2015 സെപ്റ്റംബർ 29, ചൊവ്വാഴ്ച

അധികാര വികേന്ദ്രീകരണം നേതാവിനും, ഭാര്യക്കും, മക്കള്‍ക്കും വരെ മാത്രം

പഞ്ചായത്ത് തെര്ഞെടുപ്പിന്‍റെ കുളമ്പടി നാദം മുഴങ്ങിക്കഴിഞ്ഞു.സംവരണ വാര്‍ഡുകള്‍ കണ്ടെത്താനുള്ള നറുക്കെടുപ്പും പൂര്‍ത്തിയായി. രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌  ഇപ്പോള്‍.
വാര്‍ഡ് വനിതാ സംവരണമാകുമ്പോള്‍ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുകയും,സംവരണ ബാധയൊഴിയുമ്പോള്‍ ഭര്‍ത്താവ്  സ്ഥാനാര്‍ത്ഥിയാകുകയും ചെയ്ത് പഞ്ചായത്ത് ഭരണം കുടുംബ സ്വത്താക്കുന്നതിനെ വിലക്കുന്ന കെ.പി..സി.സി മാര്‍ഗ്ഗ നിര്‍ദ്ദേശം ഇതിനകം പല യു.ഡി.എഫ് സ്ഥാനമോഹികളുടെയും ഉറക്കം കെടുത്തിക്കഴിഞ്ഞു. പഞ്ചായത്ത്  അധികാര വികേന്ദ്രീകരണം എന്നത് സ്വന്ത്രം കുടുംബത്തില്‍ മാത്രം  കേന്ദ്രീകരിക്കുന്ന ഇത്തരം കപട "ജനസേവകര്‍ക്കു" വീണ്ടും വീണ്ടും മത്സരിക്കാന്‍ ഇടം ലഭിക്കാതിരിക്കാന്‍ ജനകകീയ ഇട പെടല്‍ ഉണ്ടാകണം. മുമ്പ് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സ്ഥാനമോഹം തലക്ക് പിടിച്ച് കൂറുമാറിയവര്‍ക്കും ഇനി സീറ്റു നല്‍കേണ്ടതില്ലെന്ന കെ.പി.സി.സി നിര്‍ദ്ദേശവും ചില സ്ഥാന മോഹികള്‍ക്ക് പാരയായിരിക്കുകയാണ്.
നാട്ടിന്‍ പുറത്തെ റിയല്‍ എസ്റ്റേറ്റുകാരും,ബ്ളേഡ് കുബേരകളും തങ്ങളുടെ വ്യാപാര താല്‍പര്യം സംരക്ഷിക്കാന്‍ സീറ്റു വിലക്കെടുക്കാന്‍ പണച്ചാക്കുമായി ഇതിനകം രംഗത്തിറങ്ങിക്കഴിഞ്ഞു. എങ്ങിനെയും സീറ്റുകള്‍ കൈവശപ്പെടുത്താന്‍ പള്ളിയെയും,ക്ഷേത്രത്തെയും ജാതി സംഘടനകളെയുമെല്ലാംതരാതരം പോലെ ഉപയോഗിക്കുന്നതില്‍ വിരുതന്മാരാണവര്‍. ഇത്തരം എട്ടുകാലി മമ്മൂഞ്ഞൂമാര്‍ ഈ തെരഞ്ഞെടുപ്പുകാലത്തും പുനര്‍ജനിക്കുന്നുണ്ട്.
മതങ്ങളും ,പുരോഹിതന്മാരും ഒക്കെ രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്. പണാധിപത്യത്തിന് കീഴങ്ങുന്ന പല മത പുരോഹിതന്മാരും സ്വന്തം മൂലധന താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി ഇഷ്ടക്കാര്‍ക്കു അനര്‍ഹമായി സീറ്റ് തരപ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകളുടെ തിണ്ണ നിരങ്ങുന്ന ലജ്ഞാകരമായ കാഴ്ചകളും പലപ്പോഴും കാണാറുണ്ട്.ഇതിനെതിരായ ചെറുത്തു നില്‍പ്പ് അതാതു മതങ്ങളുടെ വിശ്വാസികളില്‍ നിന്നു തന്നെ ഉയര്‍ന്നു വരണം.  സീറ്റു കിട്ടുമെങ്കില്‍ ഖദര്‍ മാറ്റി കാവി പുതക്കാനും,കാവിയൂരി ഖദറണിയാനും തയ്യാറെടുത്താണ് പലരുടെയും നില്‍പ്പ്. ജനങ്ങളെ സേവിക്കാനുള്ള ഇക്കൂട്ടരുടെ ആര്‍ത്തി അപാരം തന്നെ. തുടര്‍ച്ചയായി പഞ്ചായത്ത് ഭരിച്ച് വീണ്ടും സേവിക്കാന്‍ ആര്‍ത്തിയോടെ നെട്ടോട്ടം ഓടുന്നവര്‍ ഇതിനകം സമ്പാദിച്ച സ്ഥാവര-ജംഗമ വസ്തുക്കളെന്തൊക്കെയെന്നും,വരുമാന സ്രോതസ് എന്താണെന്നും പരസ്യ പ്പെടുത്തുവാന്‍ തയ്യാറാകുമോ...കാത്തിരുന്നു കാണാം. കരാറുടമകളുമായുള്ള അവിഹിതബന്ധങ്ങളിലൂടെ നാടിന്‍റെ വികസനഫണ്ടുകള്‍  പിന്‍വാതിലിലൂടെ കുടുംബ മൂലധനമാക്കി മാറ്റിയ കപട ജനസേവകരായ മുന്‍ പഞ്ചായത്തംഗങ്ങള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടാതിരിക്കാന്‍ ജനകീയ ജാഗ്രതയുണ്ടാകണം.

2015 സെപ്റ്റംബർ 6, ഞായറാഴ്‌ച

കത്തോലിക്കാസഭയുമായുള്ള ബന്ധം യാക്കോബായ സഭക്ക് ഗുണമോ , ദോഷമോ..?

പാപ്പാമത പാഷാണ്ഡതക്കായി വാതില്‍ തുറക്കുന്ന യാക്കോബായസഭ
2015 ആഗസ്റ്‌റ് 20-ന് പുറത്തിറങ്ങിയ വിശ്വാസ സംരക്ഷകന്‍ മാസികയില്‍  ഫാ.ഗ്രിഗര്‍ ആര്‍ കൊള്ളന്നൂര്‍‍ രചിച്ച് പ്രസിദ്ധീകരിച്ച "ഓര്‍ത്തഡോക്സി- ഒരു നേര്‍ത്ത പാതയിലൂടെ യുള്ള പ്രയാണം" എന്ന ലേഖനം ഏറെ കാലിക പ്രസക്തിയുള്ളതാണ്. യാക്കോബായ-ഓര്‍ത്തഡോക്സ് സഭകള്‍ നൂറ്റാണ്ടുകളായി പിന്തുടര്‍ന്നു പോരുന്ന  വിശ്വാസ സത്യങ്ങള്‍ റോമന്‍ കത്തോലിക്ക,പ്രൊട്ടസ്ററന്‍റ് വിശ്വാസങ്ങളുമായി ഏറെ ഭിന്നമാണെങ്കിലും , എക്യൂമനിസത്തിന്‍റ അമിതവല്‍ക്കരണത്തിന്‍റെ ഫലമായി ഇരു സഭകളും ഓര്‍ത്തഡോക്സ് വിശ്വാസം എങ്ങിനെ കത്തോലിക്കാ-പ്രൊട്ടസ്റ്റന്‍റ് വിശ്വാസക്രമങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു എന്ന് സഭാംഗങ്ങളെ പഠിപ്പിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുന്നു എന്ന് ലേഖകന്‍ ആരോപിക്കുന്നു. ലേഖകന്‍ ഉള്‍പ്പെടുന്ന യാക്കോബായ സഭയുടെ ദേവാലയങ്ങളില്‍ പ്രസംഗത്തിനും, ധ്യാനത്തിനും  കത്തോലിക്കാ-പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തില്‍ പെട്ട വൈദികരെയോ,അത്മായ പ്രഭാഷകരെയോ ക്ഷണിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങളെ ക്കുറിച്ച് ലേഖകന്‍ ഏറെ ആകുലപ്പെടുന്നു. ഓര്‍ത്തഡോക്സ് സഭകള്‍   സാര്‍വത്രിക സഭകളാകെ അംഗീകരിക്കുന്ന ആദ്യ മൂന്ന് പൊതു സുന്നസദോസുകളെ മാത്രമാണ് അംഗീകരിക്കുന്നതെങ്കില്‍ കത്തോലിക്കാ സഭ  ഇതിനോട് വിയോജിക്കുനു. AD449 -ല്‍ നടന്ന എഫേസൂസ് രണ്ടാം പൊതു സുന്നഹദോസില്‍  പങ്കെടുക്കാതെ‍  ഭിന്നിച്ചു നിന്നു  സുന്നഹദോസിന് അയച്ചു കൊടുത്ത ഇരു സ്വഭാവ വാദത്തെ പരോക്ഷമായി പിന്തുണക്കുന്ന "TOM OF LEO "എന്നറിയപ്പെടുന്ന ലേയോന്‍ പാപ്പയുടെ വേദ വിപരീതത്തെ അന്ത്യോക്യന്‍,അലക്സ്യാന്ത്ര്യന്‍,കുസ്തന്തീനോപ്പോലീസ് സഭകള്‍ ഇപ്പോഴും നിരാകരിക്കുന്നു.ലെയോന്‍ പാപ്പയുടെ  വേദ വിപരീതത്തിനെതിരെ പൊതു  സഭയെ  സത്യ വിശ്വാസത്തില്‍ ഉറപ്പിച്ച് നിലനിര്‍ത്തിയതിന് അലക്സന്ത്ര്യയയിലെ മോര്‍ ദീയസ്കോറോസ്, അന്തോക്യയിലെ മോര്‍ സേവേറിയോസ് ഉള്‍പ്പെടെയുള്ള  പിതാക്കന്മാരും, വിശ്വാസികളും ലേയോന്‍ പാപ്പയുടെ പ്രേരണയാല്‍ കസസ്തന്തീനോസ്പോലീസ് രാജഭരണത്തില്‍ പ്രത്യേകിച്ച് മല്‍ക്കിയാന്‍ പ്രഭുവില്‍ നിന്നു ഏല്‍ക്കേണ്ടി വന്ന കൊടിയ പീഡനങ്ങള്‍ അവര്‍ണ്ണനീയമാണ്. കല്‍ക്കിദോനിയ ഉള്‍പ്പെടെയുള്ള തുടര്‍ന്നുള്ള കത്തോലിക്കാ സുന്നസദോസ് നിശ്ചയങ്ങളെ വേദവിപരീതങ്ങളെന്ന് പ്രഖ്യാപിച്ച് ഓര്‍ത്തഡോക്സ് സഭകള്‍ ഇപ്പോഴും തള്ളിക്കളയുന്നു എന്നതും നവ പാപ്പാമത പ്രേമികള്‍ ഓര്‍മ്മിക്കുന്നത് നന്ന്. വി. ദൈവമാതാവാണ് ക്രിസ്തുവിന്‍റെ മാതാവായ മറിയം എന്ന് കത്തോലിക്കാ- ഓര്‍ത്തഡോക്സ് സഭകള്‍ ഒരു പോലെ അംഗീകരിക്കുന്നണ്ടെങ്കിലും മറിയത്തിന്‍റെ ജനനത്തെ "അമലോത്ഭവ ജനനം "എന്ന കത്തോലിക്കാസഭയുടെ പഠിപ്പിക്കലിനെ കടുത്ത വേദവിപരീതമെന്നാണ്  ഓര്‍ത്തഡോക്സ് സഭകള്‍ ഇപ്പോഴും‍ പഠിപ്പിക്കുന്നത്.നിത്യപ്രാര്‍ത്ഥനയില്‍ സഭ ഏറ്റുചൊല്ലുന്ന വിശ്വാസ പ്രമാണത്തില്‍ " പിതാവില്‍ നിന്നും പുറപ്പെട്ടു " എന്ന ഭാഗം തിരുത്തി "പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെട്ടു " എന്ന ശുദ്ധ വേദവിപരീതമാണ് കത്തോലിക്കാസഭ ഒന്‍പതാം നൂറ്റാണ്ടു മുതല്‍ ഉപയോഗിക്കുന്നത്.അന്ത്യോക്യയില്‍ പത്രോസ് സഭ സ്ഥാപിച്ചുവെങ്കിലുംപത്രോസിന്‍റെ പരമാധികാര ശ്ളൈഹിക സിംഹാസനംറോമിലേത് മാത്രമാണെന്നാണ് കത്തോലിക്കാ സഭ ഇപ്പോഴും പഠിപ്പിക്കുന്നത്. കത്തോലിക്കാ സഭയും സിറിയന്‍ ഓര്‍ത്തഡോക്സ് സഭയും തമ്മില്‍ നടത്തിയ ഉഭയ ക്ഷി ചര്‍ച്ചകളിലെങ്ങും ഇരുസഭകളിലെയും വൈദികരും,വേദശാസ്ത്ര പ്രഭാഷകരുംഇരു സഭകളിലെയുംദേവാലയങ്ങളിലെ വേദപ്രബോധനവേദികള്‍ പരസ്പരം പങ്കു വക്കുന്നതില്‍ നാളിതുവരെ ധാരണയില്‍ എത്തിയിട്ടില്ല എന്നതുംശ്രദ്ധിക്കുക.
അറിയൂസും, നെസ്തോറും , മക്കോദോനിയോസും എവുത്തിക്കോസും എല്ലാം ഏവരെയും ആകര്‍ഷിക്കുന്ന വാഗ് വിലാസം കൊണ്ടായിരുന്നു ആദിമ സഭയില്‍ വേദവിപരീതം പ്രചരിപ്പിച്ചിരുന്നത് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ ദ്യശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ ആകര്‍ഷണീയങ്ങളായ വാഗ് വിലാസങ്ങളാല്‍ മുന്നിട്ടു നില്‍ക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ മാത്രം വിശ്വാസ വിപരീതികളായ കത്തോലിക്കാ-പ്രൊട്ടസ്റ്റന്‍റ് വൈദികര്‍ക്കും, അത്മായ പ്രഭാഷകര്‍ക്കും യാക്കോബായ സഭയിലെ ദേവാലയങ്ങളിലും,സുവിശേഷ യോഗങ്ങളിലും,ധ്യാനയോഗങ്ങളിലുംപ്രഭാഷണത്തിന് ഇടം നല്‍കുന്നത് ശരിയോ എന്ന് നൂറുവട്ടം ആലോചിക്കേണ്ടതാണ്. ലഭിക്കുന്ന ഏതൊരു ഇടവും പഞ്ചസാരയില്‍ പൊതിഞ്ഞ വാക്കുകളിലൂടെ തങ്ങളുടെ സഭകളുടെ പാഷാണ്ഡോപദേശങ്ങളെ പ്രചരിപ്പിക്കാന്‍ അവര്‍ ഉപയോഗിക്കുമെന്നത് നാം കാണാതിരിക്കരുത്. തങ്ങളുടെ പ്രഭാഷണ ചാതുര്യമുപയോഗിച്ച് വിശ്വാസി സമൂഹത്തെ  കത്തോലിക്കാധ്യാന കേന്ദ്രങ്ങളിലേക്കും,ദേവാലയങ്ങളിലേക്കും ആട്ടിത്തെളിക്കുന്നതു മൂലം സഭക്കുണ്ടാകുന്ന ചോഷണം ഒട്ടും ചെറുതായിരിക്കില്ല എന്ന് പുത്തന്‍ പാപ്പാമത സ്നേഹികള്‍ ഓര്‍മ്മിക്കുന്നത് നന്ന്.ഇപ്പോള്‍ വിഭവ സമ്പന്നതയാല്‍ യാക്കോബായ സഭയേക്കാള്‍ ബഹുകാതം മുന്നില്‍ നില്‍ക്കുന്ന കത്തോലിക്കാ സഭ ഇപ്പോള്‍ തുറന്നു കിട്ടുന്ന വാതായനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സഭാ വിശ്വാസികളെയാകെ വിഴുങ്ങുമെന്നതിന് ആര്‍ക്കും സംശയം വേണ്ടാ..
കാര്‍ത്തേജിലെ മെത്രാനായിരുന്ന വി.മോര്‍ സിപ്രിയാന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക  "സഭയെ വിഭജിച്ച വേദ വിപരീതികള്‍ തങ്ങളുടെ അന്ധമായ മര്‍ക്കടമുഷ്ടിയോടു കൂടിയ തെറ്റില്‍ ഇപ്പോഴും നില നില്‍ക്കുന്നതിനാല്‍ അവരുടെ വഞ്ചന നിറഞ്ഞ തെറ്റില്‍ നിന്നും അകന്നു മാറണം.നിഷകളങ്ക ഹൃദയത്തോടും തെറ്റെന്തെന്ന് ഗ്രഹിക്കാതെയുമാകാംനിങ്ങള്‍ അവരെ പിന്‍ ചെന്നത്.സ്വര്‍ഗ്ഗത്തിലേക്കുള്ള  നേരായ പാതയിലേക്ക് നിങ്ങള്‍ തിരിച്ച വരൂ ..
അപ്പോസ്ഥലന്‍റെ വാക്കുകള്‍ ശ്രവിക്കൂ. 'അലസതയിലുംഞങ്ങളില്‍ നിന്നു സ്വീകരിച്ച പാരമ്പര്യങ്ങള്‍ക്കും നിരക്കാത്ത വിധത്തില്‍ ജീവിക്കുന്നവരില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞങ്ങള്‍ കല്‍പ്പിക്കുന്നു 2 തെസ. 3.6' വീണ്ടും അവന്‍ പറയുന്നു 'ഒരു മനുഷ്യനും,വ്യര്‍ത്ഥ വചനങ്ങളാല്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ എന്തെന്നാല്‍ ഇവ മൂലമാണ് അനുസരണമില്ലാത്ത മക്കളുടെ മേല്‍ ദൈവ കോപം നിപതിക്കുന്നത് നിങ്ങള്‍ അവരോട് കൂട്ടു ചേരരുത് എഫേ.5.6' "പാപത്തില്‍ ഉള്‍പ്പെട്ടവരില്‍ നിന്ന് അകന്നു മാറുവീന്‍.അവരുടെ പാതയിലുടെ നടന്ന് സത്യപാത വിട്ടുമാറാന്‍ ഇടയാകാതിരിക്കാനും അവരുടെ കുറ്റത്തില്‍ ഉള്‍പ്പെടാതിരിക്കാനുമാണിത് " (രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കാര്‍ത്തേജിലെ മെത്രാന്‍ ആയിരുന്ന വി.സിപ്രിയാന്‍ രചിച്ച കാതോലിക സഭയുടെ ഐകും എന്ന ലേഖനത്തില്‍ നിന്നും‍)
എക്യൂമനിസത്തിന്‍റെ പേരിലാണ് പാപ്പാമത ബാന്ധവത്തെ ന്യായീകരിക്കുന്നതെങ്കില്‍ യാക്കോബായ സഭയിലെ പുരോഹിതര്‍ക്കും, അത്മായ പ്രഘോഷിതര്‍ക്കും കത്തോലിക്കാ സഭയിലെ ദേവാലയങ്ങളിലും ,ധ്യന കേന്ദ്രങ്ങളിലും എന്തു കൊണ്ട് ഇടം ലഭിക്കുന്നില്ലാ എന്ന് പാപ്പാമത പ്രേമികള്‍ മറുപടി പറയുമോ ? യാക്കോബായ സഭയിലെ പ്രമുഖ ദേവാലയങ്ങളിലൊന്നായ മണര്‍കാട് പള്ളിയിലെ എട്ടു നോമ്പ് പെരുനാള്‍ ലക്ഷോപലക്ഷം ഭക്തജനങ്ങള്‍ തടിച്ചു കൂടുന്ന ഇടങ്ങളിലൊന്നാണ്. ഈ ദേവാലയത്തില്‍ ഈ വര്‍ഷം എട്ടു നോമ്പിന്‍റെ മുന്നൊരുക്ക ധ്യാനത്തിന് നേതൃത്വം നല്‍കിയത് കത്തോലിക്കാ സഭയിലെ മുരിങ്ങൂര്‍ ധ്യാന കേന്ദ്രം ആയിരുന്നു. എട്ടുനോമ്പു ദിവസങ്ങളില്‍ തുടര്‍ന്നും പസംഗത്തിനും,ധ്യാനത്തിനും നേതൃത്വം നല്‍കാനെത്തുന്നത് വേദവിപരീതികളെന്ന് യാക്കോബു ബുര്‍ദ്ദാന വിശേഷിപ്പിക്കുന്ന കത്തോലിക്കാ സഭയിലെ വൈദികരാണെന്നത് ശ്രദ്ധിക്കുക. എക്യൂമനിസത്തിന്‍റെ മറവില്‍ ചൊവ്വുള്ളതും,കുറ്റമില്ലാത്തതുമെന്ന് വിശ്വാസപ്രമാണത്തിലും,തുബ്ദേനിലുമെല്ലാം ആവര്‍ത്തിച്ച് ഏറ്റുപറയുന്ന സത്യ വിശ്വാസം പ്രചരിപ്പിക്കേണ്ട യാക്കോബായ സഭയുടെ ദേവാലയങ്ങള "ചൊവ്വല്ലാത്ത"വിശ്വാസംപ്രചരിപ്പിക്കുന്ന വേദവിപരീതികളുടെ താവളമാക്കി മാറ്റുന്നതിനെ എങ്ങിനെ ന്യായീകരിക്കാന്‍ കഴിയും ? കൂനന്‍ കുരിശു സത്യത്തെ തുടര്‍ന്ന് പോര്‍ട്ടുഗീസ് അധികാര ഭീകരതയെ വെല്ലു വിളിച്ചു  പാപ്പാമത പാഷാണ്ഡതയെ പരസ്യമായി തള്ളിപ്പറഞ്ഞ് ഒന്നാം മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയോടൊപ്പം സത്യവിശ്വാസത്തില്‍ അടിയുറച്ചുനിന്ന 42  പള്ളികളില്‍ സുപ്രധാന സ്ഥാനം മണര്‍കാട് പള്ളിക്കുണ്ടായിരുന്നു എന്നത് പുത്തന്‍ പാപ്പാമത ബാന്ധവക്കാര്‍ മറക്കരുത്. വിശ്വാസപരമായ കാര്യങ്ങളില്‍ തിരുമാനമെടുക്കാന്‍ അധികാരം ആകമാന സുറിയാനി സഭാ സുന്നഹദോസിന് മാത്രമായിരിക്കെ പൊതു സുന്നഹദോസ് ഒരിക്കല്‍ പാഷാണ്ഡോപദേശകരെന്ന് വിശേഷിപ്പിച്ച് തള്ളിക്കളഞ്ഞ അമലോത്ഭവ വാദ പാപ്പോ പക്ഷക്കാര്‍ക്ക് ദേവാലയത്തിനുള്ളിലെ ആത്മീയ പ്രബോധനവേദികളില്‍ മുഖ്യസ്ഥാനം നല്‍കിയത്  വേദവിപരീതത്തെ പിന്തുണക്കലും ആകമാന സുറിയാനി സഭാ പൊതു സുന്നഹദോസിനോടുള്ള അനാദരവും അനുസരണക്കേടും അല്ലേ.?യാക്കോബായസഭയുടെ പ്രാദേശിക സുന്നഹദോസിന്‍റെ അനുമതി ഈ നവ ബാന്ധവത്തിനുണ്ടോ എന്ന് ഉത്തരവാദികള്‍ വിശ്വാസി സമൂഹത്തോട് വിശദീകരിക്കണം .ഈ പോക്കു പോയാല്‍ അടുത്തു തന്നെ ക്രിസ്തുവിന്‍റെ മാതാവ് മറിയത്തെ അമലോത്ഭവ മാതാവെന്ന് വിശേഷിപ്പിക്കുന്ന ഇരു സ്വഭാവ വാദികളായ കത്തോലിക്കാ സഭയുടെ ആലഞ്ചേരി കര്‍ദ്ദിനാളും,കര്‍ദ്ദിനാള്‍ ക്ളിമ്മീസ് കാതോലിക്കയും, സൂസാപാക്യവുമെല്ലാം മണര്‍കാട് പള്ളിയടക്കമുള്ള ദേവാലയങ്ങളില്‍ വി. കുര്‍ബാന അര്‍പ്പിക്കുന്നതും വിശ്വാസികള്‍ക്ക് കാണേണ്ടി വരും. ഈ നെറികേടു കാണുമ്പോള്‍ മൂന്ന് പൊതുസുന്നഹദോസ് പിതാക്കന്‍മാരും, പറുങ്കികളാല്‍ കടലില്‍ കെട്ടിത്തഴ്ത്തപ്പെട്ട അഹത്തള്ളാബാവയും, കൂനന്‍ കുരിശു സത്യത്തിന് നേതൃത്വം കൊടുത്ത ആഞ്ഞിലി മൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരും കണ്ണുനീര്‍ വാര്‍ക്കുന്നുണ്ടാവും. സത്യവിശ്വാസ സംരക്ഷണത്തിനു വേണ്ടി പാപ്പാ മതക്കാരില്‍ നിന്നു കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങി രക്തസാക്ഷികളായ പൂര്‍വ്വ പിതാക്കന്‍മാരെ മാപ്പ്.....മാപ്പ്.
" Wherefore ,bretheren , let us plant ourselves up on the rock of faith and the Tradition of the Church,removing not the landmarks set by our holy fathers ,nor giving room to those who are anxious to introduce novelties and to undermine the structure of God's holy ecumenical and appostolic Church.For if everyone were allowed a free hand little bylittle the entire Body of the Church would be destroyed " +St John of Damascusമ