2024 സെപ്റ്റംബർ 9, തിങ്കളാഴ്‌ച

പൊതു സിവിൽ നിയമമല്ല പരിഹാരം വ്യക്തിനിയമ പരിഷ്ക്കരണമാണ്

ഇന്ത്യയിലെ മുസ്ലിം സ്ത്രീകൾ മറ്റു സ്ത്രീകൾക്ക് ലഭിക്കാത്ത ചില ആനുകൂല്യങ്ങൾ മുസ്ലിം വ്യക്തി നിയമം / പൊതു നിയമം  വഴി അനുഭവിക്കുന്നുണ്ട്.

1)ഭർത്താവിൽ നിന്നും ചെലവിനു ലഭിക്കാനുള്ള അവകാശം. 
 ഇതു രണ്ടു തരത്തിൽ ഉണ്ട്.
a)ഒന്നു മുസ്ലിം സ്ത്രീ ആയതു കൊണ്ടു ശരിയത്ത് പ്രകാരം സ്വന്തം വരുമാനം ഉണ്ടെങ്കിലും അവർക്കു ഭർത്താവ് ചെലവിനു കൊടുക്കുവാൻ ബാധ്യസ്ഥനാണ്. ( അനുസരണ ഇല്ലാത്ത ഭാര്യ ഈ അവകാശത്തിനു അർഹരല്ല. അനുസരണ എന്താണെന്നത് തർക്ക വിഷയമാണ്, ആധുനിക സമൂഹത്തിൽ "അനുസരണ " എന്ന വാക്ക് എത്രമേൽ അപക്വമാണെന്നു നിയമ വ്യാഖ്യാതക്കൾ പറയട്ടെ ).
N)സ്വന്തമായി വരുമാനമില്ലാത്ത ഭാര്യയ്ക്കു BNSS 144 പ്രകാരം ചെലവിനു ലഭിക്കുവാൻ അവകാശം ഉണ്ട്.  

വിവാഹ മോചിത :

സ്വന്തമായി വരുമാനം ഉള്ളവരും ഇല്ലാത്തവരുമായ മുസ്ലിം സ്ത്രീക്ക്  വിവാഹ മോചിതയായാൽ 1986 ലെ വിവാഹം മോചിത സംരക്ഷണ നിയമ പ്രകാരം മഹറ് , ഇദ്ദ കാലയളവിലെ ചെലവ്, വിവാഹത്തോട് അനുബന്ധിച്ചും അതിനു ശേഷവും ലഭിച്ച സമ്മാനങ്ങൾ, ഭാവി സംരക്ഷണ ചെലവ്  എന്നിവയ്ക്കും അവകാശം ഉണ്ട്.
( ഇതു മുസ്ലിം സ്ത്രീക്കു മാത്രം ലഭിക്കുന്ന അവകാശങ്ങൾ ആണ് . ) വിവാഹ മോചന സമയത്ത് രണ്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടി ഉണ്ടെങ്കിൽ ആ കുട്ടിക്കായി പ്രത്യേക ചെല് ലഭിക്കാനും അവകാശം ഉണ്ട്.

2. വിവാഹ  മോചനം .
എല്ലാ കാലത്തും വിവാദമായ കാര്യമാണ് ഇസ്ലാമിക ശരീയത്ത് പുരുഷനു ഏക പക്ഷീയമായി  അനുവദിച്ചു നൽകിയ തലാഖ് ( വിവാഹ മോചന ) അധികാരം . എന്നാൽ നമ്മുടെ കോടതികൾ ഖുറാനും പ്രവാചകചര്യകളും വ്യാഖ്യാനിച്ചു തന്നെ ഏക പക്ഷീയ തലാഖുകൾക്കു വിലങ്ങുകൾ ഇട്ടിട്ടുണ്ട് ( ഷമീം അറ കേസ് ) എന്നാൽ തലാഖിനു സമാനമായ അധികാരം എക്സ്ട്രാ ജുഡീഷ്യൽ അധികാരം ഖുൽ അ ( കുല ) സ്ത്രീകൾക്കു ഉണ്ടെന്നു കേരള ഹൈക്കോടതി വിധി ന്യായം വഴി പ്രഖാപിച്ചത് വലിയ തോതിൽ കേരളത്തിലും തമിഴ് നാട്ടിലും സ്ത്രീകൾ ഉപയോഗിക്കുന്നുണ്ട് . മറ്റു മതാചാര പ്രകാരം വിവാഹം കഴിച്ചവരും SMA പ്രകാരം വിവാഹം കഴിച്ചവരും വിവാഹ മോചനം ലഭിക്കുന്നതിനു വേണ്ടി വർഷങ്ങളോളം കോടതിയിൽ കയറി ഇറങ്ങേണ്ടി വരുമ്പോൾ വളരെ പെടുന്നനേ ഈ കാര്യം സാധിക്കുവാൻ ശരീഅത്തു പ്രകാരം മുസ്ലിം സ്ത്രീക്കു സാധിക്കുന്നുണ്ട്. (പുരുഷനും . സാധിക്കുന്നുണ്ട്.)

ചില മത   വ്യാഖ്യാതാക്കൾ പ്രചരിപ്പിക്കുന്നതു പോലെ മുസ്ലിം ഭർത്താവിനു  ഇന്ത്യയിലെ മുസ്ലിം സ്ത്രീയെ അടിക്കുവാനോ മാനസിക സമ്മർദ്ദത്തിൽ ആക്കുവാനോ  നമ്മുടെ സെക്യുലർ നിയമം ( ഗാർഹിക പീഢന നിരോധന നിയമം , BNS 85)  അനുവദിക്കുന്നുമില്ല.

3. ദത്ത് ഇസ്ലാം വിലക്കുന്നുണ്ടെങ്കിലും  ബാലനീതി  നിയമ പ്രകാരം ഇന്ത്യയിലെ മുസ്ലീമിങ്ങൾക്ക് ആ അവകാശം സുപ്രിം കോടതി ശബ്നം ഹാഷ്മി കേസിൽ അനുവദിച്ചിട്ടുണ്ട്. 
ഇങ്ങിനെയൊക്കെ ആണെങ്കിലും ഇന്ത്യയിൽ നിലവിലുള്ള മുസ്ലിം വ്യക്തി നിയമത്തിൽ 
 a) (മുസ്ലിം പുരുഷനുള്ള ) ബഹു ഭാര്യത്വ അവകാശവും
 b) അനന്തര അവകാശത്തിലെ സ്ത്രീക്കു പകുതി അവകാശവും നമ്മുടെ  ഭരണ ഘടനയിലെ ആർട്ടിക്ക്ൾ 14 , 15, 21 എന്നിവയുടെ കടുത്ത ലംഘനമാണ്. 

മുസ്ലിംപുരുഷന്റെ ബഹുഭാര്യത്വ അവകാശം സ്ത്രീകൾക്ക്  ഭരണഘടന ഉറപ്പു നൽകുന്ന അഭിമാനകരമായ ജീവിതത്തിനു നേരെയുള്ള വെല്ലു വിളിയാണ്.  അതു ശാശ്വതമായി പരിഹരിക്കപ്പെടണം.

എല്ലാ അർത്ഥത്തിലും തുല്യരായ മനുഷ്യർ അനന്തര സ്വത്ത് ഓഹരിയിൽ മാത്രം രണ്ടാം തരക്കാരാകുന്നതും പെൺ കുട്ടികൾ മാത്രമായതു കൊണ്ട് വിവേചനം നേരിടേണ്ടി വരുന്നതും സ്വാതന്ത്ര്യം കിട്ടി 78 വർഷം കഴിഞ്ഞിട്ടും അനുഭവിക്കേണ്ടി വരുന്നതു അത്യന്തം പരിതാപകരമാണ്. 

തിരുത്തണം , തിരുത്തിക്കണം, കാലാനുസൃതമായി നിയമങ്ങൾ.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ,
ഒക്ടോബർ 5 ന്
എറണാകുളത്ത് സമത്വ സമ്മേളനം നടക്കുകയാണ്.
# മുസ്ലിം പുരുഷന്റെ ബഹു ഭാര്യത്വ അവകാശം നിയമം വഴി തടയുക
# മുസ്ലിം സ്ത്രീക്കു അനന്തരവകാശത്തിൽ തുല്യത നിയമം വഴി ഉറപ്പു വരുത്തുക 

ഈ രണ്ടു കാര്യങ്ങൾ ഉന്നയിച്ചാണ് തുല്യതാ സമ്മേളനം നടത്തുന്നത്.
ഫോറം ഫോർ ജെന്റർ ഇക്വാലിറ്റി എമംഗ് മുസ്ലീംസ്  FORGEM 
എന്ന സംഘടനയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

ഈ മൂവ്മെന്റിനു പിന്തുണ വേണം.
രാജ്യത്തെ പ്രമുഖ ന്യായാധിപർ , അഭിഭാഷകർ , സിനിമ , സാംസ്കാരിക , മത, കലാ, സാഹിത്യ രംഗത്തെ പ്രമുഖർ സംബന്ധിക്കും.
വരണം ,
ഈ മനുഷ്യ കൂട്ടായ്മയിൽ  കണ്ണി ചേരണം.

#തുല്യതാസമ്മേളനം2024

©Shukkur Vakkeel

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ