ഗ്യാൻവാപി പള്ളിയുടെ മേൽ അവകാശം ഉന്നയിച്ച് ഹിന്ദുത്വവാദികൾ നൽകിയ അന്യായം വിചാരണ കൂടാതെ തള്ളിക്കളയേണ്ട ഒന്നാണ്.
ഞാൻ പറയുന്നതല്ല, നിയമം കൃത്യമായി പറയുന്ന കാര്യമാണത്.
ഹിന്ദുത്വവാദികളുടെ വാദമനുസരിച്ച് ഗ്യാൻവാപി മസ്ജിദ് നിൽക്കുന്ന സ്ഥലത്ത് ക്ഷേത്രമായിരുന്നു. 1664 ൽ മുഗൾ ചക്രവർത്തി ഔറംഗസേബ് ആ ക്ഷേത്രം പൊളിച്ചുവെന്നും അവിടെയാണ് ഇന്നത്തെ മസ്ജിദ് എന്നും അവർ അവകാശപ്പെടുന്നു.
1991-ലാണ് നരസിംഹ റാവു സർക്കാർ ആരാധനാലയങ്ങളെക്കുറിച്ചുള്ള പ്രത്യേക നിയമം, പ്ലേസസ് ഓഫ് വർഷിപ്പ് (സ്പെഷൽ പ്രൊവിഷൻസ്) ആക്റ്റ് 1991 പാസാക്കുന്നത്.
ആ നിയമപ്രകാരം, ചരിത്രം എന്തു തന്നെയായാലും, പൊതു ആരാധനാലയങ്ങളെല്ലാം 1947 ഓഗസ്റ്റ് 15 ലെ മതപരമായ സ്വഭാവം അതേപടി തുടരണം (വകുപ്പ് 4 (1)).
1947 ഓഗസ്റ്റ് പതിനഞ്ചിലെ ആരാധനാലയത്തിന്റെ സ്വഭാവം ചോദ്യം ചെയ്യുന്ന ഒരു കേസും ഒരു കോടതിയിലും നിലനിൽക്കില്ല. ഈ നിയമത്തിനു മുമ്പു ഫയൽ ചെയ്ത അപ്രകാരമുള്ള എല്ലാ കേസുകളും അപ്പീലുകളും അവസാനിച്ചതായി കണക്കാക്കും (വകുപ്പ് 4(2)).
അയോദ്ധ്യയിലെ ബാബ്റി മസ്ജിദ് നിന്ന ഇടത്തെ സംബന്ധിച്ച് ഉണ്ടായിരുന്ന തർക്കത്തിനു മാത്രം ഈ നിയമം ബാധകമല്ല (വകുപ്പ് 5).
1947 ഓഗസ്റ്റ് 15 ന് ഗ്യാൻവാപി ആരാധനാലയം മസ്ജിദായിരുന്നു എന്നതിൽ ആർക്കും തർക്കമില്ല.
ഇന്നേയ്ക്കു 358 വർഷം മുമ്പ് അവിടെ ക്ഷേത്രമുണ്ടായിരുന്നു എന്നു മാത്രമാണ് ഹിന്ദുത്വവാദികളുടെ അവകാശവാദം.
അതായത് 1947 ൽ ഗ്യാൻവാപിയിൽ മസ്ജിദ് തന്നെയായിരുന്നു എന്നതു തർക്കമറ്റ സംഗതി.
1991 ലെ നിയമപ്രകാരം ഗ്യാൻവാപി മസ്ജിദിന്റെ സ്വഭാവം അതേപടി നിലനിൽക്കും, നിലനിൽക്കണം. പള്ളിയായിത്തന്നെ തുടരും, തുടരണം. അതിനെ ചോദ്യം ചെയ്യാൻ ഇന്ത്യാ മഹാരാജ്യത്ത് ആർക്കും അവകാശമില്ല. ഒരു കേസും നിലനിൽക്കില്ലെന്നു നിയമം കൃത്യമായും വ്യക്തമായും പറയുന്നു.
1991 ലെ നിയമം ഒരു കോടതിയും റദ്ദാക്കിയിട്ടില്ല. അതേപടി നിലനിൽക്കുന്നു.
ആ നിയമപ്രകാരം ഗ്യാൻവാപി മസ്ജിദ് ഇരിക്കുന്ന സ്ഥലം ക്ഷേത്രമായിരുന്നു എന്നവകാശപ്പെടുന്ന കേസ് നിലനിൽക്കില്ലെന്ന് ഏതു കൊച്ചു കുട്ടിക്കും മനസിലാകും.
നിയമം വിലക്കിയ ഒരു അന്യായം വിചാരണ കൂടാതെ തള്ളിക്കളയണമെന്നത് അടിസ്ഥാന പാഠമാണ്.
വാരാണസി വിചാരണക്കോടതിയോ അലഹബാദ് ജില്ലാ കോടതിയോ ഹൈക്കോടതിയോ സുപ്രീം കോടതിയോ ഒന്നും ആ കേസു തള്ളിയില്ല.
തള്ളിയില്ലെന്നു മാത്രമല്ല, സർവേ അളവു നടക്കുന്നു, വിചാരണയും.
സുപ്രീം കോടതി അതിനു പറഞ്ഞ ന്യായം കൂടി കേൾക്കുക:
- 1991 ലെ നിയമം ഒരു ആരാധനാലയത്തിന്റെ സ്വഭാവം തിട്ടപ്പെടുത്തുന്നതിനെ വിലക്കുന്നില്ല!
നിയമം കൃത്യമായി വിലക്കിയ കേസിൽ എന്തിനാണ് ആ തിട്ടപ്പെടുത്തൽ എന്നു ചോദിച്ചാൽ...
സംഘപരിവാറുകാരുടെ പരാതിയിന്മേൽ, നിയമവാഴ്ച്ചയെ പരസ്യമായി പിന്തുണച്ചു എന്ന കുറ്റം ഭരണഘടനാ കോടതിയാൽ ചുമത്തപ്പെട്ട്, അച്ചടക്ക നടപടി നേരിട്ട്, ജുഡീഷ്യറിയിൽ നിന്നും പണ്ടേ ഇറങ്ങിപ്പോന്ന എനിക്ക് കൂടുതലായി ഒന്നും പറയാനില്ല.
അസ്വസ്ഥനാണോ എന്ന ചോദ്യത്തിന് അല്ലെന്ന പച്ചക്കള്ളം പറയാൻ ഞാൻ തയ്യാറല്ല.
എന്നെ അസ്വസ്ഥനാക്കുന്നത് എങ്ങും നിറയുന്ന മൗനമാണ്.
എന്നെ പേടിപ്പെടുത്തുന്നത് ചുറ്റും ചൂഴ്ന്നു നിൽക്കുന്ന നിശബ്ദതയാണ്.
വിധേയത്വമാണ്.
ശബ്ദിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് എനിക്കു നന്നായറിയാം.
പൂർണ്ണ വിധേയനായ ഒരു മര്യാദക്കാരനായി നിശബ്ദം ജീവിക്കുന്നതിനെക്കാൾ നല്ലത് ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ പേരിൽ തൂക്കിലേറ്റപ്പെടുന്നതാണ്.
ഓർക്കുക,
ഒരു ജനതയെ മുഴുവനായി തൂക്കിലേറ്റാൻ ആർക്കാണു കഴിയുക?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ