2023 ഏപ്രിൽ 25, ചൊവ്വാഴ്ച

അടയിരിക്കരുത്‌ ; ബില്ലുകളിൽ ഗവർണർമാർക്ക്‌ സുപ്രീംകോടതി നിർദേശം

എത്രയും വേഗം’ എന്നതിന്‌  ഭരണഘടനാപരമായ ഉദ്ദേശ്യമുണ്ട്‌

സംസ്ഥാന സർക്കാർ പരിഗണനയ്‌ക്ക്‌ വിടുന്ന ബില്ലുകളിൽ ഗവർണർമാർ എത്രയുംവേഗം തീരുമാനമെടുക്കണമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ നിർദേശം നൽകി. ഭരണഘടന അനുശാസിക്കുന്നത്‌ ഇതാണെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു. ബില്ലിന്‌ അംഗീകാരം നൽകുന്നുണ്ടെങ്കിൽ അതുടൻ ചെയ്യണം. അല്ലെങ്കിൽ, ബിൽ വീണ്ടും പരിഗണിക്കാൻ നിർദേശം നൽകണം. ‘എത്രയും വേഗം’ എന്ന്‌ ഭരണഘടനയിൽ പറയുന്നതിന്‌ ഭരണഘടനാപരമായ ഉദ്ദേശ്യമുണ്ടെന്ന്‌ വിസ്‌മരിക്കരുതെന്നും ജസ്‌റ്റീസ്‌ പി എസ്‌ നരസിംഹ കൂടി അംഗമായ ഡിവിഷൻബെഞ്ച്‌ കൂട്ടിച്ചേർത്തു. 

ഗവർണർ തമിഴിസൈ സൗന്ദരരാജൻ ബില്ലുകൾ അന്യാവശ്യമായി തടഞ്ഞുവയ്‌ക്കുന്നുവെന്ന  തെലങ്കാന സർക്കാരിന്റെ ഹർജി തീർപ്പാക്കിയാണ്‌ സുപ്രീംകോടതിയുടെ നിർദേശം. ഭരണഘടനയുടെ 200–-ാം അനുച്ഛേദത്തിലാണ്‌ നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർമാരുടെ പരിഗണനയ്‌ക്ക്‌ വിടുന്ന വ്യവസ്ഥയുള്ളത്‌. ഇവ കൃത്യമായി പാലിക്കണമെങ്കിൽ ഗവർണർമാർ എത്രയുംവേഗം ബില്ലുകളുടെ കാര്യത്തിൽ തീരുമാനമെടുക്കണം. 


ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ വേഗം ബില്ലുകൾ അംഗീകരിക്കുമ്പോൾ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ ബില്ലുകൾ  വൈകിപ്പിക്കുകയാണെന്ന്‌ തെലങ്കാനയ്‌ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത്‌ ദവെ വാദിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ ഗവർണർമാരുടെ ദയാവായ്‌പ്പിന്‌ കാത്തിരിക്കുന്നത്‌ ഒഴിവാക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ ഇദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, പൊതുമാർഗനിർദേശങ്ങൾ അപ്രായോഗികമാണെന്ന്‌ സോളിസിറ്റർ ജനറൽ അവകാശപ്പെട്ടു. ഇതേത്തുടർന്ന്‌, അഭിഭാഷകർ തമ്മിൽ ചൂടേറിയ വാദപ്രതിവാദം നടന്നു. സോളിസിറ്റർ ജനറൽ ഇത്രയും തരംതാഴാൻ പാടില്ലായിരുന്നെന്ന്‌ ദുഷ്യന്ത്‌ ദവെ ചൂണ്ടിക്കാണിച്ചു.

അവശേഷിക്കുന്ന ബില്ലുകളുടെ കാര്യത്തിൽ ഗവർണർ തത്വത്തിൽ തീരുമാനമെടുത്തതായി സോളിസിറ്റർ ജനറൽ അറിയിച്ചതിനെത്തുടർന്ന്‌ തെലങ്കാന സർക്കാരിന്റെ ഹർജി തീർപ്പാക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.

Read more: https://www.deshabhimani.com/news/national/supreme-court-statement-on-bill-pending/1087697



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ