കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരെ നൂറിലേറെ തവണ ഫോണില്‍ വിളിക്കുകയും നിരവധി എസ്എംഎസ് അയക്കുകയും ചെയ്ത പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐക്കെതിരായ അന്വേഷണം അട്ടിമറിച്ചു. എറണാകുളം സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവുമായ സുരേഷ്ബാബുവിനെതിരെയുള്ള അന്വേഷണമാണ് രാഷ്ട്രീയസ്വാധീനത്താല്‍ ഉപേക്ഷിച്ചത്. സരിതയെ ഫോണില്‍ വിളിച്ചവരുടെ പട്ടിക പുറത്തുവന്നപ്പോഴാണ് എസ്ഐയുടെ വിവരവും പുറത്തായത്. എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും വേണ്ടെന്നുവച്ചതായാണ് വിവരം. സരിത അറസ്റ്റിലാകുംമുമ്പാണ് സുരേഷ്ബാബു പലതവണ ഫോണില്‍ വിളിച്ചത്. എന്നാല്‍, ഒരു കേസ് ഒത്തുതീര്‍ക്കുന്നതിന് വിളിച്ചു എന്ന മറുപടിയാണ് സുരേഷ്ബാബു നല്‍കിയത്. ഇത് അംഗീകരിച്ച് മേല്‍നടപടികള്‍ ഉപേക്ഷിക്കുകയായിരുന്നു. ഫോണ്‍ വിളിയെകുറിച്ചോ ഇവര്‍ തമ്മിലുള്ള ബന്ധത്തെകുറിച്ചോ അന്വേഷിക്കാന്‍ തയ്യാറായിട്ടില്ല. എസ്എംഎസ് സന്ദേശങ്ങളും പരിശോധിച്ചിട്ടില്ല. രാഷ്ട്രീയസ്വാധീനമുള്ള സുരേഷ് ഏതെങ്കിലും നേതാവിനുവേണ്ടിയാണൊ സരിതയെ വിളിച്ചത് എന്നും സംശയമുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ