇടത് വ്യതിയാനം?

https://www.thenewsminute.com/kerala/kerala-have-high-tech-classrooms-all-public-schools-cm-pinarayi-135198

മികച്ച തൊഴിലധിഷ്ഠിത പരിശീലനം നൽകുന്ന സംവിധാനങ്ങൾ ജില്ലകൾ തോറും ആരംഭിച്ച് അഭ്യസ്തവിദ്യരുടെ തൊഴിൽ ലഭ്യത സാദ്ധ്യത  ഉയർത്തിയത് അങ്ങയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലേ? പത്തനംതിട്ടയിൽ കുന്നന്താനത്ത് പ്രവർത്തിക്കുന്ന ASAP 

അങ്ങേക്ക് നേരിൽ സന്ദർശിക്കാം.

ASAP CSP- Community Skill Park, Kunnamthanam

ഇക്കഴിഞ്ഞ കൊടും വേനലിലും പവ്വർകട്ടില്ലാതെ വൈദ്യുതി ലാഭിക്കാൻ സഹായിച്ച ഇടമൺ - കൊച്ചി പവ്വർ ഹൈവേ അനുചിത പ്രാദേശിക എതിർപ്പുകളെ മറികടന്ന് പൂർത്തീകരിച്ചതും, കേരളത്തിന്റെ തെക്കു വടക്ക് റോഡ് ഗതാഗതം കുരുക്കുകളില്ലാതെ സഞ്ചരിക്കാൻ തീരദേശ/ മലയോര പാത വികസിപ്പിച്ചതും പിണറായിയുടെ ധാർഷ്ട്യമാണോ തിരുമേനീ...?

അതി ദരിദ്രരെ കണ്ടെത്തി " അതി ദാരിദ്ര്യം പൂർണ്ണമായി ഇല്ലാതാക്കാൻ  തീവ്ര യത്നം നടത്തുന്നതാണോ ഇടത് വ്യതിയാനം തിരുമേനി...?

https://in.docworkspace.com/d/sIGLJmdXyAfXvj7MG

മുൻ യുഡി എഫ് സർക്കാർ ഒപ്പുവച്ച അതേ കരാർ പ്രകാരമുള്ള കേരളത്തിന്റെ വികസനത്തിന് സഹായകമാകുന്ന വിഴിഞ്ഞം പദ്ധതി പാതിവഴിയിൽ അടച്ചു പൂട്ടണമെന്ന ലത്തീൻ ക്രൈസ്തവ നിലപാട് അംഗീകരിക്കാതിരുന്നതാണോ മത സാമുദായ ശക്തികളോടുള്ള പിണറായിക്കുള്ള  പ്രീണനം ?

കേരളത്തിലെ എയിഡഡ് സ്കൂൾ നിയമനങ്ങളിൽ നിശ്ചിത ശതമാനം പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്യണമെന്ന നിലപാട് സ്വീകരിച്ചതാണൊ വലത്തോട്ടുള്ള നയം മാറ്റം ?

(https://www.thehindu.com/news/national/kerala/kerala-government-bats-for-merit-and-reservation-based-postings-via-psc-in-aided-schools-colleges-run-by-private-management/article67840933.ece)

പെൻഷൻ മുടങ്ങി എന്നതാണ് കൂറീലോസിന്റെ അടുത്ത വിമർശനം.

പെൻഷൻ മുടങ്ങാനിടയായ സാഹചര്യം എങ്ങനെ എന്ന് പരിശോധിക്കാതെ കാടടച്ചു വെടിവെക്കുന്നതാണൊ ക്രിയാത്മക വിമർശനം?

"കേരളത്തിൽ സാമൂഹിക പെൻഷനിലൂടെ സാമ്പത്തിക അരാജകത്വം സ്വീകരിക്കുന്നു" എന്ന സത്യവാങ്മൂലം സുപ്രീംകോടതി നൽകിയതിൽ നൽകി  അർഹമായ സാമ്പത്തിക വിഹിതം നൽകാത്ത കേന്ദ്ര സർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ പിണറായി സർക്കാർ തയ്യാറായതാണോ ധാർഷ്ട്യം.? പ്രതിപക്ഷ സർക്കാരുകളെ അസ്ഥിരീകരിക്കാൻ അർഹമായ സാമ്പത്തിക വിഹിതം നൽകാത്ത കേരളത്തോടുള്ള വിവേചനപരമായ അവഗണനക്കെതിരായ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ച് ഭരണഘടനാ ബഞ്ചിന് കൈമാറിയത്  കേരളത്തിന്റെ നിലപാടിന്റെ സ്വീകാര്യതയുടെ തെളിവല്ലേ തിരുമേനീ…?

https://www.scconline.com/blog/post/2024/04/01/supreme-court-refers-kerala-govt-suit-against-union-govt-borrowing-limits-five-judge-constitution-bench/

കേരളത്തിൽ മാധ്യമ വേട്ട എന്നതാണ് കൂറീലോസിന്റെ മറ്റൊരു വിമർശനം?

കോർപ്പറേറ്റ് മൂലധനത്താൽ നിയന്ത്രിക്കപ്പെടുന്ന ഇന്ത്യയിലെ മാധ്യമങ്ങൾ നടത്തുന്ന ദാസ്യപ്പണിയിൽ പങ്കാളികളായി കേരളത്തിലെ ദൃശ്യം ശ്രാവ്യ മാധ്യമങ്ങൾ നടത്തുന്ന കുപ്രചരണങ്ങൾ അറിയാത്ത ഞാനല്ല മോർ കൂറീലോസ്. മാധ്യമങ്ങൾ ഏറെ പൊലിപ്പിച്ചു മാസപ്പടി വിവാദം സംബന്ധിച്ച് കുഴൽ നാടിന്റെയും, ഷോൺ ജോർജ്ജിന്റെയും ഹാജിയുടെയും ഗതി എന്തായി തിരുമേനീ.

മാധ്യമാവകാശത്തിന്റെ മറവിൽ ക്രിമിനൽ കുറ്റത്തിൽ പങ്കാളികളായ ഏഷ്യാനെറ്റ് പ്രവർത്തകർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

 24 ന്യൂസ് ലേഖകൻ വന നിയമം ലംഘിച്ച് അനധികൃതമായി വനത്തിനുള്ളിൽ പ്രവേശിച്ചതിന് ക്രിമിനൽ കേസിൽ കുടുങ്ങിയതാണോ മാധ്യമ വേട്ടയുടെ പട്ടികയിൽ പെടുത്താമോ തിരുമേനി..? മറ്റേതേങ്കിലും കേസിൽ   മാധ്യമ പ്രവർത്തകരെ കേരളത്തിൽ ജയിലിലടച്ചതായി ഏതെങ്കിലും തെളിവുണ്ടെങ്കിൽ കൂറീലോസ് പുറത്തു വിടട്ടേ. എന്തെല്ലാം നുണകളാണ് കേരളത്തിലെ മാധ്യമങ്ങൾ പ്രചരിപ്പിച്ചത്.

കമലാ ഇൻ്റർനാഷണൽ എന്ന ആഡംബര വീട് , ലാവ് ലിൻ, കൈതോലപ്പായ, മകൾക്ക് കാനഡയിൽ കമ്പനി, മകൾക്ക് യു എ ഇ ബാങ്കിൽ അക്കൗണ്ട്., സ്വർണ കടത്ത്, ഈന്തപ്പഴം, ഖുറാൻ, ബിരിയാണി ചെമ്പ്, ഇതിലൊന്നും സത്യത്തിൻ്റെ കണിക പോലും ഇല്ല. ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ തെളിവിന്റെ തരിമ്പെങ്കിലും ഉണ്ടായിരുന്നെങ്കിൽ കെജ്‌രിവാളിനെ ജയിലിലാക്കിയ മോദി സർക്കാർ പിണറായിയെ വെറുതെ വിടുമായിരുന്നോ?

SFI യുടെ അക്രമാസക്ത രാഷ്ട്രീയമാണ് കൂറീലോസിന്റെ മറ്റൊരു വിമർശനം

ഒന്നും, രണ്ടും പിണറായി സർക്കാരുകളുടെ കാലത്ത് എസ്.എഫ്.ഐ യുടെ അക്രമ രാഷ്ട്രീയത്തിന്റെ ഫലമായി മരണമടഞ്ഞവർ ആരെങ്കിലുമുണ്ടോ തിരുമേനി? ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ വിദ്യാർത്ഥി നീരജിനെ ഒറ്റക്കുത്തിന് കാലപുരിക്കയച്ച യൂത്ത് കോൺഗ്രസ് നേതാവിനെ സംരക്ഷിക്കുന്ന കേരളത്തിലേ കോൺഗ്രസിനെ തൈലം പൂശി ശുദ്ധീകരിക്കാനാണോ മോർ കൂറീലോസ്  കോൺഗ്രസിന്റെ അതേ ആക്ഷേപം ഏറ്റു പിടിക്കുന്നത്,?

അച്ചടക്കം ഇല്ലായ്മ, ധൂർത്ത് എന്നിവയാണ് കൂറീലോസ് ഉയർത്തുന്ന മറ്റൊരു വിമർശനം

നാൽപ്പത് ലക്ഷം രൂപയിൽ താഴെ മാത്രം വില വരുന്ന കിയ കാർ വാങ്ങിയതിനെ ധൂർത്തായി വിമർശിക്കുന്ന  കോൺഗ്രസ് നിലപാടിനെ കൂറീലോസ് പിന്തുണക്കുന്നുണ്ടോ? കേരളത്തിൽ പ്രചരണം നടത്താൻ ചാർട്ടേർഡ് വിമാനത്തിൽ പറന്നെത്തിയ കോൺഗ്രസിന്റെ തെലുങ്കാന മുഖ്യമന്ത്രിക്കെതിരെ നേരിയ വിമർശനം പോലും എന്തേ കൂറീലോസ് ഉയർത്താതിരുന്നത്?  പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങളെ നേരിടാൻ  കേരളാ സർക്കാർ വാടകക്ക് എടുത്ത ഹെലികോപ്റ്റർ എന്നെങ്കിലും പിണറായി വിജയൻ എന്ന മുഖ്യമന്ത്രി മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോ തിരുമേനി?

എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല."കിറ്റ് രാഷ്ട്രീയത്തിൽ" ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല, പ്രത്യേകിച്ച് കേരളത്തിൽ.”

മോപർ കൂറീലോസിന്റെ വിമർശനത്തിലെ മേൽ പ്രസ്താവന തികച്ചും അരോചകവും അനുചിതവും തന്നെ. രണ്ടാം പിണറായി സർക്കാരിന്റെ വരവ് പ്രളയത്തിന്റെയും, മഹാമാരിയുടെയും കാലത്ത് വോട്ടു പ്രീണന കിറ്റു രാഷ്ട്രീയത്തിന്റെ ബലത്തിൽ പആണെന്നാണോ തിരുമേനി കരുതുന്നത് ?

മഹാ ദുരന്തങ്ങളുടെ കാലത്ത് കേരളീയ ജനതക്ക് കൈത്താങ്ങായി ഉണർന്നു പ്രവർത്തിച്ച സർക്കാരിന്റെ ആ ജനപക്ഷ നിലപാടാണോ ഇടതു വ്യതിയാനം.?  ഇന്നും സർക്കാർ ആശുപത്രികളിൽ പൊതിച്ചോറുമായി കൃത്യമായി എത്തുന്ന ഡിവൈഎഫ്ഐ എന്ന സംഘടനയെ  തിരുമേനിക്ക് അറിയില്ലായിരിക്കാം

ബിജെപിയെക്കാൾ ഉപരി കോൺഗ്രസിനെയും  ഫാഷിസത്തിനെതിരെ ധീരമായി പോരാടിയ രാഹുൽ ഗാന്ധിയെയും  "ടാർഗറ്റ് " ചെയ്തുകൊണ്ടുള്ള ഇടതുപക്ഷ പ്രചാരണം  മതേതര വിശ്വാസികളിൽ സംശയമുണ്ടാക്കി ”

അങ്ങയുടെ ഈ വിമർശനവും വസ്തുതാ വിരുദ്ധം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേരളത്തിലെത്തി “എന്തേ മോദി സർക്കാർ പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത്” എന്ന “അശ്ളീല” വിമർശനം ഉയർത്തിയ രാഹുൽ ഗാന്ധിയെ എങ്ങനെയാണ് വിമർശിക്കാതിരിക്കുക? പൗരത്വ നിയമ ഭേദഗതി വിഷയം  മാനിഫെസ്റ്റൊയിൽ ഉൾക്കൊള്ളിക്കാതെ ഒഴിവാക്കിയതിൽ രാഹുൽ ഗാന്ധിക്ക് പങ്കില്ലേ തിരുമേനി ?

കേരളാ സർക്കാരിന് അർഹതപ്പെട്ട കേന്ദ്ര വിഹിതം നിഷേധിച്ച്   സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതിന് എതിരെ കേരളത്തെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്ന രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് എംപിമാർ പ്രതികരിക്കാത്തതിനെ വിമർശിക്കുന്നത് മഹാ പാതകമാണോ തിരുമേനി? കേരളത്തെ അവഗണിക്കുന്നതിന് എതിരെ ദില്ലിയിൽ സംസ്ഥാന മന്ത്രിമാരും MP/MLA മാർ സമരം നടത്തിയപ്പോൾ ആ സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികൾ പങ്കാളികളായപ്പോൾ അതിനെ ബഹിഷ്കരിച്ച് മാറി നിന്ന രാഹുൽ ഗാന്ധിയെ വിമർശിച്ചതും പൊറുക്കാനാവാത്ത കുറ്റമാണത്രേ.

ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തേക്കാൾ അധികം കേരളാ സർക്കാരിനെതിരായ കള്ള പ്രചരണങ്ങളായിരുന്നില്ലേ കേരളത്തിലെ യുഡിഎഫ് പ്രചരണം ?

മണിപ്പുരിലെ ക്രൈസ്തവ വേട്ടക്ക് എതിരെ , മത ന്യൂനപക്ഷങ്ങൾക്ക് എതിരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ  ഇടതുപക്ഷം നടത്തിയ നിശിതമായ വിമർശനങ്ങളുടെ ഫലമായി  ഇടതു പക്ഷത്തിന് വോട്ടു ചെയ്തിരുന്ന ഹിന്ദുമത വിശ്വാസികളിൽ കുറേ പേർ ബിജെപിക്കും, കോൺഗ്രസിനും വോട്ടു ചെയ്തിട്ടുണ്ട് എന്നതാണ് ശരി.

ഇടത് ഇൻഡിക്കേറ്റർ തെളിച്ച് വലത്തോട്ടുള്ള വ്യതിയാനം അങ്ങയുടെ ചിന്താ വിശകലനത്തിൽ ആണോ സംഭവിച്ചതെന്ന് സ്വയം വിമർശനപരമായി  അങ്ങാണ് പരിശോധിക്കേണ്ടത്.

പറയാൻ ഇനിയുമേറെയുണ്ട്  തൽക്കാലം ഇതു മതി...!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ