2023 ജൂലൈ 20, വ്യാഴാഴ്‌ച

കേരളം'കോൺ​ഗ്രസ് കൂടുന്നിടത്തെ ലീ​ഗ് പോകൂ, സമസ്ത ഒരിക്കലും തീവ്രവാദത്തെ പിന്തുണയ്‌ക്കില്ല': ജിഫ്‌റി മുത്തുക്കോയ തങ്ങള്‍


കേരളത്തിലെ മുസ്ലീങ്ങളുടെ മുഖവും ശബ്ദവുമാണ് സമസ്‌തയെന്ന് സമസ്ത അധ്യക്ഷൻ ജിഫ്‌റി മുത്തുക്കോയ തങ്ങള്‍. സമസ്‌ത ഒരിക്കലും തീവ്രവാദത്തെ പിന്തുണയ്ക്കില്ലെന്നും ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ എക്‌സ്‌പ്രസ് ഡയലോഗിൽ അദ്ദേഹം പറഞ്ഞു. 'കോൺ​ഗ്രസ് കൂടുന്നിടത്തെ മുസ്ലീം ലീ​ഗും പോകൂ, സിപിഎം സെമിനാറിൽ കോൺ​ഗ്രസിന് ക്ഷണമില്ലാത്തിനാലാണ് ലീ​ഗ് വിട്ടു നിന്നത്. ലീ​ഗ് പങ്കെടുത്തില്ല എന്നതിന് അർഥം അവർ സിപിഎമ്മിനോട് എതിരാണെന്നല്ല'-ജിഫ്‌റി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. 

നേരത്തെ സർക്കാർ തല ചർച്ചകളിൽ മുസ്ലിം സമുദായത്തെ പ്രതിനിധീകരിച്ച് മുസ്ലീം ലീ​ഗിനെ മാത്രമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ സമസ്‌തയെയും ഉൾപ്പെടുത്താറുണ്ടെന്നും മുൻപുള്ള സർക്കാരുകൾ തങ്ങളെ എന്തുകൊണ്ടാണ് വിളിക്കാതിരുന്നതെന്ന് അറിയില്ലെന്നും തങ്ങൾ പറഞ്ഞു. 

'സമസ്‌ത മതവിശ്വാസികളെ ആത്മീയമായി മുന്നോട്ട് നയിക്കാനാണ് രൂപീകരിച്ചത്. എന്നാൽ വിശ്വാസികളെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ വരുമ്പോൾ ഞങ്ങൾ അഭിപ്രായം പറയും. പള്ളികൾ ആത്മീയതയ്‌ക്കുള്ളതാണ് അവിടെയ്‌ക്ക് രാഷ്ട്രീയം വലിച്ചിടേണ്ട ആവശ്യമില്ല. പള്ളിയിൽ നിസ്‌കരിക്കാൻ വരുന്നവർക്ക് വ്യത്യസ്ത രാഷ്ട്രീയമുണ്ടാകാം അതിൽ ഒരിക്കലും സമസ്‌ത ഇടപെടാറില്ല. സമസ്‌തയ്‌ക്ക് ഒരു രാഷ്ട്രീയ പാർട്ടികളോടും പ്രത്യേക ഇഷ്ടമില്ല'-അദ്ദേഹം പറഞ്ഞു. 

എന്നാൽ സമസ്‌ത മുസ്ലീം ലീ​ഗുമായി നല്ല അടുപ്പത്തിലാണെല്ലോ എന്ന ചോദ്യത്തിന് സമസ്‌തയിൽ കൂടുതലും മുസ്ലീം ലീ​ഗ് നേതാക്കളാണുള്ളത്. അതുകൊണ്ടാണ് അങ്ങനെയെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തെ ഒരിക്കലും സമസ്ത പിന്തുണയ്‌ക്കില്ല.ഇന്ത്യയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് ദിവസവും നൂറു തവണ പറഞ്ഞാൽ പ്രശ്നങ്ങളാണെന്ന് വിശ്വസിക്കുന്നവർ ഉണ്ടാവും. ലോകത്തെല്ലായിടത്തും പ്രശ്നങ്ങൾ ഉണ്ട്. സിറിയയിലേക്ക് ആടിനെയോ പശുവിനെയോ നോക്കാൻ പോയാൽ പ്രശ്‌നത്തിന് പരിഹാരം ആകില്ലെന്നും അദ്ദേഹം പറഞ്ഞു. 


അയാള്‍ അങ്ങനത്തെ സ്വഭാവക്കാരനല്ല; സമസ്ത എന്തുപറഞ്ഞാലും സമ്മതിക്കുന്ന ആളല്ല പിണറായി വിജയന്‍'


പിണറായി വിജയന്‍, ജിഫ്‌റി മുത്തുക്കോയ തങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ