ജുഡീഷ്യറിയെ ദുർബലപ്പെടുത്താനും അപകീർത്തിപ്പെടുത്താനുമായി ഇപ്പോൾ തുടർച്ചയായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് എക്സിക്യൂട്ടീവിനെ ഏറ്റവും ശക്തമായ സ്ഥാപനമാക്കാനുള്ള വലിയ ദൗത്യത്തിന്റെ ഭാഗമായാണ്. എക്സിക്യൂട്ടീവിന്റെ ഉത്തരവാദിത്വം ഇന്ന് ഓർമ മാത്രമാകുന്നു.
നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്‌മെന്റ് കമീഷൻ (എൻജെഎസി) ആക്ടിനെപ്പറ്റി 2015-ൽ സുപ്രീംകോടതിയുടെ തീരുമാനമുണ്ടായ ശേഷം, ദീപക് മിശ്ര ഇന്ത്യയുടെ ചീഫ് ജസ്റ്റിസായതു മുതൽ, പ്രത്യേകിച്ച് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ് എ ബോബ്‌ഡെ എന്നിവരുടെ കാലയളവിൽ നീതിന്യായ സംവിധാനം നിഷ്‌ക്രിയമായി നില കൊള്ളുകയായിരുന്നു. എക്സിക്യൂട്ടീവിന് വിധേയമായി പ്രവർത്തിക്കുകയായിരുന്നു കോടതി. തൽഫലമായി, കൊളീജിയത്തിനെതിരെ കുശുകുശുപ്പ് പോലും ഉയർന്നില്ല. എന്നിരുന്നാലും, കഴിഞ്ഞ മൂന്ന് ചീഫ് ജസ്റ്റിസുമാർക്കൊപ്പം പ്രവർത്തിച്ചിരുന്ന ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവർ കോടതിയിൽ കൂടുതൽ ഉറച്ച നിലപാടെടുക്കുകയും ആത്മ വിശ്വാസമുള്ള ശബ്ദത്തിൽ സംസാരിക്കുകയും ചെയ്‌തു. ഇന്ത്യയിലെ ഏറ്റവും ശക്തമായ സ്ഥാപനമെന്ന നിലയിൽ പൗരാവകാശങ്ങളുടെ അവസാനത്തെ ശക്തികേന്ദ്രവും അന്തിമ സംരക്ഷകനുമാണ് ജുഡീഷ്യറിയെന്ന് എക്സിക്യൂട്ടീവ് തിരിച്ചറിഞ്ഞിട്ടുണ്ട്.
നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്‌മെന്റ് കമീഷൻ നിയമത്തിന് ഈ പ്രശ്നം പരിഹരിക്കാമായിരുന്നു. എന്നാൽ, അതിന് ‘പ്രമുഖ വ്യക്തികൾ' എന്ന് വിളിക്കപ്പെടുന്നവർക്ക് വീറ്റോ നൽകുന്നത് ഉൾപ്പെടെ ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ തുരങ്കംവയ്‌ക്കുന്ന രീതിയിൽ ഘടനാപരമായ നിരവധി പിഴവുകൾ ഉണ്ടായിരുന്നു. കോടതിക്ക് ഈ പിഴവുകൾ വായിച്ച് ഓരോ നിയമന തെരഞ്ഞെടുപ്പും കാര്യക്ഷമമാക്കുന്നതിന് ഒരു സംവിധാനം സ്ഥാപിക്കാമായിരുന്നു. എന്നാൽ, നിയമത്തിൽ എന്തെങ്കിലും മാറ്റംവരുത്താനോ പരിഷ്‌കരിക്കാനോ സർക്കാർ തയ്യാറായില്ല. ഒടുവിൽ, നിയമം പൂർണമായും റദ്ദാക്കാൻ കോടതി നിർബന്ധിതമായതു കൊണ്ട് നമ്മെ വീണ്ടും കൊളീജിയം സംവിധാനത്തിന് വിട്ടു കൊടുത്തു. നല്ലതോ ചീത്തയോ ആയാലും, കൊളീജിയം സമ്പ്രദായം നിലവിൽ നിയമമാണ്. അത് എക്സിക്യൂട്ടീവടക്കം എല്ലാവരും കർക്കശമായി പാലിക്കേണ്ടതുണ്ട്. പകരം, ധിക്കാരിയായ സർക്കാർ സുപ്രീംകോടതിയുമായി സഹകരിക്കാനോ കൂടിയാലോചിക്കാനോ വിസമ്മതിക്കുന്നതാണ് കാണുന്നത്. കൊളീജിയം നിർദേശിച്ച പേരുകൾ വർഷങ്ങളായി തീർപ്പു കൽപ്പിക്കാതെ വച്ചിരിക്കും. ഒടുവിൽ അപ്രതീക്ഷിതമായി മര്യാദയില്ലാത്ത രീതിയിൽ തിരികെ നൽകും. ഒഴിവുകളുടെ പ്രശ്നം രൂക്ഷമാക്കുന്ന സർക്കാർ, കേസുകൾ കെട്ടിക്കിടക്കുന്ന കാര്യത്തിൽ സ്വന്തം വീഴ്‌ചയെകുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും. ജഡ്‌ജിമാരുടെ എണ്ണം ആവശ്യത്തിന് ഇല്ലാത്തതോടൊപ്പം നീതിന്യായരംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയും കേസുകൾ കെട്ടിക്കിടക്കുന്നതിന് പ്രധാന കാരണമാണ്. സർക്കാരുകളുടെ കാരുണ്യത്താലാണ് കോടതികൾക്ക് ധനസഹായം ലഭിക്കുന്നത്. അതു പോലെ, ഉന്നത നീതിപീഠങ്ങളിലെ ഒഴിവുകൾക്ക് പ്രധാന കാരണം സർക്കാർ തന്നെയാണ്. തങ്ങൾക്ക് അനുകൂലമല്ലാത്തതോ അല്ലെങ്കിൽ ചൊൽപ്പടിക്ക് നിൽക്കാത്തതോ ആയ വ്യക്തികളുടെ പേരുകൾ അംഗീകരിക്കാൻ സർക്കാർ വിസമ്മതിക്കുന്നതോടെ ഒഴിവുകൾ നികത്താനാകുന്നില്ല.
ഇതെല്ലാം ഒരേ കാര്യത്തിലേക്ക് ആവർത്തിച്ച് വിരൽ ചൂണ്ടുന്നു. അതായത് നിയമന സംവിധാനം കുറ്റമറ്റതാക്കണം. വ്യക്തവും നിയമാധിഷ്‌ഠിതവുമായ സംവിധാനത്തിന്റെ കാര്യത്തിൽ തീർപ്പാക്കാത്തതിനാൽ, നിലവിലുള്ള കൊളീജിയം സംവിധാനം പോലും മെച്ചപ്പെടുത്താൻ കഴിയും. നിയമനങ്ങൾക്ക് വ്യക്തമായി നിർവചിക്കപ്പെട്ട മാനദണ്ഡങ്ങൾ, തെരഞ്ഞെടുപ്പിലെ സുതാര്യതയും ഉത്തരവാദിത്വവും ഉദ്യോഗാർഥികളെ ഉന്നതസ്ഥാനത്തേക്ക് പരിഗണിക്കാൻ മികച്ച രീതിയിലുള്ള വിലയിരുത്തൽ, വൈവിധ്യവും പ്രാതിനിധ്യവും ഉറപ്പാക്കുന്നതിനുള്ള മെച്ചപ്പെട്ട മാർഗങ്ങൾ എന്നിവ ഉറപ്പുവരുത്തണം. ജുഡീഷ്യൽ സ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ സുതാര്യത ഉറപ്പുവരുത്തി ഘടനാപരമായി മികച്ചതും സന്തുലിതവുമായ നിയമനിർമാണത്തിലൂടെ ഒരു ജുഡീഷ്യൽ കമീഷനെ കൊണ്ടു വരുന്നതിന് ദീർഘകാലാടിസ്ഥാനത്തിൽ പരിശ്രമിക്കാവുന്നതാണ്. ഈ മാറ്റങ്ങൾ വരുത്താനുള്ള മികച്ച അവസരമാണ് രണ്ടു വർഷത്തെ കാലാവധിയുള്ള ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് ലഭിച്ചിരിക്കുന്നത്. അതുവരെ, കെട്ടികിടക്കുന്ന കേസുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്നങ്ങളും ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനങ്ങളിലോ അല്ലെങ്കിൽ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മിലുള്ള കൂടിക്കാഴ്ചകൾ പോലുള്ള ഉചിതമായ വേദികളിലോ ചർച്ച ചെയ്യണം.
മാധ്യമ അഭിമുഖങ്ങളോ പാർലമെന്ററി ചർച്ചകളോ ഇതിന് യോജിച്ചതല്ല. ഇത്തരം ചർച്ചകൾ സർക്കാരിന് സഹകരണ മനോഭാവം ഇല്ലെന്ന കാഴ്ചപ്പാട് ശക്തിപ്പെടുത്താനും അത് അക്രമാസക്തമാക്കാനും മാത്രമേ സഹായിക്കൂ. സുപ്രീംകോടതിയിലെ നേതൃത്വം ഇപ്പോൾ നല്ല കൈകളിലാണെന്നും സമ്മർദങ്ങളെയും ആക്രമണങ്ങളെയും മാന്യമായും സംയമനത്തോടെയും ചെറുക്കുമെന്നും നമുക്ക് ഉറപ്പിക്കാം. സർക്കാർ കല്ലെറിയുന്നത് തുടരുകയാണെങ്കിൽ, രാജ്യത്തെ നിയമം അനുസരിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കാനോ നിർബന്ധിക്കാനോ ഉള്ള വഴികൾ ജുഡീഷ്യറി കണ്ടെത്തണം. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്‌ക്കുവേണ്ടിയും ജനാധിപത്യം സംരക്ഷിക്കുന്നതിനും സുപ്രീംകോടതിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച വഴി ഇതാണ്.Read more: https://www.deshabhimani.com/articles/ajith-prakash-shah/1062761
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ