2013 ഏപ്രിൽ 30, ചൊവ്വാഴ്ച

സര്‍ക്കാര്‍ കാണിച്ചത് വിശ്വാസവഞ്ചന: സുപ്രീംകോടതി



ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ പരസ്യ ഇടപെടലിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ നിയമ മന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ച കോടതി സര്‍ക്കാര്‍ ഇടപെടലുകളില്‍നിന്ന് മോചിപ്പിച്ച് അന്വേഷണ ഏജന്‍സിയെന്ന നിലയില്‍ സിബിഐയുടെ സ്വതന്ത്ര സ്ഥാനം വീണ്ടെടുക്കേണ്ടതുണ്ടെന്ന് തുറന്നടിച്ചു. കല്‍ക്കരി കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് നിയമ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സിബിഐ പങ്കുവച്ചത് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. അന്വേഷണ റിപ്പോര്‍ട്ട് സിബിഐ സര്‍ക്കാരുമായി പങ്കുവച്ചെന്ന വസ്തുത കോടതിയില്‍നിന്ന് മറച്ചുവച്ചത് സാധാരണ സംഭവമായി കാണാനാകില്ല. ഇത് രാജ്യത്തിന്റെ അടിത്തറയെത്തന്നെ ഉലയ്ക്കുന്ന ഗുരുതരമായ വിശ്വാസവഞ്ചനയാണ്. സിബിഐ ഡയറക്ടര്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ അസ്വസ്ഥതയുണര്‍ത്തുന്ന പലതുമുണ്ട്. സര്‍ക്കാരുമായി ഏജന്‍സി വിവരങ്ങള്‍ പങ്കുവയ്ക്കേണ്ടി വരുന്ന സാഹചര്യം മൊത്തം പ്രക്രിയയെ ഉലയ്ക്കുന്നതാണ്. തങ്ങളുടെ അന്വേഷണം എങ്ങനെ വേണമെന്നതില്‍ സിബിഐ രാഷ്ട്രീയ യജമാനന്മാരില്‍നിന്ന് നിര്‍ദേശം സ്വീകരിക്കേണ്ടതില്ല. രാഷ്ട്രീയ ഇടപെടലില്‍നിന്ന് സിബിഐയെ മോചിപ്പിക്കുക യാകും തങ്ങളുടെ ആദ്യ നടപടി. കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ നിയമ മന്ത്രിക്കും പ്രധാനമന്ത്രി കാര്യാലയത്തിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ജോയിന്റ് സെക്രട്ടറിമാര്‍ക്കും എന്ത് അധികാരമാണുള്ളത്- കോടതി ആരാഞ്ഞു. നിയമ മന്ത്രിയും ജോയിന്റ് സെക്രട്ടറിമാരുമല്ലാതെ ആരൊക്കെ റിപ്പോര്‍ട്ട് കണ്ടിട്ടുണ്ടെന്ന് അടുത്ത തിങ്കളാഴ്ചയ്ക്കകം അറിയിക്കാന്‍ കോടതി സിബിഐ ഡയറക്ടറോട് ആവശ്യപ്പെട്ടു. കല്‍ക്കരി വിഷയത്തില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും സിബിഐയോട് കോടതി നിര്‍ദേശിച്ചു. മെയ് എട്ടിന് കേസ് വീണ്ടും പരിഗണിക്കും. പ്രധാനമായി മൂന്ന് കാര്യങ്ങള്‍ അറിയിക്കാനാണ് കോടതി സിബിഐയോട് ആവശ്യപ്പെട്ടത്്. റിപ്പോര്‍ട്ട് ആരൊക്കെ കണ്ടു, സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്തെങ്കിലും മാറ്റം വരുത്തിയോ, വരുത്തിയെങ്കില്‍ ആരുടെ സമ്മര്‍ദപ്രകാരം എന്നിവയാണവ. അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ നിയമ മന്ത്രിക്ക് അധികാരമുണ്ടോ, സിബിഐയില്‍ കോടതിക്കുള്ള വിശ്വാസത്തിന് ഇടിവുണ്ടാക്കുന്നതല്ലേ ഇപ്പോഴത്തെ സംഭവങ്ങള്‍, സര്‍ക്കാരുമായി റിപ്പോര്‍ട്ട് പങ്കുവച്ചെന്ന് എന്തുകൊണ്ട് സിബിഐ ആദ്യം അറിയിച്ചില്ല, റിപ്പോര്‍ട്ട് മറ്റാരും കണ്ടിട്ടില്ലെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത് എന്തുകൊണ്ട് എന്നീ കാര്യങ്ങള്‍ വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കല്‍ക്കരി കുംഭകോണം അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ട്. അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച സിബിഐ ഉദ്യോഗസ്ഥന്‍ രവികാന്തിനെ ഐബിയിലേക്ക് മാറ്റിയത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ലോധയ്ക്ക് പുറമെ ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, മദന്‍ ബി ലൊക്കൂര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് കേട്ടത്. തന്നെ വിഷയത്തില്‍ ബലിയാടാക്കുകയായിരുന്നെന്ന് സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് മറ്റാരും കണ്ടിട്ടില്ലെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി റാവല്‍ അവകാശപ്പെട്ടു. കോടതി വിമര്‍ശത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് റാവല്‍ രാജിവച്ചു. അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിക്ക് അയച്ച കത്തിലാണ് പരാമര്‍ശം. സിബിഐയുടെ റിപ്പോര്‍ട്ടില്‍ ഇടപെടലിന് ശ്രമിച്ചത് വഹന്‍വതിയാണെന്ന കുറ്റപ്പെടുത്തലുമുണ്ട്.

കോടതി വിമര്‍ശം: പഠിച്ചശേഷം പ്രതികരിക്കാമെന്ന് പ്രധാനമന്ത്രി

 കല്‍ക്കരി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ സുപ്രീംകോടതിയുടെ നിശിതവിമര്‍ശത്തെകുറിച്ച് പഠിച്ചശേഷം പ്രതികരിക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശത്തിന് പിന്നാലെ നിയമ മന്ത്രി അശ്വനികുമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രസര്‍ക്കാര്‍ അര്‍ഹിക്കുന്ന പ്രഹരമാണ് സുപ്രീംകോടതിയില്‍ നിന്ന് ലഭിച്ചതെന്ന് ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. സിബിഐ ഒരു സ്വതന്ത്ര ഏജന്‍സി അല്ലെന്ന് വ്യക്തമായി. സര്‍ക്കാര്‍ ഈ സാഹചര്യത്തില്‍ ഉത്തരവാദിത്തം പുലര്‍ത്തുകയും സിബിഐയെ നിര്‍ദിഷ്ട ലോക്പാലിന്റെ പരിധിയില്‍ കൊണ്ടു വരികയും വേണമെന്ന് ജയ്റ്റ്ലി ആവശ്യപ്പെട്ടു. നേരത്തെ പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ആവര്‍ത്തിച്ചിരുന്നു. അതേസമയം താന്‍ സര്‍ക്കാരിന്റെ ഭാഗമാണെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ പ്രതികരിച്ചു. സിബിഐ സ്വതന്ത്ര അന്വേഷണ നിലപാട് വീണ്ടെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് പ്രതികരണം.
ബലിയാടാക്കിയെന്ന് ഹരിന്‍ റാവല്‍

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ സിബിഐ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തിരുത്തിയതിനെതിരെ സുപ്രീംകോടതി ആഞ്ഞടിച്ചതിനുപിന്നാലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവല്‍ രാജിവച്ചു. സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചന വ്യക്തമാക്കി കഴിഞ്ഞ ദിവസം ഹരീന്‍ റാവല്‍ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിക്ക് കത്ത് നല്‍കിയിരുന്നു. വഹന്‍വതിയും ഉടന്‍ രാജിവച്ചേക്കുമെന്നാണ് സൂചന. അന്വേഷണ റിപ്പോര്‍ട്ട് മറ്റാരും കണ്ടിട്ടില്ലെന്ന് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ സിബിഐക്കുവേണ്ടി ഹാജരായ താന്‍ നിര്‍ബന്ധിതനാകുകയായിരുന്നെന്നാണ് കത്തില്‍ ഹരിന്‍ റാവല്‍ വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ വഹന്‍വതിയും ഇതേ നിലപാടാണ് സ്വീകരിച്ചത്. രണ്ട് നിലപാടുകളും ഒത്തുപോകുന്നതിനാണ് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയില്ലെന്ന് കോടതിയോട് പറയേണ്ടിവന്നത്. എന്നാല്‍, ഇത് വസ്തുതാവിരുദ്ധമായിരുന്നു. മാര്‍ച്ച് ആറിന്് നിയമ മന്ത്രി അശ്വനികുമാര്‍ കരട് റിപ്പോര്‍ട്ട് പരിശോധിച്ചിരുന്നു. അതിനായി വിളിച്ച യോഗത്തില്‍ തനിക്ക് പുറമെ വഹന്‍വതിയും പങ്കെടുത്തു. സുപ്രീംകോടതിയിലായിരുന്ന തന്നോട് കരട് റിപ്പോര്‍ട്ടുമായി നിയമ മന്ത്രിയെ കാണാന്‍ ആവശ്യപ്പെട്ടതും വഹന്‍വതിയാണ്. റിപ്പോര്‍ട്ട് തിരുത്തണമെന്ന് യോഗത്തില്‍ നിയമ മന്ത്രി ആവശ്യപ്പെട്ടു. വഹന്‍വതിയും ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഇതില്‍ ചിലത് അംഗീകരിച്ചാണ് മാര്‍ച്ച് 12ന് സുപ്രീംകോടതിയില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍, സംഭവിച്ചതിന് വിരുദ്ധ നിലപാടാണ് വഹന്‍വതി കോടതിയില്‍ സ്വീകരിച്ചത്. റിപ്പോര്‍ട്ട് കേന്ദ്രം പരിശോധിച്ചിട്ടില്ലെന്ന് വഹന്‍വതി പറഞ്ഞു. ഇത് തന്നെ അസ്വസ്ഥനാക്കുകയും അതേ നിലപാട് ആവര്‍ത്തിക്കാന്‍ നിര്‍ബന്ധിതനാകുകയും ചെയ്തു. വഹന്‍വതിയുടെ പെരുമാറ്റം തന്നെ പലപ്പോഴും വേദനിപ്പിച്ചിരുന്നതായി കത്തില്‍ ഹരിന്‍ റാവല്‍ വിശദീകരിച്ചു. സുപ്രധാന കേസുകള്‍ കൈകാര്യംചെയ്യുമ്പോള്‍ രോഷത്തോടെയായിരുന്നു വഹന്‍വതിയുടെ പെരുമാറ്റം. വഹന്‍വതിയുടെ ചാഞ്ചാട്ടസ്വഭാവം കാരണം താന്‍ സമ്മര്‍ദത്തില്‍പ്പെട്ടതായും റാവല്‍ പറഞ്ഞു. കത്തിന്റെ കോപ്പി നിയമ മന്ത്രിക്കും അയച്ചിരുന്നു.