2025 ഏപ്രിൽ 15, ചൊവ്വാഴ്ച

ഗവർണറല്ല പരമാധികാരി: ഫെഡറലിസത്തിന് കരുത്തായ വിധി

ഗവർണറല്ല പരമാധികാരി
ഫെഡറലിസത്തിന് കരുത്തായ വിധി
©അഡ്വ. വി എൻ ഹരിദാസ്

ഫെഡറലിസത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ * വിധിന്യായങ്ങളിൽ ഒന്നാണ് തമിഴ്‌നാട് സംസ്ഥാന സർക്കാർ നൽകിയ കേസിൽ  ചൊവ്വാഴ്ചയുണ്ടായ സുപ്രീംകോടതി വിധി തമിഴ്‌നാട് നിയമസഭ അംഗീകാരം നൽകിയ ബില്ലുകളിൽ ഒപ്പിടാതെയോ തീരുമാനം എടുക്കാതെയോ അനന്തമായി നീട്ടി വച്ച ഗവർണർ ആർ എൻ രവിയുടെ നടപടിയാണ് സർക്കാർ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തത് ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കത്തിൽ ഏറ്റവും രൂക്ഷമായ സംഘർഷങ്ങളും അഭിപ്രായ ഭിന്നതകളും അരങ്ങേറിയ സംസ്ഥാനങ്ങളിൽ ഒന്ന്, ഒരുപക്ഷേ കേരളം കഴിഞ്ഞാൽ തമിഴ്‌നാട് ആയിരുന്നു.

സർക്കാരിന്റെ നിരവധി ബില്ലുകളും നിർദേശങ്ങളും പദ്ധതികളും ഗവർണർ അനിശ്ചിതമായി തടഞ്ഞു വയ്ക്കുന്നതിൽ ഗതികെട്ട തമിഴ്‌നാട് സർക്കാർ 2023 ഒക്ടോബർ 31ന് സുപ്രീംകോടതിയെ സമീപിച്ചു. 2020 ജനുവരി 11 മുതൽ 2023 ഏപ്രിൽ 28 വരെയുള്ള സമയത്തിനിടയിൽ തമിഴ്‌നാട് നിയമസഭ അംഗീകാരം നൽകിയ 10 ബില്ലുകൾ ഗവർണർ തടഞ്ഞു വച്ചു മറ്റൊന്ന്, 1988 ലെ അഴിമതി നിരോധന നിയമത്തിനു കീഴിൽ പൊതു പ്രവർത്തകർക്ക് (Public Servants) എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുന്നതിനുള്ള അനുമതി തേടി കൊണ്ടുള്ള ഫയലുകൾ ഗവർണർ ഒരു നടപടിയും സ്വീകരിക്കാതെ മാറ്റിവച്ചു. അതു കൂടാതെ, പബ്ലിക് സർവീസ് കമിഷനിലേക്കുള്ള അംഗങ്ങളുടെ നിയമനത്തിലും ഒരു നടപടിയും സ്വീകരിച്ചില്ല. അതു പോലെ തന്നെ തടവുകാരുടെ ശിക്ഷ ഇളവ് ചെയ്‌തു മോചനത്തിനുള്ള ഫയലും ഗവർണർ അനക്കിയില്ല ഇതാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ ഉന്നയിച്ചത്. കോടതി പരിശോധിച്ചത് ഗവർണർമാരുടെ ഇതിനുള്ള അധികാരാവകാശങ്ങളാണ്. പ്രധാനമായും അനുച്ഛേദം 200 പ്രകാരം ഗവർണർക്ക് തീരുമാനമെടുക്കാതെ അനന്തമായി നീട്ടിവയ്ക്കാൻ കഴിയുമോ,? ഒരു ബിൽ സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചയക്കുമ്പോൾ അതിനു കാരണം പറയേണ്ടതുണ്ടോ? അതോ വെറുതെ തിരിച്ചയച്ചാൽ മതിയോ?, സംസ്ഥാന മന്ത്രിസഭ വീണ്ടും ഗവർണറുടെ അനുമതിക്ക് അയച്ചാൽ എന്താണ് ഗവർണർക്ക് ചെയ്യാൻ കഴിയുക,? അത് വീണ്ടും പിടിച്ചു വയ്ക്കാൻ കഴിയുമോ,? എപ്പോഴൊക്കെയാണ് രാഷ്ട്രപതിയുടെ അനുമതിക്കായി ഗവർണർക്ക് അയക്കാൻ കഴിയുക? തുടങ്ങിയ ഭരണഘടനാപരമായ ചോദ്യങ്ങൾക്കാണ് സുപ്രീംകോടതി ഇപ്പോൾ ഉത്തരം നൽകിയിരിക്കുന്നത് ജസ്റ്റിസ് ജെ ബി പർദ്ദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ച് ആണ് ഗവർണറുടെ നടപടി തെറ്റാണ് എന്നു വിധിച്ചത് . മാത്രവുമല്ല, അനുച്ഛേദം 200 അനുസരിച്ചുള്ള വിവേചനാധികാരം ഉപയോഗിച്ച് ഗവർണർ അംഗീകാരം നൽകാതെ തടഞ്ഞു വച്ച എല്ലാ ബില്ലുകൾക്കും സുപ്രീംകോടതി അനുമതി നൽകുക കൂടി ചെയ്‌തു. അതായത് എല്ലാ ബില്ലുകളും പാസായതായി കോടതി പ്രഖ്യാപിച്ചു ബില്ലുകൾ അനന്തമായി പിടിച്ചു വയ്ക്കരുതെന്നും മൂന്നു മാസത്തിനകം തീരുമാനം എടുക്കണമെന്നും വിധിയിൽ വ്യക്തമാക്കി നിർണായകമായ മറ്റൊരു കാര്യം, ഗവർണർ ചില ബില്ലുകൾ രാഷ്‌ടപതിക്ക് അയച്ചിരുന്നു. അതിന്മേൽ രാഷ്ട്രപതി എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടെങ്കിൽ അത് നിലനിൽക്കില്ല എന്നു കൂടി സുപ്രീംകോടതി വിധിച്ചു.

നിയമനിർമാണത്തിൽ ഗവർണറുടെ പങ്ക് എന്നത് എക്കാലത്തും വിവാദാസ്പദമാണ്. ഏതൊരു ബില്ലും നിയമം ആകണമെങ്കിൽ നിയമസഭ അത് അംഗീകരിച്ചാൽ ഗവർണറുടെ അനുമതി കൂടി വേണം. അനുച്ഛേദം 200 അനുസരിച്ച് ഒരു ബില്ല് നിയമസഭ അംഗീകരിച്ച് ഗവർണറുടെ അനുമതിക്കായി അയച്ചു കഴിഞ്ഞാൽ ഗവർണർക്ക് നാല് വഴികളുണ്ട്. ഒന്നുകിൽ അത് അംഗീകരിച്ച് ഒപ്പ് വയ്ക്കാം. അപ്പോൾ ആ ബിൽ നിയമമാകും രണ്ട്, തീരുമാനം എടുക്കാതെ പരിഗണനയ്ക്കു വയ്ക്കാം. മൂന്ന്. ചില ഭേദഗതികളോ ചില മാറ്റങ്ങളോ പുനഃപരിശോധനയോ ആവശ്യപ്പെട്ടു കൊണ്ട് തിരിച്ചയക്കാം. നിയമ സഭ ഈ നിർദേശങ്ങൾ ഒന്നും സ്വീകരിക്കാതെ അതു പോലെ തന്നെ വീണ്ടും അയച്ചാൽ ഗവർണർ അനുമതി നൽകിയേ മതിയാകൂ. വീണ്ടും തിരിച്ചയക്കാനോ എടുത്തു വയ്ക്കാനോ അധികാരമില്ല. നാല്, രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിക്കാം ഒന്നും ചെയ്യാതെ വയ്ക്കുന്നതിനെ 'പോക്കറ്റ് വീറ്റോ' എന്നാണ് കോടതി വിശേഷിപ്പിച്ചത്. ജസ്റ്റിസ് പർദ്ദിവാല എഴുതിയ വിധിന്യായത്തിൽ അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചത് അങ്ങനെ 'പോക്കറ്റ് വീറ്റോ' ' ചെയ്യാനോ അതിനുള്ള പരിപൂർണമായ അധികാരമോ' ഗവർണർക്ക് ഇല്ല എന്നാണ്. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടണമെങ്കിൽ അത് ആദ്യമേ തന്നെ ചെയ്യണം, നിയമസഭ രണ്ടാമതും സമർപ്പിച്ചാൽ പി ന്നെ ഗവർണർക്ക് ആ അധികാരം വിനിയോഗിക്കാൻ സാധിക്കുകയില്ല. അനുച്ഛേദം 200 ഇന്ത്യയു ടെ ഫെഡറൽഘടനയിൽ നിർണായകമായ സ്വാധീനം ചെലുത്തുന്നതു കൊണ്ട് ഓരോ സന്ദർഭത്തിലും ഗവർണർക്ക് തീരുമാനം എടുക്കാനുള്ള പരമാവധി സമയപരിധി കൂടി (ഒന്നുമുതൽ മൂന്ന് മാസം ഒരെ ) സുപ്രീംകോടതി നിശ്ചയിച്ചു.

വളരെ രൂക്ഷമായ വിമർശമാണ് സുപ്രീംകോടതി ഗവർണർക്കു നേരെ നടത്തിയത് ജനങ്ങളുടെ ഇഛയെ പ്രതിഫലിപ്പിക്കുന്നത് നിയമസഭയാണോ കേന്ദ്ര ഭരണകൂടം നിയമിക്കുന്ന ഗവർണർ ആണോ എന്ന ചോദ്യത്തിന് സംശയത്തിന് ഇടനൽകാത്ത വിധം സുപ്രിംകോടതി ഉത്തരം പറഞ്ഞു. അത് ജനങ്ങൾ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾ അടങ്ങിയ നിയമനിർമാണ സഭയാണ്. ഗവർണർ നിയമ നിർമ്മാണ സഭയുടെ ഉപദേശ നിർദേശങ്ങൾക്ക് അനുസരിച്ചു പ്രവർത്തിച്ചേ മതിയാകൂ സുപ്രീംകോടതി ഒന്നു കൂടി എടുത്തു പറഞ്ഞു' ഗവർണർ രാഷ്ട്രീയ പരിഗണനകളാൽ അല്ല നയിക്കപ്പെടേണ്ടത്, ഭരണഘടനാ തത്വങ്ങളാലാണ്. കേന്ദ്ര സർക്കാരിനു വേണ്ടി അറ്റോർണി ജനറൽ ഉയർത്തിയ വാദങ്ങളെല്ലാം സു പ്രീംകോടതി തള്ളി.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമായി ഗവർണർമാർ മാറുന്നു

എന്നും കേന്ദ്രം തങ്ങളുടെ രാഷ്‌ട്രിയ ലക്ഷ്യങ്ങൾ ക്ക് ഗവർണർമാരെ ഉപയോഗിക്കുന്നു എന്നും സർക്കാരിയ കമീഷൻ നിരീക്ഷിക്കുന്നുണ്ട്. അതിനും ദശകങ്ങൾക്കു മുമ്പ് തന്നെ ഭരണ പരിഷ്കാര കമ്മീഷൻ ഗവർണർമാരെ നിയമിക്കാനും നീക്കം ചെയ്യാനുമുള്ള രാഷ്ട്രപതിയുടെ അധികാരം ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഗവർണർമാർ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ ദീർഘകൈയുകളായോ ചട്ടുകങ്ങളായോ പ്രവർത്തിക്കുന്നു എന്നതാണ് എക്കാലത്തും ഗവർണർ പദവിക്ക് എതിരെ ഉയർന്നിരുന്ന ഏറ്റവും വലിയ വിമർശം. അതിൻ്റെ ഏറ്റവും അപലപനീയമായ പ്രയോഗങ്ങളാണ് മോദി ഭരണക്കാലത്ത് പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നേരിടേണ്ടി വന്നത്. അതിന്റെ വലിയ ഇരകളായിരുന്നു കേരളവും തമിഴ്‌നാടും. ഗവർണർ പദവിയിൽ ഇരുന്നു കൊണ്ട് രാഷ്ട്രീയ താൽപ്പര്യങ്ങൾ നിറവേറ്റുന്നവർക്കുള്ള ശക്തമായ തിരിച്ചടിയാണ് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. കേരളം നൽകിയിരിക്കുന്ന കേസുകളിൽ ഇന്ത്യൻ ഭരണഘടനയിലെ ഫെഡറൽ തത്വങ്ങളെ ഉറപ്പിക്കുന്ന നിലയിലുള്ള നിർണായക വിധികൾ സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായേക്കാം എന്ന പ്രതീക്ഷ നൽകുന്നതു കൂടിയാണ് ഈ വിധി. 'ഭരണഘടന എത്ര നല്ലതായാലും അത് നടപ്പിലാക്കുന്നവർ മോശമാണ് എങ്കിൽ ഭരണഘടനയും മോശമായി തീരും' എന്ന ഡോ. ബി ആർ അംബേദ്‌കറുടെ പ്രശസ്തമായ വാക്യത്തിലാണ് ജസ്റ്റീസ് തന്റെ വിധി ന്യായം അവസാനിപ്പിക്കുന്നത്. ഇത് ആരെയാണ് ഉദ്ദേശിച്ചത് എന്ന് വിധി ന്യായത്തിലൂടെ കടന്നുപോകുന്ന ആർക്കും മനസ്സിലാകും (കേരള ഹൈക്കോടതിയിലെ അഭിഭാഷകനാണ് ലേഖകൻ)

https://www.deshabhimani.com/epaper/newspaper/kottayam/2025-04-09?page=6&type=fullview

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ