2020 നവംബർ 19, വ്യാഴാഴ്‌ച

ഡോ.തോമസ് ഐസക്ക് നവ ലിബറലോ ? കെ.എൻ.ഗണേശ്

ഡോക്ടർ തോമസ് ഐസക്കിനെ നവലിബറൽ മുതലാളിത്തത്തിന്റെ വക്താവായി അവതരിപ്പിച്ചു കൊണ്ടുള്ള പോസ്റ്റ് കണ്ടു. പോസ്റ്റിട്ടത് കേരളത്തിലെ സി പി എം വിരുദ്ധ ഇടതുപക്ഷത്തിന്റെ മുഖ്യധാരയിൽ നിൽക്കുന്ന ബുദ്ധിജീവിയായത് കൊണ്ടു ചിലതു പറയണം എന്ന് തോന്നുന്നു. തോമസ് ഐസക്കിന്റെ വ്യക്തിഗത നിലപാടുകൾ എനിക്ക് അറിയില്ല.  ഇന്നത്തെ സാഹചര്യങ്ങളിൽ അവ പ്രസക്തവുമല്ല. 

കേരളത്തിന്റെ വികസനപ്രക്രിയ സോഷ്യലിസ്റ്റ് ആണെന്ന് ആരും അവകാശപ്പെട്ടിട്ടില്ല.നവലിബറൽ മുതലാളിത്ത വികസന തന്ത്രങ്ങൾ ബി ജെ പി കോൺഗ്രസ്‌ സർക്കാരുകൾ പരസ്യമായി നടപ്പിലാക്കുമ്പോൾ അതിനു ബദൽ നയങ്ങൾ ആവിഷ്കരിക്കുക മാത്രമാണ് ഇന്നത്തെ ഭരണകൂടത്തിനുള്ളിൽ പ്രവർത്തിക്കുന്ന സർക്കാരിന് സാധ്യമാകുന്നത്. അതാണ്‌ ചെയ്തു കൊണ്ടിരിക്കുന്നതും. 

ഏതൊരു വികസന പ്രവർത്തനത്തിന്റെയും ആണിവേര് അത് മുതലാളിത്തമായാലും സോഷ്യലിസ്റ്റ് ആയാലും അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ്.  1930കളിൽ സ്റ്റാലിന്റെ കാലത്തും ചൈനയിലും നടത്തിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം പരിശോധിക്കുന്നത് നന്നാകും. കേരളത്തിലും അതിന്റെ ആവശ്യമുണ്ടാകും എന്ന് നേരത്തെ ബോധ്യപ്പെട്ടതാണ്. അതാണ് ഇപ്പോൾ നടന്നുവരുന്നത്. 

ഫിനാൻസിന്റെ നീതിയുക്തമായ സമാഹരണവും  ക്രമാനുഗതമായ വിതരണവും നടക്കുന്ന മുതലാളിത്ത രാജ്യങ്ങളിൽ ഒരു പ്രാദേശികസർക്കാരിന്  അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ വലിയ പ്രയാസമുണ്ടാകേണ്ടതില്ല. ഇന്ത്യയിലെ സ്ഥിതി അങ്ങിനെ അല്ല. മെട്രോപൊളിറ്റൻ നഗരങ്ങളിൽ കേന്ദ്രീകരിക്കുകയും പ്രാദേശിക വികസനം അവഗണിക്കുകയും ചെയ്യുന്ന രീതിയാണ് ഇന്ത്യയിൽ നവലിബറൽ നയങ്ങൾക്ക് മുമ്പ് തന്നെ പിന്തുടർന്നു വന്നത്  നവലിബറൽ നയങ്ങൾ നടപ്പിലായപ്പോൾ എല്ലാം കമ്പോളത്തിനു വിട്ടുകൊടുക്കുന്ന നില വന്നു. ശേഷിക്കുന്നവ കേന്ദ്രീകരിക്കപ്പെട്ടു.  സംസ്ഥാന സർക്കാരുകൾക്ക് ശമ്പളം കൊടുക്കുന്നതിനു പോലും പണം തികയാതെയായി. മോദി സർക്കാരിന്റെ കീഴിൽ സംസ്ഥാനങ്ങൾക്ക് ലഭിച്ചിരുന്ന വില്പനനികുതിയിൽ പോലും കയ്യിട്ടു വാരി. 

ഈ അവസ്ഥയിലാണ് പ്രാദേശികവികസനം ഉറപ്പാക്കാൻ വികേന്ദ്രീകൃത ആസൂത്രണം  നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. കേരളത്തിലെ നവലിബറൽ അനുകൂലികളായ വലതുപക്ഷം അതിനെ എതിർത്തു. അപ്പോളാണ് തോമസ് ഐസക്കിനെ കുറിച്ച് മുമ്പ് സൂചിപ്പിച്ച പല്ലവി കേട്ടുതുടങ്ങിയത്. കിഫബിയും അന്നുണ്ടായതാണ്. 

ഭരണാധികാരങ്ങൾ കേന്ദ്രീകരിക്കുക മാത്രമല്ല കേന്ദ്രഭരണകൂടത്തിന്റെ കൈപ്പിടിയിൽ ഒതുങ്ങാത്ത സർക്കാരിനെ ഏതുവിധേനയും തകർക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബിജെപിയും കോൺഗ്രസ്സും  അടക്കമുള്ള വലതുപക്ഷം നീങ്ങുന്നത്. അതിനുള്ള തന്ത്രങ്ങളാണ് കേന്ദ്ര അന്വേഷണം ഏജൻസികൾ എല്ലാ ദിവസവും നടത്തുന്നത് ഇതിന്റെ തുടർച്ചയാണ്  കിഫ്‌ബിക്കെതിരായ ആക്രമണമെന്ന് കാണാൻ  പ്രയാസമില്ല. തോമസ് ഐസക് നവലിബറൽ നയങ്ങളാണ് നടപ്പിലാക്കുന്നത് എന്നുണ്ടെങ്കിൽ എന്തുകൊണ്ടാണ് വലതുപക്ഷം കീഫ്ബിയെ ആക്രമിക്കുന്നത്?  അവർ അതിനെ സ്വാഗതം ചെയ്യുകയും തങ്ങൾക്ക് അനുകൂലമായ ദിശാവ്യതിയാനമായി വാഴ്ത്തുകയും അല്ലെ ചെയ്യേണ്ടിയിരുന്നത്? 

വികസനത്തെക്കുറിച്ചു മുതലാളിത്തത്തിന് ഒരേ നിലപാടാണുള്ളത് എന്ന ധാരണയാണ്  ഇതിനു പിറകിൽ എന്ന് തോന്നുന്നു. നവലിബറലുകളും ക്ഷേമരാഷ്ട്രവാദികളും ഒരേ നിലപാടല്ല സ്വീകരിക്കുന്നത്. ഇപ്പോൾ വളർന്നു വരുന്ന പിക്കെറ്റിയെ പോലുള്ള സോഷ്യൽ ഡെമോക്രറ്റുകളുടെ വാദവും  വ്യത്യസ്തമാണ്. കീഫ്‌ബി നവലിബറൽ അല്ല ഭരണകൂട പിന്തുണയോടെ സ്ഥാപിക്കപ്പെടുന്ന ഒരു കോര്പറേറ്റ് രൂപമാണ്. അതും നവലിബറലിസവും ഒന്നല്ല. അദാനിയും അംബാനിയും നവലിബറൽ ആണ്. കിഫ്‌ബി അല്ല.  മുതലാളിത്തത്തിന്റെ ലോജിക് ആണ് കിഫ്‌ബി പിന്തുടരുന്നത് എന്നതാണെങ്കിൽ ശരിയാണ്. നമ്മുടെ പൊതു  മേഖലാ വ്യവസായങ്ങളുടെയും യുക്തി മുതലാളിത്തത്തിന്റേതു തന്നെയാണ്. അവർ മുതലാളിത്തവുമായാണ് മത്സരിക്കുന്നതും. അവയെ ഇടതുപക്ഷം പിന്തുണക്കുന്നത് സ്റ്റേറ്റിന്റെ ഇടപെടൽ ഉള്ളതുകൊണ്ടാണ്. അത്തരത്തിലുള്ള സ്റ്റേറ്റ് നിയന്ത്രിക്കുന്ന സംവിധാനം എന്ന നിലയിലാണ് കിഫ്ബി പ്രവർത്തിക്കുന്നതും കെ എഫ് സി പോലെ സ്റ്റേറ്റ് നേരിട്ടല്ല ഫൈനാൻസിങ് നടത്തുന്നത് എന്നതുകൊണ്ട് സ്റ്റേറ്റ് ഫൈനാൻസിങ്ങിന്റെ ഭരണഘടനാവ്യവസ്ഥകൾ കീഫ്ബിക്കു ബാധകമല്ലെന്ന് മാത്രം.  നവലിബറൽ വികസനത്തിൽ ഇത്തരം ചർച്ചകൾ പോലും ഉണ്ടാകയില്ലെന്നു ഓർക്കുക.  അദാനിക്ക് വിഴിഞ്ഞം തുറമുഖം കൊടുത്തപ്പോൾ ഭരണഘടനയുടെ ഏത് ചട്ടമാണ് ലംഘിച്ചത് എന്ന ചർച്ചയുണ്ടായില്ല. 

ഐസക്കിന്റെ നവലിബറലിസത്തിന്റെ മറയായി എം പി പരമേശ്വരനെ ഉപയോഗിച്ചു എന്ന വാദം വിചിത്രമാണ്. എം പിയുടെ നാലാം ലോകവും കിഫ്ബിയുമായി ഒരു പൊരുത്തവുമില്ല. എം പി കാണുന്നത് താഴെത്തട്ടിൽ നിന്നു കെട്ടിയുയർത്തുന്ന വികസനരൂപമാണ്. അതിനു എം പി യെ സ്വാധീനിക്കുന്നത് ചോംസ്കിയും മിഖായേൽ  ആൽബെർട്ടും ഹൊവാഡ്  സീനും പോലുള്ള ഇടതുപക്ഷ അനാർക്കിസ്റ്റ് ചിന്തകരാണ്.  ഐസക്കിന്റെ മേലുള്ള സ്വാധീനം ഇടതുപക്ഷ കെയ്ൻസിയൻസ്  ആണ് ഈ വ്യത്യാസം മനസ്സിലാക്കിയിട്ടില്ല. പകരം ഇടതുപക്ഷത്തെ നവലിബറൽ പാതയിലേക്ക് മാറ്റാനുള്ള ഗൂഡലോചനയുടെ വക്താവായി ഐസക്കിനെ അവതരിപ്പിയ്ക്കുകയും ചെയ്യുന്നു ! നവലിബറലുകൾക്ക് ഇത്തരം ഗൂഡലോചനയുടെ ഒരാവശ്യവും ഇന്നില്ല.

പഴയ പാഠം വാദഗതികൾ ഇപ്പോഴും അങ്ങിനെ തന്നെ നിലനിക്കുന്നു. ഇത്രയും  കാലം അവർ സൃഷ്‌ടിച്ച  ആശയകുഴപ്പം അതെ പടി നിലനിർത്താനും ശ്രമങ്ങൾ നടക്കുന്നു. പ്രത്യേകിച്ച് അഭിപ്രായ വ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ ഇടതുപക്ഷ പാർട്ടികൾ ഒന്നിച്ചു നില്കാൻ അഖിലേന്ത്യ തലത്തിൽ ശ്രമിക്കുമ്പോൾ ആണ് ഇത്തരം കലാപരിപാടികൾ ഇവിടെ അരങ്ങേറുന്നത്. ആരാണു ഇതിനെ ഉപയോഗപ്പെടുത്തുക എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ