മഴ പെയ്താൽ വെള്ളത്തിലാകും അല്ലെങ്കിൽ തെരുവുനായ കടിക്കും എന്നതാണ് കേരളത്തിലെ മനുഷ്യരുടെ അവസ്ഥ.
സർക്കാർ നൽകിയ കാറിൽ സഞ്ചരിക്കുന്നതു കൊണ്ടാണ് എൻജിനീയർമാർ റോഡിലെ കുഴി കാണാത്തത്. അതുകൊണ്ടാണ് അവർക്കു വാഹനം നൽകരുതെന്നു പറയുന്നത്.
ഇതൊന്നും ഞാൻ പറഞ്ഞതല്ല. കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി കോടതിയിലിരുന്നു പറഞ്ഞതായി ഇന്നത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരിക്കുന്നതാണ്.
ഇതൊക്കെ പറയുന്ന കോടതികൾ കൃത്യമായ ഓഡിറ്റിംഗിനു വിധേയമാകുന്നുണ്ടോ എന്ന ചോദ്യം മാത്രമാണ് ഞാനിവിടെ ഉന്നയിക്കുന്നത്.
ഒന്നാമതായി പറയട്ടെ റോഡിലെ കുഴികളും പട്ടികളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നിരിക്കെ, റോഡുകളുടെ നിലവാരത്തെ സംബന്ധിച്ചു മാത്രമുള്ള കേസിൽ പട്ടി കടിക്കുന്നതിനെക്കുറിച്ചുള്ള ജഡ്ജിയുടെ വാക്കാൽ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു. തെരുവുനായ്ക്കളെ സംബന്ധിച്ച വിഷയം കേരള ഹൈക്കോടതിയിലെ മറ്റു രണ്ടു ജഡ്ജിമാർ അടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിക്കുകയാണ്, സുപ്രീം കോടതിയിലും നിലനിൽക്കുന്നുണ്ട്. അതിനിടെ റോഡിലെ കുഴികളുമായി യാതൊരു തരത്തിലും ബന്ധമില്ലാത്തതും മറ്റു ബഞ്ചുകളുടെ പരിഗണനയിലിരിക്കുന്നതുമായ ഒരു വിഷയത്തിൽ ജഡ്ജി അഭിപ്രായം പറയുന്നതു ന്യായമാണെന്നു ഞാൻ കരുതുന്നില്ല. വാക്കാൽ പരാമർശങ്ങളോട് വിയോജിക്കുന്നു.
കോടതിയിൽ ജഡ്ജിമാർക്ക് എന്തു ചോദ്യവും ചോദിക്കാം. അത് ആ പോയന്റ് കൂടുതൽ വിശദീകരിക്കാനും ജഡ്ജിയുടെ സംശയം നീക്കാനും കക്ഷികളെ സഹായിക്കും.
കേസുമായി ബന്ധമില്ലാത്തതോ അനുചിതമായതോ ആയ വാക്കാൽ പരാമർശങ്ങൾ നടത്തുന്നത് അതുപോലെയല്ല. അനുചിതവും അനാവശ്യവുമായ പരാമർശങ്ങൾ മാദ്ധ്യമങ്ങൾക്ക് തലക്കെട്ടുകളും അനാവശ്യ വിവാദങ്ങളും മാദ്ധ്യമ വിചാരണയും സൃഷ്ടിക്കാൻ മാത്രമാണ് ഉപകാരപ്പെടുക. അത് ഒട്ടും ആശാസ്യമല്ല. കക്ഷികൾക്ക് നീക്കിക്കിട്ടണമെന്ന് കോടതിയോട് ആവശ്യപ്പെടാനോ അപ്പീൽ നൽകാനോ കഴിയാത്ത വിധം അത്തരം വാക്കാൻ പരാമർശങ്ങൾ രേഖകളിലില്ലാതെ പത്രത്താളുകളിൽ അവശേഷിക്കുകയും തല്പരകക്ഷികൾ ആഘോഷിക്കുകയും ചെയ്യും.
അങ്ങനെയൊരു കാലത്ത് ന്യായമായ ചില ചോദ്യങ്ങൾ സ്വയം ചോദിക്കാൻ കോടതികളെ പ്രേരിപ്പിക്കുകയെന്നത് ഒരു പൗരനെന്ന നിലയിൽ എന്റെ കടമയാണെന്ന് ഞാൻ കരുതുന്നു.
എല്ലാവരെയും വിമർശിക്കുന്ന കോടതികൾ പരിപൂർണ്ണതയുള്ള, കുറവുകളേയില്ലാത്ത ഇടങ്ങളാണോ എന്ന് സ്വയം ചോദിക്കുക.
കഴിഞ്ഞ ദിവസമാണ് സെഷൻസ് കോടതി ശിക്ഷിച്ച ഏഴു വർഷം തടവിൽ കഴിഞ്ഞയാളെ കേരള ഹൈക്കോടതി വെറുതെ വിട്ടത്. അയാളുടെ നഷ്ടപ്പെട്ടു പോയ ഏഴു വർഷങ്ങൾ ആരു തിരികെ നൽകും?
ബാബ്റി മസ്ജിദ് തകർത്ത സംഭവത്തിൽ അന്നത്തെ യുപി ബിജെപി സർക്കാരിനെതിരെ ഒരാൾ നൽകിയ കോടതിയലക്ഷ്യക്കേസ് മുപ്പതു വർഷം സുപ്രീം കോടതി സൂക്ഷിച്ചു വച്ചിട്ട് ഹർജിക്കാരന്റെ മരണശേഷം ഹർജിക്കാരൻ മരിച്ചെന്ന സാങ്കേതിക കാരണത്താൽ തള്ളുകയായിരുന്നു. മുപ്പതു വർഷത്തെ കാലതാമസത്തെ ദൗർഭാഗ്യകരം എന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചത്.
ദൗർഭാഗ്യകരമല്ല. നിരുത്തരവാദപരമായ കൊടിയ തെറ്റാണത്. കാലതാമസത്തിന് ഉത്തരവാദി സുപ്രീം കോടതി തന്നെയാണ്. കോവിഡ് മൂർദ്ധന്യത്തിൽ ബോബ്‌ഡെ സംഘപരിവാറുകാരന്റെ ബൈക്ക് ഉപയോഗിച്ചതിനെ വിമർശിച്ചതിന് ഞൊടിയിടയിൽ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യക്കേസെടുത്തു തീർപ്പാക്കാൻ ഉത്സാഹിച്ച അതേ സുപ്രീം കോടതി തന്നെയാണ് സംഘ സർക്കാരിനെതിരായ കോടതിയലക്ഷ്യത്തിൽ മൂന്നു പതിറ്റാണ്ട് അടയിരുന്ന ശേഷം സാങ്കേതികത്വം പറഞ്ഞു തള്ളിയത്.
മുപ്പതു വർഷത്തെ അലംഭാവം സുപ്രീം കോടതി സ്വയം ഏറ്റടുത്ത് ഒരു അമിക്കസ് ക്യൂറിയെ (കോടതിയെ സഹായിക്കാൻ കോടതി നിയമിക്കുന്ന വക്കീൽ) വച്ച് തുടരേണ്ടതുമായിരുന്നു.
അതൊന്നും ചെയ്തില്ല.
ഇന്ത്യയിലെ കോടതികളിൽ കെട്ടിക്കിടന്ന, കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിനു കേസുകളിൽ ഒന്നു മാത്രമാണത്.
കേരള ഹൈക്കോടതിയിൽ മാത്രം നിലവിൽ കെട്ടിക്കിടക്കുന്നത് 2,10,233 കേസുകളാണ്.
എല്ലാ ഹൈക്കോടതികളിലും കൂടി 59,56,971.
മുപ്പതു വർഷത്തിനു മേൽ പഴക്കമുള്ള 69,980 കേസുകൾ.
20 മുതൽ 30 വർഷം വരെ പഴക്കമുള്ള 1,83,388 കേസുകൾ.
10 മുതൽ 20 വരെ വർഷം പഴയ 10,69,806 കേസുകൾ.
5 മുതൽ 10 വരെ വർഷം പഴയ 12,62,583 കേസുകൾ.
മൂന്നു മുതൽ അഞ്ചു വരെ വർഷം പഴയ 9,93,975 കേസുകൾ.
അതിൽ വർഷങ്ങളായി ജയിലിൽ കിടക്കുന്നവർ തൊട്ട് കിടപ്പാടം നഷ്ടപ്പെട്ട് തെരുവിൽ കിടക്കുന്നവർ വരെയുണ്ട്.
എൻജിനീയർമാർ കാറിൽ പോകുന്നതു കൊണ്ട് കുഴി കാണാൻ പറ്റുന്നില്ലെന്നും അതിനാലവർക്ക് വാഹനം നൽകരുതെന്നുമൊക്കെ വാക്കാൽ പറയുമ്പോൾ സ്വയമൊന്നു ചോദിക്കുക.
തെരുവിലുറങ്ങുന്ന വാദിയുടെ കഷ്ടപ്പാട് മനസിലാക്കാൻ ജഡ്ജിമാർക്കു സാധിക്കാത്തത് അവർ തെരുവിലുറങ്ങാത്തതിനാലാണോ?
ജയിലിൽ കിടക്കുന്നവന്റെ സങ്കടമറിയാൻ കഴിയാത്തത് ജയിലിലുറങ്ങാത്തതുകൊണ്ടാണോ?
നിങ്ങൾ ഒരു വിരൽ ചൂണ്ടുമ്പോൾ നാലു വിരലുകൾ നിങ്ങൾക്കെതിരെയും നീളുന്നുണ്ടെന്നു പറഞ്ഞത് ആരായിരുന്നു?
https://www.facebook.com/100072075932681/posts/pfbid02HQ1z5jerip74JxKcQokyDDxPAHmUKdfsbRTgLVV6Nc5ZwGs6Wji4nsbTikn3Pa2Tl/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ