2023 ജൂലൈ 13, വ്യാഴാഴ്‌ച

ഏകസിവിൽ കോഡും 
ഇ എം എസും - പുത്തലത്ത് ദിനേശൻ എഴുതുന്നു

ഏക സിവിൽ നിയമം രാജ്യത്ത് നടപ്പാക്കണമെന്ന അഭിപ്രായമാണ് ഇ എം എസിന് ഉണ്ടായിരുന്നതെന്ന പ്രചാരണം സജീവമായിരിക്കുകയാണ്.  സിപിഐ എം നടത്തുന്ന ഏക സിവിൽ കോഡിന്‌ എതിരായ സമരം ഇ എം എസിന്റെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാണെന്ന്‌ വരുത്തിത്തീർക്കാനുള്ള ശ്രമവും നടക്കുന്നു. സംഘപരിവാറിന്റെ വർഗീയ ധ്രുവീകരണ ചിന്തയ്‌ക്ക് കുഴലൂത്ത് നടത്തുകയാണ് ഇത്തരക്കാർ.

ഏക സിവിൽ കോഡില്‍ നിലപാട് എന്താണെന്ന് ‘ഏകീകൃത സിവിൽ നിയമവും സിപിഐ എമ്മും’ എന്ന തലക്കെട്ടിൽ ‘ചിന്ത’യിൽ ഒരു ചോദ്യത്തിന് മറുപടിയായി ഇ എം എസ് വ്യക്തമാക്കിയിട്ടുണ്ട്. 1985 ജൂലൈ ഏഴിന്റെ ദേശാഭിമാനി പത്രത്തിൽ ഇ എം എസ് ഇതു സംബന്ധിച്ച്  ലേഖനം എഴുതി. 1985 ജൂലൈ 11ന്‌ ജനാധിപത്യ മഹിളാ അസോസിയേഷന്റെ  അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന  ടി ദേവിയുടേതായ പ്രസ്താവനയും ദേശാഭിമാനിയിൽ വന്നു. ഇ എം എസിന്റെ ലേഖനത്തിൽ ഏക സിവിൽ കോഡ് മുസ്ലിം സമുദായത്തിൽ പൊതുജനാഭിപ്രായം അനുകൂലമായി രൂപപ്പെടുത്തുന്നതു വരെ അത് നടപ്പാക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തോട് യോജിപ്പാണ്‌ എന്നുള്ള കാര്യം വ്യക്തമാക്കിയിരുന്നു.

‘സ്ത്രീകളുടെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, കുട്ടികളുടെ രക്ഷാകർതൃത്വവും സൂക്ഷിപ്പും, ദത്തെടുക്കൽ എന്നീ കാര്യങ്ങളിൽ എല്ലാ സമുദായങ്ങളിലെ സ്ത്രീകൾക്കും ബാധകമായ നിയമം ഉണ്ടാക്കണം’എന്ന ആവശ്യം ടി ദേവി പ്രസ്താവനയിലൂടെ മുന്നോട്ടു വച്ചു.

ഇ എം എസിന്റെ ലേഖനത്തിലെ മേൽപ്പറഞ്ഞ ഭാഗവും ടി ദേവിയുടെ പ്രസ്താവനയും ചൂണ്ടിക്കാണിച്ചു കൊണ്ട് ജനാധിപത്യ മഹിളാ അസോസിയേഷന്റെ കാഴ്ചപ്പാടിനു വിരുദ്ധമായി ഇ എം എസ് ഏക സിവിൽ കോഡ് നടപ്പാക്കേണ്ടതില്ലെന്ന സമീപനം സ്വീകരിച്ചത് ശരിയായിരുന്നോ എന്ന ചോദ്യമാണ് ഉന്നയിക്കപ്പെട്ടത്. ഇതിൽ നിന്നും ഒരുകാര്യം വ്യക്തമാണ്, ഇ എം എസ് ഏകീകൃത സിവിൽ കോഡ് ഇപ്പോൾ ആവശ്യമില്ലെന്ന നിലപാടാണ് അക്കാലത്ത് സ്വീകരിച്ചത്.

ഏക സിവിൽ നിയമം പാസാക്കണമെങ്കിൽ ബന്ധപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ പൊതുയോജിപ്പ് വേണം. ഇക്കാര്യത്തിൽ ഹിന്ദുത്വവാദികളുടെ നിലപാടും കമ്യൂണിസ്റ്റുകാരുടെ നിലപാടും വ്യത്യസ്തമാണെന്ന് ഇ എം എസ് പറയുന്നുണ്ട്.

ഏക സിവിൽ നിയമം നടപ്പാക്കണമെങ്കിൽ ഉണ്ടാകേണ്ട സാഹചര്യം എന്താണെന്ന് ‘ചിന്ത’യിലെ മറുപടിയിൽ ഇ എം എസ് ഇങ്ങനെ വ്യക്തമാക്കുന്നു, ‘നടപ്പിൽ വരുത്താൻ പ്രയോജനപ്പെടുന്ന ശക്തിയേറിയ പൊതുജനാഭിപ്രായം ബന്ധപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ രൂപപ്പെടുന്നതു വരെ നിയമം പാസാക്കുന്നത് മാറ്റിവയ്‌ക്കുന്നത് ബുദ്ധിപൂർവമായിട്ടുള്ളതാണ്. അതു കൊണ്ടാണ് ഭരണഘടനയിൽ പോലും ഏക സിവിൽ നിയമം മൗലിക പൗരാവകാശങ്ങളിൽ പെടുത്താതെ നിർദേശക തത്വങ്ങളിൽ മാത്രം പെടുത്തിയിട്ടുള്ളത്. ഈ സമീപനത്തോട് പാർടി യോജിക്കുന്നു'

അതായത്, ഏക സിവിൽ നിയമം പാസാക്കണമെങ്കിൽ ബന്ധപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ പൊതു യോജിപ്പ് വേണം. ഇക്കാര്യത്തിൽ ഹിന്ദുത്വവാദികളുടെ നിലപാടും കമ്യൂണിസ്റ്റുകാരുടെ നിലപാടും വ്യത്യസ്തമാണെന്ന് ഇ എം എസ് പറയുന്നുണ്ട്. അത് ഇങ്ങനെയാണ്, 

‘ഏക സിവിൽ നിയമം ഏവർക്കും സ്വീകാര്യമാകേണ്ട കാര്യമാണ്. അത് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതു കൊണ്ട് ഭരണഘടനാ വ്യവസ്ഥയനുസരിച്ച് ഉടനെ നിയമം ഉണ്ടാക്കണമെന്നാണ് ഹിന്ദുത്വ വർഗീയവാദികളുടെ നിലപാട്. ഇതാണ് കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർടിയുടെയും നിലപാടെന്ന് വരുത്തി തീർക്കാനാണ് മുസ്ലിം വർഗീയവാദികളും കേരളത്തിൽ അവരുടെ കൂട്ടുകാരായ കോൺഗ്രസും ശ്രമിക്കുന്നത്'. ഇക്കാര്യത്തിൽ വ്യത്യസ്തവും  സ്വതന്ത്രവുമായ നിലപാട് പാർടിക്കുണ്ടെന്നും ഇ എം എസ് വ്യക്തമാക്കി.

ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കുന്ന നീക്കത്തിന് പാർടി എതിരാണ്. ഓരോ വിഭാഗത്തിനകത്തും പൊതുവായ അഭി പ്രായ സമന്വയം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അതുവരെ ഇത്തരം നിയമങ്ങൾ അടിച്ചേൽപ്പിക്കരുത് എന്നതാണ് പാർടിയുടെ നിലപാട്.

ഒരു സാമൂഹ്യ പരിഷ്കരണം നടപ്പാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് തുടർന്ന് ഇ എം എസ് ഇങ്ങനെ പറയുന്നുണ്ട്, ‘സതി സമ്പ്രദായ നിരോധനം തൊട്ട് ഹിന്ദുക്കളിൽ വന്ന സാമൂഹ്യ പരിഷ്കരണങ്ങൾക്കെന്ന പോലെ മുസ്ലിം സമുദായത്തിൽ സാമൂഹ്യ പരിഷ്കാരത്തിനു വേണ്ട പൊതുജനാഭിപ്രായം രൂപപ്പെട്ട് കഴിയുമ്പോൾ നിയമനിർമാണം’ എന്നാണ് ഭരണഘടനയിൽ എഴുതി വച്ചിട്ടുള്ളത്. അതിനോട് കമ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർടി പൂർണമായും യോജിക്കുന്നു. പൊതുജനാഭിപ്രായത്തിൽ വേണ്ട മാറ്റം വരുത്താൻ ശ്രമിക്കുന്ന (മഹിളാ അസോസിയേഷൻ അടക്കമുള്ള) സംഘടനകളുമായി പാർടിക്ക് യോജിപ്പുണ്ട്. അതായത്, പൊതുജനാഭിപ്രായം രൂപപ്പെട്ടതിനു ശേഷം മാത്രമേ ഇത്തരം പരിഷ്കാരങ്ങൾ രൂപപ്പെടുത്താവൂ എന്ന ശക്തമായ നിലപാടാണ് ഇ എം എസ് മുന്നോട്ടു വച്ചത്.

ഏക സിവിൽ നിയമം അടിച്ചേൽപ്പിക്കുന്ന രീതി ഒരിക്കലും ഉണ്ടാകരുതെന്നും  അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ അത് നടപ്പാക്കാവൂ എന്നും വ്യക്തമാക്കുന്നു. സ്ത്രീകളുടെ തുല്യതയ്‌ക്കു വേണ്ടി അഭിപ്രായ സമന്വയത്തിനു വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്ന നിലപാടും മുന്നോട്ടു വയ്‌ക്കുന്നു. സിപിഐ എം ഇക്കാര്യത്തിലെടുത്ത നിലപാട് ഇ എം എസ് മുന്നോട്ടുവച്ച അടിസ്ഥാന കാഴ്ചപ്പാടുകളിൽ നിന്ന് വ്യത്യസ്തമായ ഒന്നല്ല. ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കുന്ന നീക്കത്തിന് പാർടി എതിരാണ്. ഓരോ വിഭാഗത്തിനകത്തും പൊതുവായ അഭി പ്രായ സമന്വയം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അതുവരെ ഇത്തരം നിയമങ്ങൾ അടിച്ചേൽപ്പിക്കരുത് എന്നതാണ് പാർടിയുടെ നിലപാട്. അതേ സമയം, സ്ത്രീകളുടെ തുല്യതയ്‌ക്കു വേണ്ടിയുള്ള സിവിൽ നിയമത്തിന്റെ മാറ്റങ്ങളെ അംഗീകരിക്കുന്ന നിലപാടുമാണ് പാർടിക്കുള്ളത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ കഴിഞ്ഞ  ജൂലൈ 5ന്‌ എഴുതിയ ലേഖനത്തിൽ ഈ സമീപനം വ്യക്തമാക്കിയിട്ടുണ്ട്.


രാഷ്ട്രീയ സാഹചര്യം വ്യത്യസ്തം
ഇ എം എസ് ഏക സിവിൽ കോഡിനെക്കുറിച്ച് ചർച്ച ചെയ്യുന്ന കാലത്ത് ആധുനിക ജീവിതത്തിനകത്ത് ജനാധിപത്യപരമായ ജീവിതക്രമം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അത് ഉയർന്നു വന്നത്. വർത്തമാന കാലത്ത് ഏക സിവിൽ കോഡ് ചർച്ച ചെയ്യപ്പെടുന്നത് മറ്റൊരു രാഷ്ട്രീയ സാഹചര്യത്തിലാണ്. രാജ്യത്ത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഭാഗമായാണ് അത്തരം ചർച്ച ഇപ്പോൾ ഉയർന്നു വന്നത്. കോർപറേറ്റ് നയങ്ങൾ മോദി സർക്കാർ നടപ്പാക്കിയതോടെ വമ്പിച്ച ജനരോഷം ഉയർന്നു വന്നു. ബിജെപിയുടെ ജനപിന്തുണ വൻതോതിൽ ഇടിഞ്ഞു. പഞ്ചാബ്, ഹിമാചൽ, കർണാടകം തെരഞ്ഞെടുപ്പുകളിൽ ബിജെപി തോറ്റു. പതിറ്റാണ്ടുകളായി ഭരിച്ച ഡൽഹി കോർപറേഷൻ ഭരണവും നഷ്ടപ്പെട്ടു. മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പുകളിലൂടെയല്ല, എംഎൽഎമാരെ കാലുമാറ്റിയാണ് അധികാരമുറപ്പിച്ചത്. യുപിയില്‍ നൂറോളം സീറ്റാണ് ബിജെപിക്ക് നഷ്ടമായത്. തിമോ ഇല്ലായിരുന്നെങ്കിൽ ത്രിപുരയിലും ബിജെപി പരാജയപ്പെട്ടേനെ. ബിഹാറിലാകട്ടെ മുന്നണി ഭരണവും തകർന്നു. പശ്ചിമ ബംഗാളിൽ തുടർച്ചയായ തിരിച്ചടികളാണ് ഉപതെരഞ്ഞെടുപ്പുകളിൽ ഉണ്ടായത്.  പട്ന സമ്മേളനങ്ങൾ പോലുള്ളവയിലൂടെ പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര ഉയർന്നു വരികയും ചെയ്യുന്നു.

ജനപിന്തുണ നഷ്ടപ്പെടുകയും പ്രതിപക്ഷ കക്ഷികൾ യോജിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ഏക സിവിൽ കോഡ് എന്ന കാഴ്ചപ്പാട് ബിജെപി മുന്നോട്ടു വയ്‌ക്കുന്നത്. വർഗീയ ധ്രുവീകരണത്തിലൂടെ രാജ്യത്ത് തെരഞ്ഞെടുപ്പ് വിജയമെന്ന മോഹമാണ് ഇതിനു പിന്നില്‍. രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുന്ന വിധം ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് സിപിഐ എം സ്വീകരിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ വിശാലമായ ജനകീയ അടിത്തറ രൂപപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയാണ്. ഈ സാഹചര്യത്തിലാണ് അത്തരം പ്രതിരോധത്തെ ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇ എം എസ് ഏക സിവിൽ കോഡിന് അനുകൂലമായിരുന്നെന്ന നട്ടാൽ പൊടിക്കാത്ത നുണ പ്രചരിപ്പിക്കുന്നത്. സംഘപരിവാർ മൂശകളിൽ നിന്നും രൂപപ്പെടുത്തുന്ന ഇത്തരം പ്രചാര വേലകൾക്ക് വെള്ളവും  വളവും നൽകി വളർത്തിയെടുക്കാനുള്ള വലതുപക്ഷ മാധ്യമങ്ങളുടെയും വലതുപക്ഷ രാഷ്ട്രീയത്തിന്റെയും താൽപ്പര്യങ്ങള്‍ തുറന്നുകാട്ടി മുന്നോട്ടു പോകേണ്ടതുണ്ട്.

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ