2023 മേയ് 31, ബുധനാഴ്‌ച

പഞ്ചായത്ത് അറിവുകൾ - 34*

വാർഡ് മെമ്പർമാരുടെയും പഞ്ചായത്തിൽ സെക്രട്ടറിയുടെയും അറിവിലേക്ക്.
*പഞ്ചായത്ത് അറിവുകൾ - 34* 

    *പൊതു റോഡുകൾ* 

   1.  കെ.പി.ആർ. ആക്റ്റ് *വകുപ്പ് 169* അനുസരിച്ച് പഞ്ചായത്ത് ഭൂപ്രദേശത്തിനുള്ളിലുള്ള പൊതുജനങ്ങൾ ഉപയോഗിക്കുന്ന എല്ലാ പൊതു വഴികളും, പാലങ്ങളും, കലുങ്കുകളും , നടപ്പാതകളും , അഴുക്കുചാലുകളും അവയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ സ്വത്തല്ലാത്ത എല്ലാ ഭൂമിയും പഞ്ചായത്തിൽ നിക്ഷിപ്തമാണ്.

2. ഗ്രാമപഞ്ചായത്ത് ഭൂപ്രദേശത്തിനുള്ള വില്ലേജ്  റോഡുകൾ, പാതകൾ, വഴികൾ എന്നിവ ഗ്രാമപഞ്ചായത്തിൽ നിക്ഷിപതമാണ്. 

3. ഒന്നിൽ കൂടുതൽ ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തിനുള്ളിലുള്ളതും,മേജർ ജില്ലാ റോഡല്ലാത്ത ജില്ലാ റോഡുകളും , വില്ലേജ് റോഡുകളും ബ്ലോക്ക് പഞ്ചായത്തിൽ നിക്ഷിപ്തമാണ്.

3. ഒന്നിൽ കൂടുതൽ ബ്ലോക്ക് പഞ്ചായത്തിന്റെ ഭൂപ്രദേശത്തിനുള്ളിലുള്ള മേജർ ജില്ലാ റോഡല്ലാത്ത എല്ലാ ജില്ലാ റോഡുകളും ജില്ലാ പഞ്ചായത്തിൽ നിക്ഷിപ്തമാണ്. 

4. *ഒന്നിലധികം പുരയിടങ്ങളിലേക്ക് പോകുന്നതും പൊതുജനങ്ങൾക്ക് വഴി അവകാശമുള്ളതുമായ (over which public have a right of way) എല്ലാ വഴിയും, അത് സ്വകാര്യ സ്വത്തായാലും പഞ്ചായത്തിൽ നിക്ഷിപ്തമാകുന്നു എന്നാണ് 169-ാം വകുപ്പ് വിശകലനം ചെയ്ത് 2015 ലെ മറിയം ബീവി Vs അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കേസിൽ ബഹു. കേരള ഹൈക്കോടതി സുപ്രധാന വിധി പുറപെടുവിച്ചിട്ടുള്ളത്.*

       ( 2015 ലെ ഈ വിധി അപ്പീലിൽ ബഹു. ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് പൂർണ്ണമായും ശരി വയ്ക്കുകയും ചെയ്തു.)

     71 സെന്റ് ഭൂമി 6 പുരിയിടങ്ങളായി വിഭജിച്ച് അവരുടെ പൊതു ഉപയോഗത്തിനായി ഒരു വഴി വിടുകയും ചെയ്തു. പഞ്ചായത്ത് ഈ വഴി ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി റോഡ് നിർമ്മിച്ചു. 

     എന്നാൽ സ്വകാര്യ ഭൂമിയുടെ ഭാഗമായുള്ള വഴി പഞ്ചായത്ത് അനധികൃതമായി കയ്യേറി റോഡ് നിർമിക്കുന്നുവെന്നും ആയത് തന്റെ മൗലികാവകാശങ്ങളെ നിഷേധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഹർജിക്കാരി ബഹു കേരള ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. 

     തർക്ക വഴി ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടതാണെന്നും മഴക്കാലത്ത് വഴി നശിച്ചു പോകുന്നത് തടയുന്നതിനായി വഴി ഉപയോഗിക്കുന്നവരുടെ ആവശ്യം പരിഗണിച്ചാണ് റോഡ് നിർമ്മിച്ചതെന്നും പഞ്ചായത്തും വാദിച്ചു.

     കെ.പി.ആർ *വകുപ്പ് 2 (xxxv)* പ്രകാരം പൊതുവഴിയുടെ നിർവ്വചനത്തിന്റെ വ്യാപ്തി വിശാലമാണെന്നും പൊതുജനങ്ങൾക്ക് പ്രവേശനമുള്ള വഴികളും കൂടാതെ പൊതുവായിട്ടുള്ളതല്ലാത്ത വഴികളും അതിൽ ഉൾപ്പെടുമെന്നും കോടതി വിധി പറഞ്ഞു. 

    സ്വകാര്യ വഴിയും, പൊതുവഴിയുടെ സ്വഭാവത്തിലുളള സ്വകാര്യ വഴികളും തമ്മിൽ അന്തരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. 

    *വകുപ്പ് 169 (1)(സി)* പ്രകാരം പഞ്ചായത്ത് പ്രദേശത്തുള്ള ഗ്രാമീണ പാതകൾ, നിരത്തുകൾ, ഇടവഴികൾ എന്നിവയെല്ലാം (സർക്കാർ വസ്തു ആയാലും സ്വകാര്യ വസ്തു ആയാലും) പൊതുവഴി തന്നെയാണെന്ന്  കോടതി വിധിച്ചു . 

     *ഒരു സ്വകാര്യ ഭൂമിയിലേക്ക് മാത്രമുള്ള വഴി സ്വകാര്യ വഴിയാണെങ്കിലും, മറ്റേതെങ്കിലും ഭൂമിയുമായി ബന്ധപ്പെടുത്തുന്ന പക്ഷം പൊതുവഴിയാണെന്നും പഞ്ചായത്തിന്റെ നടപടി കോടതി ശരിവയ്ക്കുകയും ചെയ്തു.* 

      ഒന്നിലധികം പുരയിടങ്ങളിലേക്ക് പോകുന്ന പൊതുസ്വഭാവമുള്ള സ്വകാര്യ വഴികൾ ഗ്രാമ പഞ്ചായത്തിൽ നിക്ഷിപ്തമാകുമെന്നും ആയത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി റോഡ് നിർമ്മാണം നടത്താമെന്നും, നിലവിൽ ഇങ്ങനെ പൊതുവഴിയായി പരിഗണിക്കുന്ന വഴികൾ, നിലവിലുള്ള വീതിയിലും നീളത്തിലും ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്  റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താമെന്നും ചുരുക്കം.

          ഡി. സഞ്ജയ് പ്രഭു
                11-03-2023

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ