അലംഭാവം എത്ര നിസാരമെങ്കിലും ഫലം മഹാ വിപത്ത്
ലോകമാകെ കടുത്ത ജീവനാശം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 നെ പ്രതിരോധിക്കാൻ കടുത്ത ജാഗ്രതയാണ് ഇനിയാവശ്യം. ഇതിനകം കൊടിയ ജീവനാശങ്ങൾ ഉണ്ടായ ചൈന , ഇറ്റലി , ഇറാൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഭാരതത്തിന്റെ ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഏറെ പിന്നിലാണെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്.
ആശുപത്രി കിടക്കകൾ ഇന്ത്യയിൽ ആഗോള ശരാശരിയിൽ താഴെ
ലോകാരോഗ്യ സംഘടന അവസാനം നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം ആയിരം പേർക്ക് അഞ്ച് ആശുപത്രി കിടക്കളെങ്കിലും ഉണ്ടായിരിക്കണം. ഇന്ത്യയിൽ 0.9 കിടക്കകൾ മാത്രമാണുള്ളത്. ചൈനയിലാകട്ടെ ആയിരം പേർക്ക് 2017 - ലെ കണക്ക് പ്രകാരം 4.34 കിടക്കകളുണ്ട്. ഇറ്റലിയിൽ 3.18 കിടക്കളുണ്ട്. ഇന്ത്യയുടെ അയൽ രാജ്യമായ ശ്രീലങ്കയിൽ പോലും 3.31 കിടക്കകൾ ഉണ്ടെന്നത് ഓർമ്മിക്കണം.
ആരോഗ്യ സുരക്ഷ സർക്കാർ നിക്ഷേപത്തിലും ഇന്ത്യ പിന്നിൽ
ചൈന ജി.ഡി.പിയുടെ 5.1 ശതമാനം ആരോഗ്യ സുരക്ഷക്ക് വേണ്ടി ചിലവഴിക്കുന്നത്. ഇന്ത്യയാകട്ടേ ചിലവഴിക്കുന്നത് 3.7 ശതമാനം മാത്രം. ഇറ്റലി ജി.ഡി.പിയുടെ 8.9 ശതമാനം ആരോഗ്യ രക്ഷക്ക് മാറ്റി വക്കുന്നുണ്ട്. ചൈനയുടെ ആളോഹരി ആരോഗ്യ രക്ഷാ ചിലവ് 398.3 ഡോളറെങ്കിൽ ഇന്ത്യയുടെ 111.6 മാത്രം. ഇറ്റലിയുടേതാകട്ടേ ആളോഹരി ചിലവ് 2738.7 ഡോളർ.
ഡോക്ടർ മാർ, നേഴ്സ്മാർ, പാരാമെഡിക്കൽ സ്റ്റാഫ് എണ്ണത്തിലും ഇന്ത്യ പിന്നിൽ
ചൈനയിൽ ആയിരം പേർക്ക് 1.8 ഫിസിഷ്യന്മാർ ലഭ്യമെങ്കിൽ ഇന്ത്യയിൽ 0.8 മാത്രം.ചൈനയിൽ ആയിരം പേർക്ക് 2.3 നേഴ്സ & മിഡ് വൈഫു മാരുള്ളപ്പോൾ ഇന്ത്യയിൽ 2.1 മാത്രം. സ്പെഷ്യലിസ്റ്റിക് സർജിക്കൽ ഫോഴ്സ് ഒരു ലക്ഷം പേർക്ക് ചൈനയിൽ 40 .1 എങ്കിൽ ഇന്ത്യയിൽ 6.8 മാത്രം. ഇറ്റലിയിലാകട്ടെ 142.4 ആണ്.
ജനസാന്ദ്രതയിൽ ഇന്ത്യ മുന്നിൽ
2011 ലെ സെൻസസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്റിൽ 416 ആണെങ്കിൽ ചൈനയുടേത് 148 മാത്രമാണ്. ഇറ്റലിയിലെ ജന സാന്ദ്രത 200.3 മാത്രം.
രോഗ പ്രതിരോധം തന്നെ രക്ഷാമാർഗം
ഇന്ത്യയെക്കാൾ മികച്ച ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഉള്ള , ജന സാന്ദ്രത കുറവുള്ള ചൈനയെയും, ഇറ്റലിയെയും കോറോണാ വൈറസ് അപകട സ്ഥിതിയിലെത്തിച്ചെങ്കിൽ ആരോഗ്യ സുരക്ഷാ സംവിധാനത്തിൽ ഏറെ പിന്നിലുള്ളതും ജന സാന്ദ്രത ഏറിയതുമായ ഇന്ത്യ രോഗ പ്രതിരോധത്തിൽ തീവ്ര ജാഗ്രത പുലർത്തിയില്ലെങ്കിൽ വലിയ അപകടത്തിലേക്കാവും എത്തുക. അതായത് ഇനിയും പ്രതിരോധ വാക്സിൻ കണ്ടു പിടിക്കാത്ത കോവിഡ് 19 വൈറസ് ബാധിച്ച് കൂട്ടത്തോടെ ജനങ്ങൾക്ക് ആശുപത്രി ചികിത്സ വേണ്ടി വന്നാൽ അവർക്ക് ഫലപ്രദമായ ചികിത്സ നൽകാൻ ആരോഗ്യ പാശ്ചാത്തല സൗകര്യങ്ങളോ , ആരോഗ്യ പ്രവർത്തകരോ ഇല്ലാതിരിക്കെ വൻ ദുരന്തത്തെയാകും നാം നേരിടേണ്ടി വരിക.
മഹാമാരിയെ പ്രതിരോധിക്കാൻ അണിചേരാം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കൊപ്പം
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ മഹാ മാരിയെ നേരിടാൻ ചെയ്യുന്ന ശ്രമങ്ങൾക്കു പൂർണ്ണ പിന്തുണ നൽകാൻ ഓരോ പൗരനും തയ്യാറാകണം. രോഗ പ്രതിരോധത്തിന് ലോകാരോഗ്യ സംഘടനയുടെ മാർഗ നിർദ്ദേശങ്ങൾ മാത്രമാകണം നാം പാലിക്കേണ്ടത്. രോഗം ബാധിച്ചതിന് ശേഷമുള്ള ചികിത്സയെക്കാൾ മുൻഗണന രോഗം വരാതിരിക്കാനുള്ള മുൻകരുതലും ജാഗ്രതയുമാണ് ഇന്നാവശ്യം.
അവലംബം : ലോക ബാങ്ക് റിപ്പോർട്ട്.