2023 നവംബർ 24, വെള്ളിയാഴ്‌ച
വേറിട്ട വഴികൾ, വ്യത്യസ്ത നേട്ടങ്ങൾ - ഡോ. സെബാസ്റ്റ്യൻ പോൾ എഴുതുന്നു
ഭരണഘടന വായിച്ച ഗവർണർക്ക് ചിലവേളകളിൽ തുടരാൻ കഴിയാതെവരും. ഭരണഘടന അറിയാവുന്ന ശങ്കർ ദയാൽ ശർമ രാഷ്ട്രപതിയായിരുന്നിട്ടും ഫാത്തിമാ ബീവിക്ക് രാജ്ഭവനിൽ തുടരാൻ കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ ഉപദേശവും നിർദേശവും സ്വീകരിച്ച് അതിനനുസൃതമായി പ്രവർത്തിക്കാൻ ഭരണഘടനാപരമായി ബാധ്യതയുള്ള ഗവർണർക്ക് മുഖ്യമന്ത്രിയുടെ നിയമനത്തിൽ വിവേചനാധികാരമുണ്ട്.അതനുസരിച്ച് കേന്ദ്രഹിതത്തിന് വിരുദ്ധമായി ജയലളിതയെ മുഖ്യമന്ത്രിയായി നിയമിച്ച ഫാത്തിമയ്‌ക്ക് സ്വീകാര്യമായ മാർഗം രാജിയായിരുന്നു. എം കരുണാനിധിയുടെയും ജയലളിതയുടെയും കാലത്ത് ഗവർണറായ അവർ ഇരുവരുമായും പല കാര്യങ്ങളിലും വിയോജിച്ചു. രാജീവ് ഗാന്ധി വധക്കേസിലെ നാല് പ്രതികളുടെ ദയാഹർജി ദ്രാവിഡപാർടികളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി നിരാകരിച്ചതിനൊപ്പം രാജിക്കത്ത് രാഷ്ട്രപതിക്കയച്ചു. ആ മാർഗം സ്വീകരിച്ചിരുന്നെങ്കിൽ ആർ എൻ രവിക്കും ആരിഫ് മൊഹമ്മദ് ഖാൻ ഉൾപ്പെടെയുള്ളവർക്കും സുപ്രീംകോടതി ശാസന എറ്റുവാങ്ങേണ്ടിവരില്ലായിരുന്നു. കേന്ദ്ര ഇംഗിതത്തിന് വിരുദ്ധമായും സംസ്ഥാന സർക്കാരിന്റെ ഹിതത്തിന് അനുസൃതമായല്ലാതെയും ഗവർണർക്ക് പ്രവർത്തിക്കാം. രണ്ടായാലും രാജിയാണ് മാന്യമായ വഴി. അന്ന് അരുൺ ജയ്റ്റ്ലി രാജിചോദിച്ചുവാങ്ങുകയായിരുന്നു.
ഗവർണറുടെ അധികാര പരിമിതിയും നിലനിൽപ്പിലെ അനിശ്ചിതത്വവും ഫാത്തിമയ്‌ക്ക് നന്നായി അറിയാമായിരുന്നു. നിയമസഭാംഗമാകാൻ അയോഗ്യതയുള്ള ജയയെ പാർടിിയുടെ അംഗബലത്തിൽ മുഖ്യമന്ത്രിയാക്കിയത് അസാധുവാക്കിയ സുപ്രീംകോടതി,ഗവർണർക്ക് ഉണ്ടെന്ന് കരുതപ്പെടുന്ന വിവേചനാധികാരം ഭരണഘടനയാൽത്തന്നെ പരിമിതമാണെന്ന് നിരീക്ഷിച്ചു. വേറിട്ട വഴികളിലെ സവിശേഷ യാത്രയിൽ അപ്രതീക്ഷിത ഇടങ്ങളിൽ എത്തിച്ചേർന്നയാളാണ് ഫാത്തിമ. ബാർ കൗൺസിൽ സ്വർണ മെഡലിന് അർഹയാകുംവിധം നിയമം നന്നായി പഠിച്ചു. സ്വസമുദായത്തിലെ പെൺകുട്ടികളുടെ പ്രതിസന്ധികളെയും പ്രയാസങ്ങളെയും ഉൽപ്പതിഷ്ണുവായ ആ പെൺകുട്ടി അതിജീവിച്ചു. ഇതരസമുദായങ്ങളിലെ സ്ത്രീകൾക്കും മാതൃകയായി. 1958ൽ മുൻസിഫായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ച് ജില്ലാ‐സെഷൻസ് ജഡ്ജിയായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചശേഷം 1983ൽ ഹൈക്കോടതി ജഡ്ജിയായപ്പോൾ അവർ പ്രഥമസ്ഥാനീയ ആകാതിരുന്നത് അതിനുമുമ്പ് അന്നാ ചാണ്ടി ആ സ്ഥാനത്തെത്തിയതിനാലാണ്. 1989ൽ സുപ്രീംകോടതിയിലേക്കുള്ള ഫാത്തിമയുടെ സമാരോഹണം ഏഷ്യയിലാകെ കൗതുകക്കാഴ്ചയായി. ഹൈക്കോടതിയിൽനിന്ന് പ്രായമെത്തി വിരമിച്ച് അഞ്ചു മാസത്തിനുശേഷമാണ് അത്. അവിടെ ആദ്യ വനിതാ ജഡ്ജി ആരെന്ന ചോദ്യത്തിന് എം ഫാത്തിമാ ബീവി എന്ന് ഉദ്യോഗാർഥികൾ ഉത്തരമെഴുതുമ്പോൾ ആ വാർത്തയുടെ അന്നത്തെ പ്രാധാന്യം ആരും ഓർക്കുന്നുണ്ടാവില്ല. സുപ്രീംകോടതിയിൽ വനിതാസാന്നിധ്യം വർധിക്കുകയും ആസന്നഭാവിയിൽ ചീഫ് ജസ്റ്റിസായി വനിത നിയമിതയാവുന്നതിനുള്ള സാധ്യത തെളിയുകയും ചെയ്യുമ്പോൾ അതിന്റെ തുടക്കക്കാരായി കേരളത്തിൽനിന്ന് രണ്ട് സ്ത്രീകൾ ഉണ്ടായിരുന്നുവെന്നത് അഭിമാനകരമാണ്.ഫാത്തിമയെ പിന്തുടർന്ന് എട്ട് വനിതകൾ മാത്രമാണ് സുപ്രീംകോടതിയിൽ എത്തിയത്.
സുപ്രീംകോടതിയിൽനിന്ന് വിരമിച്ച് ദേശീയ മനുഷ്യാവകാശ കമീഷൻ അധ്യക്ഷ പദവിയിലിരിക്കെയാണ് ഫാത്തിമ ഗവർണറായത്‐1997‐2001 വർഷങ്ങളിൽ. രാജീവ് ഗാന്ധി വധത്തിനുത്തരവാദികൾ ആരെന്ന ചോദ്യം പാർലമെന്റിനെ പ്രക്ഷുബ്ധമാക്കുന്ന കാലം. കോൺഗ്രസ് പിന്തുണയോടെ ദേവഗൗഡയും തുടർന്ന് ഐ കെ ഗുജ്റാളും പ്രധാനമന്ത്രിമാരായ ഘട്ടം. അന്വേഷണ റിപ്പോർട്ടിലെ സൂചന അടിസ്ഥാനമാക്കി ഡിഎംകെയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന കോൺഗ്രസ് ആവശ്യത്തിനു വഴങ്ങാതെ ഗുജ്റാൾ രാജിവച്ചതിന്റെ അലയൊലി തമിഴ്നാട്ടിലും. രാജീവ് ഘാതകരുടെ ദയാഹർജി ഗവർണർ തള്ളിയപ്പോൾ അത് മുഖ്യമന്ത്രിയുടെ ഉപദേശത്തിന് വിരുദ്ധമായി. ആ സാഹചര്യത്തിൽ ഏറ്റുമുട്ടലല്ല രാജിയാണ് കരണീയമെന്ന പാഠം ഫാത്തിമ രാഷ്ട്രത്തിനു പൊതുവിലും ഗവർണർമാർക്ക് പ്രത്യേകമായും നൽകി. ദേശീയ‐സാർവദേശീയ തലങ്ങളിൽ മലയാളികളുടെ യശസ്സുയർത്തിയ ഫാത്തിമ ബീവിക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കേരളപ്രഭ പുരസ്കാരം നൽകി ആദരിച്ചത്. ഇടതുപക്ഷത്തിന്റെ താൽപ്പര്യം സ്വീകരിക്കപ്പെട്ടിരുന്നുവെങ്കിൽ അവർ രാഷ്ട്രപതിയാകുമായിരുന്നു; പകരം എൻഡിഎ നോമിനി എ പി ജെ അബ്ദുൾ കലാം ആ സ്ഥാനത്തെത്തി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ